അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 27:1-44

  • പൗലോ​സ്‌ റോമി​ലേക്കു കപ്പൽ കയറുന്നു (1-12)

  • കപ്പൽ കൊടു​ങ്കാ​റ്റിൽപ്പെ​ടു​ന്നു (13-38)

  • കപ്പൽ തകരുന്നു (39-44)

27  ഞങ്ങൾ ഇറ്റലി​യി​ലേക്കു കപ്പൽ കയറണ​മെന്നു തീരുമാനമായപ്പോൾ+ അവർ പൗലോ​സി​നെ​യും മറ്റു ചില തടവു​കാ​രെ​യും അഗസ്റ്റസി​ന്റെ സൈനി​ക​വി​ഭാ​ഗ​ത്തി​ലെ യൂലി​യൊസ്‌ എന്ന സൈനി​കോ​ദ്യോ​ഗ​സ്ഥനെ ഏൽപ്പിച്ചു.  ഏഷ്യ സംസ്ഥാ​ന​ത്തി​ന്റെ തീരത്തുള്ള തുറമു​ഖ​ങ്ങ​ളി​ലേക്കു പോകുന്ന, അദ്രമു​ത്യ​യിൽനി​ന്നുള്ള ഒരു കപ്പലിൽ കയറി ഞങ്ങൾ യാത്ര ആരംഭി​ച്ചു. ഞങ്ങളോ​ടൊ​പ്പം തെസ്സ​ലോ​നി​ക്യ​യിൽനി​ന്നുള്ള അരിസ്‌തർഹോസ്‌+ എന്ന മാസി​ഡോ​ണി​യ​ക്കാ​ര​നു​മു​ണ്ടാ​യി​രു​ന്നു.  പിറ്റേന്നു ഞങ്ങൾ സീദോ​നിൽ എത്തി. പൗലോ​സി​നോ​ടു യൂലി​യൊസ്‌ ദയ* കാണി​ക്കു​ക​യും സ്‌നേ​ഹി​ത​രു​ടെ അടുത്ത്‌ പോയി അവരുടെ ആതിഥ്യം സ്വീക​രി​ക്കാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തു.  അവിടെനിന്ന്‌ പുറപ്പെട്ട ഞങ്ങൾ കാറ്റു പ്രതി​കൂ​ല​മാ​യ​തു​കൊണ്ട്‌ സൈ​പ്ര​സി​ന്റെ മറപറ്റി യാത്ര തുടർന്നു.  കിലിക്യക്കും പംഫു​ല്യ​ക്കും അരികി​ലൂ​ടെ സഞ്ചരിച്ച്‌ ഞങ്ങൾ ലുക്കി​യ​യി​ലെ മിറ തുറമു​ഖത്ത്‌ എത്തി.  അവിടെവെച്ച്‌ അലക്‌സാൻഡ്രി​യ​യിൽനിന്ന്‌ ഇറ്റലി​യി​ലേക്കു പോകു​ക​യാ​യി​രുന്ന ഒരു കപ്പൽ കണ്ട്‌ സൈനി​കോ​ദ്യോ​ഗസ്ഥൻ ഞങ്ങളെ അതിൽ കയറ്റി.  പിന്നെ കുറെ ദിവസ​ത്തേക്കു ഞങ്ങൾ സാവധാ​ന​മാ​ണു യാത്ര ചെയ്‌തത്‌. വളരെ പ്രയാ​സ​പ്പെട്ട്‌ ഞങ്ങൾ ക്‌നീ​ദോ​സിൽ എത്തി. കാറ്റ്‌ അനുകൂ​ല​മ​ല്ലാ​ഞ്ഞ​തു​കൊണ്ട്‌ ഞങ്ങൾ ശൽമോന കടന്ന്‌ ക്രേത്ത​യു​ടെ മറപറ്റി കപ്പലോ​ടി​ച്ചു.  പിന്നെ ഞങ്ങൾ തീര​ത്തോ​ടു ചേർന്ന്‌ കഷ്ടപ്പെട്ട്‌ മുമ്പോ​ട്ടു നീങ്ങി ശുഭതു​റ​മു​ഖം എന്ന്‌ അറിയ​പ്പെ​ടുന്ന സ്ഥലത്ത്‌ എത്തി; ഇതിന്‌ അടുത്താ​യി​രു​ന്നു ലസയ്യ നഗരം.  ഇങ്ങനെ, കുറെ ദിവസങ്ങൾ കടന്നു​പോ​യി. ശരത്‌കാലത്തെ* ഉപവാ​സ​വും കഴിഞ്ഞു​പോ​യി​രു​ന്നു. അപ്പോൾ സമു​ദ്ര​യാ​ത്ര അപകട​മാ​ണെന്നു കണ്ട്‌ പൗലോ​സ്‌ ഒരു നിർദേശം വെച്ചു. 10  പൗലോസ്‌ അവരോ​ടു പറഞ്ഞു: “പുരു​ഷ​ന്മാ​രേ, നമ്മുടെ ഈ യാത്ര ചരക്കി​നും കപ്പലി​നും നാശന​ഷ്ടങ്ങൾ വരുത്തി​വെ​ക്കും എന്നു മാത്രമല്ല, നമ്മുടെ ജീവനു​തന്നെ ഭീഷണി​യാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കു​ന്നു.” 11  എന്നാൽ സൈനി​കോ​ദ്യോ​ഗസ്ഥൻ പൗലോ​സ്‌ പറഞ്ഞതു ശ്രദ്ധി​ക്കാ​തെ കപ്പിത്താ​നും കപ്പലു​ട​മ​യും പറഞ്ഞതു കേട്ടു. 12  ആ തുറമു​ഖം തണുപ്പു​കാ​ലം കഴിച്ചു​കൂ​ട്ടാൻ പറ്റിയ​ത​ല്ലാ​ത്ത​തു​കൊണ്ട്‌ അവി​ടെ​നിന്ന്‌ എങ്ങനെ​യും ക്രേത്ത​യി​ലെ ഫേനി​ക്‌സിൽ എത്തി, തണുപ്പു​കാ​ലം കഴിയു​ന്ന​തു​വരെ അവിടെ തങ്ങാ​മെന്നു ഭൂരി​പ​ക്ഷ​വും അഭി​പ്രാ​യ​പ്പെട്ടു. വടക്കു​കി​ഴ​ക്കോ​ട്ടും തെക്കു​കി​ഴ​ക്കോ​ട്ടും തുറന്നു​കി​ട​ക്കുന്ന ഒരു തുറമു​ഖ​മാ​യി​രു​ന്നു ഫേനി​ക്‌സ്‌. 13  തെക്കൻ കാറ്റു മന്ദമായി വീശി​യ​പ്പോൾ, തങ്ങൾ ഉദ്ദേശി​ച്ച​തു​പോ​ലെ അവിടെ എത്താ​മെന്നു വിചാ​രിച്ച്‌ അവർ നങ്കൂരം ഉയർത്തി ക്രേത്ത​യു​ടെ തീരം ചേർന്ന്‌ നീങ്ങി. 14  എന്നാൽ പെട്ടെന്നു വടക്കു​കി​ഴക്കൻ കൊടുങ്കാറ്റ്‌* ആഞ്ഞടിച്ചു. 15  കൊടുങ്കാറ്റിൽപ്പെട്ട കപ്പലിനു കാറ്റിന്‌ എതിരാ​യി നിൽക്കാൻ കഴിഞ്ഞില്ല. അതു​കൊണ്ട്‌ ഞങ്ങൾ ശ്രമം ഉപേക്ഷി​ച്ച്‌ കാറ്റിന്റെ ഗതി​ക്കൊ​പ്പം നീങ്ങി. 16  കൗദ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു ചെറിയ ദ്വീപി​ന്റെ മറപറ്റി​യാ​ണു ഞങ്ങൾ സഞ്ചരി​ച്ചു​കൊ​ണ്ടി​രു​ന്ന​തെ​ങ്കി​ലും അമരത്തോടു* ബന്ധിച്ചി​രുന്ന തോണി* നിയ​ന്ത്രി​ക്കാൻ ഞങ്ങൾ വല്ലാതെ പ്രയാ​സ​പ്പെട്ടു. 17  ഒടുവിൽ ഒരുവി​ധം അതു വലിച്ചു​ക​യറ്റി. പിന്നെ കപ്പൽ ചുറ്റി​ക്കെട്ടി ഉറപ്പു​വ​രു​ത്തി. കപ്പൽ സിർത്തിസിലെ* മണൽത്തി​ട്ട​ക​ളിൽ ചെന്നി​ടി​ക്കു​മെന്നു പേടിച്ച്‌ അവർ കപ്പൽപ്പാ​യ​യു​ടെ കയറുകൾ അഴിച്ച്‌ കാറ്റിന്റെ ഗതി​ക്കൊ​പ്പം നീങ്ങി. 18  കൊടുങ്കാറ്റിൽപ്പെട്ട്‌ ഞങ്ങൾ ആടിയു​ലഞ്ഞു. അതു​കൊണ്ട്‌ പിറ്റേന്ന്‌ അവർ കപ്പലിന്റെ ഭാരം കുറയ്‌ക്കാൻ ചരക്കുകൾ എറിഞ്ഞു​ക​ള​യാൻതു​ടങ്ങി. 19  മൂന്നാം ദിവസം അവർ കപ്പലിന്റെ പല ഉപകര​ണ​ങ്ങ​ളും അവരുടെ കൈ​കൊ​ണ്ടു​തന്നെ എറിഞ്ഞു​ക​ളഞ്ഞു. 20  ദിവസങ്ങളോളം സൂര്യ​നെ​യോ നക്ഷത്ര​ങ്ങ​ളെ​യോ കാണാ​നാ​യില്ല; കൊടു​ങ്കാറ്റ്‌ ആഞ്ഞടി​ച്ചു​കൊ​ണ്ടി​രു​ന്നു. രക്ഷപ്പെ​ടാ​മെ​ന്നുള്ള ഞങ്ങളുടെ എല്ലാ പ്രതീ​ക്ഷ​യും അസ്‌ത​മി​ച്ചു. 21  അവർ ദിവസ​ങ്ങ​ളാ​യി ഭക്ഷണം കഴിക്കാ​തി​രു​ന്ന​പ്പോൾ പൗലോ​സ്‌ അവരുടെ മധ്യേ എഴു​ന്നേ​റ്റു​നിന്ന്‌ പറഞ്ഞു: “പുരു​ഷ​ന്മാ​രേ, ക്രേത്ത​യിൽനിന്ന്‌ പുറ​പ്പെ​ട​രുത്‌ എന്ന എന്റെ ഉപദേശം നിങ്ങൾ കേട്ടി​രു​ന്നെ​ങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാ​ക്കാ​മാ​യി​രു​ന്നു.+ 22  എന്തായാലും, നിങ്ങൾ ധൈര്യ​ത്തോ​ടി​രി​ക്ക​ണ​മെന്നു ഞാൻ ഇപ്പോൾ അപേക്ഷി​ക്കു​ന്നു. കപ്പൽ നശിക്കു​മെ​ങ്കി​ലും നിങ്ങളിൽ ആരു​ടെ​യും ജീവൻ നഷ്ടപ്പെ​ടില്ല. 23  ഞാൻ സേവി​ക്കുന്ന,* എന്റെ ഉടയവ​നായ ദൈവ​ത്തി​ന്റെ ഒരു ദൂതൻ+ ഇന്നലെ രാത്രി എന്റെ അരികെ നിന്നു​കൊണ്ട്‌ 24  എന്നോട്‌, ‘പൗലോ​സേ, പേടി​ക്കേണ്ടാ! നീ സീസറി​ന്റെ മുമ്പാകെ നിൽക്കേ​ണ്ട​താണ്‌.+ നിന്നോ​ടൊ​പ്പം യാത്ര ചെയ്യു​ന്ന​വ​രെ​യും ദൈവം രക്ഷിക്കും’ എന്നു പറഞ്ഞു. 25  അതുകൊണ്ട്‌ പുരു​ഷ​ന്മാ​രേ, ധൈര്യ​മാ​യി​രി​ക്കുക. ദൈവ​ത്തിൽ എനിക്കു വിശ്വാ​സ​മുണ്ട്‌; ദൈവം എന്നോടു പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ക്കും. 26  പക്ഷേ, ഒരു ദ്വീപി​ന്‌ അടുത്തു​വെച്ച്‌ നമ്മുടെ കപ്പൽ തകരും.”+ 27  14-ാം ദിവസം അർധരാ​ത്രി ഞങ്ങളുടെ കപ്പൽ അദ്രി​യ​ക്ക​ട​ലിൽ ആടിയു​ല​യു​ക​യാ​യി​രു​ന്നു. ഏതോ കരയോ​ട്‌ അടുക്കു​ക​യാ​ണെന്നു നാവി​കർക്കു തോന്നി. 28  അവർ ആഴം അളന്ന​പ്പോൾ അവിടെ 20 ആൾ താഴ്‌ചയുണ്ടെന്നു* മനസ്സി​ലാ​യി. അൽപ്പദൂ​രം​കൂ​ടെ സഞ്ചരിച്ച്‌ അവർ വീണ്ടും അളന്നു​നോ​ക്കി​യ​പ്പോൾ 15 ആൾ താഴ്‌ചയുണ്ടെന്നു* കണ്ടു. 29  പാറക്കെട്ടുകളിൽ ചെന്നി​ടി​ക്കു​മോ എന്നു പേടിച്ച്‌ അവർ അമരത്തു​നിന്ന്‌ നാലു നങ്കൂരം ഇറക്കി​യിട്ട്‌ നേരം പുലരാ​നാ​യി കാത്തി​രു​ന്നു. 30  എന്നാൽ അണിയത്തുനിന്ന്‌* നങ്കൂരം ഇറക്കു​ക​യാ​ണെന്ന ഭാവത്തിൽ നാവികർ തോണി കടലിൽ ഇറക്കി കപ്പലിൽനി​ന്ന്‌ രക്ഷപ്പെ​ടാൻ ശ്രമിച്ചു. 31  പൗലോസ്‌ സൈനി​കോ​ദ്യോ​ഗ​സ്ഥ​നോ​ടും പടയാ​ളി​ക​ളോ​ടും, “ഇവർ കപ്പലിൽത്തന്നെ നിന്നി​ല്ലെ​ങ്കിൽ നിങ്ങൾക്കു രക്ഷപ്പെ​ടാൻ കഴിയില്ല”+ എന്നു പറഞ്ഞു. 32  അപ്പോൾ പടയാ​ളി​കൾ കയറുകൾ മുറിച്ച്‌ തോണി കടലിൽ ഇട്ടുക​ളഞ്ഞു. 33  നേരം വെളു​ക്കാ​റാ​യ​പ്പോൾ പൗലോ​സ്‌ എല്ലാവ​രെ​യും ഭക്ഷണം കഴിക്കാൻ നിർബ​ന്ധി​ച്ചു. പൗലോ​സ്‌ പറഞ്ഞു: “നിങ്ങൾ ഒന്നും കഴിക്കാ​തെ സങ്കട​പ്പെട്ട്‌ കാത്തി​രി​ക്കാൻതു​ട​ങ്ങി​യിട്ട്‌ ഇന്നേക്ക്‌ 14 ദിവസ​മാ​യി. 34  അതുകൊണ്ട്‌ ദയവായി എന്തെങ്കി​ലും കഴിക്കൂ. നിങ്ങളു​ടെ നന്മയ്‌ക്കു​വേ​ണ്ടി​യാ​ണു ഞാൻ പറയു​ന്നത്‌. നിങ്ങളു​ടെ ആരു​ടെ​യും ഒരു തലമു​ടി​നാ​രി​നു​പോ​ലും ഒന്നും സംഭവി​ക്കില്ല.” 35  ഇതു പറഞ്ഞ​ശേഷം പൗലോ​സ്‌ ഒരു അപ്പം എടുത്ത്‌, എല്ലാവ​രു​ടെ​യും മുന്നിൽവെച്ച്‌ ദൈവ​ത്തോ​ടു നന്ദി പറഞ്ഞിട്ട്‌ അതു നുറുക്കി കഴിക്കാൻതു​ടങ്ങി. 36  എല്ലാവരും മനക്കരു​ത്ത്‌ വീണ്ടെ​ടുത്ത്‌ ഭക്ഷണം കഴിച്ചു. 37  കപ്പലിൽ ഞങ്ങൾ എല്ലാവ​രും​കൂ​ടെ 276 പേരു​ണ്ടാ​യി​രു​ന്നു. 38  ആവശ്യത്തിനു ഭക്ഷണം കഴിച്ച​ശേഷം അവർ ഗോതമ്പു കടലി​ലെ​റിഞ്ഞ്‌ കപ്പലിന്റെ ഭാരം കുറച്ചു.+ 39  നേരം പുലർന്ന​പ്പോൾ അവർ മണൽത്തീ​ര​മുള്ള ഒരു ഉൾക്കടൽ കണ്ടു. ആ കര ഏതാ​ണെന്നു മനസ്സിലായില്ലെങ്കിലും+ കഴിയു​മെ​ങ്കിൽ കപ്പൽ അവിടെ അടുപ്പി​ക്കാൻ അവർ തീരു​മാ​നി​ച്ചു. 40  അതുകൊണ്ട്‌ അവർ നങ്കൂരങ്ങൾ അറുത്തു​മാ​റ്റി കടലിൽ തള്ളി; ഒപ്പം ചുക്കാൻ* ബന്ധിച്ചി​രുന്ന കയറുകൾ അഴിച്ചു​വി​ടു​ക​യും ചെയ്‌തു. പിന്നെ അണിയ​ത്തുള്ള പായ കാറ്റിന്‌ അഭിമു​ഖ​മാ​യി നിവർത്തി അവർ തീര​ത്തേക്കു നീങ്ങി. 41  കപ്പൽ കടലിലെ ഒരു മണൽത്തി​ട്ട​യിൽ ചെന്നു​ക​യറി. അണിയം അവിടെ ഉറച്ചതി​നാൽ കപ്പൽ അനങ്ങാ​താ​യി. എന്നാൽ ശക്തമായ തിരമാ​ല​ക​ളിൽപ്പെട്ട്‌ അമരം തകർന്നു​പോ​യി.+ 42  തടവുകാർ ആരും നീന്തി രക്ഷപ്പെ​ടാ​തി​രി​ക്കാ​നാ​യി അവരെ കൊന്നു​ക​ള​യാൻ പടയാ​ളി​കൾ തീരു​മാ​നി​ച്ചു. 43  എന്നാൽ പൗലോ​സി​നെ രക്ഷിക്കാൻ ആഗ്രഹിച്ച സൈനി​കോ​ദ്യോ​ഗസ്ഥൻ ആ തീരു​മാ​ന​ത്തിൽനിന്ന്‌ അവരെ പിന്തി​രി​പ്പി​ച്ചു. നീന്തൽ അറിയാ​വു​ന്നവർ കടലി​ലേക്കു ചാടി നീന്തി കരയ്‌ക്ക്‌ എത്തി​ക്കൊ​ള്ളാ​നും 44  ബാക്കിയുള്ളവർ പലകക​ളി​ലോ കപ്പലിന്റെ കഷണങ്ങ​ളി​ലോ പിടി​ച്ചു​കി​ടന്ന്‌ കരയിൽ എത്താനും സൈനി​കോ​ദ്യോ​ഗസ്ഥൻ നിർദേ​ശി​ച്ചു. അങ്ങനെ, എല്ലാവ​രും സുരക്ഷി​ത​രാ​യി കരയ്‌ക്ക്‌ എത്തി.+

അടിക്കുറിപ്പുകള്‍

അഥവാ “മാനു​ഷി​ക​പ​രി​ഗണന.”
അഥവാ “പാപപ​രി​ഹാ​ര​ദി​വ​സ​ത്തി​ലെ.”
അഥവാ “ഈശാ​ന​മൂ​ലൻ.” ഗ്രീക്കിൽ യൂറാ​ക്കി​ലോൻ.
അതായത്‌, കപ്പലിന്റെ പിൻഭാ​ഗം.
ഈ ചെറിയ തോണി ലൈഫ്‌ബോ​ട്ടാ​യി ഉപയോ​ഗി​ച്ചി​രു​ന്നു.
പദാവലി കാണുക.
അക്ഷ. “ഞാൻ വിശു​ദ്ധ​സേ​വനം ചെയ്യുന്ന.”
അതായത്‌, 20 മാറ്‌. ഏകദേശം 36 മീ. (120 അടി). അനു. ബി14 കാണുക.
അതായത്‌, 15 മാറ്‌. ഏകദേശം 27 മീ. (90 അടി). അനു. ബി14 കാണുക.
അതായത്‌, കപ്പലിന്റെ മുൻഭാ​ഗം.
അഥവാ “ചുക്കാ​നാ​യി ഉപയോ​ഗി​ക്കുന്ന പങ്കായങ്ങൾ.”