ഉൽപത്തി 7:1-24

  • പെട്ടക​ത്തിൽ കയറുന്നു (1-10)

  • ലോകത്തെ മൂടിയ ജലപ്ര​ളയം (11-24)

7  അതിനു ശേഷം യഹോവ നോഹയോ​ടു പറഞ്ഞു: “നീയും നിന്റെ വീട്ടി​ലുള്ള എല്ലാവ​രും പെട്ടക​ത്തിൽ കയറുക. കാരണം, ഈ തലമു​റ​യിൽ ഞാൻ നിന്നെ നീതിമാനായി+ കണ്ടിരി​ക്കു​ന്നു.  വംശം അറ്റു​പോ​കാ​തെ ഭൂമി​യിലെ​ങ്ങും പെരുകേ​ണ്ട​തിന്‌,+ ആണും പെണ്ണും ആയി ശുദ്ധി​യുള്ള എല്ലാ തരം മൃഗങ്ങ​ളിൽനി​ന്നും ഏഴു വീതവും*+ ശുദ്ധി​യി​ല്ലാത്ത എല്ലാ മൃഗങ്ങ​ളിൽനി​ന്നും ആണും പെണ്ണും ആയി രണ്ടു വീതവും  ആകാശത്തിലെ പറവക​ളിൽനിന്ന്‌ ആണും പെണ്ണും ആയി ഏഴു വീതവും* നീ പെട്ടക​ത്തിൽ കയറ്റണം.  ഇനി വെറും ഏഴു ദിവസം! പിന്നെ ഞാൻ 40 പകലും 40 രാത്രിയും+ ഭൂമി​യിൽ മഴ+ പെയ്യി​ക്കു​ക​യും ഞാൻ ഉണ്ടാക്കിയ എല്ലാ ജീവി​കളെ​യും ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കു​ക​യും ചെയ്യും.”+  യഹോവ കല്‌പി​ച്ചതെ​ല്ലാം നോഹ ചെയ്‌തു.  ഭൂമിയിൽ ജലപ്ര​ളയം ഉണ്ടായ​പ്പോൾ നോഹ​യ്‌ക്ക്‌ 600 വയസ്സാ​യി​രു​ന്നു.+  നോഹയും ആൺമക്ക​ളും നോഹ​യു​ടെ ഭാര്യ​യും ആൺമക്ക​ളു​ടെ ഭാര്യ​മാ​രും ജലപ്ര​ള​യ​ത്തി​നു മുമ്പ്‌ പെട്ടക​ത്തിൽ കയറി.+  ശുദ്ധിയുള്ള എല്ലാ മൃഗങ്ങ​ളിൽനി​ന്നും ശുദ്ധി​യി​ല്ലാത്ത എല്ലാ മൃഗങ്ങ​ളിൽനി​ന്നും പറവക​ളിൽനി​ന്നും ഭൂമി​യിൽ കാണുന്ന എല്ലാ ജീവികളിൽനിന്നും+ ഉള്ളവ  ആണും പെണ്ണും ആയി പെട്ടക​ത്തിൽ നോഹ​യു​ടെ അടുത്ത്‌ ചെന്നു. ദൈവം നോഹയോ​ടു കല്‌പി​ച്ചി​രു​ന്ന​തുപോലെ​തന്നെ ജോടി​യാ​യി അവ ചെന്നു. 10  ഏഴു ദിവസ​ത്തി​നു ശേഷം ഭൂമി​യിൽ ജലപ്ര​ളയം തുടങ്ങി. 11  നോഹയുടെ ആയുസ്സി​ന്റെ 600-ാം വർഷം രണ്ടാം മാസം 17-ാം ദിവസം ആകാശ​ത്തി​ലെ ആഴിയു​ടെ ഉറവു​ക​ളും ആകാശ​ത്തി​ന്റെ പ്രളയ​വാ​തി​ലു​ക​ളും തുറന്നു.+ 12  ഭൂമിയിൽ 40 പകലും 40 രാത്രി​യും ശക്തിയാ​യി മഴ പെയ്‌തു. 13  അന്നേ ദിവസം നോഹ പെട്ടക​ത്തിൽ കയറി. നോഹയോടൊ​പ്പം ആൺമക്ക​ളായ ശേം, ഹാം, യാഫെത്ത്‌+ എന്നിവ​രും നോഹ​യു​ടെ ഭാര്യ​യും ആൺമക്ക​ളു​ടെ മൂന്നു ഭാര്യ​മാ​രും പെട്ടക​ത്തിൽ കയറി.+ 14  എല്ലാ വന്യമൃ​ഗ​ങ്ങ​ളും എല്ലാ വളർത്തു​മൃ​ഗ​ങ്ങ​ളും ഭൂമി​യിൽ കാണുന്ന മറ്റെല്ലാ ജീവി​ക​ളും എല്ലാ പറവക​ളും തരംത​ര​മാ​യി അവരോടൊ​പ്പം കയറി; എല്ലാ പക്ഷിക​ളും ചിറകുള്ള എല്ലാ ജീവി​ക​ളും കയറി. 15  ജീവശ്വാസമുള്ള* എല്ലാ തരം ജഡവും* ഈരണ്ടാ​യി പെട്ടക​ത്തി​നു​ള്ളിൽ നോഹ​യു​ടെ അടുത്ത്‌ ചെന്നുകൊ​ണ്ടി​രു​ന്നു. 16  അങ്ങനെ ദൈവം കല്‌പി​ച്ച​തുപോ​ലെ എല്ലാ തരം ജഡവും ആണും പെണ്ണും ആയി അകത്ത്‌ കടന്നു. അതിനു ശേഷം യഹോവ വാതിൽ അടച്ചു. 17  ഭൂമിയിൽ 40 ദിവസം പെരുമഴ പെയ്‌തു; വെള്ളം ഉയർന്നുകൊ​ണ്ടി​രു​ന്നു. അതിന​നു​സ​രിച്ച്‌ പെട്ടക​വും നിലത്തു​നിന്ന്‌ ഉയർന്ന്‌ വെള്ളത്തിൽ ഒഴുകി​ന​ടന്നു. 18  വെള്ളം ഭൂമിയെ മൂടി, അതു പിന്നെ​യും​പിന്നെ​യും കൂടിക്കൊ​ണ്ടി​രു​ന്നു. എന്നാൽ, പെട്ടകം വെള്ളത്തിൽ ഒഴുകി​ന​ടന്നു. 19  വെള്ളം ഭൂമി​യിൽ കൂടി​ക്കൂ​ടി​വന്നു. ആകാശ​ത്തിൻകീ​ഴി​ലുള്ള ഉയർന്ന പർവത​ങ്ങളൊ​ക്കെ വെള്ളത്തി​ന്‌ അടിയി​ലാ​യി.+ 20  പർവതങ്ങൾക്കു മീതെ 15 മുഴംവരെ* വെള്ളം ഉയർന്നു. 21  അങ്ങനെ, ഭൂമി​യി​ലുള്ള എല്ലാ ജീവികളും* നശിച്ചു.+ പറവക​ളും വളർത്തു​മൃ​ഗ​ങ്ങ​ളും വന്യമൃ​ഗ​ങ്ങ​ളും കൂട്ടമാ​യി കാണുന്ന ചെറു​ജീ​വി​ക​ളും മനുഷ്യ​രും ഉൾപ്പെടെ എല്ലാം ചത്തൊ​ടു​ങ്ങി.+ 22  കരയിലുള്ളതെല്ലാം, മൂക്കിൽ ജീവശ്വാ​സ​മു​ള്ളതൊ​ക്കെ,+ നശിച്ചു. 23  മനുഷ്യനും മൃഗങ്ങ​ളും ഭൂമി​യി​ലുള്ള മറ്റു ജന്തുക്ക​ളും ആകാശ​ത്തി​ലെ പറവക​ളും ഉൾപ്പെടെ ജീവനുള്ള എല്ലാത്തിനെ​യും ദൈവം ഭൂമി​യിൽനിന്ന്‌ നശിപ്പി​ച്ചു​ക​ളഞ്ഞു. അവയെയെ​ല്ലാം ഭൂമി​യിൽനിന്ന്‌ തുടച്ചു​നീ​ക്കി.+ നോഹ​യും നോഹ​യുടെ​കൂ​ടെ പെട്ടക​ത്തി​ലു​ള്ള​വ​രും മാത്രം രക്ഷപ്പെട്ടു.+ 24  വെള്ളം 150 ദിവസം ഭൂമിയെ മൂടി​നി​ന്നു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
മറ്റൊരു സാധ്യത “ഏഴു ജോടി വീതവും.”
അഥവാ “ജീവാ​ത്മാ​വുള്ള.”
പദാവലി കാണുക.
ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അക്ഷ. “മാംസ​വും.”