പുറപ്പാട്‌ 7:1-25

  • യഹോവ മോശ​യ്‌ക്കു ധൈര്യം കൊടു​ക്കു​ന്നു (1-7)

  • അഹരോ​ന്റെ വടി വലി​യൊ​രു പാമ്പാ​യി​ത്തീ​രു​ന്നു (8-13)

  • 1-ാം ബാധ: വെള്ളം രക്തമാ​കു​ന്നു (14-25)

7  യഹോവ പിന്നെ മോശയോ​ടു പറഞ്ഞു: “ഇതാ! ഞാൻ നിന്നെ ഫറവോ​നു ദൈവ​മാ​ക്കി​യി​രി​ക്കു​ന്നു.* നിന്റെ സഹോ​ദ​ര​നായ അഹരോ​നെ നിനക്കു പ്രവാ​ച​ക​നും.+  ഞാൻ നിന്നോ​ടു കല്‌പി​ക്കു​ന്നതെ​ല്ലാം നീ അഹരോനോ​ടു പറയണം. നിന്റെ സഹോ​ദ​ര​നായ അഹരോൻ ഫറവോനോ​ടു സംസാ​രി​ക്കും. ഫറവോൻ തന്റെ ദേശത്തു​നിന്ന്‌ ഇസ്രായേ​ല്യ​രെ വിട്ടയ​യ്‌ക്കു​ക​യും ചെയ്യും.  എന്നാൽ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ ഞാൻ അനുവ​ദി​ക്കും.+ ഈജി​പ്‌ത്‌ ദേശത്ത്‌ എന്റെ അടയാ​ള​ങ്ങ​ളും അത്ഭുതങ്ങളും+ ഞാൻ പല മടങ്ങു വർധി​പ്പി​ക്കു​ക​യും ചെയ്യും.  പക്ഷേ ഫറവോൻ നിങ്ങൾ പറയു​ന്നതു കേൾക്കില്ല. ഞാൻ ഈജി​പ്‌തി​ന്മേൽ കൈ​വെച്ച്‌ മഹാന്യാ​യ​വി​ധി​കളോ​ടെ ആ ദേശത്തു​നിന്ന്‌ എന്റെ വലിയ ജനസമൂ​ഹത്തെ,* എന്റെ ജനമായ ഇസ്രായേ​ല്യ​രെ, വിടു​വിച്ച്‌ കൊണ്ടു​വ​രും.+  ഞാൻ ഈജി​പ്‌തിന്‌ എതിരെ എന്റെ കൈ നീട്ടി അവരുടെ ഇടയിൽനി​ന്ന്‌ ഇസ്രായേ​ല്യ​രെ വിടു​വിച്ച്‌ കൊണ്ടു​വ​രുമ്പോൾ ഞാൻ യഹോ​വ​യാണെന്ന്‌ ഈജി​പ്‌തു​കാർ നിശ്ചയ​മാ​യും അറിയും.”+  മോശയും അഹരോ​നും യഹോവ കല്‌പി​ച്ച​തുപോ​ലെ ചെയ്‌തു. അവർ അങ്ങനെ​തന്നെ ചെയ്‌തു.  ഫറവോനോടു സംസാ​രി​ച്ചപ്പോൾ മോശ​യ്‌ക്ക്‌ 80 വയസ്സും+ അഹരോ​ന്‌ 83 വയസ്സും ഉണ്ടായി​രു​ന്നു.  യഹോവ മോശയോ​ടും അഹരോനോ​ടും പറഞ്ഞു:  “ഫറവോൻ നിങ്ങ​ളോട്‌, ‘ഒരു അത്ഭുതം കാണിക്കൂ’ എന്നു പറഞ്ഞാൽ, ‘വടി എടുത്ത്‌ ഫറവോ​ന്റെ മുന്നിൽ നിലത്ത്‌ ഇടൂ’ എന്നു നീ അഹരോനോ​ടു പറയണം. അതു വലി​യൊ​രു പാമ്പാ​യി​ത്തീ​രും.”+ 10  അങ്ങനെ, മോശ​യും അഹരോ​നും ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ ചെയ്‌തു. അഹരോൻ തന്റെ വടി ഫറവോന്റെ​യും ദാസന്മാ​രുടെ​യും മുമ്പാകെ നിലത്ത്‌ ഇട്ടു. അതു വലി​യൊ​രു പാമ്പാ​യി​ത്തീർന്നു. 11  എന്നാൽ ഫറവോൻ ജ്ഞാനി​കളെ​യും ആഭിചാരകന്മാരെയും* വിളി​ച്ചു​വ​രു​ത്തി. ഈജി​പ്‌തി​ലെ മന്ത്രവാദികളും+ അവരുടെ മാന്ത്രി​ക​വി​ദ്യ​യാൽ അതുതന്നെ ചെയ്‌തു.+ 12  അവർ ഓരോ​രു​ത്ത​രും അവരുടെ വടി താഴെ ഇട്ടു. അവയും വലിയ പാമ്പു​ക​ളാ​യി​ത്തീർന്നു. പക്ഷേ, അഹരോ​ന്റെ വടി അവരുടെ വടികളെ വിഴു​ങ്ങി​ക്ക​ളഞ്ഞു. 13  എന്നിട്ടും, ഫറവോൻ അവർക്കു ചെവി കൊടു​ത്തില്ല, ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തീർന്നു.+ അങ്ങനെ, യഹോവ പറഞ്ഞതു​തന്നെ സംഭവി​ച്ചു. 14  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “ഫറവോ​ന്റെ ഹൃദയ​ത്തിന്‌ ഒരു കുലു​ക്ക​വു​മില്ല.+ ജനത്തെ വിട്ടയ​യ്‌ക്കാൻ അവൻ സമ്മതി​ക്കു​ന്നില്ല. 15  രാവിലെ ഫറവോ​ന്റെ അടുത്ത്‌ ചെല്ലുക. അതാ, അവൻ വെള്ളത്തി​ന്റെ അടു​ത്തേക്കു പോകു​ന്നു! നീ നൈൽ നദിയു​ടെ തീരത്ത്‌ അവനെ കാത്തു​നിൽക്കണം. സർപ്പമാ​യി​ത്തീർന്ന വടിയും+ നീ കൈയിലെ​ടു​ക്കണം. 16  നീ അവനോ​ട്‌ ഇങ്ങനെ പറയണം: ‘എബ്രാ​യ​രു​ടെ ദൈവ​മായ യഹോവയാണ്‌+ എന്നെ ഇങ്ങോട്ട്‌ അയച്ചി​രി​ക്കു​ന്നത്‌. ദൈവം ഇങ്ങനെ പറയുന്നു: “വിജന​ഭൂ​മി​യിൽ ചെന്ന്‌ എന്നെ സേവി​ക്കാൻ എന്റെ ജനത്തെ വിട്ടയ​യ്‌ക്കുക.” എന്നാൽ ഫറവോൻ ഇതുവരെ അനുസ​രി​ച്ചി​ട്ടില്ല. 17  ഇപ്പോൾ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ യഹോ​വയെന്ന്‌ ഇങ്ങനെ നീ അറിയും.+ ഇതാ, എന്റെ കൈയി​ലി​രി​ക്കുന്ന വടി​കൊണ്ട്‌ ഞാൻ നൈൽ നദിയി​ലെ വെള്ളത്തിൽ അടിക്കു​ന്നു. അതു രക്തമായി മാറും. 18  നൈലിലെ മത്സ്യങ്ങൾ ചാകും, നൈൽ നാറും. ഈജി​പ്‌തു​കാർക്കു നൈലിൽനി​ന്ന്‌ വെള്ളം കുടി​ക്കാൻ കഴിയാതെ​വ​രും.”’” 19  യഹോവ ഇങ്ങനെ​യും മോശയോ​ടു പറഞ്ഞു: “അഹരോനോ​ടു പറയുക: ‘നിന്റെ വടി എടുത്ത്‌ ഈജി​പ്‌തി​ലെ വെള്ളത്തി​നു മീതെ, അവിടത്തെ നദിക​ളുടെ​യും കനാലുകളുടെയും* ചതുപ്പുനിലങ്ങളുടെയും+ എല്ലാ ജലസം​ഭ​ര​ണി​ക​ളുടെ​യും മീതെ, നീട്ടുക.+ അങ്ങനെ അവയെ​ല്ലാം രക്തമാ​യി​ത്തീ​രട്ടെ.’ ഈജി​പ്‌ത്‌ ദേശം മുഴുവൻ, മരപ്പാത്ര​ങ്ങ​ളി​ലും കൽപ്പാത്ര​ങ്ങ​ളി​ലും പോലും, രക്തമാ​യി​രി​ക്കും.” 20  ഉടനെ മോശ​യും അഹരോ​നും യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ ചെയ്‌തു. ഫറവോന്റെ​യും ദാസരുടെ​യും കൺമു​ന്നിൽവെച്ച്‌ അഹരോൻ വടി ഉയർത്തി നൈൽ നദിയി​ലെ വെള്ളത്തിൽ അടിച്ചു. നൈലി​ലു​ണ്ടാ​യി​രുന്ന വെള്ളം മുഴു​വ​നും രക്തമായി മാറി.+ 21  നദിയിലെ മത്സ്യങ്ങൾ ചത്തൊ​ടു​ങ്ങി;+ നദി നാറാൻതു​ടങ്ങി. ഈജി​പ്‌തു​കാർക്കു നൈലിൽനി​ന്ന്‌ വെള്ളം കുടി​ക്കാൻ കഴിയാതെ​യാ​യി.+ ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും രക്തമാ​യി​രു​ന്നു. 22  എന്നാൽ ഈജി​പ്‌തി​ലെ മന്ത്രവാദികളും+ അവരുടെ ഗൂഢവി​ദ്യ​യാൽ അതുതന്നെ ചെയ്‌തു. അതു​കൊണ്ട്‌ യഹോവ പറഞ്ഞതുപോ​ലെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തന്നെ​യി​രു​ന്നു. ഫറവോൻ അവർ പറഞ്ഞതു കേട്ടില്ല.+ 23  ഇത്‌ ഒട്ടും കാര്യ​മാ​ക്കി​യ​തു​മില്ല. പിന്നെ ഫറവോൻ കൊട്ടാ​ര​ത്തിലേക്കു മടങ്ങി. 24  നൈലിലെ വെള്ളം കുടി​ക്കാൻ ഒട്ടും കൊള്ളി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ ഈജി​പ്‌തു​കാരെ​ല്ലാം കുടിവെ​ള്ള​ത്തി​നാ​യി നൈലി​നു ചുറ്റും കുഴി കുഴി​ച്ചു​തു​ടങ്ങി. 25  അങ്ങനെ, യഹോവ നൈലി​നെ അടിച്ചി​ട്ട്‌ ഏഴു ദിവസം കടന്നുപോ​യി.

അടിക്കുറിപ്പുകള്‍

അതായത്‌, ഫറവോ​ന്റെ മേൽ അധികാ​രം നൽകുന്നു.
അക്ഷ. “സൈന്യ​ങ്ങളെ.”
പദാവലിയിൽ “ആഭിചാ​രം” കാണുക.
അതായത്‌, നൈലിൽനി​ന്നുള്ള തോടു​കൾ.