മർക്കൊസ്‌ എഴുതിയത്‌ 12:1-44

  • ക്രൂര​രായ കൃഷി​ക്കാ​രു​ടെ ദൃഷ്ടാന്തം (1-12)

  • ദൈവ​വും സീസറും (13-17)

  • പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള ചോദ്യം (18-27)

  • ഏറ്റവും വലിയ രണ്ടു കല്‌പ​നകൾ (28-34)

  • ക്രിസ്‌തു ദാവീ​ദി​ന്റെ മകനോ? (35-37എ)

  • ശാസ്‌ത്രി​മാർക്കെ​തി​രെ​യുള്ള മുന്നറി​യിപ്പ്‌ (37ബി-40)

  • ദരി​ദ്ര​യായ വിധവ​യു​ടെ രണ്ടു തുട്ടുകൾ (41-44)

12  പിന്നെ യേശു അവരോ​ടു ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗിച്ച്‌ സംസാ​രി​ക്കാൻതു​ടങ്ങി: “ഒരാൾ ഒരു മുന്തി​രിത്തോ​ട്ടം നട്ടുപി​ടി​പ്പി​ച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തി​രി​ച്ചക്കു സ്ഥാപിച്ച്‌ വീഞ്ഞു​സം​ഭ​രണി കുഴി​ച്ചു​ണ്ടാ​ക്കി. ഒരു കാവൽഗോ​പു​ര​വും പണിതു.+ എന്നിട്ട്‌ അതു കൃഷി ചെയ്യാൻ പാട്ടത്തി​നു കൊടു​ത്തിട്ട്‌ വിദേ​ശത്തേക്കു പോയി.+  വിളവെടുപ്പിനു സമയമാ​യപ്പോൾ തോട്ട​ത്തി​ലെ മുന്തി​രി​പ്പ​ഴ​ങ്ങ​ളു​ടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷി​ക്കാ​രു​ടെ അടു​ത്തേക്ക്‌ അയച്ചു.  എന്നാൽ അവർ അയാളെ പിടിച്ച്‌ തല്ലി വെറു​ങ്കൈയോ​ടെ തിരി​ച്ച​യച്ചു.  വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടു​ത്തേക്ക്‌ അയച്ചു. അവർ അയാളു​ടെ തലയ്‌ക്ക്‌ അടിച്ച്‌ പരി​ക്കേൽപ്പി​ക്കു​ക​യും അപമാ​നി​ക്കു​ക​യും ചെയ്‌തു.+  അദ്ദേഹം മറ്റൊ​രാളെ​യും അയച്ചു. അവർ അയാളെ കൊന്നു​ക​ളഞ്ഞു. മറ്റു പലരെ​യും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുക​യും ചിലരെ കൊല്ലു​ക​യും ചെയ്‌തു.  അയയ്‌ക്കാൻ ഇനി ഒരാൾക്കൂടെ​യു​ണ്ടാ​യി​രു​ന്നു, അദ്ദേഹ​ത്തി​ന്റെ പ്രിയ​പ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനി​ക്കും’ എന്നു പറഞ്ഞ്‌ ഒടുവിൽ മകനെ​യും അയച്ചു.  എന്നാൽ ആ കൃഷി​ക്കാർ തമ്മിൽത്ത​മ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ്‌ അവകാശി.+ വരൂ, നമുക്ക്‌ ഇവനെ കൊന്നു​ക​ള​യാം. അപ്പോൾ സ്വത്തു നമ്മുടെ കൈയി​ലാ​കും.’  അങ്ങനെ, അവർ അവനെ പിടിച്ച്‌ കൊന്ന്‌ മുന്തി​രിത്തോ​ട്ട​ത്തി​നു വെളി​യിലേക്ക്‌ എറിഞ്ഞു.+  മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന്‌ ആ കൃഷി​ക്കാ​രെ കൊന്ന്‌ മുന്തി​രിത്തോ​ട്ടം വേറെ ആരെ​യെ​ങ്കി​ലും ഏൽപ്പി​ക്കും.+ 10  നിങ്ങൾ ഈ തിരുവെ​ഴുത്ത്‌ ഇതുവരെ വായി​ച്ചി​ട്ടി​ല്ലേ? ‘പണിയു​ന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്ക​ല്ലാ​യി​ത്തീർന്നി​രി​ക്കു​ന്നു.*+ 11  ഇതിനു പിന്നിൽ യഹോ​വ​യാണ്‌;* നമുക്ക്‌ ഇതൊരു അതിശ​യം​തന്നെ.’”+ 12  യേശു തങ്ങളെ ഉദ്ദേശി​ച്ചാണ്‌ ഈ ദൃഷ്ടാന്തം പറഞ്ഞ​തെന്ന്‌ അവർക്കു മനസ്സി​ലാ​യി. അതു​കൊണ്ട്‌ അവർ യേശു​വി​നെ പിടികൂടാൻ* ആഗ്രഹി​ച്ചു. എങ്കിലും ജനക്കൂ​ട്ടത്തെ പേടി​യാ​യി​രു​ന്ന​തുകൊണ്ട്‌ അവർ യേശു​വി​നെ വിട്ട്‌ പോയി.+ 13  പിന്നെ അവർ യേശു​വി​നെ വാക്കിൽ കുടു​ക്കാൻവേണ്ടി പരീശ​ന്മാ​രി​ലും ഹെരോ​ദി​ന്റെ അനുയാ​യി​ക​ളി​ലും ചിലരെ യേശു​വി​ന്റെ അടു​ത്തേക്ക്‌ അയച്ചു.+ 14  അവർ വന്ന്‌ യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, അങ്ങ്‌ സത്യസ​ന്ധ​നും ആളുക​ളു​ടെ അംഗീ​കാ​രം ആഗ്രഹി​ക്കാ​ത്ത​വ​നും ആണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം അങ്ങ്‌ ആരു​ടെ​യും മുഖം നോക്കാ​റി​ല്ല​ല്ലോ. അങ്ങ്‌ ദൈവ​ത്തി​ന്റെ വഴി ശരിയായി* പഠിപ്പി​ക്കു​ന്നു. അതു​കൊണ്ട്‌ പറയൂ, സീസറി​നു തലക്കരം കൊടു​ക്കു​ന്നതു ശരിയാണോ* അല്ലയോ? 15  ഞങ്ങൾ അതു കൊടു​ക്ക​ണോ വേണ്ടയോ?” അവരുടെ കാപട്യം തിരി​ച്ച​റിഞ്ഞ്‌ യേശു അവരോ​ട്‌, “നിങ്ങൾ എന്തിനാ​ണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്നത്‌? ഒരു ദിനാറെ* കൊണ്ടു​വരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു. 16  അവർ ഒരെണ്ണം കൊണ്ടു​വന്നു. യേശു അവരോ​ട്‌, “ഇതിലുള്ള ചിത്ര​വും എഴുത്തും ആരു​ടേ​താണ്‌” എന്നു ചോദി​ച്ചപ്പോൾ, “സീസറി​ന്റേത്‌” എന്ന്‌ അവർ പറഞ്ഞു. 17  അപ്പോൾ യേശു അവരോ​ട്‌, “സീസർക്കു​ള്ളതു സീസർക്കും+ ദൈവ​ത്തി​നു​ള്ളതു ദൈവ​ത്തി​നും കൊടു​ക്കുക”+ എന്നു പറഞ്ഞു. യേശു​വി​ന്റെ വാക്കുകൾ കേട്ട്‌ അവർ അതിശ​യി​ച്ചുപോ​യി. 18  പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌ ചോദി​ച്ചു:+ 19  “ഗുരുവേ, വിവാ​ഹി​ത​നായ ഒരാൾ മക്കളി​ല്ലാ​തെ മരിച്ചുപോ​യാൽ അയാളു​ടെ സഹോ​ദരൻ അയാളു​ടെ ഭാര്യയെ സ്വീക​രിച്ച്‌ സഹോ​ദ​ര​നുവേണ്ടി മക്കളെ ജനിപ്പിക്കേ​ണ്ട​താണെന്നു മോശ നമ്മളോ​ടു പറഞ്ഞി​ട്ടു​ണ്ട​ല്ലോ.+ 20  ഒരിടത്ത്‌ ഏഴു സഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു. ഒന്നാമൻ ഒരു സ്‌ത്രീ​യെ വിവാഹം കഴിച്ചു. എന്നാൽ മക്കളി​ല്ലാ​തെ മരിച്ചു. 21  അപ്പോൾ രണ്ടാമൻ അവളെ സ്വീക​രി​ച്ചു. അയാളും മക്കളി​ല്ലാ​തെ മരിച്ചു. മൂന്നാ​മ​നും അങ്ങനെ​തന്നെ. 22  അങ്ങനെ ഏഴു പേരും മക്കളി​ല്ലാ​തെ മരിച്ചു. ഒടുവിൽ ആ സ്‌ത്രീ​യും മരിച്ചു. 23  പുനരുത്ഥാനത്തിൽ ആ സ്‌ത്രീ അവരിൽ ആരുടെ ഭാര്യ​യാ​യി​രി​ക്കും? ആ സ്‌ത്രീ ഏഴു പേരുടെ​യും ഭാര്യ​യാ​യി​രു​ന്ന​ല്ലോ.” 24  യേശു അവരോ​ടു പറഞ്ഞു: “തിരുവെ​ഴു​ത്തു​കളെ​ക്കു​റി​ച്ചോ ദൈവ​ത്തി​ന്റെ ശക്തി​യെ​ക്കു​റി​ച്ചോ അറിയാ​ത്ത​തുകൊ​ണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്‌?+ 25  അവർ മരിച്ച​വ​രിൽനിന്ന്‌ ഉയിർക്കു​മ്പോൾ പുരു​ഷ​ന്മാർ വിവാഹം കഴിക്കു​ക​യോ സ്‌ത്രീ​കളെ വിവാഹം കഴിച്ചുകൊ​ടു​ക്കു​ക​യോ ഇല്ല. അവർ സ്വർഗ​ത്തി​ലെ ദൂതന്മാരെപ്പോലെ​യാ​യി​രി​ക്കും.+ 26  മരിച്ചവർ ഉയിർപ്പി​ക്കപ്പെ​ടു​ന്ന​തിനെ​ക്കു​റി​ച്ചോ, മോശ​യു​ടെ പുസ്‌ത​ക​ത്തി​ലെ മുൾച്ചെ​ടി​യു​ടെ വിവര​ണ​ത്തിൽ ദൈവം മോശ​യോ​ട്‌, ‘ഞാൻ അബ്രാ​ഹാ​മി​ന്റെ ദൈവ​വും യിസ്‌ഹാ​ക്കി​ന്റെ ദൈവ​വും യാക്കോ​ബി​ന്റെ ദൈവ​വും ആണ്‌’ എന്നു പറഞ്ഞതാ​യി നിങ്ങൾ വായി​ച്ചി​ട്ടി​ല്ലേ?+ 27  ദൈവം മരിച്ച​വ​രു​ടെ ദൈവമല്ല, ജീവനു​ള്ള​വ​രു​ടെ ദൈവ​മാണ്‌. നിങ്ങൾക്കു വലിയ തെറ്റു പറ്റിയി​രി​ക്കു​ന്നു.”+ 28  അവിടെ വന്നിരുന്ന ശാസ്‌ത്രി​മാ​രിൽ ഒരാൾ അവർ തർക്കി​ക്കു​ന്നതു കേട്ടു. യേശു അവരുടെ ചോദ്യ​ത്തി​നു നന്നായി ഉത്തരം കൊടു​ത്തെന്നു മനസ്സി​ലാ​ക്കി ആ ശാസ്‌ത്രി യേശു​വിനോട്‌, “എല്ലാ കല്‌പ​ന​ക​ളി​ലുംവെച്ച്‌ ഏറ്റവും പ്രധാ​നപ്പെ​ട്ടത്‌ ഏതാണ്‌” എന്നു ചോദി​ച്ചു.+ 29  അപ്പോൾ യേശു പറഞ്ഞു: “ഒന്നാമ​ത്തേത്‌ ഇതാണ്‌: ‘ഇസ്രാ​യേലേ കേൾക്കുക, യഹോവ*—നമ്മുടെ ദൈവ​മായ യഹോവ*—ഒരുവനേ ഉള്ളൂ; 30  നിന്റെ ദൈവ​മായ യഹോവയെ* നീ നിന്റെ മുഴു​ഹൃ​ദ​യത്തോ​ടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴു​മ​നസ്സോ​ടും നിന്റെ മുഴു​ശ​ക്തിയോ​ടും കൂടെ സ്‌നേ​ഹി​ക്കണം.’+ 31  രണ്ടാമത്തേത്‌, ‘നിന്റെ അയൽക്കാ​രനെ നീ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം’+ എന്നതും. ഇവയെ​ക്കാൾ വലിയ മറ്റൊരു കല്‌പ​ന​യു​മില്ല.” 32  ശാസ്‌ത്രി യേശു​വിനോ​ടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ്‌ പറഞ്ഞതു സത്യമാ​ണ്‌: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവ​വു​മില്ല.’+ 33  ദൈവത്തെ മുഴു​ഹൃ​ദ​യത്തോ​ടും മുഴുചിന്താശേഷിയോടും* മുഴു​ശ​ക്തിയോ​ടും കൂടെ സ്‌നേ​ഹി​ക്കു​ന്ന​തും അയൽക്കാ​രനെ തന്നെ​പ്പോലെ​തന്നെ സ്‌നേ​ഹി​ക്കു​ന്ന​തും ആണ്‌ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങളെ​ക്കാ​ളും ബലികളെ​ക്കാ​ളും ഏറെ മൂല്യ​മു​ള്ളത്‌.”+ 34  ശാസ്‌ത്രി ബുദ്ധി​പൂർവം ഉത്തരം പറഞ്ഞെന്നു മനസ്സി​ലാ​ക്കി യേശു, “താങ്കൾ ദൈവ​രാ​ജ്യ​ത്തിൽനിന്ന്‌ അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും യേശു​വിനോട്‌ ഒന്നും ചോദി​ക്കാൻ ധൈര്യപ്പെ​ട്ടില്ല.+ 35  ദേവാലയത്തിൽ പഠിപ്പി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ, യേശു അവരോ​ടു പറഞ്ഞു: “ക്രിസ്‌തു ദാവീ​ദി​ന്റെ മകനാ​ണെന്നു ശാസ്‌ത്രി​മാർ പറയു​ന്നത്‌ എങ്ങനെ ശരിയാ​കും?+ 36  ‘“ഞാൻ നിന്റെ ശത്രു​ക്കളെ നിന്റെ കാൽക്കീ​ഴാ​ക്കു​ന്ന​തു​വരെ എന്റെ വലതു​വ​ശത്ത്‌ ഇരിക്കുക” എന്ന്‌ യഹോവ* എന്റെ കർത്താ​വിനോ​ടു പറഞ്ഞു’+ എന്നു പരിശു​ദ്ധാ​ത്മാ​വി​നാൽ പ്രേരിതനായി+ ദാവീദ്‌ പറഞ്ഞല്ലോ. 37  ദാവീദുതന്നെ ക്രിസ്‌തു​വി​നെ ‘കർത്താവ്‌’ എന്നു വിളി​ക്കുന്ന സ്ഥിതിക്ക്‌, ക്രിസ്‌തു എങ്ങനെ ദാവീ​ദി​ന്റെ മകനാ​കും?”+ ആ വലിയ ജനക്കൂട്ടം യേശു പറയു​ന്നതെ​ല്ലാം ആസ്വദി​ച്ച്‌ കേട്ടുകൊ​ണ്ടി​രു​ന്നു. 38  പഠിപ്പിക്കുന്നതിനിടെ യേശു അവരോ​ട്‌ ഇങ്ങനെ​യും പറഞ്ഞു: “നീളൻ കുപ്പാ​യങ്ങൾ ധരിച്ച്‌ ചുറ്റി​ന​ട​ക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ അഭിവാ​ദനം ലഭിക്കാനും+ 39  സിനഗോഗുകളിൽ മുൻനിരയിൽ* ഇരിക്കാ​നും അത്താഴ​വി​രു​ന്നു​ക​ളിൽ പ്രമു​ഖ​സ്ഥാ​നങ്ങൾ കിട്ടാ​നും ആഗ്രഹി​ക്കുന്ന ശാസ്‌ത്രി​മാ​രെ സൂക്ഷി​ച്ചുകൊ​ള്ളുക.+ 40  അവർ വിധവ​മാ​രു​ടെ വീടുകൾ* വിഴു​ങ്ങു​ക​യും ആളുകളെ കാണി​ക്കാൻവേണ്ടി നീണ്ട പ്രാർഥ​നകൾ നടത്തു​ക​യും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാ​വി​ധി ഏറെ കടുത്ത​താ​യി​രി​ക്കും.” 41  യേശു, സംഭാ​വ​നപ്പെ​ട്ടി​കൾ കാണാ​വുന്ന ഒരിടത്ത്‌ പോയി ഇരുന്നു.+ എന്നിട്ട്‌ ആളുകൾ ആ പെട്ടി​ക​ളിൽ പണം ഇടുന്നതു നിരീ​ക്ഷി​ച്ചു. പണക്കാ​രായ പലരും ധാരാളം നാണയങ്ങൾ ഇടുന്നു​ണ്ടാ​യി​രു​ന്നു.+ 42  അപ്പോൾ ദരി​ദ്ര​യായ ഒരു വിധവ വന്ന്‌ തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു.+ 43  ഇതു കണ്ട യേശു ശിഷ്യ​ന്മാ​രെ അടുത്ത്‌ വിളിച്ച്‌ അവരോ​ടു പറഞ്ഞു: “ഞാൻ സത്യമാ​യി നിങ്ങ​ളോ​ടു പറയുന്നു: സംഭാ​വ​നപ്പെ​ട്ടി​ക​ളിൽ മറ്റെല്ലാ​വ​രും ഇട്ടതിനെ​ക്കാൾ കൂടു​ത​ലാ​ണു ദരി​ദ്ര​യായ ഈ വിധവ ഇട്ടത്‌.+ 44  അവരെല്ലാം ഇട്ടത്‌ അവരുടെ സമൃദ്ധി​യിൽനി​ന്നാണ്‌. പക്ഷേ ഈ വിധവ ഇല്ലായ്‌മയിൽനിന്ന്‌* തനിക്കു​ള്ളതെ​ല്ലാം, തന്റെ ഉപജീ​വ​ന​ത്തി​നുള്ള വക മുഴു​വ​നും, ഇട്ടു.”+

അടിക്കുറിപ്പുകള്‍

അക്ഷ. “മൂലയു​ടെ തലയാ​യി​ത്തീർന്നി​രി​ക്കു​ന്നു.”
അനു. എ5 കാണുക.
അഥവാ “അറസ്റ്റു ചെയ്യാൻ.”
അഥവാ “സത്യത്തി​നു ചേർച്ച​യിൽ.”
അഥവാ “നിയമാ​നു​സൃ​ത​മാ​ണോ.”
അനു. ബി14 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അതായത്‌, ഗ്രഹി​ക്കാ​നുള്ള പ്രാപ്‌തി.
അനു. എ5 കാണുക.
അഥവാ “ഏറ്റവും നല്ല ഇരിപ്പി​ട​ങ്ങ​ളിൽ.”
അഥവാ “വസ്‌തു​വ​കകൾ.”
അക്ഷ. “രണ്ടു ലെപ്‌റ്റ, അതായത്‌ ഒരു ക്വാ​ഡ്രോൻസ്‌.” അനു. ബി14 കാണുക.
അഥവാ “ദാരി​ദ്ര്യ​ത്തി​ലും.”