പുറപ്പാട്‌ 9:1-35

  • 5-ാം ബാധ: മൃഗങ്ങൾ ചാകുന്നു (1-7)

  • 6-ാം ബാധ: മനുഷ്യ​രുടെ​യും മൃഗങ്ങ​ളുടെ​യും മേൽ പരുക്കൾ (8-12)

  • 7-ാം ബാധ: ആലിപ്പഴം (13-35)

    • ഫറവോൻ ദൈവ​ത്തി​ന്റെ ശക്തി കാണും (16)

    • യഹോ​വ​യു​ടെ പേര്‌ പ്രസി​ദ്ധ​മാ​കും (16)

9  അതു​കൊണ്ട്‌ യഹോവ മോശയോ​ടു പറഞ്ഞു: “ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ അവനോ​ടു പറയണം: ‘എബ്രാ​യ​രു​ടെ ദൈവ​മായ യഹോവ ഇങ്ങനെ കല്‌പി​ച്ചി​രി​ക്കു​ന്നു: “എന്നെ സേവി​ക്കാൻ എന്റെ ജനത്തെ വിടുക.+  എന്നാൽ അവരെ വിടാൻ കൂട്ടാ​ക്കാ​തെ നീ ഇനിയും അവരെ പിടി​ച്ചുവെ​ച്ചാൽ,  ഓർക്കുക! യഹോ​വ​യു​ടെ കൈ+ വയലി​ലുള്ള നിന്റെ മൃഗങ്ങ​ളു​ടെ മേൽ വരും; കുതി​ര​കളെ​യും കഴുത​കളെ​യും ഒട്ടകങ്ങളെ​യും ആടുമാ​ടു​കളെ​യും മാരക​മായ ഒരു പകർച്ച​വ്യാ​ധി പിടി​കൂ​ടും.+  ഇസ്രായേല്യരുടെ മൃഗങ്ങൾക്കും ഈജി​പ്‌തു​കാ​രു​ടെ മൃഗങ്ങൾക്കും തമ്മിൽ പ്രകട​മായ ഒരു വ്യത്യാ​സം വെക്കും; ഇസ്രായേ​ല്യ​രുടേതൊ​ന്നും ചത്തു​പോ​കില്ല.”’”+  “നാളെ ഈ ദേശത്ത്‌ യഹോവ ഇങ്ങനെ ചെയ്യും” എന്നു പറഞ്ഞു​കൊ​ണ്ട്‌ യഹോവ അതിനു​വേണ്ടി ഒരു സമയവും നിശ്ചയി​ച്ചു.  പിറ്റേന്നുതന്നെ യഹോവ അങ്ങനെ ചെയ്‌തു. ഈജി​പ്‌തു​കാ​രു​ടെ എല്ലാ തരം മൃഗങ്ങ​ളും ചത്തുതു​ടങ്ങി.+ എന്നാൽ, ഇസ്രായേ​ല്യ​രു​ടെ മൃഗങ്ങ​ളിൽ ഒന്നു​പോ​ലും ചത്തില്ല.  ഫറവോൻ അന്വേ​ഷി​ച്ചപ്പോൾ ഇസ്രായേ​ല്യ​രു​ടെ മൃഗങ്ങ​ളിൽ ഒന്നു​പോ​ലും ചത്തിട്ടില്ല! എന്നിട്ടും ഫറവോ​ന്റെ ഹൃദയ​ത്തിന്‌ ഒരു കുലു​ക്ക​വും തട്ടിയില്ല; ഫറവോൻ ജനത്തെ വിട്ടില്ല.+  പിന്നെ യഹോവ മോശയോ​ടും അഹരോനോ​ടും പറഞ്ഞു: “ചൂളയി​ലെ പുകക്കരി രണ്ടു കൈയും നിറയെ വാരുക. മോശ അതു ഫറവോ​ന്റെ മുന്നിൽവെച്ച്‌ വായു​വിലേക്ക്‌ എറിയണം.  അത്‌ ഈജി​പ്‌ത്‌ ദേശം മുഴുവൻ പൊടി​യാ​യി വ്യാപി​ച്ച്‌ അവി​ടെയെ​ങ്ങു​മുള്ള മനുഷ്യന്റെ​യും മൃഗത്തിന്റെ​യും മേൽ പഴുത്ത്‌ വീങ്ങുന്ന പരുവാ​യി​ത്തീ​രും.” 10  അങ്ങനെ അവർ ഒരു ചൂളയിൽനി​ന്ന്‌ പുകക്ക​രി​യും എടുത്ത്‌ ഫറവോ​ന്റെ മുന്നിൽ ചെന്ന്‌ നിന്നു. മോശ അതു വായു​വിലേക്ക്‌ എറിഞ്ഞു. അതു മനുഷ്യന്റെ​യും മൃഗത്തിന്റെ​യും മേൽ, പഴുത്ത്‌ വീങ്ങുന്ന പരുക്ക​ളാ​യി മാറി. 11  പരുക്കൾ മൂലം മന്ത്രവാ​ദി​കൾക്കു മോശ​യു​ടെ മുന്നിൽ നിൽക്കാൻ കഴിഞ്ഞില്ല.+ അവർക്കും എല്ലാ ഈജി​പ്‌തു​കാർക്കും പരുക്കൾ വന്നു. 12  എന്നാൽ യഹോവ മോശയോ​ടു പറഞ്ഞതുപോലെ​തന്നെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​കാൻ യഹോവ അനുവ​ദി​ച്ചു.+ ഫറവോൻ അവർക്കു ചെവി കൊടു​ത്തില്ല. 13  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഫറവോ​ന്റെ സന്നിധി​യിൽ ചെന്ന്‌ അവനോ​ടു പറയണം: ‘എബ്രാ​യ​രു​ടെ ദൈവ​മായ യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “എന്നെ സേവി​ക്കാൻ എന്റെ ജനത്തെ വിടുക. 14  ഭൂമിയിൽ ഒരിട​ത്തും എന്നെ​പ്പോ​ലെ മറ്റാരു​മില്ലെന്നു നീ അറിയാൻ,+ ഞാൻ ഇപ്പോൾ എന്റെ ബാധകളെ​ല്ലാം അയയ്‌ക്കു​ന്നു. അവ നിന്റെ ഹൃദയത്തെ​യും നിന്റെ ദാസ​രെ​യും നിന്റെ ജനത്തെ​യും പ്രഹരി​ക്കും. 15  എനിക്ക്‌ ഇതി​നോ​ട​കം​തന്നെ എന്റെ കൈ നീട്ടി നിന്നെ​യും നിന്റെ ജനത്തെ​യും മാരക​മായ പകർച്ച​വ്യാ​ധി​യാൽ പ്രഹരി​ക്കാ​മാ​യി​രു​ന്നു, ഈ ഭൂമു​ഖ​ത്തു​നിന്ന്‌ നിന്നെ ഇല്ലാതാ​ക്കാ​മാ​യി​രു​ന്നു. 16  എന്നാൽ എന്റെ ശക്തി നിന്നെ കാണി​ക്കാ​നും ഭൂമി​യിലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.+ 17  എന്റെ ജനത്തെ വിട്ടയ​യ്‌ക്കാ​തി​രു​ന്നുകൊണ്ട്‌ നീ ഇനിയും അവരോ​ടു ഗർവം കാണി​ക്കു​ക​യാ​ണോ? 18  നാളെ ഏതാണ്ട്‌ ഇതേ സമയത്ത്‌ ഇവിടെ അതിശ​ക്ത​മാ​യി ആലിപ്പഴം പെയ്യാൻ ഞാൻ ഇടയാ​ക്കും. ഈജി​പ്‌ത്‌ സ്ഥാപി​ത​മായ ദിവസം​മു​തൽ ഇന്നുവരെ പെയ്‌തി​ട്ടി​ല്ലാ​ത്തത്ര ശക്തമായി ആലിപ്പഴം പെയ്യും. 19  അതുകൊണ്ട്‌ ആളയച്ച്‌, മൃഗങ്ങ​ള​ടക്കം വയലിൽ നിനക്കു​ള്ളതെ​ല്ലാം സുരക്ഷി​ത​സ്ഥാ​ന​ങ്ങ​ളിലേക്കു മാറ്റുക. വീട്ടി​ലേക്കു കൊണ്ടു​വ​രാ​തെ, വയലിൽ പെട്ടുപോ​കുന്ന ഏതു മനുഷ്യ​നും മൃഗവും ആലിപ്പഴം വീണ്‌ ചാകും.”’” 20  ഫറവോന്റെ ദാസരിൽ യഹോ​വ​യു​ടെ വാക്കു​കളെ ഭയപ്പെ​ട്ട​വരെ​ല്ലാം അവരുടെ ദാസ​രെ​യും മൃഗങ്ങളെ​യും വേഗം വീടു​ക​ളിലെ​ത്തി​ച്ചു. 21  എന്നാൽ യഹോ​വ​യു​ടെ വാക്കുകൾ കാര്യ​മായെ​ടു​ക്കാ​തി​രു​ന്നവർ അവരുടെ ദാസ​രെ​യും മൃഗങ്ങളെ​യും വയലിൽത്തന്നെ വിട്ടു. 22  യഹോവ മോശയോ​ടു പറഞ്ഞു: “നിന്റെ കൈ ആകാശ​ത്തേക്കു നീട്ടുക. അങ്ങനെ ഈജി​പ്‌ത്‌ ദേശം മുഴുവൻ, ഈജി​പ്‌ത്‌ ദേശത്തുള്ള മനുഷ്യന്റെ​യും മൃഗത്തിന്റെ​യും സസ്യജാ​ല​ങ്ങ​ളുടെ​യും മേൽ, ആലിപ്പഴം പെയ്യട്ടെ.”+ 23  അപ്പോൾ മോശ വടി ആകാശ​ത്തേക്കു നീട്ടി. യഹോവ ഇടിമു​ഴ​ക്ക​വും ആലിപ്പ​ഴ​വും അയച്ചു; തീയും* ഭൂമി​യിൽ വന്നുവീ​ണു. ഈജി​പ്‌ത്‌ ദേശത്തി​ന്മേൽ യഹോവ ആലിപ്പഴം പെയ്യി​ച്ചുകൊ​ണ്ടി​രു​ന്നു. 24  ആലിപ്പഴം പെയ്യു​ന്നതോടൊ​പ്പം തീയും മിന്നു​ന്നു​ണ്ടാ​യി​രു​ന്നു. അതു വളരെ ശക്തമാ​യി​രു​ന്നു. ഈജി​പ്‌ത്‌ ഒരു ജനതയാ​യി​ത്തീർന്ന​തു​മു​തൽ അന്നുവരെ ആ ദേശത്ത്‌ അങ്ങനെയൊ​ന്നു സംഭവി​ച്ചി​ട്ടേ ഇല്ല.+ 25  ഈജിപ്‌ത്‌ ദേശത്ത്‌ അങ്ങോ​ള​മിങ്ങോ​ളം മനുഷ്യൻമു​തൽ മൃഗം​വരെ വെളി​യി​ലുള്ള എല്ലാത്തിന്മേ​ലും ആലിപ്പഴം പതിച്ചു. അതു സസ്യജാ​ല​ങ്ങളെ നശിപ്പി​ച്ചു, എല്ലാ മരങ്ങളും തകർത്തു​ക​ളഞ്ഞു.+ 26  പക്ഷേ ഇസ്രായേ​ല്യർ താമസി​ച്ചി​രുന്ന ഗോശെൻ ദേശത്തു മാത്രം ആലിപ്പഴം പെയ്‌തില്ല.+ 27  അപ്പോൾ ഫറവോൻ മോശയെ​യും അഹരോനെ​യും ആളയച്ച്‌ വരുത്തി, അവരോ​ടു പറഞ്ഞു: “ഇപ്രാ​വ​ശ്യം ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു. യഹോവ നീതി​മാ​നാണ്‌. ഞാനും എന്റെ ജനവും ആണ്‌ തെറ്റു​കാർ. 28  ഇടിമുഴക്കവും ആലിപ്പ​ഴ​വർഷ​വും അവസാ​നി​പ്പി​ക്കാൻ യഹോ​വയോ​ടു യാചിക്കൂ. എങ്കിൽ ഞാൻ നിങ്ങളെ വിട്ടയ​യ്‌ക്കാം, ഒട്ടും കാലതാ​മസം വരുത്തില്ല.” 29  അപ്പോൾ മോശ ഫറവോനോ​ടു പറഞ്ഞു: “നഗരത്തിൽനി​ന്ന്‌ പുറത്ത്‌ കടന്നാൽ ഉടൻ ഞാൻ യഹോ​വ​യു​ടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടിച്ച്‌ പ്രാർഥി​ക്കും. ഇടിമു​ഴക്കം നിന്നുപോ​കും, ആലിപ്പഴം പെയ്യു​ന്ന​തും നിൽക്കും. ഭൂമി യഹോ​വ​യുടേ​താണെന്ന്‌ അങ്ങനെ ഫറവോൻ അറിയും.+ 30  എന്നാൽ ഇത്ര​യൊക്കെ​യാ​യാ​ലും ഫറവോ​നും ദാസരും ദൈവ​മായ യഹോ​വയെ ഭയപ്പെ​ടില്ലെന്ന്‌ എനിക്ക്‌ ഇപ്പോൾത്തന്നെ അറിയാം.” 31  ബാർളി കതിരി​ടു​ക​യും ഫ്‌ളാക്‌സ്‌* മൊട്ടി​ടു​ക​യും ചെയ്‌തി​രു​ന്ന​തുകൊണ്ട്‌ ഈ ബാധ ഉണ്ടായ​പ്പോൾ അവ രണ്ടും നശിച്ചുപോ​യി. 32  എന്നാൽ ഗോത​മ്പും വരകും* വൈകി​യുള്ള വിളക​ളാ​യ​തി​നാൽ അവ നശിച്ചില്ല. 33  മോശ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി, നഗരത്തി​നു വെളി​യിൽ ചെന്ന്‌ യഹോ​വ​യു​ടെ മുന്നിൽ കൈകൾ വിരി​ച്ചു​പി​ടിച്ച്‌ പ്രാർഥി​ച്ചു. അപ്പോൾ മഴയും ഇടിമു​ഴ​ക്ക​വും ആലിപ്പ​ഴ​വർഷ​വും നിന്നു.+ 34  മഴയും ഇടിമു​ഴ​ക്ക​വും ആലിപ്പ​ഴ​വർഷ​വും നിന്നെന്നു കണ്ടപ്പോൾ ഫറവോൻ വീണ്ടും പാപം ചെയ്‌ത്‌ ഹൃദയം കഠിന​മാ​ക്കി.+ ഫറവോ​ന്റെ ദാസന്മാ​രും അങ്ങനെ ചെയ്‌തു. 35  മോശയിലൂടെ യഹോവ പറഞ്ഞതുപോ​ലെ, ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തന്നെ​യി​രു​ന്നു, ഫറവോൻ ഇസ്രായേ​ല്യ​രെ വിട്ടയ​ച്ചില്ല.+

അടിക്കുറിപ്പുകള്‍

ഇതു ശക്തമായ മിന്നലാ​യി​രി​ക്കാം.
പുരാതനകാലംമുതൽ കൃഷി ചെയ്‌തി​രുന്ന ഒരുതരം ചെടി. ഇതിന്റെ നാരു ലിനൻതു​ണി ഉണ്ടാക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നു.
ഇതിന്റെ എബ്രാ​യ​പദം, പുരാ​ത​ന​കാ​ലത്ത്‌ ഈജി​പ്‌തിൽ കൃഷി ചെയ്‌തി​രുന്ന താണ തരം ഗോത​മ്പി​നെ കുറി​ക്കു​ന്നു.