ഉൽപത്തി 44:1-34

  • ബന്യാ​മീ​ന്റെ സഞ്ചിയിൽ യോ​സേ​ഫി​ന്റെ വെള്ളി​പ്പാ​ന​പാ​ത്രം (1-17)

  • യഹൂദ ബന്യാ​മീ​നു​വേണ്ടി അപേക്ഷി​ക്കു​ന്നു (18-34)

44  പിന്നെ യോ​സേഫ്‌ വീട്ടിലെ കാര്യ​സ്ഥനോട്‌ ഇങ്ങനെ കല്‌പി​ച്ചു: “അവർക്കു കൊണ്ടുപോ​കാൻ കഴിയു​ന്നത്ര ആഹാരം അവരുടെ സഞ്ചിക​ളിൽ നിറയ്‌ക്കുക. സഞ്ചിക​ളു​ടെ വായ്‌ക്കൽ അവരവ​രു​ടെ പണവും വെക്കുക.+  എന്നാൽ ഏറ്റവും ഇളയവന്റെ സഞ്ചിയു​ടെ വായ്‌ക്കൽ ധാന്യ​ത്തി​നു തന്ന പണത്തോടൊ​പ്പം എന്റെ ആ വെള്ളി​പ്പാ​ന​പാത്ര​വും വെക്കണം.” യോ​സേഫ്‌ നിർദേ​ശി​ച്ച​തുപോ​ലെ അവൻ ചെയ്‌തു.  പുലർച്ചെ വെളിച്ചം വീണ​പ്പോൾ അവർ കഴുത​കളെ​യുംകൊണ്ട്‌ യാത്ര​യാ​യി.  അവർ നഗരത്തിൽനി​ന്ന്‌ ഏറെ ദൂരം പിന്നി​ടു​ന്ന​തി​നു മുമ്പ്‌, യോ​സേഫ്‌ വീട്ടിലെ കാര്യ​സ്ഥനോട്‌: “വേഗമാ​കട്ടെ! അവരെ പിന്തു​ടർന്നുചെന്ന്‌ അവർക്ക്‌ ഒപ്പം എത്തുക. എന്നിട്ട്‌ അവരോ​ട്‌ ഇങ്ങനെ പറയണം: ‘നിങ്ങൾ നന്മയ്‌ക്കു പകരം തിന്മ ചെയ്‌തത്‌ എന്ത്‌?  ഇതിൽനിന്നല്ലേ എന്റെ യജമാനൻ കുടി​ക്കു​ന്നത്‌? ഇത്‌ ഉപയോ​ഗി​ച്ചല്ലേ യജമാനൻ കൃത്യ​മാ​യി ലക്ഷണം നോക്കു​ന്നത്‌? നിങ്ങൾ ഈ ചെയ്‌തതു ദുഷ്ടത​യാണ്‌.’”  അങ്ങനെ അയാൾ അവർക്കൊ​പ്പം എത്തി, ഈ വാക്കുകൾ അവരോ​ടു പറഞ്ഞു.  എന്നാൽ അവർ അയാ​ളോട്‌: “അങ്ങ്‌ എന്താണ്‌ ഈ പറയു​ന്നത്‌? ഇങ്ങനെയൊ​രു കാര്യം ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ ഞങ്ങൾക്കു ചിന്തി​ക്കാ​നേ കഴിയില്ല.  ഞങ്ങളുടെ സഞ്ചിക​ളു​ടെ വായ്‌ക്കൽ കണ്ട പണം ഞങ്ങൾ കനാൻ ദേശത്തു​നിന്ന്‌ കൊണ്ടു​വന്ന്‌ അങ്ങയ്‌ക്കു തിരികെ തരുകപോ​ലും ചെയ്‌തി​ല്ലേ?+ ആ സ്ഥിതിക്ക്‌, ഞങ്ങൾ അങ്ങയുടെ യജമാ​നന്റെ വീട്ടിൽനി​ന്ന്‌ പൊന്നോ വെള്ളി​യോ മോഷ്ടി​ക്കു​മോ?  അതു ഞങ്ങളുടെ ആരു​ടെയെ​ങ്കി​ലും കൈവശം കണ്ടാൽ അവൻ മരിക്കണം. ശേഷമു​ള്ള​വരെ​ല്ലാം അങ്ങയ്‌ക്ക്‌ അടിമ​ക​ളാ​കു​ക​യും ചെയ്‌തുകൊ​ള്ളാം.” 10  അപ്പോൾ അയാൾ പറഞ്ഞു: “നിങ്ങൾ പറഞ്ഞതുപോലെ​യാ​കട്ടെ. അത്‌ ആരുടെ കൈവശം കാണു​ന്നോ അയാൾ എന്റെ അടിമ​യാ​കും. എന്നാൽ ബാക്കി​യു​ള്ളവർ നിരപ​രാ​ധി​ക​ളാ​യി​രി​ക്കും.” 11  പെട്ടെന്നുതന്നെ അവർ ഓരോ​രു​ത്ത​രും സഞ്ചികൾ താഴെ ഇറക്കിവെ​ച്ചിട്ട്‌ അവ തുറന്നു. 12  അയാൾ മൂത്തവൻമു​തൽ ഇളയവൻവരെ എല്ലാവ​രുടെ​യും സഞ്ചികൾ പരി​ശോ​ധി​ച്ചു. ഒടുവിൽ ബന്യാ​മീ​ന്റെ സഞ്ചിയിൽനി​ന്ന്‌ പാനപാ​ത്രം കണ്ടെടു​ത്തു.+ 13  അപ്പോൾ അവർ വസ്‌ത്രം കീറി. ഓരോ​രു​ത്ത​രും അവരുടെ ചുമടു വീണ്ടും കഴുത​പ്പു​റത്ത്‌ കയറ്റി നഗരത്തി​ലേക്കു തിരികെ പോയി. 14  യഹൂദയും+ സഹോ​ദ​ര​ന്മാ​രും യോ​സേ​ഫി​ന്റെ വീട്ടി​ലേക്കു ചെന്ന​പ്പോൾ യോ​സേഫ്‌ അവി​ടെ​ത്തന്നെ​യു​ണ്ടാ​യി​രു​ന്നു. അവർ യോ​സേ​ഫി​ന്റെ മുമ്പാകെ വീണ്‌ നമസ്‌ക​രി​ച്ചു.+ 15  യോസേഫ്‌ അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്താണ്‌ ഈ ചെയ്‌തത്‌? എന്നെ​പ്പോ​ലുള്ള ഒരാൾക്കു കൃത്യ​മാ​യി ലക്ഷണം നോക്കാൻ+ കഴിയു​മെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ?” 16  അപ്പോൾ യഹൂദ പറഞ്ഞു: “ഞങ്ങൾ യജമാ​നനോട്‌ എന്തു ബോധി​പ്പി​ക്കും? ഞങ്ങൾക്ക്‌ എന്തു പറയാൻ കഴിയും? നേരു​ള്ള​വ​രാ​ണു ഞങ്ങളെന്ന്‌ എങ്ങനെ​യാ​ണു തെളി​യി​ക്കുക? സത്യ​ദൈവം ഞങ്ങളുടെ തെറ്റ്‌ വെളി​ച്ചത്ത്‌ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു.+ ഇതാ, ഞങ്ങളും ആരുടെ കൈവ​ശ​മാ​ണോ പാനപാ​ത്രം കണ്ടത്‌ അവനും ഇപ്പോൾ യജമാ​നന്റെ അടിമ​ക​ളാണ്‌.” 17  പക്ഷേ യോ​സേഫ്‌ പറഞ്ഞു: “അങ്ങനെയൊ​രു കാര്യം ചെയ്യു​ന്ന​തിനെ​ക്കു​റിച്ച്‌ എനിക്കു ചിന്തി​ക്കാ​നേ കഴിയില്ല! പാനപാ​ത്രം കണ്ടത്‌ ആരുടെ കൈയി​ലാ​ണോ അവൻ എന്റെ അടിമ​യാ​യാൽ മതി.+ ബാക്കി​യു​ള്ള​വർക്കു സമാധാ​നത്തോ​ടെ നിങ്ങളു​ടെ അപ്പന്റെ അടു​ത്തേക്കു മടങ്ങിപ്പോ​കാം.” 18  അപ്പോൾ യഹൂദ യോ​സേ​ഫി​ന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ പറഞ്ഞു: “യജമാ​നനോ​ടു ഞാൻ യാചി​ക്കു​ക​യാണ്‌. അങ്ങയുടെ മുമ്പാകെ ഒരു കാര്യം ഉണർത്തി​ക്കാൻ അടിയനെ അനുവ​ദിക്കേ​ണമേ. അടിയനോ​ടു കോപി​ക്ക​രു​തേ; അങ്ങ്‌ ഞങ്ങൾക്കു ഫറവോനെപ്പോലെ​യാ​ണ​ല്ലോ.+ 19  ഞങ്ങളുടെ യജമാ​ന​നായ അങ്ങ്‌ അടിയ​ങ്ങളോട്‌, ‘നിങ്ങൾക്ക്‌ അപ്പനോ മറ്റൊരു സഹോ​ദ​ര​നോ ഉണ്ടോ’ എന്നു ചോദി​ച്ചു. 20  അപ്പോൾ ഞങ്ങൾ യജമാ​നനോ​ടു പറഞ്ഞു: ‘ഞങ്ങൾക്കു വയസ്സായൊ​രു അപ്പനും അപ്പനു വാർധ​ക്യ​ത്തിൽ ജനിച്ച ഒരു മകനും ഉണ്ട്‌. അവനാണ്‌ ഏറ്റവും ഇളയവൻ.+ അവന്റെ ചേട്ടൻ മരിച്ചുപോ​യി.+ അവന്റെ അമ്മയുടെ മക്കളിൽ അവൻ മാത്രമേ ബാക്കി​യു​ള്ളൂ.+ അപ്പന്‌ അവനെ വളരെ ഇഷ്ടമാണ്‌.’ 21  അപ്പോൾ അങ്ങ്‌ അടിയ​ങ്ങളോട്‌, ‘അവനെ എന്റെ അടുത്ത്‌ കൊണ്ടു​വരൂ, എനിക്ക്‌ അവനെ കാണണം’+ എന്നു പറഞ്ഞു. 22  എന്നാൽ ഞങ്ങൾ യജമാ​നനോട്‌, ‘അവന്‌ അപ്പനെ വിട്ടു​പി​രി​യാൻ കഴിയില്ല, അവൻ വിട്ടു​പി​രി​ഞ്ഞാൽ അപ്പൻ മരിച്ചുപോ​കും’+ എന്ന്‌ ഉണർത്തി​ച്ചു. 23  അപ്പോൾ അങ്ങ്‌, ‘നിങ്ങളു​ടെ ഇളയ സഹോ​ദരൻ കൂടെ​യി​ല്ലാ​തെ നിങ്ങൾ ഇനി എന്നെ മുഖം കാണി​ക്ക​രുത്‌’+ എന്നു പറഞ്ഞു. 24  “അങ്ങനെ ഞങ്ങൾ അങ്ങയുടെ അടിമ​യായ ഞങ്ങളുടെ അപ്പന്റെ അടുത്ത്‌ ചെന്ന്‌ യജമാ​നന്റെ വാക്കുകൾ അറിയി​ച്ചു. 25  പിന്നീട്‌ ഞങ്ങളുടെ അപ്പൻ ഞങ്ങളോ​ട്‌, ‘നിങ്ങൾ മടങ്ങി​ച്ചെന്ന്‌ കുറച്ച്‌ ഭക്ഷണസാ​ധ​നങ്ങൾ വാങ്ങിക്കൊ​ണ്ടു​വ​രുക’+ എന്നു പറഞ്ഞു. 26  എന്നാൽ ഞങ്ങൾ പറഞ്ഞു: ‘ഞങ്ങൾക്കു പോകാ​നാ​കില്ല. ഇളയ സഹോ​ദരൻ ഞങ്ങളോടൊ​പ്പം വരുക​യാണെ​ങ്കിൽ ഞങ്ങൾ പോകാം. അവൻ കൂടെ​യി​ല്ലാ​തെ ഞങ്ങൾക്ക്‌ അദ്ദേഹത്തെ മുഖം കാണി​ക്കാ​നാ​കില്ല.’+ 27  അപ്പോൾ അങ്ങയുടെ അടിമ​യായ ഞങ്ങളുടെ അപ്പൻ ഞങ്ങളോ​ടു പറഞ്ഞു: ‘എന്റെ ഭാര്യ എനിക്കു രണ്ട്‌ ആൺമക്കളെ പ്രസവിച്ചെന്നു+ നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ. 28  എന്നാൽ അവരിൽ ഒരാൾ എന്നെ വിട്ട്‌ പോയി. അപ്പോൾ ഞാൻ, “അവനെ ഒരു വന്യമൃ​ഗം പിച്ചി​ച്ചീ​ന്തി​യി​ട്ടു​ണ്ടാ​കും”+ എന്നു പറഞ്ഞു. പിന്നെ ഞാൻ അവനെ കണ്ടിട്ടു​മില്ല. 29  ഇവനെയും എന്റെ കൺമു​ന്നിൽനിന്ന്‌ കൊണ്ടുപോ​യിട്ട്‌ ഇവന്‌ എന്തെങ്കി​ലും വലിയ അപകടം സംഭവി​ച്ചാൽ നിങ്ങൾ എന്റെ നരച്ച തല വേദനയോ​ടെ ശവക്കുഴിയിൽ*+ ഇറങ്ങാൻ ഇടയാ​ക്കും.’+ 30  “ഞങ്ങളുടെ ഈ അനിയനെ അപ്പൻ സ്വന്തം ജീവ​നെപ്പോ​ലെ സ്‌നേ​ഹി​ക്കു​ന്നു. ഇപ്പോൾ ഇവനി​ല്ലാ​തെ അങ്ങയുടെ അടിമ​യായ ഞങ്ങളുടെ അപ്പന്റെ അടു​ത്തേക്കു ഞാൻ മടങ്ങിച്ചെ​ന്നാൽ, 31  ഇവൻ കൂടെ​യില്ലെന്നു കാണുന്ന നിമി​ഷം​തന്നെ അപ്പൻ മരിച്ചുപോ​കും. അങ്ങനെ അങ്ങയുടെ അടിമ​യായ ഞങ്ങളുടെ അപ്പന്റെ നരച്ച തല അതിദുഃ​ഖത്തോ​ടെ ശവക്കുഴിയിൽ* ഇറങ്ങാൻ അടിയങ്ങൾ കാരണ​മാ​കും. 32  ‘അവനെ അപ്പന്റെ അടുത്ത്‌ തിരികെ കൊണ്ടു​വ​രു​ന്നില്ലെ​ങ്കിൽ ജീവി​ത​കാ​ലം മുഴുവൻ ഞാൻ അപ്പനോ​ടു കുറ്റക്കാ​ര​നാ​യി​രി​ക്കും’ എന്ന്‌ അടിയൻ അപ്പന്‌ ഉറപ്പു കൊടു​ത്തി​ട്ടുണ്ട്‌.+ 33  അതുകൊണ്ട്‌ ഞങ്ങളുടെ ഈ അനിയനു പകരം എന്നെ യജമാ​നന്റെ അടിമ​യാ​ക്കി​യിട്ട്‌ ഇവനെ ഇവന്റെ ചേട്ടന്മാരോടൊ​പ്പം പോകാൻ അനുവ​ദി​ച്ചാ​ലും. 34  അവൻ കൂടെ​യി​ല്ലാ​തെ ഞാൻ എങ്ങനെ എന്റെ അപ്പന്റെ അടുത്ത്‌ തിരി​ച്ചുചെ​ല്ലും! അപ്പന്‌ ഈ ആപത്തു വരുന്നതു കണ്ടുനിൽക്കാൻ എനിക്കു കഴിയില്ല!”

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.