ശമുവേൽ രണ്ടാം ഭാഗം 5:1-25
5 പിന്നീട് ഇസ്രായേൽഗോത്രങ്ങളെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+
2 മുമ്പ് ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും അങ്ങായിരുന്നല്ലോ ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചിരുന്നത്.*+ മാത്രമല്ല യഹോവ അങ്ങയോട്, ‘എന്റെ ജനമായ ഇസ്രായേലിനെ നീ മേയ്‌ക്കും. നീ ഇസ്രായേലിന്റെ നേതാവാകും’+ എന്നു പറയുകയും ചെയ്തിട്ടുണ്ട്.”
3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് രാജാവ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്‌തു.+ തുടർന്ന് അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു.+
4 രാജാവായപ്പോൾ ദാവീദിന് 30 വയസ്സായിരുന്നു. ദാവീദ് 40 വർഷം ഭരിച്ചു.+
5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു.
6 ദാവീദ് രാജാവും ആളുകളും യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ് ദാവീദിനെ കളിയാക്കി: “നിനക്ക് ഒരു കാലത്തും ഇവിടെ കാലു കുത്താനാകില്ല! വെറും അന്ധരും മുടന്തരും മതി നിന്നെ ഓടിച്ചുകളയാൻ.” ‘ദാവീദ് ഒരിക്കലും അവിടെ കടക്കില്ല’+ എന്നായിരുന്നു അവരുടെ വിചാരം.
7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു.
8 അന്നു ദാവീദ് പറഞ്ഞു: “യബൂസ്യരെ ആക്രമിക്കുന്നവർ ജലതുരങ്കത്തിലൂടെ ചെന്ന് ദാവീദ് വെറുക്കുന്ന ‘മുടന്തരെയും അന്ധരെയും’ കൊന്നുകളയണം.” അതുകൊണ്ടാണ്, “അന്ധരും മുടന്തരും ഒരിക്കലും ഭവനത്തിൽ കടക്കില്ല” എന്നൊരു ചൊല്ലുണ്ടായത്.
9 തുടർന്ന്, ദാവീദ് ആ കോട്ടയിൽ താമസംതുടങ്ങി. അതു ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടു.* ദാവീദ് നഗരത്തെ മില്ലോ*+ മുതൽ ഉള്ളിലേക്കും ചുറ്റോടുചുറ്റും പണിതു.+
10 അങ്ങനെ ദാവീദ് കൂടുതൽക്കൂടുതൽ ശക്തനായി.+ സൈന്യങ്ങളുടെ ദൈവമായ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.+
11 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. ഹീരാം അങ്ങോട്ടു ദേവദാരുത്തടികൾ+ കൊടുത്തുവിട്ടു. കൂടാതെ മരപ്പണിക്കാരെയും ചുവർനിർമാണത്തിനായി കൽപ്പണിക്കാരെയും അയച്ചു. അവർ ദാവീദിന് ഒരു ഭവനം* പണിയാൻതുടങ്ങി.+
12 യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാധികാരം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീദിന് അറിയാമായിരുന്നു.
13 ഹെബ്രോനിൽനിന്ന് യരുശലേമിൽ വന്നശേഷം ദാവീദ് കൂടുതൽ പേരെ ഭാര്യമാരായും ഉപപത്‌നിമാരായും+ സ്വീകരിച്ചു. ദാവീദിനു ധാരാളം മക്കൾ ജനിച്ചു.+
14 യരുശലേമിൽവെച്ച് ദാവീദിനു ജനിച്ചവർ ഇവരാണ്: ശമ്മൂവ, ശോബാബ്, നാഥാൻ,+ ശലോമോൻ,+
15 യിബ്‌ഹാർ, എലീശൂവ, നേഫെഗ്, യാഫീയ,
16 എലീശാമ, എല്യാദ, എലീഫേലെത്ത്.
17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്‌തു+ എന്നു കേട്ടപ്പോൾ ഫെലിസ്‌ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+
18 ഫെലിസ്‌ത്യർ വന്ന് രഫായീം താഴ്‌വരയിൽ+ നിരന്നു.
19 അപ്പോൾ ദാവീദ് യഹോവയോടു ചോദിച്ചു:+ “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകൂ, ഫെലിസ്ത്യരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും”+ എന്നു പറഞ്ഞു.
20 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ യഹോവ എന്റെ മുന്നിൽ ശത്രുക്കളെ തകർത്തിരിക്കുന്നു.”+ അതുകൊണ്ട് ദാവീദ് ആ സ്ഥലത്തിനു ബാൽ-പെരാസീം*+ എന്നു പേരിട്ടു.
21 ഫെലിസ്‌ത്യർ അവരുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ചിട്ടാണു പോയത്. ദാവീദും കൂട്ടരും അവ എടുത്തുകൊണ്ടുപോയി.
22 ഫെലിസ്‌ത്യർ വീണ്ടും വന്ന് രഫായീം താഴ്‌വരയിൽ+ നിരന്നു.
23 ദാവീദ് യഹോവയുടെ ഉപദേശം ചോദിച്ചു. പക്ഷേ ദൈവം പറഞ്ഞു: “നേരെ അവരുടെ മുന്നിലേക്കു ചെല്ലരുത്. വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ.
24 ബാഖ ചെടികളുടെ മുകളിൽനിന്ന്, ഒരു സൈന്യം നടന്നുനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ സത്വരം പ്രവർത്തിക്കണം. കാരണം ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ യഹോവ നിങ്ങൾക്കു മുമ്പേ പോയിട്ടുണ്ടാകും.”
25 യഹോവ കല്പിച്ചതുപോലെതന്നെ ദാവീദ് ചെയ്‌തു. അദ്ദേഹം ഗേബ+ മുതൽ ഗേസെർ+ വരെ ഫെലിസ്ത്യരെ കൊന്നുവീഴ്ത്തി.+
അടിക്കുറിപ്പുകള്‍
^ അഥവാ “അങ്ങയുടെ രക്തബന്ധത്തിലുള്ളവർ.”
^ അക്ഷ. “ഇസ്രായേലിനെ പുറത്തേക്കു കൊണ്ടുപോകുകയും അകത്തേക്കു കൊണ്ടുവരുകയും ചെയ്തിരുന്നത്.”
^ മറ്റൊരു സാധ്യത “ദാവീദ് അതിനെ ദാവീദിന്റെ നഗരം എന്നു വിളിച്ചു.”
^ അർഥം: “(മണ്ണിട്ട്) നിറച്ചത്.” സാധ്യതയനുസരിച്ച്, കോട്ടപോലെയുള്ള ഒരു നിർമിതി.
^ അഥവാ “കൊട്ടാരം.”
^ അർഥം: “തകർത്ത് മുന്നേറുന്നതിൽ സമർഥൻ.”