മർക്കൊസ്‌ എഴുതിയത്‌ 5:1-43

  • യേശു ഭൂതങ്ങളെ പന്നിക്കൂ​ട്ട​ത്തി​ലേക്ക്‌ അയയ്‌ക്കു​ന്നു (1-20)

  • യായീ​റൊ​സി​ന്റെ മകൾ; ഒരു സ്‌ത്രീ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊടു​ന്നു (21-43)

5  പിന്നെ അവർ കടലിന്‌ അക്കരെ ഗരസേ​ന്യ​രു​ടെ നാട്ടിൽ എത്തി.+  യേശു വള്ളത്തിൽനി​ന്ന്‌ ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവ്‌* ബാധിച്ച ഒരു മനുഷ്യൻ ശവക്കല്ല​റ​കൾക്കി​ട​യിൽനിന്ന്‌ യേശു​വി​ന്റെ നേരെ വന്നു.  കല്ലറകൾക്കിടയിലായിരുന്നു അയാളു​ടെ താവളം. ആർക്കും അയാളെ ചങ്ങല​കൊ​ണ്ടുപോ​ലും തളയ്‌ക്കാൻ കഴിഞ്ഞി​രു​ന്നില്ല.  കാരണം, പലപ്പോ​ഴും വിലങ്ങും ചങ്ങലക​ളും കൊണ്ട്‌ ബന്ധി​ച്ചെ​ങ്കി​ലും അയാൾ ചങ്ങലകൾ വലിച്ചുപൊ​ട്ടി​ക്കു​ക​യും വിലങ്ങു​കൾ തകർക്കു​ക​യും ചെയ്‌തു. ആർക്കും അയാളെ കീഴ്‌പെ​ടു​ത്താ​നുള്ള ശക്തിയി​ല്ലാ​യി​രു​ന്നു.  രാത്രിയും പകലും എന്നില്ലാ​തെ അയാൾ കല്ലറക​ളി​ലും മലകളി​ലും അലറി​വി​ളിച്ച്‌ നടന്നു. മാത്രമല്ല, കല്ലു​കൊണ്ട്‌ അയാൾ സ്വന്തം ശരീര​ത്തിൽ മുറിവേൽപ്പി​ക്കു​ക​യും ചെയ്‌തി​രു​ന്നു.  യേശുവിനെ ദൂരത്തു​നിന്ന്‌ കണ്ട അയാൾ ഓടി​ച്ചെന്ന്‌ യേശു​വി​നെ വണങ്ങിയിട്ട്‌+  ഇങ്ങനെ അലറി​വി​ളിച്ച്‌ പറഞ്ഞു: “അത്യു​ന്ന​ത​ദൈ​വ​ത്തി​ന്റെ പുത്ര​നായ യേശുവേ, അങ്ങ്‌ എന്തിനാ​ണ്‌ എന്റെ കാര്യ​ത്തിൽ ഇടപെ​ടു​ന്നത്‌? എന്നെ ഉപദ്ര​വി​ക്കില്ലെന്നു ദൈവ​ത്തെ​ക്കൊ​ണ്ട്‌ ആണയിട്‌.”+  “അശുദ്ധാ​ത്മാ​വേ, ഈ മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ വരൂ” എന്ന്‌ യേശു കല്‌പി​ച്ച​തുകൊ​ണ്ടാണ്‌ ആ അശുദ്ധാത്മാവ്‌+ ഇങ്ങനെ പറഞ്ഞത്‌.  “നിന്റെ പേര്‌ എന്താണ്‌” എന്ന്‌ യേശു ചോദി​ച്ചപ്പോൾ അയാൾ പറഞ്ഞു: “എന്റെ പേര്‌ ലഗ്യോൻ.* കാരണം, ഞങ്ങൾ പലരുണ്ട്‌.” 10  ആ ആത്മാക്കളെ അന്നാട്ടിൽനി​ന്ന്‌ പറഞ്ഞയ​യ്‌ക്ക​രുതെന്ന്‌ അയാൾ യേശു​വിനോ​ടു യാചി​ച്ചുകൊ​ണ്ടി​രു​ന്നു.+ 11  അപ്പോൾ അവിടെ മലയിൽ വലി​യൊ​രു പന്നിക്കൂട്ടം+ മേയു​ന്നു​ണ്ടാ​യി​രു​ന്നു.+ 12  ആ ആത്മാക്കൾ യേശു​വിനോട്‌ ഇങ്ങനെ കേണ​പേ​ക്ഷി​ച്ചു: “ഞങ്ങളെ ആ പന്നിക്കൂ​ട്ട​ത്തിലേക്ക്‌ അയയ്‌ക്കണേ; ഞങ്ങൾ അവയിൽ പ്രവേ​ശി​ച്ചുകൊ​ള്ളാം.” 13  യേശു അവയ്‌ക്ക്‌ അനുവാ​ദം കൊടു​ത്തു. അങ്ങനെ, അശുദ്ധാ​ത്മാ​ക്കൾ പുറത്ത്‌ വന്ന്‌ പന്നിക്കൂ​ട്ട​ത്തിൽ കടന്നു. പന്നികൾ വിര​ണ്ടോ​ടി ചെങ്കു​ത്തായ സ്ഥലത്തു​നിന്ന്‌ കടലി​ലേക്കു ചാടി. ഏകദേശം 2,000 പന്നിക​ളു​ണ്ടാ​യി​രു​ന്നു. എല്ലാം മുങ്ങി​ച്ചത്തു. 14  അവയെ മേയ്‌ച്ചി​രു​ന്നവർ ഓടി​ച്ചെന്ന്‌ നഗരത്തി​ലും നാട്ടിൻപു​റ​ത്തും വിവരം അറിയി​ച്ചു. സംഭവി​ച്ചത്‌ എന്താ​ണെന്നു കാണാൻ ആളുകൾ വന്നുകൂ​ടി.+ 15  അവർ യേശു​വി​ന്റെ അടുത്ത്‌ ചെന്ന​പ്പോൾ, ലഗ്യോൻ പ്രവേ​ശി​ച്ചി​രുന്ന ഭൂതബാ​ധി​തൻ വസ്‌ത്രം ധരിച്ച്‌ സുബോ​ധത്തോ​ടെ ഇരിക്കു​ന്നതു കണ്ടു. അവർക്ക്‌ ആകെ പേടി​യാ​യി. 16  പന്നിക്കൂട്ടത്തിനും ഭൂതബാ​ധി​ത​നും സംഭവി​ച്ചതെ​ല്ലാം നേരിൽ കണ്ടവർ അവർക്കു കാര്യങ്ങൾ വിവരി​ച്ചുകൊ​ടു​ക്കു​ക​യും ചെയ്‌തു. 17  അപ്പോൾ, ആ പ്രദേശം വിട്ട്‌ പോകാൻ അവർ യേശു​വിനോട്‌ അപേക്ഷി​ച്ചു.+ 18  യേശു വള്ളത്തിൽ കയറു​മ്പോൾ, ഭൂതബാ​ധി​ത​നാ​യി​രുന്ന മനുഷ്യൻ തന്നെയും കൂടെക്കൊ​ണ്ടുപോ​കാൻ യേശു​വിനോട്‌ അപേക്ഷി​ച്ചു.+ 19  എന്നാൽ യേശു അയാളെ അതിന്‌ അനുവ​ദി​ക്കാ​തെ ഇങ്ങനെ പറഞ്ഞു: “നീ നിന്റെ വീട്ടു​കാ​രു​ടെ അടു​ത്തേക്കു പോയി യഹോവ* നിനക്കു ചെയ്‌തു​തന്ന കാര്യ​ങ്ങളെ​പ്പ​റ്റി​യും നിന്നോ​ടു കാണിച്ച കരുണയെ​ക്കു​റി​ച്ചും പറയുക.” 20  അങ്ങനെ, അയാൾ ദക്കപ്പൊലിയിൽ* ചെന്ന്‌ യേശു തനിക്കു ചെയ്‌തു​ത​ന്ന​തിനെ​ക്കു​റിച്ച്‌ എല്ലാവരോ​ടും പറയാൻതു​ടങ്ങി. ഇതു കേട്ട്‌ ആളുകളെ​ല്ലാം അതിശ​യി​ച്ചു. 21  യേശു തിരിച്ച്‌ വള്ളത്തിൽ ഇക്കരെ എത്തിയ​പ്പോൾ വലി​യൊ​രു ജനക്കൂട്ടം കടൽത്തീ​രത്ത്‌ യേശു​വി​ന്റെ അടുത്ത്‌ വന്നുകൂ​ടി.+ 22  അപ്പോൾ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രിൽ ഒരാളായ യായീ​റൊ​സ്‌ അവിടെ വന്നു. യേശു​വി​നെ കണ്ട ഉടനെ യായീ​റൊ​സ്‌ യേശു​വി​ന്റെ കാൽക്കൽ വീണ്‌+ 23  പലവട്ടം ഇങ്ങനെ അപേക്ഷി​ച്ചു: “എന്റെ മോൾക്ക്‌ അസുഖം വളരെ കൂടു​ത​ലാണ്‌.* അങ്ങ്‌ വന്ന്‌ അവളുടെ മേൽ കൈകൾ വെക്കണേ.+ അങ്ങനെ ചെയ്‌താൽ അവൾ സുഖം പ്രാപി​ച്ച്‌ ജീവി​ക്കും.” 24  യേശു അയാ​ളോടൊ​പ്പം പോയി. ഒരു വലിയ ജനക്കൂട്ടം യേശു​വി​നെ തിക്കിഞെ​രു​ക്കി യേശു​വി​ന്റെ ഒപ്പം ചെന്നു. 25  രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു; 26  പല വൈദ്യ​ന്മാ​രു​ടെ അടുത്ത്‌ പോയി വല്ലാതെ കഷ്ടപ്പെടുകയും* തനിക്കു​ള്ളതെ​ല്ലാം ചെലവാ​ക്കു​ക​യും ചെയ്‌തി​ട്ടും ആ സ്‌ത്രീ​യു​ടെ സ്ഥിതി വഷളാ​യ​ത​ല്ലാ​തെ ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​യില്ല. 27  യേശു ചെയ്‌ത​തിനെ​ക്കു​റിച്ചൊ​ക്കെ കേട്ടറിഞ്ഞ ആ സ്‌ത്രീ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലൂ​ടെ യേശു​വി​ന്റെ പിന്നിൽ എത്തി പുറങ്കു​പ്പാ​യ​ത്തിൽ തൊട്ടു.+ 28  കാരണം “യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിലൊ​ന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”+ എന്ന്‌ ആ സ്‌ത്രീ​യു​ടെ മനസ്സു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 29  അപ്പോൾത്തന്നെ അവരുടെ രക്തസ്രാ​വം നിലച്ചു. തന്നെ വല്ലാതെ വലച്ചി​രുന്ന ആ രോഗം മാറി​യ​താ​യി അവർക്കു മനസ്സി​ലാ​യി. 30  തന്നിൽനിന്ന്‌ ശക്തി+ പുറ​പ്പെട്ടെന്നു യേശു പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. ജനക്കൂ​ട്ട​ത്തി​ന്റെ നടുവിൽ നിന്നി​രുന്ന യേശു തിരിഞ്ഞ്‌, “ആരാണ്‌ എന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊട്ടത്‌”+ എന്നു ചോദി​ച്ചു. 31  എന്നാൽ ശിഷ്യ​ന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “ഈ ജനം മുഴുവൻ അങ്ങയെ തിക്കിഞെ​രു​ക്കു​ന്നതു കാണു​ന്നി​ല്ലേ? എന്നിട്ടും, ‘എന്നെ തൊട്ടത്‌ ആരാണ്‌’ എന്ന്‌ അങ്ങ്‌ ചോദി​ക്കു​ന്നോ?” 32  യേശുവോ തന്നെ തൊട്ടത്‌ ആരാ​ണെന്നു കാണാൻ ചുറ്റും നോക്കു​ന്നു​ണ്ടാ​യി​രു​ന്നു. 33  തനിക്കു സംഭവി​ച്ചതു മനസ്സി​ലാ​ക്കിയ സ്‌ത്രീ പേടി​ച്ചു​വി​റച്ച്‌ യേശു​വി​ന്റെ കാൽക്കൽ വീണ്‌ സത്യം മുഴുവൻ തുറന്നു​പ​റഞ്ഞു. 34  യേശു ആ സ്‌ത്രീയോ​ടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.+ നിന്റെ മാറാരോ​ഗം മാറി​ക്കി​ട്ടി​യ​ല്ലോ.+ ഇനി ആരോ​ഗ്യത്തോ​ടെ ജീവി​ക്കുക.” 35  യേശു അങ്ങനെ സംസാ​രി​ച്ചുകൊ​ണ്ടി​രി​ക്കുമ്പോൾ സിന​ഗോ​ഗി​ലെ അധ്യക്ഷന്റെ വീട്ടിൽനി​ന്ന്‌ ചിലർ വന്ന്‌ പറഞ്ഞു: “മോൾ മരിച്ചുപോ​യി. ഇനി എന്തിനാ​ണു ഗുരു​വി​നെ ബുദ്ധി​മു​ട്ടി​ക്കു​ന്നത്‌?”+ 36  എന്നാൽ അതു കേട്ട യേശു സിന​ഗോ​ഗി​ലെ അധ്യക്ഷ​നോ​ട്‌, “പേടി​ക്കേണ്ടാ, വിശ്വ​സി​ച്ചാൽ മാത്രം മതി”+ എന്നു പറഞ്ഞു. 37  പത്രോസിനെയും യാക്കോ​ബിനെ​യും യാക്കോ​ബി​ന്റെ സഹോ​ദ​ര​നായ യോഹ​ന്നാനെ​യും അല്ലാതെ മറ്റാ​രെ​യും തന്റെകൂ​ടെ പോരാൻ യേശു അനുവ​ദി​ച്ചില്ല.+ 38  അങ്ങനെ, അവർ സിന​ഗോ​ഗി​ലെ അധ്യക്ഷന്റെ വീട്ടിൽ എത്തി. അവിടെ ആളുകൾ കരഞ്ഞു​നി​ല​വി​ളിച്ച്‌ ബഹളമു​ണ്ടാ​ക്കു​ന്നതു യേശു കണ്ടു.+ 39  അകത്തുചെന്ന്‌ യേശു അവരോ​ടു ചോദി​ച്ചു: “നിങ്ങൾ എന്തിനാ​ണ്‌ ഇങ്ങനെ കരഞ്ഞ്‌ ബഹളംവെ​ക്കു​ന്നത്‌? കുട്ടി മരിച്ചി​ട്ടില്ല, ഉറങ്ങു​ക​യാണ്‌.”+ 40  ഇതു കേട്ട്‌ അവർ യേശു​വി​നെ കളിയാ​ക്കി​ച്ചി​രി​ക്കാൻതു​ടങ്ങി. എന്നാൽ യേശു അവരെയെ​ല്ലാം പുറത്തി​റ​ക്കി​യിട്ട്‌ കുട്ടി​യു​ടെ അപ്പനെ​യും അമ്മയെ​യും തന്നോ​ടു​കൂടെ​യു​ള്ള​വരെ​യും കൂട്ടി അവളെ കിടത്തി​യി​രു​ന്നി​ടത്തേക്കു ചെന്നു. 41  യേശു കുട്ടി​യു​ടെ കൈപി​ടിച്ച്‌ അവളോ​ട്‌ “തലീഥാ കൂമി” എന്നു പറഞ്ഞു. (പരിഭാ​ഷപ്പെ​ടു​ത്തുമ്പോൾ, “മോളേ, ഞാൻ നിന്നോ​ടു പറയുന്നു: ‘എഴു​ന്നേൽക്ക്‌!’”+ എന്നാണ്‌ അതിന്റെ അർഥം.) 42  ഉടൻതന്നെ പെൺകു​ട്ടി എഴു​ന്നേറ്റ്‌ നടന്നു. (അവൾക്ക്‌ 12 വയസ്സാ​യി​രു​ന്നു.) ഇതു കണ്ട്‌ അവർ സന്തോ​ഷംകൊണ്ട്‌ മതിമ​റന്നു. 43  എന്നാൽ സംഭവി​ച്ചത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ട്‌ ആവർത്തി​ച്ചു​പ​റഞ്ഞു.*+ അവൾക്ക്‌ എന്തെങ്കി​ലും കഴിക്കാൻ കൊടു​ക്കാ​നും യേശു പറഞ്ഞു.

അടിക്കുറിപ്പുകള്‍

ഭൂതത്തെ കുറി​ക്കു​ന്നു.
മത്ത 26:53-ന്റെ അടിക്കു​റി​പ്പു കാണുക.
അനു. എ5 കാണുക.
അഥവാ “പത്തു​നഗര​പ്ര​ദേ​ശത്ത്‌.”
അഥവാ “മോൾ അത്യാ​സ​ന്ന​നി​ല​യി​ലാ​ണ്‌.”
അഥവാ “കുറെ വേദന തിന്നു​ക​യും.”
അഥവാ “കർശന​മാ​യി ആജ്ഞാപി​ച്ചു.”