മത്തായി എഴുതിയത്‌ 21:1-46

  • യേശു​വി​ന്റെ ഗംഭീ​ര​മായ നഗര​പ്ര​വേശം (1-11)

  • യേശു ദേവാ​ലയം ശുദ്ധീ​ക​രി​ക്കു​ന്നു (12-17)

  • അത്തിയെ ശപിക്കു​ന്നു (18-22)

  • യേശു​വി​ന്റെ അധികാ​രം ചോദ്യം ചെയ്യുന്നു (23-27)

  • രണ്ട്‌ ആൺമക്ക​ളു​ടെ ദൃഷ്ടാന്തം (28-32)

  • ക്രൂര​രായ കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം (33-46)

    • മുഖ്യ മൂലക്കല്ലു തള്ളിക്ക​ളഞ്ഞു (42)

21  അവർ യരുശലേ​മിന്‌ അടുത്ത്‌ ഒലിവു​മ​ല​യി​ലെ ബേത്ത്‌ഫാ​ഗ​യിൽ എത്തിയ​പ്പോൾ, യേശു രണ്ടു ശിഷ്യ​ന്മാ​രെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു:+  “ആ കാണുന്ന ഗ്രാമ​ത്തിലേക്കു പോകുക. അവിടെ എത്തു​മ്പോൾത്തന്നെ, ഒരു കഴുതയെ​യും അതിന്റെ കുട്ടിയെ​യും കെട്ടി​യി​ട്ടി​രി​ക്കു​ന്നതു കാണും. അവയെ അഴിച്ച്‌ എന്റെ അടുത്ത്‌ കൊണ്ടു​വ​രുക.  ആരെങ്കിലും വല്ലതും ചോദി​ച്ചാൽ, ‘കർത്താ​വിന്‌ ഇവയെ ആവശ്യ​മുണ്ട്‌’ എന്നു പറഞ്ഞാൽ മതി. ഉടൻതന്നെ അയാൾ അവയെ വിട്ടു​ത​രും.”  ഇങ്ങനെ സംഭവി​ച്ചതു പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞ ഈ വാക്കുകൾ നിറ​വേറേ​ണ്ട​തി​നാ​യി​രു​ന്നു:  “സീയോൻപുത്രിയോ​ടു പറയുക: ‘ഇതാ, സൗമ്യ​നായ നിന്റെ രാജാവ്‌+ ചുമട്ടു​മൃ​ഗ​മായ കഴുത​യു​ടെ പുറത്ത്‌, അതെ, ഒരു കഴുത​ക്കു​ട്ടി​യു​ടെ പുറത്ത്‌ കയറി, നിന്റെ അടു​ത്തേക്കു വരുന്നു.’”+  അങ്ങനെ, ശിഷ്യ​ന്മാർ പോയി യേശു പറഞ്ഞതുപോലെ​തന്നെ ചെയ്‌തു.+  അവർ കഴുതയെ​യും കുട്ടിയെ​യും കൊണ്ടു​വന്ന്‌ അവരുടെ പുറങ്കു​പ്പാ​യങ്ങൾ അവയുടെ മേൽ ഇട്ടു. യേശു അവയുടെ പുറത്ത്‌ കയറി ഇരുന്നു.+  ജനക്കൂട്ടത്തിൽ മിക്കവ​രും അവരുടെ പുറങ്കു​പ്പാ​യങ്ങൾ വഴിയിൽ വിരിച്ചു.+ മറ്റു ചിലർ മരച്ചി​ല്ലകൾ വെട്ടി വഴിയിൽ നിരത്തി.  യേശുവിനു മുന്നി​ലും പിന്നി​ലും ആയി നടന്ന ജനം ഇങ്ങനെ ആർത്തു​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു: “ദാവീ​ദു​പുത്രനു രക്ഷ നൽകണേ!+ യഹോവയുടെ* നാമത്തിൽ വരുന്നവൻ+ അനുഗൃ​ഹീ​തൻ! അത്യു​ന്ന​ത​ങ്ങ​ളിൽ വസിക്കു​ന്ന​വനേ,+ ദാവീ​ദു​പുത്രനു രക്ഷ നൽകണേ.” 10  യേശു യരുശലേ​മിൽ എത്തിയ​പ്പോൾ നഗരത്തി​ലാ​കെ ബഹളമാ​യി. “ഇത്‌ ആരാണ്‌” എന്ന്‌ അവരെ​ല്ലാം ചോദി​ക്കാൻതു​ടങ്ങി. 11  “ഇതു ഗലീല​യി​ലെ നസറെ​ത്തിൽനി​ന്നുള്ള പ്രവാ​ച​ക​നായ യേശു​വാണ്‌”+ എന്നു ജനക്കൂട്ടം പറയു​ന്നു​മു​ണ്ടാ​യി​രു​ന്നു. 12  യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ വിൽക്കു​ക​യും വാങ്ങു​ക​യും ചെയ്‌തുകൊ​ണ്ടി​രു​ന്ന​വരെയെ​ല്ലാം പുറത്താ​ക്കി. നാണയം മാറ്റിക്കൊ​ടു​ക്കു​ന്ന​വ​രു​ടെ മേശക​ളും പ്രാവു​വിൽപ്പ​ന​ക്കാ​രു​ടെ ഇരിപ്പി​ട​ങ്ങ​ളും മറിച്ചി​ട്ടു.+ 13  യേശു അവരോ​ടു പറഞ്ഞു: “‘എന്റെ ഭവനം പ്രാർഥ​നാ​ലയം എന്ന്‌ അറിയപ്പെ​ടും’+ എന്നാണ്‌ എഴുതി​യി​രി​ക്കു​ന്നത്‌. നിങ്ങളോ അതിനെ കവർച്ച​ക്കാ​രു​ടെ ഗുഹയാ​ക്കു​ന്നു.”+ 14  അന്ധരും മുടന്ത​രും ദേവാ​ല​യ​ത്തിൽ യേശു​വി​ന്റെ അടുത്ത്‌ വന്നു; യേശു അവരെ സുഖ​പ്പെ​ടു​ത്തി. 15  യേശു ചെയ്‌ത അത്ഭുത​കാ​ര്യ​ങ്ങ​ളും “ദാവീ​ദു​പുത്രനു രക്ഷ നൽകണേ”+ എന്നു ദേവാ​ല​യ​ത്തിൽ കുട്ടികൾ ആർത്തു​വി​ളി​ക്കു​ന്ന​തും കണ്ടപ്പോൾ മുഖ്യ​പുരോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും ദേഷ്യപ്പെട്ട്‌+ 16  യേശുവിനോട്‌, “ഇവർ പറയു​ന്നതു നീ കേൾക്കു​ന്നി​ല്ലേ” എന്നു ചോദി​ച്ചു. യേശു അവരോ​ട്‌, “ഉണ്ട്‌. ‘ശിശു​ക്ക​ളുടെ​യും മുലകു​ടി​ക്കു​ന്ന​വ​രുടെ​യും വായിൽനി​ന്ന്‌ നീ സ്‌തുതി പൊഴി​ക്കു​ന്നു’+ എന്നു നിങ്ങൾ ഒരിക്ക​ലും വായി​ച്ചി​ട്ടി​ല്ലേ” എന്നു ചോദി​ച്ചു. 17  പിന്നെ യേശു അവരെ വിട്ട്‌ നഗരത്തി​നു പുറത്തുള്ള ബഥാന്യ​യിൽ ചെന്ന്‌ രാത്രി അവിടെ തങ്ങി.+ 18  അതിരാവിലെ നഗരത്തി​ലേക്കു മടങ്ങി​വ​രുമ്പോൾ യേശു​വി​നു വിശന്നു.+ 19  വഴിയരികെ ഒരു അത്തി മരം കണ്ട്‌ യേശു അതിന്റെ അടുത്ത്‌ ചെന്നു; എന്നാൽ അതിൽ ഇലയല്ലാ​തെ ഒന്നും കണ്ടില്ല.+ യേശു അതി​നോട്‌, “നീ ഇനി ഒരിക്ക​ലും കായ്‌ക്കാ​തി​രി​ക്കട്ടെ”+ എന്നു പറഞ്ഞു. പെട്ടെ​ന്നു​തന്നെ അത്തി മരം ഉണങ്ങിപ്പോ​യി. 20  ഇതു കണ്ടപ്പോൾ ശിഷ്യ​ന്മാർ അതിശ​യിച്ച്‌, “ഈ അത്തി മരം എങ്ങനെ​യാണ്‌ ഇത്ര പെട്ടെന്ന്‌ ഉണങ്ങിപ്പോ​യത്‌”+ എന്നു ചോദി​ച്ചു. 21  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സത്യമാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ വിശ്വാ​സ​മു​ള്ള​വ​രും സംശയി​ക്കാ​ത്ത​വ​രും ആണെങ്കിൽ ഞാൻ ഈ അത്തി മരത്തോ​ടു ചെയ്‌തതു മാത്രമല്ല അതില​പ്പു​റ​വും നിങ്ങൾ ചെയ്യും. നിങ്ങൾ ഈ മലയോ​ട്‌, ‘ഇളകിപ്പോ​യി കടലിൽ പതിക്കുക’ എന്നു പറഞ്ഞാൽ അതു​പോ​ലും സംഭവി​ക്കും.+ 22  വിശ്വാസത്തോടെ നിങ്ങൾ പ്രാർഥ​ന​യിൽ ചോദി​ക്കു​ന്നതെ​ല്ലാം നിങ്ങൾക്കു കിട്ടും.”+ 23  യേശു ദേവാ​ല​യ​ത്തിൽ ചെന്ന്‌ അവിടെ പഠിപ്പി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ, മുഖ്യ​പുരോ​ഹി​ത​ന്മാ​രും ജനത്തിന്റെ മൂപ്പന്മാ​രും യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “നീ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നത്‌? ആരാണു നിനക്ക്‌ ഈ അധികാ​രം തന്നത്‌?”+ 24  യേശു അവരോ​ടു പറഞ്ഞു: “ഞാനും നിങ്ങ​ളോട്‌ ഒരു കാര്യം ചോദി​ക്കും. അതിന്‌ ഉത്തരം പറഞ്ഞാൽ എന്ത്‌ അധികാ​ര​ത്തി​ലാണ്‌ ഇതൊക്കെ ചെയ്യു​ന്നതെന്നു ഞാനും പറയാം: 25  യോഹന്നാനാലുള്ള സ്‌നാനം എവി​ടെ​നി​ന്നാ​യി​രു​ന്നു? സ്വർഗ​ത്തിൽനി​ന്നോ മനുഷ്യ​രിൽനി​ന്നോ?”* അപ്പോൾ അവർ പരസ്‌പരം പറഞ്ഞു: “‘സ്വർഗ​ത്തിൽനിന്ന്‌’ എന്നു പറഞ്ഞാൽ, ‘പിന്നെ നിങ്ങൾ എന്തു​കൊണ്ട്‌ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല’+ എന്ന്‌ അവൻ ചോദി​ക്കും. 26  ‘മനുഷ്യ​രിൽനിന്ന്‌’ എന്നു പറയാമെ​ന്നുവെ​ച്ചാൽ ജനത്തെ പേടി​ക്കണം. കാരണം അവരെ​ല്ലാം യോഹ​ന്നാ​നെ ഒരു പ്രവാ​ച​ക​നാ​യി​ട്ടാ​ണ​ല്ലോ കാണു​ന്നത്‌.” 27  അതുകൊണ്ട്‌ അവർ യേശു​വിനോട്‌, “ഞങ്ങൾക്ക്‌ അറിയില്ല” എന്നു പറഞ്ഞു. അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “എങ്കിൽ ഞാൻ ഇതൊക്കെ ചെയ്യു​ന്നത്‌ എന്ത്‌ അധികാ​ര​ത്തി​ലാണെന്നു ഞാനും നിങ്ങ​ളോ​ടു പറയു​ന്നില്ല. 28  “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ഒരു മനുഷ്യ​നു രണ്ടു മക്കളു​ണ്ടാ​യി​രു​ന്നു. അയാൾ മൂത്ത മകന്റെ അടുത്ത്‌ ചെന്ന്‌ അവനോ​ട്‌, ‘മോനേ, നീ ഇന്നു മുന്തി​രിത്തോ​ട്ട​ത്തിൽ പോയി ജോലി ചെയ്യ്‌’ എന്നു പറഞ്ഞു. 29  ‘എനിക്കു പറ്റില്ല’ എന്ന്‌ അവൻ പറഞ്ഞെ​ങ്കി​ലും പിന്നീടു കുറ്റ​ബോ​ധം തോന്നി അവൻ പോയി. 30  അയാൾ ഇളയ മകന്റെ അടുത്ത്‌ ചെന്ന്‌ അങ്ങനെ​തന്നെ പറഞ്ഞു. ‘ഞാൻ പോകാം അപ്പാ’ എന്നു പറഞ്ഞെ​ങ്കി​ലും അവൻ പോയില്ല. 31  ഈ രണ്ടു പേരിൽ ആരാണ്‌ അപ്പന്റെ ഇഷ്ടം​പോ​ലെ ചെയ്‌തത്‌?” “മൂത്തവൻ” എന്ന്‌ അവർ പറഞ്ഞ​പ്പോൾ യേശു പറഞ്ഞു: “നികു​തി​പി​രി​വു​കാ​രും വേശ്യ​ക​ളും നിങ്ങൾക്കു മുമ്പേ ദൈവ​രാ​ജ്യ​ത്തിലേക്കു പോകു​ന്നു എന്നു ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു. 32  കാരണം യോഹ​ന്നാൻ നീതി​യു​ടെ വഴിയേ നിങ്ങളു​ടെ അടുത്ത്‌ വന്നു. പക്ഷേ നിങ്ങൾ യോഹ​ന്നാ​നെ വിശ്വ​സി​ച്ചില്ല. എന്നാൽ നികു​തി​പി​രി​വു​കാ​രും വേശ്യ​ക​ളും യോഹ​ന്നാ​നെ വിശ്വ​സി​ച്ചു.+ അതു കണ്ടിട്ടും നിങ്ങൾ പശ്ചാത്ത​പി​ച്ചില്ല, യോഹ​ന്നാ​നിൽ വിശ്വ​സി​ച്ചില്ല. 33  “മറ്റൊരു ദൃഷ്ടാന്തം പറയാം: ഒരാൾ സ്വന്തം കൃഷി​യി​ട​ത്തിൽ ഒരു മുന്തിരിത്തോട്ടം+ നട്ടുപി​ടി​പ്പി​ച്ചു. അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്ക്‌ ഉണ്ടാക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+ 34  വിളവെടുപ്പിനു സമയമാ​യപ്പോൾ തന്റെ ഓഹരി കിട്ടാൻ അയാൾ അടിമ​കളെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു. 35  എന്നാൽ കൃഷി​ക്കാർ അയാളു​ടെ അടിമ​കളെ പിടിച്ച്‌, ഒരാളെ തല്ലുക​യും മറ്റൊ​രാ​ളെ കൊല്ലു​ക​യും വേറൊ​രാ​ളെ കല്ലെറി​യു​ക​യും ചെയ്‌തു.+ 36  വീണ്ടും അയാൾ മുമ്പ​ത്തേ​തി​ലും കൂടുതൽ അടിമ​കളെ അയച്ചു. അവർ അവരോ​ടും അങ്ങനെ​തന്നെ ചെയ്‌തു.+ 37  ഒടുവിൽ, ‘എന്റെ മകനെ അവർ മാനി​ക്കും’ എന്നു പറഞ്ഞ്‌ മകനെ​യും അവി​ടേക്ക്‌ അയച്ചു. 38  അയാളുടെ മകനെ കണ്ടപ്പോൾ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി.+ വരൂ, നമുക്ക്‌ ഇവനെ കൊന്ന്‌ ഇവന്റെ അവകാശം കൈക്ക​ലാ​ക്കാം.’ 39  അങ്ങനെ, അവർ അവനെ പിടിച്ച്‌ മുന്തി​രിത്തോ​ട്ട​ത്തിൽനിന്ന്‌ പുറത്താ​ക്കി കൊന്നു​ക​ളഞ്ഞു.+ 40  അതുകൊണ്ട്‌ മുന്തി​രിത്തോ​ട്ട​ത്തി​ന്റെ ഉടമ വരു​മ്പോൾ അയാൾ ആ കൃഷി​ക്കാ​രെ എന്തു ചെയ്യും?” 41  അവർ യേശു​വിനോ​ടു പറഞ്ഞു: “അവർ ദുഷ്ടന്മാ​രാ​യ​തുകൊണ്ട്‌ അയാൾ അവരെ കൊന്നു​ക​ള​യും. എന്നിട്ട്‌ കൃത്യ​സ​മ​യത്ത്‌ തന്റെ ഓഹരി തരുന്ന മറ്റു കൃഷി​ക്കാർക്കു മുന്തി​രിത്തോ​ട്ടം പാട്ടത്തി​നു കൊടു​ക്കും.” 42  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “‘പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.*+ ഇതിനു പിന്നിൽ യഹോ​വ​യാണ്‌;* നമുക്ക്‌ ഇതൊരു അതിശ​യം​തന്നെ’+ എന്നു തിരുവെ​ഴു​ത്തു​ക​ളിൽ നിങ്ങൾ ഇതുവരെ വായി​ച്ചി​ട്ടി​ല്ലേ? 43  അതുകൊണ്ട്‌ ദൈവ​രാ​ജ്യം നിങ്ങളിൽനി​ന്ന്‌ എടുത്ത്‌ ഫലം കായ്‌ക്കുന്ന ഒരു ജനതയ്‌ക്കു കൊടു​ക്കുമെന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു. 44  ഈ കല്ലിന്മേൽ വീഴു​ന്നവൻ തകർന്നുപോ​കും.+ ഈ കല്ല്‌ ആരു​ടെയെ​ങ്കി​ലും മേൽ വീണാൽ അയാൾ തവിടുപൊ​ടി​യാ​കും.”+ 45  യേശു പറഞ്ഞ ദൃഷ്ടാ​ന്തങ്ങൾ കേട്ട​പ്പോൾ മുഖ്യ​പുരോ​ഹി​ത​ന്മാർക്കും പരീശ​ന്മാർക്കും അത്‌ അവരെ​ക്കു​റി​ച്ചാണെന്നു മനസ്സി​ലാ​യി.+ 46  അവർ യേശു​വി​നെ പിടിക്കാൻ* ആഗ്രഹിച്ചെ​ങ്കി​ലും ജനത്തെ പേടിച്ചു. കാരണം ജനം യേശു​വി​നെ ഒരു പ്രവാചകനായാണു+ കണ്ടിരു​ന്നത്‌.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അഥവാ “അതോ മനുഷ്യർ തുടങ്ങി​വെ​ച്ച​തോ?”
അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”
അനു. എ5 കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ”