ന്യായാ​ധി​പ​ന്മാർ 12:1-15

  • എഫ്രയീ​മ്യ​രു​മാ​യുള്ള പോരാ​ട്ടം (1-7)

    • ഷിബ്ബോ​ലെത്ത്‌ പരീക്ഷണം (6)

  • ന്യായാ​ധി​പ​ന്മാ​രായ ഇബ്‌സാൻ, ഏലോൻ, അബ്ദോൻ (8-15)

12  പിന്നീട്‌ എഫ്രയീ​മി​ലു​ള്ളവർ ഒന്നിച്ചു​കൂ​ടി. അവർ നദി കടന്ന്‌ സാഫോ​നിൽ എത്തി* യിഫ്‌താ​ഹിനോട്‌, “നീ അമ്മോ​ന്യരോ​ടു യുദ്ധത്തി​നു പോയ​പ്പോൾ ഞങ്ങളെ വിളി​ക്കാ​തി​രു​ന്നത്‌ എന്താണ്‌?+ ഞങ്ങൾ നിന്നെ വീടിന്‌ അകത്തിട്ട്‌ നിന്റെ വീടിനു തീ വെക്കും” എന്നു പറഞ്ഞു.  എന്നാൽ യിഫ്‌താ​ഹ്‌ അവരോ​ടു പറഞ്ഞു: “എന്റെ ജനത്തി​നും അമ്മോ​ന്യർക്കും ഇടയിൽ വലി​യൊ​രു സംഘർഷം ഉണ്ടായ​പ്പോൾ ഞാൻ നിങ്ങളെ സഹായ​ത്തി​നു വിളിച്ചു. എന്നാൽ നിങ്ങൾ എന്നെ അവരുടെ കൈയിൽനി​ന്ന്‌ രക്ഷിച്ചില്ല.  നിങ്ങൾ എന്റെ രക്ഷയ്‌ക്ക്‌ എത്തി​ല്ലെന്നു കണ്ടപ്പോൾ എന്റെ ജീവൻ പണയം വെച്ച്‌ അമ്മോ​ന്യർക്കെ​തി​രെ ചെല്ലാൻ+ ഞാൻ തീരു​മാ​നി​ച്ചു. യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പി​ക്കു​ക​യും ചെയ്‌തു. പിന്നെ എന്തിനാ​ണു നിങ്ങൾ ഇപ്പോൾ എന്നോടു യുദ്ധത്തി​നു വരുന്നത്‌?”  തുടർന്ന്‌ യിഫ്‌താ​ഹ്‌ ഗിലെ​യാ​ദി​ലെ പുരുഷന്മാരെയെല്ലാം+ കൂട്ടി എഫ്രയീ​മിനോ​ടു യുദ്ധം ചെയ്‌തു. “എഫ്രയീ​മി​ലും മനശ്ശെ​യി​ലും ഉള്ള ഗിലെ​യാ​ദ്യ​രേ, നിങ്ങൾ എഫ്രയീ​മിൽനി​ന്നുള്ള അഭയാർഥി​കൾ മാത്ര​മാണ്‌” എന്നു പറഞ്ഞ എഫ്രയീ​മി​നെ ഗിലെ​യാ​ദി​ലെ പുരു​ഷ​ന്മാർ തോൽപ്പി​ച്ചു.  എഫ്രയീമിന്റെ മുന്നി​ലുള്ള യോർദാ​ന്റെ കടവുകളെല്ലാം+ ഗിലെ​യാ​ദ്യർ പിടിച്ചെ​ടു​ത്തു. എഫ്രയീം​പു​രു​ഷ​ന്മാർ രക്ഷപ്പെ​ടാൻ നോക്കി​ക്കൊ​ണ്ട്‌, “ഞാൻ അക്കര കടന്നോ​ട്ടേ” എന്നു ചോദി​ക്കുമ്പോൾ ഗിലെ​യാ​ദ്യർ അവർ ഓരോ​രു​ത്തരോ​ടും “നീ ഒരു എഫ്രയീ​മ്യ​നാ​ണോ” എന്നു തിരിച്ച്‌ ചോദി​ക്കും. “അല്ല!” എന്നു പറയു​മ്പോൾ  അവർ അയാ​ളോട്‌, “ഷിബ്ബോ​ലെത്ത്‌” എന്നു പറയാൻ ആവശ്യപ്പെ​ടും. പക്ഷേ ശരിയാ​യി ഉച്ചരി​ക്കാൻ സാധി​ക്കാ​ത്ത​തുകൊണ്ട്‌ അയാൾ, “സിബ്ബോ​ലെത്ത്‌” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച്‌ യോർദാ​ന്റെ കടവിൽവെച്ച്‌ കൊല്ലും. അങ്ങനെ, ആ സമയത്ത്‌ 42,000 എഫ്രയീ​മ്യർ കൊല്ല​പ്പെട്ടു.  യിഫ്‌താഹ്‌ ആറു വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. അതിനു ശേഷം ഗിലെ​യാ​ദ്യ​നായ യിഫ്‌താ​ഹ്‌ മരിച്ചു. ഗിലെ​യാ​ദി​ലുള്ള തന്റെ നഗരത്തിൽ യിഫ്‌താ​ഹി​നെ അടക്കം ചെയ്‌തു.  യിഫ്‌താഹിനു ശേഷം ബേത്ത്‌ലെഹെ​മിൽനി​ന്നുള്ള ഇബ്‌സാൻ ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി.+  ഇബ്‌സാന്‌ 30 ആൺമക്ക​ളും 30 പെൺമ​ക്ക​ളും ഉണ്ടായി​രു​ന്നു. ഇബ്‌സാൻ പെൺമ​ക്കളെ തന്റെ കുലത്തി​നു പുറത്ത്‌ വിവാഹം കഴിപ്പി​ച്ച്‌ അയയ്‌ക്കു​ക​യും ആൺമക്കളെ കുലത്തി​നു പുറത്തുള്ള 30 പെൺകു​ട്ടി​കളെക്കൊണ്ട്‌ വിവാഹം കഴിപ്പി​ക്കു​ക​യും ചെയ്‌തു. ഇബ്‌സാൻ ഏഴു വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. 10  പിന്നെ ഇബ്‌സാൻ മരിച്ചു, ഇബ്‌സാ​നെ ബേത്ത്‌ലെഹെ​മിൽ അടക്കം ചെയ്‌തു. 11  അതിനു ശേഷം സെബു​ലൂ​ന്യ​നായ ഏലോൻ ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. പത്തു വർഷം ഏലോൻ ഇസ്രായേ​ലി​നു ന്യായാ​ധി​പ​നാ​യി​രു​ന്നു. 12  പിന്നെ സെബു​ലൂ​ന്യ​നായ ഏലോൻ മരിച്ചു. ഏലോനെ സെബു​ലൂൻ ദേശത്തെ അയ്യാ​ലോ​നിൽ അടക്കം ചെയ്‌തു. 13  ഏലോനു ശേഷം പിരാഥോ​ന്യ​നായ ഹില്ലേ​ലി​ന്റെ മകൻ അബ്ദോൻ ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. 14  അബ്ദോന്‌ 40 ആൺമക്ക​ളും 30 കൊച്ചു​മ​ക്ക​ളും ഉണ്ടായി​രു​ന്നു. 70 കഴുത​ക​ളു​ടെ പുറത്താ​ണ്‌ ആ പുരു​ഷ​ന്മാർ യാത്ര ചെയ്‌തി​രു​ന്നത്‌. അബ്ദോൻ എട്ടു വർഷം ഇസ്രായേ​ലിൽ ന്യായ​പാ​ലനം നടത്തി. 15  പിന്നെ പിരാഥോ​ന്യ​നായ ഹില്ലേ​ലി​ന്റെ മകൻ അബ്ദോൻ മരിച്ചു. അബ്ദോനെ എഫ്രയീം ദേശത്തെ, അമാലേക്യരുടെ+ മലയി​ലുള്ള പിരാഥോ​നിൽ അടക്കം ചെയ്‌തു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “അവർ വടക്കോ​ട്ട്‌ നദി കടന്നു​വന്ന്‌.”