മത്തായി എഴുതിയത്‌ 9:1-38

  • യേശു തളർവാ​ത​രോ​ഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (1-8)

  • യേശു മത്തായി​യെ വിളി​ക്കു​ന്നു (9-13)

  • ഉപവാ​സ​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (14-17)

  • യായീ​റൊ​സി​ന്റെ മകൾ; ഒരു സ്‌ത്രീ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊടു​ന്നു (18-26)

  • യേശു അന്ധനെ​യും ഊമ​നെ​യും സുഖ​പ്പെ​ടു​ത്തു​ന്നു (27-34)

  • വിളവ്‌ ധാരാളം, പക്ഷേ പണിക്കാർ കുറവ്‌ (35-38)

9  അങ്ങനെ, യേശു വള്ളത്തിൽ കയറി അക്കരെ​യുള്ള സ്വന്തം നഗരത്തി​ലെത്തി.+  കുറച്ച്‌ ആളുകൾ ചേർന്ന്‌ തളർന്നു​പോയ ഒരാളെ കിടക്ക​യിൽ കിടത്തി യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു. അവരുടെ വിശ്വാ​സം കണ്ട്‌ യേശു തളർവാ​തരോ​ഗിയോട്‌, “മകനേ, ധൈര്യ​മാ​യി​രിക്ക്‌. നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു.  അപ്പോൾ ചില ശാസ്‌ത്രി​മാർ, “ഇവൻ ദൈവ​നി​ന്ദ​യാ​ണ​ല്ലോ പറയു​ന്നത്‌” എന്ന്‌ ഉള്ളിൽ പറഞ്ഞു.  അവരുടെ ഉള്ളിലി​രു​പ്പു മനസ്സി​ലാ​ക്കി യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ ദുഷിച്ച കാര്യങ്ങൾ ചിന്തി​ക്കു​ന്നത്‌?+  ഏതാണ്‌ എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചി​രി​ക്കു​ന്നു’ എന്നു പറയു​ന്ന​തോ അതോ ‘എഴു​ന്നേറ്റ്‌ നടക്കുക’+ എന്നു പറയു​ന്ന​തോ?  എന്നാൽ ഭൂമി​യിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യ​പുത്രന്‌ അധികാ​ര​മുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” പിന്നെ യേശു തളർവാ​തരോ​ഗിയോ​ടു പറഞ്ഞു: “എഴു​ന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടി​ലേക്കു പോകൂ.”+  അയാൾ എഴു​ന്നേറ്റ്‌ വീട്ടി​ലേക്കു പോയി.  ഇതു കണ്ട്‌ ജനക്കൂട്ടം ഭയന്നുപോ​യി. മനുഷ്യർക്ക്‌ ഇത്തരം അധികാ​രം നൽകിയ ദൈവത്തെ അവർ സ്‌തു​തി​ച്ചു.  യേശു അവി​ടെ​നിന്ന്‌ പോകുന്ന വഴിക്കു മത്തായി എന്നു പേരുള്ള ഒരാൾ നികുതി പിരി​ക്കു​ന്നി​ടത്ത്‌ ഇരിക്കു​ന്നതു കണ്ട്‌, “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു. ഉടനെ മത്തായി എഴു​ന്നേറ്റ്‌ യേശു​വി​നെ അനുഗ​മി​ച്ചു.+ 10  പിന്നീട്‌ യേശു മത്തായി​യു​ടെ വീട്ടിൽ ഭക്ഷണത്തി​ന്‌ ഇരിക്കു​മ്പോൾ കുറെ നികു​തി​പി​രി​വു​കാ​രും പാപി​ക​ളും വന്ന്‌ യേശു​വിന്റെ​യും ശിഷ്യ​ന്മാ​രുടെ​യും കൂടെ ഭക്ഷണത്തി​ന്‌ ഇരുന്നു.+ 11  എന്നാൽ പരീശ​ന്മാർ ഇതു കണ്ടിട്ട്‌ യേശു​വി​ന്റെ ശിഷ്യ​ന്മാരോട്‌, “ഇത്‌ എന്താ നിങ്ങളു​ടെ ഗുരു നികു​തി​പി​രി​വു​കാ​രുടെ​യും പാപി​ക​ളുടെ​യും കൂടെ ഭക്ഷണം കഴിക്കു​ന്നത്‌”+ എന്നു ചോദി​ച്ചു. 12  ഇതു കേട്ട​പ്പോൾ യേശു അവരോ​ടു പറഞ്ഞു: “ആരോ​ഗ്യ​മു​ള്ള​വർക്കല്ല, രോഗി​കൾക്കാ​ണു വൈദ്യ​നെ ആവശ്യം.+ 13  ‘ബലിയല്ല, കരുണ​യാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌’+ എന്നു പറയു​ന്ന​തി​ന്റെ അർഥം എന്താ​ണെന്നു പോയി പഠിക്ക്‌. നീതി​മാ​ന്മാരെയല്ല, പാപി​കളെ വിളി​ക്കാ​നാ​ണു ഞാൻ വന്നത്‌.” 14  പിന്നെ യോഹ​ന്നാ​ന്റെ ശിഷ്യ​ന്മാർ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു: “ഞങ്ങളും പരീശ​ന്മാ​രും പതിവാ​യി ഉപവസി​ക്കാ​റുണ്ട്‌. പക്ഷേ അങ്ങയുടെ ശിഷ്യ​ന്മാർ എന്താണ്‌ ഉപവസി​ക്കാ​ത്തത്‌?”+ 15  അപ്പോൾ യേശു പറഞ്ഞു: “മണവാളൻ+ കൂടെ​യു​ള്ളപ്പോൾ അയാളു​ടെ കൂട്ടു​കാർ എന്തിനു ദുഃഖി​ക്കണം? എന്നാൽ മണവാ​ളനെ അവരുടെ അടുത്തു​നിന്ന്‌ കൊണ്ടുപോ​കുന്ന കാലം വരും.+ അപ്പോൾ അവർ ഉപവസി​ക്കും. 16  പഴയ വസ്‌ത്ര​ത്തിൽ ആരും പുതിയ തുണിക്കഷണം* തുന്നിച്ചേർക്കാ​റില്ല. കാരണം ആ തുണി​ക്ക​ഷണം ചുരു​ങ്ങുമ്പോൾ അതു പഴയ വസ്‌ത്രത്തെ വലിച്ചി​ട്ട്‌ കീറൽ കൂടുതൽ വലുതാ​കും.+ 17  അതുപോലെ, ആരും പുതിയ വീഞ്ഞു പഴയ തുരു​ത്തി​യിൽ ഒഴിച്ചുവെ​ക്കാ​റു​മില്ല. അങ്ങനെ ചെയ്‌താൽ തുരുത്തി പൊളി​ഞ്ഞ്‌ വീഞ്ഞ്‌ ഒഴുകിപ്പോ​കും. തുരു​ത്തി​യും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരു​ത്തി​യി​ലാണ്‌ ഒഴിച്ചുവെ​ക്കു​ന്നത്‌. അപ്പോൾ രണ്ടും നഷ്ടപ്പെ​ടില്ല.” 18  യേശു സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ, ഒരു പ്രമാണി യേശു​വി​നെ സമീപി​ച്ച്‌ താണു​വ​ണ​ങ്ങിക്കൊണ്ട്‌ പറഞ്ഞു: “എന്റെ മകൾ ഇതി​നോ​ടകം മരിച്ചു​കാ​ണും; എന്നാലും അങ്ങ്‌ വന്ന്‌ അവളുടെ മേൽ കൈ വെക്കേ​ണമേ; എങ്കിൽ അവൾ ജീവി​ക്കും.”+ 19  യേശു എഴു​ന്നേറ്റ്‌ അയാ​ളോടൊ​പ്പം പോയി. യേശു​വി​ന്റെ ശിഷ്യ​ന്മാ​രും ഒപ്പം ചെന്നു. 20  അവർ പോകു​മ്പോൾ, 12 വർഷമാ​യി രക്തസ്രാ​വ​ത്താൽ കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ+ പിന്നി​ലൂ​ടെ വന്ന്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌* തൊട്ടു.+ 21  “യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിലൊ​ന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും” എന്ന്‌ ആ സ്‌ത്രീ​യു​ടെ മനസ്സു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 22  യേശു തിരിഞ്ഞ്‌ ആ സ്‌ത്രീ​യെ കണ്ടിട്ട്‌, “മകളേ, ധൈര്യ​മാ​യി​രി​ക്കുക. നിന്റെ വിശ്വാ​സം നിന്നെ സുഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു”+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവരുടെ അസുഖം മാറി.+ 23  യേശു പ്രമാ​ണി​യു​ടെ വീട്ടി​ലെത്തി. കുഴൽ ഊതു​ന്ന​വരെ​യും കരഞ്ഞ്‌ ബഹളം​കൂ​ട്ടുന്ന ജനക്കൂട്ടത്തെയും+ കണ്ട്‌ 24  അവരോടു പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. കുട്ടി മരിച്ചി​ട്ടില്ല, അവൾ ഉറങ്ങു​ക​യാണ്‌.”+ ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി. 25  ജനക്കൂട്ടം പുറത്ത്‌ പോയ ഉടനെ യേശു അകത്ത്‌ ചെന്ന്‌ കുട്ടി​യു​ടെ കൈയിൽ പിടിച്ചു;+ അപ്പോൾ അവൾ എഴു​ന്നേറ്റു.+ 26  ഈ വാർത്ത നാട്ടിലെ​ങ്ങും പരന്നു. 27  യേശു അവി​ടെ​നിന്ന്‌ പോകുന്ന വഴിക്ക്‌ രണ്ട്‌ അന്ധർ,+ “ദാവീ​ദു​പു​ത്രാ, ഞങ്ങളോ​ടു കരുണ കാണി​ക്കണേ” എന്നു വിളി​ച്ചു​പ​റ​ഞ്ഞുകൊണ്ട്‌ യേശു​വി​ന്റെ പിന്നാലെ ചെന്നു. 28  യേശു വീട്ടിൽ എത്തിയ​പ്പോൾ ആ അന്ധന്മാർ യേശു​വി​ന്റെ അടുത്ത്‌ എത്തി. യേശു അവരോ​ടു ചോദി​ച്ചു: “എനിക്ക്‌ ഇതു ചെയ്യാൻ കഴിയു​മെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ?”+ അവർ പറഞ്ഞു: “ഉണ്ട്‌ കർത്താവേ, വിശ്വ​സി​ക്കു​ന്നുണ്ട്‌.” 29  അപ്പോൾ യേശു അവരുടെ കണ്ണുക​ളിൽ തൊട്ട്‌,+ “നിങ്ങളു​ടെ വിശ്വാ​സംപോ​ലെ സംഭവി​ക്കട്ടെ” എന്നു പറഞ്ഞു. 30  അങ്ങനെ അവർക്കു കാഴ്‌ച കിട്ടി. എന്നാൽ “ആരും ഇത്‌ അറിയ​രുത്‌”+ എന്നു യേശു അവരോ​ടു കർശന​മാ​യി പറഞ്ഞു. 31  പക്ഷേ അവി​ടെ​നിന്ന്‌ പോയ അവർ യേശു​വിനെ​ക്കു​റി​ച്ചുള്ള വാർത്ത നാട്ടിലെ​ങ്ങും പറഞ്ഞു​പ​രത്തി. 32  അവർ പോയ​പ്പോൾ ആളുകൾ ഭൂതബാ​ധി​ത​നായ ഒരു ഊമനെ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്നു.+ 33  യേശു ഭൂതത്തെ പുറത്താ​ക്കി​യപ്പോൾ ഊമൻ സംസാ​രി​ച്ചു.+ ജനം അതിശ​യിച്ച്‌, “ഇങ്ങനെ​യൊ​ന്ന്‌ ഇതിനു മുമ്പ്‌ ഇസ്രായേ​ലിൽ കണ്ടിട്ടില്ല”+ എന്നു പറഞ്ഞു. 34  എന്നാൽ പരീശ​ന്മാർ ഇങ്ങനെ പറയു​ന്നു​ണ്ടാ​യി​രു​ന്നു: “ഭൂതങ്ങ​ളു​ടെ അധിപനെക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നത്‌.”+ 35  യേശുവാകട്ടെ എല്ലാ നഗരങ്ങ​ളി​ലും ഗ്രാമ​ങ്ങ​ളി​ലും ചുറ്റി​സ​ഞ്ച​രിച്ച്‌ അവരുടെ സിന​ഗോ​ഗു​ക​ളിൽ പഠിപ്പി​ക്കു​ക​യും ദൈവ​രാ​ജ്യത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ക​യും എല്ലാ തരം രോഗ​ങ്ങ​ളും വൈക​ല്യ​ങ്ങ​ളും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.+ 36  ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു​വിന്‌ അലിവ്‌ തോന്നി.+ കാരണം അവർ ഇടയനി​ല്ലാത്ത ആടുകളെപ്പോ​ലെ അവഗണി​ക്കപ്പെ​ട്ട​വ​രും മുറിവേറ്റവരും* ആയിരു​ന്നു.+ 37  യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “വിളവ്‌ ധാരാ​ള​മുണ്ട്‌; പക്ഷേ പണിക്കാർ കുറവാ​ണ്‌.+ 38  അതുകൊണ്ട്‌ വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിള​വെ​ടു​പ്പി​ന്റെ അധികാ​രിയോ​ടു യാചി​ക്കുക.”+

അടിക്കുറിപ്പുകള്‍

അതായത്‌, കഴുകാ​ത്ത​തു​കൊ​ണ്ട്‌ ചുരു​ങ്ങി​യി​ട്ടി​ല്ലാത്ത തുണി.
അഥവാ “തൊങ്ങ​ലിൽ.”
അക്ഷ. “തോൽ ഉരിക്ക​പ്പെ​ട്ട​വ​രും.”