മത്തായി എഴുതിയത്‌ 13:1-58

  • ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാ​ന്തങ്ങൾ (1-52)

    • വിതക്കാ​രൻ (1-9)

    • യേശു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ച​തി​ന്റെ കാരണം (10-17)

    • വിതക്കാ​രന്റെ ദൃഷ്ടാന്തം വിശദീ​ക​രി​ക്കു​ന്നു (18-23)

    • ഗോത​മ്പും കളകളും (24-30)

    • കടുകു​മ​ണി​യും പുളി​പ്പി​ക്കുന്ന മാവും (31-33)

    • ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കു​മെന്ന പ്രവചനം നിവൃ​ത്തി​യാ​യി (34, 35)

    • ഗോത​മ്പി​ന്റെ​യും കളകളു​ടെ​യും ദൃഷ്ടാന്തം വിശദീ​ക​രി​ക്കു​ന്നു (36-43)

    • മറഞ്ഞി​രി​ക്കുന്ന നിധി​യും മേന്മ​യേ​റിയ മുത്തും (44-46)

    • വല (47-50)

    • പുതി​യ​തും പഴയതും ആയ അമൂല്യ​വ​സ്‌തു​ക്കൾ (51, 52)

  • യേശു​വി​നെ സ്വന്തം നാട്ടിൽ അംഗീ​ക​രി​ക്കു​ന്നില്ല (53-58)

13  അന്നു യേശു വീട്ടിൽനി​ന്ന്‌ ഇറങ്ങി കടൽത്തീ​രത്ത്‌ ചെന്ന്‌ ഇരുന്നു.  വലിയൊരു ജനക്കൂട്ടം യേശു​വി​ന്റെ അടുത്ത്‌ വന്നുകൂ​ടി. അതു​കൊണ്ട്‌ യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. ജനക്കൂട്ടം കടൽത്തീ​രത്ത്‌ നിന്നു.+  യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോ​ഗിച്ച്‌ പല കാര്യ​ങ്ങ​ളും അവരോ​ടു പറഞ്ഞു: “ഒരു വിതക്കാ​രൻ വിത്തു വിതയ്‌ക്കാൻ പോയി.+  വിതയ്‌ക്കുമ്പോൾ വിത്തു​ക​ളിൽ കുറെ വഴിയ​രി​കെ വീണു. പക്ഷികൾ വന്ന്‌ അവ തിന്നു​ക​ളഞ്ഞു.+  ചിലത്‌, അധികം മണ്ണില്ലാത്ത പാറസ്ഥ​ലത്ത്‌ വീണു. മണ്ണിന്‌ ആഴമി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+  സൂര്യൻ ഉദിച്ച​പ്പോൾ വെയി​ലേറ്റ്‌ വാടി. വേരി​ല്ലാ​ത്ത​തുകൊണ്ട്‌ അവ ഉണങ്ങിപ്പോ​യി.  മറ്റു ചിലതു മുൾച്ചെ​ടി​കൾക്കി​ട​യിൽ വീണു. മുൾച്ചെ​ടി​കൾ വളർന്ന്‌ അവയെ ഞെരു​ക്കി​ക്ക​ളഞ്ഞു.+  വേറെ ചിലതു നല്ല മണ്ണിൽ വീണ്‌ ഫലം കായ്‌ച്ചു; ചിലത്‌ 100 മേനി​യും ചിലത്‌ 60 മേനി​യും വേറെ ചിലത്‌ 30 മേനി​യും വിളവ്‌ നൽകി.+  ചെവിയുള്ളവൻ കേൾക്കട്ടെ.”+ 10  ശിഷ്യന്മാർ യേശു​വി​ന്റെ അടുത്ത്‌ ചെന്ന്‌, “അങ്ങ്‌ എന്തിനാ​ണ്‌ അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കു​ന്നത്‌”+ എന്നു ചോദി​ച്ചു. 11  യേശു അവരോ​ടു പറഞ്ഞു: “സ്വർഗ​രാ​ജ്യ​ത്തി​ന്റെ പാവന​ര​ഹ​സ്യ​ങ്ങൾ മനസ്സി​ലാ​ക്കാൻ നിങ്ങളെ അനുവ​ദി​ച്ചി​രി​ക്കു​ന്നു.+ പക്ഷേ അവരെ അനുവ​ദി​ച്ചി​ട്ടില്ല. 12  ഉള്ളവനു കൂടുതൽ കൊടു​ക്കും; അവനു സമൃദ്ധി​യു​ണ്ടാ​കും. എന്നാൽ ഇല്ലാത്ത​വന്റെ പക്കൽനി​ന്ന്‌ ഉള്ളതും​കൂ​ടെ എടുത്തു​ക​ള​യും.+ 13  അതുകൊണ്ടാണ്‌ ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ അവരോ​ടു സംസാ​രി​ക്കു​ന്നത്‌. കാരണം അവർ നോക്കു​ന്നുണ്ട്‌. പക്ഷേ അതു​കൊണ്ട്‌ ഒരു കാര്യ​വു​മില്ല. അവർ കേൾക്കു​ന്നുണ്ട്‌. പക്ഷേ അതു​കൊണ്ട്‌ ഒരു ഗുണവു​മില്ല. പറയു​ന്ന​തി​ന്റെ സാരം അവർ മനസ്സി​ലാ​ക്കു​ന്നു​മില്ല.+ 14  അങ്ങനെ യശയ്യയു​ടെ ഈ പ്രവചനം അവരിൽ നിറ​വേ​റു​ക​യാണ്‌: ‘നിങ്ങൾ കേൾക്കും, പക്ഷേ അതിന്റെ സാരം മനസ്സി​ലാ​ക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+ 15  കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പി​ച്ചി​രി​ക്കു​ന്നു. ചെവി​കൊ​ണ്ട്‌ കേൾക്കുന്നെ​ങ്കി​ലും അവർ പ്രതി​ക​രി​ക്കു​ന്നില്ല. അവർ കണ്ണ്‌ അടച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു. അവർക്കു കണ്ണു​കൊണ്ട്‌ കാണാ​നോ ചെവി​കൊ​ണ്ട്‌ കേൾക്കാ​നോ ഒരിക്ക​ലും കഴിയു​ന്നില്ല. അതു​കൊണ്ട്‌ കാര്യ​ങ്ങ​ളു​ടെ സാരം അവർ മനസ്സിലാക്കുകയോ* അവർ മനംതി​രി​ഞ്ഞു​വ​രു​ക​യോ ചെയ്യു​ന്നില്ല. എനിക്ക്‌ അവരെ സുഖ​പ്പെ​ടു​ത്താ​നു​മാ​കു​ന്നില്ല.’+ 16  “എന്നാൽ നിങ്ങളു​ടെ കണ്ണുകൾ കാണു​ന്ന​തുകൊ​ണ്ടും ചെവികൾ കേൾക്കു​ന്ന​തുകൊ​ണ്ടും അവ അനു​ഗ്ര​ഹി​ക്കപ്പെ​ട്ട​താണ്‌.+ 17  കാരണം അനേകം പ്രവാ​ച​ക​ന്മാ​രും നീതി​മാ​ന്മാ​രും നിങ്ങൾ കാണു​ന്നതു കാണാൻ ആഗ്രഹി​ച്ചി​ട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ച്ചി​ട്ടും കേട്ടില്ല എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 18  “ഇനി, വിതയ്‌ക്കു​ന്ന​വന്റെ ദൃഷ്ടാന്തം പറയാം.+ 19  ഒരാൾ ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള വചനം കേട്ടിട്ട്‌ അതിന്റെ സാരം മനസ്സി​ലാ​ക്കു​ന്നില്ലെ​ന്നി​രി​ക്കട്ടെ. അപ്പോൾ അയാളു​ടെ ഹൃദയ​ത്തിൽ വിതച്ചതു ദുഷ്ടൻ+ വന്ന്‌ എടുത്തുകൊ​ണ്ടുപോ​കു​ന്നു. ഇതാണു വഴിയ​രി​കെ വിതച്ച വിത്ത്‌.+ 20  പാറസ്ഥലത്ത്‌ വിതച്ച വിത്തിന്റെ കാര്യം: ഒരാൾ ദൈവ​വ​ചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോ​ഷത്തോ​ടെ സ്വീക​രി​ക്കു​ന്നു.+ 21  എന്നാൽ ഉള്ളി​ലേക്കു വേര്‌ ഇറങ്ങി​യി​ട്ടി​ല്ലാ​ത്ത​തുകൊണ്ട്‌ കുറച്ച്‌ സമയ​ത്തേക്കു മാത്രമേ അതു നിലനിൽക്കൂ. ദൈവ​വ​ച​ന​ത്തി​ന്റെ പേരിൽ കഷ്ടതയോ ഉപദ്ര​വ​മോ ഉണ്ടാകു​മ്പോൾ അയാൾ പെട്ടെന്നു വീണുപോ​കു​ന്നു. 22  മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തിന്റെ കാര്യ​മോ: ഒരാൾ ദൈവ​വ​ചനം കേൾക്കുന്നെ​ങ്കി​ലും ഈ വ്യവസ്ഥിതിയിലെ* ഉത്‌കണ്‌ഠകളും+ ധനത്തിന്റെ വഞ്ചകശ​ക്തി​യും വചനത്തെ ഞെരുക്കി അതിനെ ഫലശൂ​ന്യ​മാ​ക്കു​ന്നു.+ 23  നല്ല മണ്ണിൽ വിതച്ച​തോ, ഒരാൾ ദൈവ​വ​ചനം കേട്ട്‌ അതിന്റെ സാരം മനസ്സി​ലാ​ക്കു​ന്ന​താണ്‌. അതു ഫലം കായ്‌ച്ച്‌ ചിലത്‌ 100 മേനി​യും ചിലത്‌ 60 മേനി​യും വേറെ ചിലത്‌ 30 മേനി​യും വിളവ്‌ തരുന്നു.”+ 24  യേശു അവരോ​ടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗ​രാ​ജ്യ​ത്തെ, തന്റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യ​നോ​ട്‌ ഉപമി​ക്കാം. 25  ആളുകൾ ഉറക്കമാ​യപ്പോൾ അയാളു​ടെ ശത്രു വന്ന്‌ ഗോത​മ്പി​ന്റെ ഇടയിൽ കളകൾ വിതച്ചി​ട്ട്‌ പൊയ്‌ക്ക​ളഞ്ഞു. 26  ഗോതമ്പു മുളച്ച്‌ വളർന്ന്‌ കതിരാ​യപ്പോഴേ​ക്കും കളകളും വളർന്നു​വന്നു. 27  അപ്പോൾ വീട്ടു​കാ​രന്റെ അടിമകൾ വന്ന്‌ ചോദി​ച്ചു: ‘യജമാ​നനേ, നല്ല വിത്തല്ലേ അങ്ങ്‌ വയലിൽ വിതച്ചത്‌? പിന്നെ കളകൾ എങ്ങനെ വന്നു?’ 28  അയാൾ അവരോ​ട്‌, ‘ഇത്‌ ഒരു ശത്രു​വി​ന്റെ പണിയാ​ണ്‌’+ എന്നു പറഞ്ഞു. അപ്പോൾ അവർ, ‘ഞങ്ങൾ ചെന്ന്‌ അതു പറിച്ചു​കൂ​ട്ട​ണോ’ എന്നു ചോദി​ച്ചു. 29  അയാൾ പറഞ്ഞു: ‘വേണ്ടാ; കളകൾ പറിക്കു​മ്പോൾ ഗോത​മ്പും​കൂ​ടെ പിഴു​തുപോ​രും. 30  കൊയ്‌ത്തുവരെ രണ്ടും ഒന്നിച്ച്‌ വളരട്ടെ. ആ സമയത്ത്‌ ഞാൻ കൊയ്‌ത്തു​കാരോട്‌, ആദ്യം കളകൾ പറിച്ചു​കൂ​ട്ടി ചുട്ടു​ക​ളയേ​ണ്ട​തി​നു കെട്ടു​ക​ളാ​ക്കാ​നും പിന്നെ ഗോതമ്പ്‌ എന്റെ സംഭര​ണ​ശാ​ല​യിൽ ശേഖരി​ക്കാ​നും പറയും.’”+ 31  യേശു അവരോ​ടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗ​രാ​ജ്യം ഒരു മനുഷ്യൻ അയാളു​ടെ വയലിൽ വിതച്ച കടുകു​മ​ണിപോലെ​യാണ്‌.+ 32  വിത്തുകളിൽവെച്ച്‌ ഏറ്റവും ചെറു​താണെ​ങ്കി​ലും അതു വളർന്ന്‌ തോട്ട​ത്തി​ലെ ഏറ്റവും വലുപ്പ​മുള്ള ഒരു മരമാ​യി​ത്തീ​രു​ന്നു. ആകാശ​ത്തി​ലെ പക്ഷികൾ വന്ന്‌ അതിന്റെ കൊമ്പു​ക​ളിൽ ചേക്കേ​റു​ന്നു.” 33  വേറെയും ഒരു ദൃഷ്ടാന്തം യേശു അവരോ​ടു പറഞ്ഞു: “സ്വർഗ​രാ​ജ്യം പുളി​പ്പി​ക്കാൻ ഉപയോ​ഗി​ക്കുന്ന മാവുപോലെ​യാണ്‌. ഒരു സ്‌ത്രീ അത്‌ എടുത്ത്‌ മൂന്നു സെയാ* മാവിൽ കലർത്തി​വെച്ചു; അങ്ങനെ അതു മുഴുവൻ പുളിച്ചു.”+ 34  യേശു ഇതൊക്കെ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ച്ചാ​ണു ജനക്കൂ​ട്ടത്തോ​ടു പറഞ്ഞത്‌. ദൃഷ്ടാ​ന്തങ്ങൾ കൂടാതെ യേശു അവരോ​ട്‌ ഒന്നും പറയാ​റി​ല്ലാ​യി​രു​ന്നു.+ 35  അങ്ങനെ ഈ പ്രവാ​ച​ക​വ​ചനം നിറ​വേറി: “ഞാൻ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കും. തുടക്കംമുതൽ* മറഞ്ഞി​രി​ക്കു​ന്നവ ഞാൻ പ്രസി​ദ്ധ​മാ​ക്കും.”+ 36  ജനക്കൂട്ടത്തെ പറഞ്ഞയ​ച്ചശേഷം യേശു വീട്ടി​ലേക്കു പോയി. അപ്പോൾ ശിഷ്യ​ന്മാർ അകത്ത്‌ ചെന്ന്‌, “വയലിലെ കളകളു​ടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീ​ക​രി​ച്ചു​ത​രാ​മോ” എന്നു ചോദി​ച്ചു. 37  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “നല്ല വിത്തു വിതയ്‌ക്കു​ന്നവൻ മനുഷ്യ​പു​ത്രൻ. 38  വയൽ ലോകം.+ നല്ല വിത്തു ദൈവ​രാ​ജ്യ​ത്തി​ന്റെ പുത്ര​ന്മാർ. കളകളോ ദുഷ്ടന്റെ പുത്ര​ന്മാർ.+ 39  കളകൾ വിതച്ച ശത്രു പിശാച്‌. കൊയ്‌ത്ത്‌, വ്യവസ്ഥിതിയുടെ* അവസാ​ന​കാ​ലം. കൊയ്യു​ന്നവർ ദൂതന്മാർ. 40  കളകൾ പറിച്ചു​കൂ​ട്ടി തീയി​ലിട്ട്‌ ചുട്ടു​ക​ള​യു​ന്ന​തുപോലെ​തന്നെ വ്യവസ്ഥിതിയുടെ* അവസാ​ന​കാ​ലത്ത്‌ സംഭവി​ക്കും.+ 41  മനുഷ്യപുത്രൻ തന്റെ ദൂതന്മാ​രെ അയയ്‌ക്കും; ആളുകളെ പാപത്തിൽ വീഴി​ക്കുന്ന എല്ലാത്തിനെ​യും നിയമ​ലം​ഘ​കരെ​യും അവർ അവന്റെ രാജ്യ​ത്തു​നിന്ന്‌ ശേഖരി​ച്ച്‌ 42  തീച്ചൂളയിലേക്ക്‌ എറിഞ്ഞു​ക​ള​യും.+ അവിടെ കിടന്ന്‌ അവർ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും. 43  അന്നു നീതി​മാ​ന്മാർ തങ്ങളുടെ പിതാ​വി​ന്റെ രാജ്യ​ത്തിൽ സൂര്യനെപ്പോ​ലെ പ്രകാ​ശി​ക്കും.+ ചെവി​യു​ള്ളവൻ കേൾക്കട്ടെ. 44  “സ്വർഗ​രാ​ജ്യം വയലിൽ മറഞ്ഞി​രി​ക്കുന്ന ഒരു നിധിപോലെ​യാണ്‌. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവി​ടെ​ത്തന്നെ ഒളിപ്പി​ച്ചുവെ​ച്ചിട്ട്‌ സന്തോ​ഷത്തോ​ടെ പോയി തനിക്കു​ള്ളതെ​ല്ലാം വിറ്റ്‌ ആ വയൽ വാങ്ങി.+ 45  “കൂടാതെ, സ്വർഗ​രാ​ജ്യം മേന്മ​യേ​റിയ മുത്തുകൾ തേടി സഞ്ചരി​ക്കുന്ന ഒരു വ്യാപാ​രിയെപ്പോലെ​യാണ്‌. 46  അയാൾ വില​യേ​റിയ ഒരു മുത്തു കണ്ടെത്തി​യപ്പോൾ പോയി ഉടൻതന്നെ തനിക്കു​ള്ളതെ​ല്ലാം വിറ്റ്‌ അതു വാങ്ങി.+ 47  “സ്വർഗ​രാ​ജ്യം, കടലി​ലേക്ക്‌ ഇറക്കുന്ന ഒരു വലപോലെ​യു​മാണ്‌, എല്ലാ തരം മീനു​കളെ​യും പിടി​ക്കുന്ന ഒരു വല! 48  അതു നിറഞ്ഞ​പ്പോൾ അവർ അതു വലിച്ച്‌ കരയ്‌ക്കു കയറ്റി. പിന്നെ അവർ അവിടെ ഇരുന്ന്‌ കൊള്ളാവുന്നവയെയെല്ലാം+ പാത്ര​ങ്ങ​ളിൽ ശേഖരി​ച്ച്‌ കൊള്ളാത്തവയെ+ എറിഞ്ഞു​ക​ളഞ്ഞു. 49  അങ്ങനെതന്നെയായിരിക്കും വ്യവസ്ഥിതിയുടെ* അവസാ​ന​കാ​ല​ത്തും സംഭവി​ക്കു​ന്നത്‌. ദൂതന്മാർ ചെന്ന്‌ നീതി​മാ​ന്മാ​രു​ടെ ഇടയിൽനി​ന്ന്‌ ദുഷ്ടന്മാ​രെ വേർതി​രിച്ച്‌ 50  തീച്ചൂളയിലേക്ക്‌ എറിഞ്ഞു​ക​ള​യും. അവിടെ കിടന്ന്‌ അവർ കരഞ്ഞ്‌ നിരാ​ശയോ​ടെ പല്ലിറു​മ്മും. 51  “ഈ കാര്യ​ങ്ങ​ളുടെയെ​ല്ലാം സാരം നിങ്ങൾക്കു മനസ്സി​ലാ​യോ” എന്ന്‌ യേശു ചോദി​ച്ചപ്പോൾ, “മനസ്സി​ലാ​യി” എന്ന്‌ അവർ പറഞ്ഞു. 52  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ അതു മനസ്സി​ലായ സ്ഥിതിക്ക്‌ ഇതും​കൂ​ടെ ഞാൻ പറയാം: സ്വർഗ​രാ​ജ്യത്തെ​ക്കു​റിച്ച്‌ അറിവ്‌ നേടി അതു പഠിപ്പി​ക്കുന്ന ഏതൊരു ശിഷ്യ​നും തന്റെ അമൂല്യ​വ​സ്‌തു​ക്ക​ളു​ടെ ശേഖര​ത്തിൽനിന്ന്‌ പുതി​യ​തും പഴയതും പുറ​ത്തെ​ടു​ക്കുന്ന ഒരു വീട്ടു​കാ​രനെപ്പോലെ​യാണ്‌.” 53  ഈ ദൃഷ്ടാ​ന്തങ്ങൾ പറഞ്ഞു​തീർന്നശേഷം യേശു അവി​ടെ​നിന്ന്‌ പോയി. 54  സ്വന്തം നാട്ടിലെത്തിയ+ യേശു സിന​ഗോ​ഗിൽ ചെന്ന്‌ ആളുകളെ പഠിപ്പി​ക്കാൻതു​ടങ്ങി. അവർ ആശ്ചര്യത്തോ​ടെ പറഞ്ഞു: “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാ​നുള്ള കഴിവും ഇയാൾക്ക്‌ എവി​ടെ​നിന്ന്‌ കിട്ടി?+ 55  ഇയാൾ ആ മരപ്പണി​ക്കാ​രന്റെ മകനല്ലേ?+ ഇയാളു​ടെ അമ്മയുടെ പേര്‌ മറിയ എന്നല്ലേ? ഇയാളു​ടെ സഹോ​ദ​ര​ന്മാ​രല്ലേ യാക്കോ​ബും യോ​സേ​ഫും ശിമോ​നും യൂദാ​സും?+ 56  ഇയാളുടെ സഹോ​ദ​രി​മാരെ​ല്ലാം നമ്മു​ടെ​കൂടെ​യി​ല്ലേ? പിന്നെ, ഇയാൾക്ക്‌ ഇതൊക്കെ എവി​ടെ​നിന്ന്‌ കിട്ടി?”+ 57  ഇങ്ങനെ പറഞ്ഞ്‌ അവർ യേശു​വിൽ വിശ്വ​സി​ക്കാ​തി​രു​ന്നു.+ എന്നാൽ യേശു അവരോ​ട്‌, “ഒരു പ്രവാ​ച​കനെ സ്വന്തം നാട്ടു​കാ​രും വീട്ടു​കാ​രും മാത്രമേ ആദരി​ക്കാ​തി​രി​ക്കൂ”+ എന്നു പറഞ്ഞു. 58  അവർക്കു വിശ്വാ​സ​മി​ല്ലാ​ത്ത​തുകൊണ്ട്‌ യേശു അവിടെ അധികം അത്ഭുതങ്ങൾ ചെയ്‌തില്ല.

അടിക്കുറിപ്പുകള്‍

അഥവാ “അവരുടെ ഹൃദയ​ത്തിൽ എത്തുക​യോ.”
അഥവാ “ഈ യുഗത്തി​ലെ.” പദാവലി കാണുക.
ഒരു സെയാ = 7.33 ലി. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “ലോകം സ്ഥാപി​ച്ച​തു​മു​തൽ.”
അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.
അഥവാ “യുഗത്തി​ന്റെ.” പദാവലി കാണുക.