മത്തായി എഴുതിയത്‌ 14:1-36

  • സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ തല വെട്ടുന്നു (1-12)

  • യേശു 5,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (13-21)

  • യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു (22-33)

  • ഗന്നേസ​രെ​ത്തിൽ രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്നു (34-36)

14  അക്കാലത്ത്‌, ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യായ ഹെരോ​ദ്‌ യേശു​വിനെ​ക്കു​റി​ച്ചുള്ള വാർത്ത കേട്ടിട്ട്‌+  ഭൃത്യന്മാരോടു പറഞ്ഞു: “ഇതു സ്‌നാ​പ​കയോ​ഹ​ന്നാ​നാണ്‌. അയാൾ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കപ്പെ​ട്ടി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ അയാൾക്ക്‌ ഈ അത്ഭുതങ്ങൾ ചെയ്യാ​നാ​കു​ന്നത്‌.”+  ഈ ഹെരോദാണു* യോഹ​ന്നാ​നെ പിടിച്ച്‌ ബന്ധിച്ച്‌ ജയിലി​ലാ​ക്കി​യത്‌. തന്റെ സഹോ​ദ​ര​നായ ഫിലിപ്പോ​സി​ന്റെ ഭാര്യ ഹെരോ​ദ്യ കാരണ​മാ​ണു രാജാവ്‌ അതു ചെയ്‌തത്‌.+  “ഹെരോ​ദ്യ​യെ ഭാര്യ​യാ​ക്കിവെ​ക്കു​ന്നതു ശരിയല്ല”*+ എന്നു യോഹ​ന്നാൻ ഹെരോ​ദിനോ​ടു പലവട്ടം പറഞ്ഞി​രു​ന്നു.  ഹെരോദ്‌ യോഹ​ന്നാ​നെ കൊന്നു​ക​ള​യാൻ ആഗ്രഹിച്ചെ​ങ്കി​ലും ജനത്തെ പേടിച്ച്‌ അങ്ങനെ ചെയ്‌തില്ല. കാരണം, അവർ യോഹ​ന്നാ​നെ ഒരു പ്രവാ​ച​ക​നാ​യാ​ണു കണ്ടിരു​ന്നത്‌.+  എന്നാൽ ഹെരോ​ദി​ന്റെ ജന്മദിനാഘോഷസമയത്ത്‌+ ഹെരോ​ദ്യ​യു​ടെ മകൾ നൃത്തം ചെയ്‌ത്‌ ഹെരോ​ദി​നെ വളരെ സന്തോ​ഷി​പ്പി​ച്ചു.+  അതുകൊണ്ട്‌ അവൾ ചോദി​ക്കു​ന്നത്‌ എന്തും കൊടു​ക്കാമെന്നു ഹെരോ​ദ്‌ ആണയിട്ട്‌ പറഞ്ഞു.  അപ്പോൾ അവൾ അമ്മ പറഞ്ഞത​നു​സ​രിച്ച്‌, “സ്‌നാ​പ​കയോ​ഹ​ന്നാ​ന്റെ തല ഒരു തളിക​യിൽ എനിക്കു തരണം”+ എന്നു പറഞ്ഞു.  രാജാവ്‌ ദുഃഖി​ത​നായെ​ങ്കി​ലും തന്റെ ആണയെ​യും വിരു​ന്നു​കാരെ​യും മാനിച്ച്‌ അതു കൊടു​ക്കാൻ കല്‌പി​ച്ചു. 10  രാജാവ്‌ ജയിലി​ലേക്ക്‌ ആളയച്ച്‌ യോഹ​ന്നാ​ന്റെ തല വെട്ടി. 11  അത്‌ ഒരു തളിക​യിൽ വെച്ച്‌ ആ പെൺകു​ട്ടി​ക്കു കൊടു​ത്തു. അവൾ അത്‌ അമ്മയുടെ അടുക്കൽ കൊണ്ടു​ചെന്നു. 12  പിന്നെ ശിഷ്യ​ന്മാർ ചെന്ന്‌ യോഹ​ന്നാ​ന്റെ ശരീരം എടുത്തുകൊ​ണ്ടുപോ​യി അടക്കം ചെയ്‌തു. എന്നിട്ട്‌ വന്ന്‌ യേശു​വി​നെ വിവരം അറിയി​ച്ചു. 13  ഇതു കേട്ട​പ്പോൾ, കുറച്ച്‌ നേരം തനിച്ച്‌ ഇരിക്കാൻവേണ്ടി യേശു വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. എന്നാൽ ജനക്കൂട്ടം അത്‌ അറിഞ്ഞ്‌ നഗരങ്ങ​ളിൽനിന്ന്‌ കാൽന​ട​യാ​യി യേശു പോകു​ന്നി​ടത്തേക്കു ചെന്നു.+ 14  കരയ്‌ക്ക്‌ ഇറങ്ങി​യപ്പോൾ യേശു വലി​യൊ​രു ജനക്കൂ​ട്ടത്തെ കണ്ടു; അവരോ​ട്‌ അലിവ്‌ തോന്നിയിട്ട്‌+ അവർക്കി​ട​യി​ലെ രോഗി​കളെ സുഖ​പ്പെ​ടു​ത്തി.+ 15  വൈകുന്നേരമായപ്പോൾ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി. ജനത്തെ പറഞ്ഞയ​യ്‌ക്കൂ. അവർ അടുത്തുള്ള ഗ്രാമ​ങ്ങ​ളിൽ ചെന്ന്‌ എന്തെങ്കി​ലും വാങ്ങി കഴിക്കട്ടെ.”+ 16  എന്നാൽ യേശു അവരോ​ടു പറഞ്ഞു: “അവർ പോകേണ്ട കാര്യ​മില്ല; നിങ്ങൾ അവർക്കു വല്ലതും കഴിക്കാൻ കൊടു​ക്ക്‌.” 17  അവർ യേശു​വിനോട്‌, “ഞങ്ങളുടെ കൈയിൽ ആകെ അഞ്ച്‌ അപ്പവും രണ്ടു മീനും മാത്രമേ ഉള്ളൂ” എന്നു പറഞ്ഞു. 18  “അത്‌ ഇങ്ങു കൊണ്ടു​വരൂ” എന്നു യേശു പറഞ്ഞു. 19  പിന്നെ യേശു ജനക്കൂ​ട്ടത്തോ​ടു പുൽപ്പു​റത്ത്‌ ഇരിക്കാൻ പറഞ്ഞു. എന്നിട്ട്‌ ആ അഞ്ച്‌ അപ്പവും രണ്ടു മീനും എടുത്ത്‌ ആകാശ​ത്തേക്കു നോക്കി പ്രാർഥി​ച്ചു.+ എന്നിട്ട്‌ അപ്പം നുറുക്കി ശിഷ്യ​ന്മാ​രെ ഏൽപ്പിച്ചു. അവർ അതു ജനത്തിനു വിതരണം ചെയ്‌തു. 20  അങ്ങനെ ജനം മുഴുവൻ തിന്ന്‌ തൃപ്‌ത​രാ​യി. ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരി​ച്ചു. അത്‌ 12 കൊട്ട നിറ​യെ​യു​ണ്ടാ​യി​രു​ന്നു.+ 21  കഴിച്ചവരിൽ ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു, സ്‌ത്രീ​ക​ളും കുട്ടി​ക​ളും വേറെ​യും.+ 22  പെട്ടെന്നുതന്നെ, ശിഷ്യ​ന്മാ​രെ വള്ളത്തിൽ കയറ്റി തനിക്കു മുമ്പേ അക്കരയ്‌ക്കു പറഞ്ഞു​വി​ട്ടിട്ട്‌ യേശു ജനക്കൂ​ട്ടത്തെ പറഞ്ഞയച്ചു.+ 23  ജനക്കൂട്ടത്തെ പറഞ്ഞയ​ച്ചശേഷം പ്രാർഥി​ക്കാൻവേണ്ടി യേശു തനിച്ചു മലയി​ലേക്കു പോയി.+ നേരം വളരെ വൈകി​യി​ട്ടും യേശു അവി​ടെ​ത്തന്നെ ഇരുന്നു. യേശു ഒറ്റയ്‌ക്കാ​യി​രു​ന്നു. 24  അപ്പോഴേക്കും വള്ളം കരയിൽനി​ന്ന്‌ ഏറെ* അകലെ എത്തിയി​രു​ന്നു. കാറ്റു പ്രതി​കൂ​ല​മാ​യി​രു​ന്ന​തി​നാൽ അതു തിരകളോ​ടു മല്ലിടു​ക​യാ​യി​രു​ന്നു. 25  എന്നാൽ രാത്രി​യു​ടെ നാലാം യാമത്തിൽ* യേശു കടലിനു മുകളി​ലൂ​ടെ നടന്ന്‌ അവരുടെ അടു​ത്തേക്കു ചെന്നു. 26  യേശു കടലിന്റെ മുകളി​ലൂ​ടെ നടക്കു​ന്നതു കണ്ട്‌ ശിഷ്യ​ന്മാർ, “അയ്യോ! എന്തോ ഒരു രൂപം!” എന്നു പറഞ്ഞ്‌ പേടിച്ച്‌ നിലവി​ളി​ച്ചു. 27  ഉടനെ യേശു അവരോ​ടു സംസാ​രി​ച്ചു: “എന്തിനാ പേടി​ക്കു​ന്നത്‌? ഇതു ഞാനാണ്‌. ധൈര്യ​മാ​യി​രിക്ക്‌.”+ 28  അതിനു പത്രോ​സ്‌, “കർത്താവേ, അത്‌ അങ്ങാ​ണെ​ങ്കിൽ, വെള്ളത്തി​നു മുകളി​ലൂ​ടെ നടന്ന്‌ അങ്ങയുടെ അടുത്ത്‌ വരാൻ എന്നോടു കല്‌പി​ക്കണേ” എന്നു പറഞ്ഞു. 29  “വരൂ” എന്ന്‌ യേശു പറഞ്ഞു. അപ്പോൾ പത്രോ​സ്‌ വള്ളത്തിൽനി​ന്ന്‌ ഇറങ്ങി വെള്ളത്തി​നു മുകളി​ലൂ​ടെ യേശു​വി​ന്റെ അടു​ത്തേക്കു നടന്നു. 30  എന്നാൽ ആഞ്ഞുവീ​ശുന്ന കൊടു​ങ്കാ​റ്റു കണ്ടപ്പോൾ പത്രോ​സ്‌ ആകെ പേടി​ച്ചുപോ​യി. താഴ്‌ന്നു​തു​ട​ങ്ങിയ പത്രോ​സ്‌, “കർത്താവേ, എന്നെ രക്ഷിക്കണേ” എന്നു നിലവി​ളി​ച്ചു. 31  യേശു ഉടനെ കൈ നീട്ടി പത്രോ​സി​നെ പിടി​ച്ചിട്ട്‌, “നിനക്ക്‌ ഇത്ര വിശ്വാ​സമേ ഉള്ളോ? നീ എന്തിനാ​ണു സംശയി​ച്ചത്‌”+ എന്നു ചോദി​ച്ചു. 32  അവർ വള്ളത്തിൽ കയറി​യപ്പോൾ കൊടു​ങ്കാറ്റ്‌ അടങ്ങി. 33  അപ്പോൾ വള്ളത്തി​ലു​ള്ളവർ, “ശരിക്കും അങ്ങ്‌ ദൈവ​പുത്ര​നാണ്‌” എന്നു പറഞ്ഞ്‌ യേശു​വി​നെ വണങ്ങി. 34  ഒടുവിൽ അവർ അക്കരെ​യുള്ള ഗന്നേസരെ​ത്തിൽ എത്തി.+ 35  അവിടത്തെ ആളുകൾ യേശു​വി​നെ തിരി​ച്ച​റിഞ്ഞ്‌ ചുറ്റു​മുള്ള നാട്ടിലെ​ല്ലാം വിവരം അറിയി​ച്ചു. ആളുകൾ എല്ലാ രോഗി​കളെ​യും യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. 36  യേശുവിന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്തെങ്കിലും*+ തൊടാൻ അനുവ​ദി​ക്ക​ണമെന്ന്‌ അവർ യാചിച്ചു. അതിൽ തൊട്ട​വ​രുടെയെ​ല്ലാം രോഗം പൂർണ​മാ​യും ഭേദമാ​യി.

അടിക്കുറിപ്പുകള്‍

അതായത്‌, ഹെരോ​ദ്‌ അന്തിപ്പാ​സ്‌. പദാവലി കാണുക.
അഥവാ “നിയമാ​നു​സൃ​തമല്ല.”
അക്ഷ. “അനേകം സ്റ്റേഡിയം.” ഒരു സ്റ്റേഡിയം = 185 മീ. (606.95 അടി).
അതായത്‌, അതിരാ​വി​ലെ ഏകദേശം 3 മണിമു​തൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കു​ന്ന​തു​വ​രെ​യുള്ള സമയം.
അഥവാ “തൊങ്ങ​ലി​ലെ​ങ്കി​ലും.”