അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 25:1-27

  • ഫെസ്‌തൊ​സി​നു മുമ്പാകെ പൗലോ​സി​ന്റെ വിചാരണ (1-12)

    • “ഞാൻ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ആഗ്രഹി​ക്കു​ന്നു!” (11)

  • അഗ്രിപ്പ രാജാ​വു​മാ​യി ഫെസ്‌തൊ​സ്‌ കൂടി​യാ​ലോ​ചി​ക്കു​ന്നു (13-22)

  • അഗ്രി​പ്പ​യു​ടെ മുന്നിൽ (23-27)

25  സംസ്ഥാ​നത്ത്‌ എത്തി അധികാ​രം ഏറ്റെടു​ത്ത്‌ മൂന്നു ദിവസം കഴിഞ്ഞ​പ്പോൾ ഫെസ്‌തൊസ്‌+ കൈസ​ര്യ​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു പോയി.  മുഖ്യപുരോഹിതന്മാരും ജൂത​പ്ര​മാ​ണി​മാ​രും പൗലോ​സി​നെ​ക്കു​റിച്ച്‌ ഫെസ്‌തൊ​സി​നോ​ടു പരാതി ബോധി​പ്പി​ച്ചു.+  തങ്ങളുടെ അപേക്ഷ മാനിച്ച്‌, പൗലോ​സി​നെ ആളയച്ച്‌ യരുശ​ലേ​മി​ലേക്കു കൊണ്ടു​വ​രാ​മോ എന്ന്‌ അവർ ഫെസ്‌തൊ​സി​നോ​ടു ചോദി​ച്ചു. വഴിമ​ധ്യേ ഒളിച്ചി​രുന്ന്‌ പൗലോ​സി​നെ കൊല്ലാ​നാ​യി​രു​ന്നു അവരുടെ പദ്ധതി.+  എന്നാൽ പൗലോ​സി​നെ കൈസ​ര്യ​യിൽത്തന്നെ സൂക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും താൻ ഉടനെ അവി​ടേക്കു പോകാ​നി​രി​ക്കു​ക​യാ​ണെ​ന്നും ഫെസ്‌തൊ​സ്‌ പറഞ്ഞു.  “പൗലോ​സ്‌ എന്തെങ്കി​ലും തെറ്റ്‌ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾക്കി​ട​യി​ലെ അധികാ​ര​പ്പെ​ട്ട​വർക്ക്‌ എന്നോ​ടൊ​പ്പം വന്ന്‌ അതു ബോധി​പ്പി​ക്കാ​വു​ന്ന​താണ്‌” എന്നു ഫെസ്‌തൊ​സ്‌ അറിയി​ച്ചു.+  എട്ടുപത്തു ദിവസം അവിടെ താമസി​ച്ചിട്ട്‌ ഫെസ്‌തൊ​സ്‌ കൈസ​ര്യ​യി​ലേക്കു മടങ്ങി. പിറ്റേന്ന്‌ ഫെസ്‌തൊ​സ്‌ ന്യായാ​സ​ന​ത്തിൽ ഇരുന്ന്‌ പൗലോ​സി​നെ കൊണ്ടു​വ​രാൻ ആജ്ഞാപി​ച്ചു.  പൗലോസ്‌ വന്നപ്പോൾ, യരുശ​ലേ​മിൽനിന്ന്‌ എത്തിയ ജൂതന്മാർ പൗലോ​സി​നു ചുറ്റും​നിന്ന്‌ ഗുരു​ത​ര​മായ പല ആരോ​പ​ണങ്ങൾ ഉന്നയി​ക്കാൻതു​ടങ്ങി. എന്നാൽ അതൊ​ന്നും തെളി​യി​ക്കാൻ അവർക്കു കഴിഞ്ഞില്ല.+  മറുപടിയായി പൗലോ​സ്‌ പറഞ്ഞു: “ജൂതന്മാ​രു​ടെ നിയമ​ത്തി​നോ ദേവാ​ല​യ​ത്തി​നോ സീസറി​നോ എതിരാ​യി ഞാൻ ഒരു പാപവും ചെയ്‌തി​ട്ടില്ല.”+  ജൂതന്മാരുടെ പ്രീതി പിടി​ച്ചു​പ​റ്റാൻ ആഗ്രഹിച്ച+ ഫെസ്‌തൊ​സ്‌ പൗലോ​സി​നോ​ടു ചോദി​ച്ചു: “യരുശ​ലേ​മി​ലേക്കു വരാനും ഇക്കാര്യ​ങ്ങൾ സംബന്ധി​ച്ച്‌ എന്റെ മുമ്പാകെ വിചാരണ നേരി​ടാ​നും നിനക്കു സമ്മതമാ​ണോ?” 10  പൗലോസ്‌ പറഞ്ഞു: “ഞാൻ സീസറി​ന്റെ ന്യായാ​സ​ന​ത്തി​നു മുമ്പാ​കെ​യാ​ണു നിൽക്കു​ന്നത്‌. എന്നെ ന്യായം വിധി​ക്കേ​ണ്ടത്‌ ഇവി​ടെ​വെ​ച്ചാണ്‌. അങ്ങയ്‌ക്കു നന്നായി അറിയാ​വു​ന്ന​തു​പോ​ലെ ജൂതന്മാ​രോ​ടു ഞാൻ ഒരു അന്യാ​യ​വും ചെയ്‌തി​ട്ടില്ല. 11  ഞാൻ മരണശിക്ഷ അർഹി​ക്കുന്ന എന്തെങ്കി​ലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ+ മരിക്കാൻ എനിക്ക്‌ ഒരു മടിയു​മില്ല. എന്നാൽ ഇവർ എനിക്ക്‌ എതിരെ ഉന്നയി​ച്ചി​രി​ക്കുന്ന ആരോ​പ​ണ​ങ്ങ​ളൊ​ന്നും സത്യമ​ല്ലെ​ങ്കിൽ, ഇവരുടെ കൈയിൽ എന്നെ ഏൽപ്പി​ക്കാൻ ആർക്കും അധികാ​ര​മില്ല. ഞാൻ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ ആഗ്രഹി​ക്കു​ന്നു!”+ 12  അപ്പോൾ ഫെസ്‌തൊ​സ്‌ ഉപദേ​ശ​ക​സ​മി​തി​യു​മാ​യി ആലോ​ചി​ച്ചിട്ട്‌, “നീ സീസറി​ന്റെ മുമ്പാകെ അപ്പീലി​നു പോകാൻ അപേക്ഷി​ച്ച​ല്ലോ; അതു​കൊണ്ട്‌ സീസറി​ന്റെ അടു​ത്തേ​ക്കു​തന്നെ നിന്നെ വിടാം” എന്നു പറഞ്ഞു. 13  കുറെ ദിവസം കഴിഞ്ഞ​പ്പോൾ ഫെസ്‌തൊ​സി​നെ അഭിന​ന്ദ​നങ്ങൾ അറിയി​ക്കാ​നാ​യി അഗ്രിപ്പ രാജാ​വും ബർന്നീ​ക്ക​യും കൈസ​ര്യ​യിൽ ഒരു ഔദ്യോ​ഗിക സന്ദർശനം നടത്തി. 14  അവർ കുറെ ദിവസം അവിടെ താമസി​ക്കു​മെന്ന്‌ അറിഞ്ഞ ഫെസ്‌തൊ​സ്‌ പൗലോ​സി​ന്റെ കേസ്‌ രാജാ​വി​ന്റെ മുമ്പാകെ അവതരി​പ്പി​ച്ചു: “ഫേലി​ക്‌സ്‌ തടവു​കാ​ര​നാ​യി വിട്ടി​ട്ടു​പോയ ഒരാൾ ഇവി​ടെ​യുണ്ട്‌. 15  ഞാൻ യരുശ​ലേ​മിൽ ചെന്ന​പ്പോൾ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ജൂതന്മാ​രു​ടെ മൂപ്പന്മാ​രും അയാൾക്കെ​തി​രെ പരാതി ബോധിപ്പിക്കുകയും+ ശിക്ഷ വിധി​ക്ക​ണ​മെന്ന്‌ എന്നോട്‌ അപേക്ഷി​ക്കു​ക​യും ചെയ്‌തു. 16  എന്നാൽ വാദി​കളെ മുഖാ​മു​ഖം കണ്ട്‌ ആരോ​പ​ണ​ങ്ങൾക്കു മറുപടി നൽകാൻ അവസരം കൊടു​ക്കാ​തെ പ്രതിയെ അവർക്കു വിട്ടു​കൊ​ടു​ക്കു​ന്നതു റോമാ​ക്കാ​രു​ടെ രീതി​യ​ല്ലെന്നു ഞാൻ അവരോ​ടു പറഞ്ഞു.+ 17  അതുകൊണ്ട്‌ അവർ ഇവിടെ വന്നപ്പോൾ പിറ്റേ​ന്നു​തന്നെ ഞാൻ ന്യായാ​സ​ന​ത്തി​ലി​രുന്ന്‌, അയാളെ കൊണ്ടു​വ​രാൻ കല്‌പി​ച്ചു. 18  എന്നാൽ വാദി​ഭാ​ഗം എഴു​ന്നേറ്റ്‌ അയാൾക്കെ​തി​രെ പലതും പറഞ്ഞെ​ങ്കി​ലും ഞാൻ പ്രതീ​ക്ഷി​ച്ച​തു​പോ​ലുള്ള ഒരു കുറ്റവും അവർ ഉന്നയി​ച്ചില്ല.+ 19  അവരുടെ മതത്തെക്കുറിച്ചും* യേശു എന്ന ഒരാ​ളെ​ക്കു​റി​ച്ചും ഉള്ള എന്തോ ചില തർക്കങ്ങളേ അവർക്കി​ട​യി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.+ മരിച്ചു​പോയ ആ യേശു ജീവി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണു പൗലോ​സ്‌ വാദി​ക്കു​ന്നത്‌.+ 20  ഈ തർക്കം എങ്ങനെ കൈകാ​ര്യം ചെയ്യണ​മെന്നു നിശ്ചയ​മി​ല്ലാ​ഞ്ഞ​തു​കൊണ്ട്‌, യരുശ​ലേ​മിൽ ചെന്ന്‌ അവി​ടെ​വെച്ച്‌ വിചാരണ നേരി​ടാൻ സമ്മതമാ​ണോ എന്നു ഞാൻ അയാ​ളോ​ടു ചോദി​ച്ചു.+ 21  എന്നാൽ ചക്രവർത്തിയുടെ* തീരു​മാ​നം അറിയു​ന്ന​തു​വരെ തന്നെ തടവിൽ പാർപ്പി​ക്ക​ണ​മെന്നു പൗലോ​സ്‌ അപേക്ഷി​ച്ചു.+ അതു​കൊണ്ട്‌ സീസറി​ന്റെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്ന​തു​വരെ പൗലോ​സി​നെ തടവിൽ സൂക്ഷി​ക്കാൻ ഞാൻ കല്‌പി​ച്ചു.” 22  അപ്പോൾ അഗ്രിപ്പ ഫെസ്‌തൊ​സി​നോട്‌, “അയാൾക്കു പറയാ​നു​ള്ളത്‌ എനിക്കു കേൾക്ക​ണ​മെ​ന്നുണ്ട്‌”+ എന്നു പറഞ്ഞു. “നാളെ​യാ​കട്ടെ” എന്നു ഫെസ്‌തൊ​സ്‌ പറഞ്ഞു. 23  അങ്ങനെ പിറ്റേന്ന്‌ അഗ്രി​പ്പ​യും ബർന്നീ​ക്ക​യും ആഡംബ​ര​ത്തോ​ടെ സൈന്യാ​ധി​പ​ന്മാ​രോ​ടും നഗരത്തി​ലെ പ്രമു​ഖ​രോ​ടും ഒപ്പം കോട​തി​യിൽ എത്തി. ഫെസ്‌തൊ​സി​ന്റെ ആജ്ഞയനു​സ​രിച്ച്‌ പൗലോ​സി​നെ അവിടെ കൊണ്ടു​വന്നു. 24  അപ്പോൾ ഫെസ്‌തൊ​സ്‌ പറഞ്ഞു: “അഗ്രിപ്പ രാജാവേ, ഇവിടെ ഞങ്ങളോ​ടൊ​പ്പം കൂടി​വ​ന്നി​രി​ക്കു​ന്ന​വരേ, ഈ കാണുന്ന മനുഷ്യ​നെ​ക്കു​റി​ച്ചാണ്‌ യരുശ​ലേ​മി​ലും ഇവി​ടെ​യും വെച്ച്‌ ജൂതസ​മൂ​ഹം എന്നോടു പരാതി​പ്പെ​ട്ടത്‌. ഇനി ഒരു നിമി​ഷം​പോ​ലും ഇയാൾ ജീവി​ക്കാൻ പാടില്ല എന്നു പറഞ്ഞ്‌ അവർ ബഹളം കൂട്ടി.+ 25  എന്നാൽ മരണശിക്ഷ അർഹി​ക്കു​ന്ന​തൊ​ന്നും ഇയാൾ ചെയ്‌തി​ട്ടി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി.+ അതു​കൊണ്ട്‌ ഈ മനുഷ്യൻ ചക്രവർത്തി​യു​ടെ മുമ്പാകെ അപ്പീലി​നു പോകാൻ അപേക്ഷി​ച്ച​പ്പോൾ ഇയാളെ അങ്ങോട്ട്‌ അയയ്‌ക്കാൻ ഞാൻ തീരു​മാ​നി​ച്ചു. 26  എന്നാൽ ഇയാ​ളെ​ക്കു​റിച്ച്‌ തിരു​മ​ന​സ്സിന്‌ എന്ത്‌ എഴുത​ണ​മെന്ന്‌ എനിക്കു വ്യക്തമാ​യി അറിയില്ല. അതു​കൊണ്ട്‌ വിചാരണ കഴിയു​മ്പോൾ എഴുതാൻ വല്ലതും കിട്ടി​യേ​ക്കു​മെന്നു വിചാ​രി​ച്ചാ​ണു ഞാൻ ഇയാളെ നിങ്ങളു​ടെ മുമ്പാകെ, വിശേ​ഷിച്ച്‌ അഗ്രിപ്പ രാജാവേ, അങ്ങയുടെ മുമ്പാകെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നത്‌. 27  ഒരു തടവു​കാ​രനെ അയയ്‌ക്കു​മ്പോൾ അയാൾക്കെ​തി​രെ​യുള്ള ആരോ​പ​ണങ്ങൾ വ്യക്തമാ​ക്കാ​തി​രി​ക്കു​ന്നതു ശരിയ​ല്ല​ല്ലോ.”

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ദൈവത്തെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും.”
അഥവാ “അഗസ്റ്റസി​ന്റെ.”