അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 14:1-28

  • ഇക്കോ​ന്യ​യിൽ വിശ്വാ​സി​കൾ വർധി​ക്കു​ന്നു, എതിർപ്പും (1-7)

  • ലുസ്‌ത്ര​യിൽവെച്ച്‌ ദൈവ​ങ്ങ​ളെന്നു തെറ്റി​ദ്ധ​രി​ക്കു​ന്നു (8-18)

  • കല്ലേറു കൊണ്ടി​ട്ടും പൗലോ​സ്‌ രക്ഷപ്പെ​ടു​ന്നു (19, 20)

  • സഭകളെ ബലപ്പെ​ടു​ത്തു​ന്നു (21-23)

  • സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്കു മടങ്ങുന്നു (24-28)

14  ഇക്കോ​ന്യ​യിൽ അവർ എല്ലാവ​രും​കൂ​ടെ ജൂതന്മാ​രു​ടെ സിന​ഗോ​ഗിൽ ചെന്ന്‌ ആളുക​ളോ​ടു സംസാ​രി​ച്ചു. അതു കേട്ട്‌ വലി​യൊ​രു കൂട്ടം ജൂതന്മാ​രും ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അത്ര ഫലപ്ര​ദ​മാ​യാണ്‌ അവർ സംസാ​രി​ച്ചത്‌.  എന്നാൽ വിശ്വ​സി​ക്കാ​തി​രുന്ന ജൂതന്മാർ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ മനസ്സിൽ വിദ്വേ​ഷം കുത്തി​വെച്ച്‌ അവരെ സഹോ​ദ​ര​ന്മാർക്കെ​തി​രെ ഇളക്കി​വി​ട്ടു.+  എങ്കിലും യഹോവയിൽനിന്നുള്ള* അധികാ​ര​ത്താൽ അവർ ധൈര്യ​ത്തോ​ടെ പ്രസം​ഗി​ച്ചു​കൊണ്ട്‌ കുറെ നാൾ അവി​ടെ​ത്തന്നെ താമസി​ച്ചു. അവരി​ലൂ​ടെ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും ചെയ്‌തുകൊണ്ട്‌+ ദൈവം തന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചുള്ള വചനം സത്യമാ​ണെന്ന്‌ ഉറപ്പു നൽകി.  എന്നാൽ നഗരത്തി​ലെ ജനത്തിന്‌ ഇടയിൽ ചേരി​തി​രിവ്‌ ഉണ്ടായി. ചിലർ ജൂതന്മാ​രു​ടെ പക്ഷംപി​ടി​ച്ചു; മറ്റുള്ളവർ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും.  ജനതകളിൽപ്പെട്ടവരും ജൂതന്മാ​രും അവരുടെ പ്രമാണിമാരും* ചേർന്ന്‌ അവരെ അപമാ​നി​ക്കാ​നും കല്ലെറി​യാ​നും പദ്ധതിയിടുന്നെന്ന്‌+  അറിഞ്ഞപ്പോൾ അവർ അവി​ടെ​നിന്ന്‌ ലുക്ക​വോ​ന്യ​യി​ലെ നഗരങ്ങ​ളായ ലുസ്‌ത്ര​യി​ലേ​ക്കും ദർബ്ബെ​യി​ലേ​ക്കും സമീപ​ദേ​ശ​ത്തേ​ക്കും പോയി.+  അവിടെ അവർ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​പോ​ന്നു.  കാലിനു സ്വാധീ​ന​മി​ല്ലാത്ത ഒരാൾ ലുസ്‌ത്ര​യി​ലു​ണ്ടാ​യി​രു​ന്നു. ജന്മനാ വൈക​ല്യ​മു​ണ്ടാ​യി​രു​ന്ന​തി​നാൽ അയാൾ ജീവി​ത​ത്തിൽ ഒരിക്ക​ലും നടന്നി​ട്ടില്ല.  പൗലോസ്‌ സംസാ​രി​ക്കു​ന്നതു ശ്രദ്ധി​ച്ചു​കൊണ്ട്‌ അയാൾ അവിടെ ഇരിക്കു​ക​യാ​യി​രു​ന്നു. അയാളെ സൂക്ഷി​ച്ചു​നോ​ക്കി​യ​പ്പോൾ അയാൾക്കു സുഖം പ്രാപി​ക്കാൻതക്ക വിശ്വാ​സ​മു​ണ്ടെന്നു പൗലോ​സി​നു മനസ്സി​ലാ​യി.+ 10  പൗലോസ്‌ ഉച്ചത്തിൽ അയാ​ളോട്‌, “എഴു​ന്നേ​റ്റു​നിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടി​യെ​ഴു​ന്നേറ്റ്‌ നടക്കാൻതു​ടങ്ങി.+ 11  പൗലോസ്‌ ചെയ്‌തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യ​രൂ​പ​ത്തിൽ നമ്മുടെ അടു​ത്തേക്ക്‌ ഇറങ്ങി​വ​ന്നി​രി​ക്കു​ന്നു”+ എന്നു ജനക്കൂട്ടം ലുക്ക​വോ​ന്യ​ഭാ​ഷ​യിൽ ആർത്തു​വി​ളി​ച്ചു. 12  അവർ ബർന്നബാ​സി​നെ സീയൂസ്‌ എന്നും കൂടുതൽ സംസാ​രി​ച്ചതു പൗലോ​സാ​യി​രു​ന്ന​തു​കൊണ്ട്‌ പൗലോ​സി​നെ ഹെർമി​സ്‌ എന്നും വിളിച്ചു. 13  നഗരത്തിനു മുന്നി​ലുള്ള സീയൂ​സി​ന്റെ ക്ഷേത്ര​ത്തി​ലെ പുരോ​ഹി​തൻ കാളകൾ, ഇലക്കി​രീ​ടങ്ങൾ എന്നിവ​യു​മാ​യി നഗരക​വാ​ട​ത്തി​ലേക്കു വന്നു. ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം ബലി അർപ്പി​ക്കാൻ ആഗ്രഹി​ച്ചാണ്‌ അയാൾ എത്തിയത്‌. 14  എന്നാൽ അപ്പോ​സ്‌ത​ല​ന്മാ​രായ ബർന്നബാ​സും പൗലോ​സും ഇതു കേട്ട​പ്പോൾ അവരുടെ വസ്‌ത്രം കീറി​ക്കൊണ്ട്‌ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലേക്ക്‌ ഓടി​ച്ചെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: 15  “പുരു​ഷ​ന്മാ​രേ, നിങ്ങൾ എന്താണ്‌ ഈ ചെയ്യു​ന്നത്‌? ഞങ്ങളും നിങ്ങ​ളെ​പ്പോ​ലുള്ള സാധാ​ര​ണ​മ​നു​ഷ്യ​രാണ്‌.+ നിങ്ങൾ ഒരു പ്രയോ​ജ​ന​വു​മി​ല്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശ​വും ഭൂമി​യും കടലും അവയി​ലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു+ തിരി​യാൻവേ​ണ്ടി​യാ​ണു ഞങ്ങൾ നിങ്ങ​ളോട്‌ ഈ സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നത്‌. 16  കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം എല്ലാ ജനതക​ളെ​യും സ്വന്തം ഇഷ്ടം​പോ​ലെ ജീവി​ക്കാൻ അനുവ​ദി​ച്ചു;+ 17  എന്നാൽ അന്നും ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല.+ ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”+ 18  ഇങ്ങനെയൊക്കെ പറഞ്ഞി​ട്ടും വളരെ ബുദ്ധി​മു​ട്ടി​യാ​ണു തങ്ങൾക്കു ബലി അർപ്പി​ക്കു​ന്ന​തിൽനിന്ന്‌ അവർ ജനക്കൂ​ട്ടത്തെ പിന്തി​രി​പ്പി​ച്ചത്‌. 19  എന്നാൽ അന്ത്യോ​ക്യ​യിൽനി​ന്നും ഇക്കോ​ന്യ​യിൽനി​ന്നും ജൂതന്മാർ വന്ന്‌ ജനക്കൂ​ട്ടത്തെ ഇളക്കി​വി​ട്ടു.+ അവർ പൗലോ​സി​നെ കല്ലെറി​യു​ക​യും മരി​ച്ചെന്നു കരുതി വലിച്ചി​ഴച്ച്‌ നഗരത്തി​നു പുറ​ത്തേക്കു കൊണ്ടു​പോ​കു​ക​യും ചെയ്‌തു;+ 20  എന്നാൽ ശിഷ്യ​ന്മാർ ചുറ്റും കൂടി​യ​പ്പോൾ പൗലോ​സ്‌ എഴു​ന്നേറ്റ്‌ നഗരത്തി​ലേക്കു തിരിച്ച്‌ ചെന്നു. പിറ്റേന്ന്‌ പൗലോ​സ്‌ ബർന്നബാ​സി​നോ​ടൊ​പ്പം ദർബ്ബെ​യി​ലേക്കു പോയി.+ 21  ആ നഗരത്തിൽ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും കുറെ പേരെ ശിഷ്യ​രാ​ക്കു​ക​യും ചെയ്‌ത​ശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോ​ക്യ എന്നിവി​ട​ങ്ങ​ളി​ലേക്കു മടങ്ങി​ച്ചെന്നു. 22  “അനേകം കഷ്ടതകൾ സഹിച്ചാ​ണു നമ്മൾ ദൈവ​രാ​ജ്യ​ത്തിൽ കടക്കേ​ണ്ടത്‌”+ എന്നു പറഞ്ഞു​കൊണ്ട്‌ അവർ അവി​ടെ​യുള്ള ശിഷ്യ​ന്മാ​രെ വിശ്വാ​സ​ത്തിൽ നിലനിൽക്കാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അവരെ ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു.+ 23  കൂടാതെ അവർ ഉപവസി​ക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്‌തുകൊണ്ട്‌+ അവർക്കു​വേണ്ടി ഓരോ സഭയി​ലും മൂപ്പന്മാ​രെ നിയമി​ച്ചു;+ അവർ വിശ്വ​സിച്ച യഹോവയിൽ* അവരെ ഭരമേൽപ്പി​ക്കു​ക​യും ചെയ്‌തു. 24  പിന്നെ അവർ പിസി​ദ്യ​യി​ലൂ​ടെ യാത്ര ചെയ്‌ത്‌ പംഫു​ല്യ​യിൽ എത്തി.+ 25  പെർഗയിൽ ദൈവ​വ​ചനം പ്രസം​ഗി​ച്ച​ശേഷം അവർ അത്തല്യ​യി​ലേക്കു പോയി. 26  അവിടെനിന്ന്‌ അവർ അന്ത്യോ​ക്യ​യി​ലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്‌തു​തീർത്ത കാര്യ​ത്തി​നു​വേണ്ടി അവരെ ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽ ഭരമേൽപ്പി​ച്ച്‌ അയച്ചത്‌ അവി​ടെ​നി​ന്നാ​യി​രു​ന്നു.+ 27  അവിടെ എത്തിയ​പ്പോൾ അവർ സഭയെ വിളി​ച്ചു​കൂ​ട്ടി തങ്ങളി​ലൂ​ടെ ദൈവം ചെയ്‌ത പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജനതക​ളിൽപ്പെ​ട്ട​വർക്കു ദൈവം വിശ്വാ​സ​ത്തി​ന്റെ വാതിൽ തുറന്നു​കൊ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും വിവരി​ച്ചു.+ 28  പിന്നെ അവർ അവിടെ ശിഷ്യ​ന്മാ​രു​ടെ​കൂ​ടെ കുറെ നാൾ താമസി​ച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അക്ഷ. “ഭരണാ​ധി​കാ​രി​ക​ളും.”
അനു. എ5 കാണുക.