ഇയ്യോബ്‌ 2:1-13

  • ഇയ്യോ​ബി​ന്റെ ഉദ്ദേശ്യ​ശു​ദ്ധി​യെ സാത്താൻ വീണ്ടും ചോദ്യം ചെയ്യുന്നു (1-5)

  • ഇയ്യോ​ബി​ന്റെ ശരീര​ത്തിൽ തൊടാൻ സാത്താനെ അനുവ​ദി​ക്കു​ന്നു (6-8)

  • ഇയ്യോ​ബി​ന്റെ ഭാര്യ: “ദൈവത്തെ ശപിച്ചി​ട്ട്‌ മരിക്കൂ!” (9, 10)

  • ഇയ്യോ​ബി​ന്റെ മൂന്നു കൂട്ടു​കാർ എത്തുന്നു (11-13)

2  സത്യ​ദൈ​വ​ത്തി​ന്റെ പുത്രന്മാർ*+ യഹോ​വ​യു​ടെ സന്നിധിയിൽ+ ചെന്നു​നിൽക്കുന്ന ദിവസം വീണ്ടും വന്നെത്തി. യഹോ​വ​യു​ടെ മുന്നിൽ നിൽക്കാ​നാ​യി അവരോ​ടൊ​പ്പം സാത്താ​നും അവിടെ പ്രവേ​ശി​ച്ചു.+  യഹോവ സാത്താ​നോട്‌, “നീ എവി​ടെ​നി​ന്നാ​ണു വരുന്നത്‌” എന്നു ചോദി​ച്ചു. “ഭൂമി മുഴുവൻ ചുറ്റിനടന്ന്‌+ എല്ലാം ഒന്നു നോക്കി​യി​ട്ടു വരുക​യാണ്‌” എന്നു സാത്താൻ യഹോ​വ​യോ​ടു പറഞ്ഞു.  അപ്പോൾ യഹോവ സാത്താ​നോ​ടു പറഞ്ഞു: “എന്റെ ദാസനായ ഇയ്യോ​ബി​നെ നീ ശ്രദ്ധി​ച്ചോ? അവനെ​പ്പോ​ലെ മറ്റാരും ഭൂമി​യി​ലില്ല. അവൻ ദൈവഭക്തനും* നേരു​ള്ള​വ​നും നിഷ്‌കളങ്കനും*+ ആണ്‌, തെറ്റായ കാര്യ​ങ്ങ​ളൊ​ന്നും അവൻ ചെയ്യാ​റില്ല. ഒരു കാരണ​വു​മി​ല്ലാ​തെ അവനെ നശിപ്പിക്കാൻ* നീ എന്നെ നിർബന്ധിക്കുന്നെങ്കിലും+ അവൻ ഇപ്പോ​ഴും ധർമി​ഷ്‌ഠ​നാ​യി തുടരു​ന്നതു കണ്ടോ?”+  സാത്താൻ യഹോ​വ​യോ​ടു മറുപടി പറഞ്ഞു: “തൊലി​ക്കു പകരം തൊലി! സ്വന്തം ജീവൻ രക്ഷിക്കാൻ മനുഷ്യൻ തനിക്കു​ള്ള​തെ​ല്ലാം കൊടു​ക്കും.  കൈ നീട്ടി അവന്റെ അസ്ഥിയി​ലും മാംസ​ത്തി​ലും ഒന്നു തൊട്ടു​നോക്ക്‌. അപ്പോൾ അറിയാം എന്തു സംഭവി​ക്കു​മെന്ന്‌. അവൻ അങ്ങയെ മുഖത്ത്‌ നോക്കി ശപിക്കും.”+  അപ്പോൾ യഹോവ സാത്താ​നോ​ടു പറഞ്ഞു: “ഞാൻ ഇതാ, അവനെ നിന്റെ കൈയിൽ* തരുന്നു. പക്ഷേ അവന്റെ ജീവ​നെ​ടു​ക്ക​രുത്‌!”  അങ്ങനെ സാത്താൻ യഹോ​വ​യു​ടെ സന്നിധി​യിൽനിന്ന്‌ പോയി ഇയ്യോ​ബിന്‌ ഉള്ളങ്കാൽമു​തൽ നെറു​ക​വരെ പരുക്കൾ*+ വരുത്തി; ഇയ്യോബ്‌ വേദന​കൊണ്ട്‌ പുളഞ്ഞു.  ഇയ്യോബ്‌ ഒരു മൺപാ​ത്ര​ത്തി​ന്റെ കഷണം എടുത്ത്‌ ദേഹം ചൊറി​ഞ്ഞു​കൊണ്ട്‌ ചാരത്തിൽ ഇരുന്നു.+  അവസാനം ഇയ്യോ​ബി​ന്റെ ഭാര്യ ഇയ്യോ​ബി​നോ​ടു പറഞ്ഞു: “ഇപ്പോ​ഴും നിഷ്‌കളങ്കത* മുറുകെ പിടിച്ച്‌ ഇരിക്കു​ക​യാ​ണോ? ദൈവത്തെ ശപിച്ചിട്ട്‌* മരിക്കൂ!” 10  എന്നാൽ ഇയ്യോബ്‌ പറഞ്ഞു: “ഒരു മണ്ടി​യെ​പ്പോ​ലെ​യാ​ണു നീ സംസാ​രി​ക്കു​ന്നത്‌. ദൈവ​ത്തിൽനിന്ന്‌ നമ്മൾ നന്മ മാത്രം സ്വീക​രി​ച്ചാൽ മതിയോ, തിന്മയും സ്വീക​രി​ക്കേണ്ടേ?”+ ഇത്ര​യൊ​ക്കെ സംഭവി​ച്ചി​ട്ടും ഇയ്യോബ്‌ വായ്‌കൊ​ണ്ട്‌ പാപം ചെയ്‌തില്ല.+ 11  ഇയ്യോബിനു സംഭവിച്ച കഷ്ടതക​ളെ​ക്കു​റിച്ച്‌ കേട്ട​പ്പോൾ മൂന്നു കൂട്ടുകാർ* ഇയ്യോ​ബി​നെ ചെന്ന്‌ കണ്ട്‌ ദുഃഖം അറിയി​ക്കാ​നും ആശ്വസി​പ്പി​ക്കാ​നും തീരു​മാ​നി​ച്ചു. തേമാ​ന്യ​നായ എലീഫസ്‌,+ ശൂഹ്യനായ+ ബിൽദാ​ദ്‌,+ നയമാ​ത്യ​നായ സോഫർ+ എന്നിവ​രാ​യി​രു​ന്നു അവർ. ഓരോ​രു​ത്ത​രും സ്വന്തം നാട്ടിൽനി​ന്ന്‌ ഒരിടത്ത്‌ കൂടി​വന്ന്‌, ഒരുമി​ച്ച്‌ ഇയ്യോ​ബി​ന്റെ അടു​ത്തേക്കു പോയി. 12  ദൂരെനിന്ന്‌ കണ്ടിട്ട്‌ അവർക്ക്‌ ഇയ്യോ​ബി​നെ മനസ്സി​ലാ​യില്ല. ഉറക്കെ കരഞ്ഞ്‌ വസ്‌ത്രം കീറി, മുകളി​ലേ​ക്കും തലയി​ലേ​ക്കും മണ്ണു വാരി​യെ​റി​ഞ്ഞു​കൊണ്ട്‌ അവർ ഇയ്യോ​ബി​ന്റെ അടു​ത്തേക്കു ചെന്നു.+ 13  ഏഴു പകലും ഏഴു രാത്രി​യും ഇയ്യോ​ബി​ന്റെ​കൂ​ടെ നിലത്ത്‌ ഇരുന്നു. അവർ ആരും ഒന്നും മിണ്ടി​യില്ല; ഇയ്യോ​ബി​ന്റെ വേദന എത്ര കഠിന​മാ​ണെന്ന്‌ അവർ കണ്ടു.+

അടിക്കുറിപ്പുകള്‍

ഒരു എബ്രാ​യ​ശൈലി. ദൈവ​ത്തി​ന്റെ ദൂതപു​ത്ര​ന്മാ​രെ കുറി​ക്കു​ന്നു.
അഥവാ “ദൈവ​ഭ​യ​മു​ള്ള​വ​നും.”
അഥവാ “നീതി​മാ​നും ധർമനി​ഷ്‌ഠ​യു​ള്ള​വ​നും.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അക്ഷ. “വിഴു​ങ്ങാൻ.”
അഥവാ “നിയ​ന്ത്ര​ണ​ത്തിൽ.”
അഥവാ “വ്രണങ്ങൾ.”
അഥവാ “ധർമനി​ഷ്‌ഠ.” പദാവ​ലി​യിൽ “ധർമനി​ഷ്‌ഠ” കാണുക.
അഥവാ “നിന്ദി​ച്ചി​ട്ട്‌.”
അഥവാ “പരിച​യ​ക്കാർ.”