മർക്കൊസ്‌ എഴുതിയത്‌ 7:1-37

  • മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങ​ളി​ലെ പൊള്ള​ത്തരം തുറന്നു​കാ​ട്ടു​ന്നു (1-13)

  • അശുദ്ധി ഹൃദയ​ത്തിൽനിന്ന്‌ വരുന്നു (14-23)

  • സിറിയൻ ഫൊയ്‌നി​ക്യ​യി​ലെ ഒരു സ്‌ത്രീ​യു​ടെ വിശ്വാ​സം (24-30)

  • ബധിരനെ സുഖ​പ്പെ​ടു​ത്തു​ന്നു (31-37)

7  യരുശലേ​മിൽനിന്ന്‌ വന്ന പരീശ​ന്മാ​രും ചില ശാസ്‌ത്രി​മാ​രും യേശു​വി​നു ചുറ്റും കൂടി.+  യേശുവിന്റെ ശിഷ്യ​ന്മാ​രിൽ ചിലർ അശുദ്ധ​മായ കൈ​കൊണ്ട്‌, അതായത്‌ കഴുകാത്ത കൈ​കൊണ്ട്‌,* ഭക്ഷണം കഴിക്കു​ന്നത്‌ അവർ കണ്ടു.  (പരീശ​ന്മാ​രും എല്ലാ ജൂതന്മാ​രും പൂർവി​ക​രു​ടെ പാരമ്പ​ര്യം മുറുകെ പിടി​ക്കു​ന്ന​തുകൊണ്ട്‌ കൈകൾ മുട്ടു​വരെ കഴുകാ​തെ ഭക്ഷണം കഴിക്കാ​റില്ല.  ചന്തയിൽനിന്ന്‌ തിരിച്ചെ​ത്തുമ്പോ​ഴും കഴുകി ശുദ്ധി വരുത്താ​തെ അവർ കഴിക്കാ​റില്ല. ഇതിനു പുറമേ പാനപാത്ര​ങ്ങ​ളും കുടങ്ങ​ളും ചെമ്പു​പാത്ര​ങ്ങ​ളും വെള്ളത്തിൽ മുക്കി ശുദ്ധീ​ക​രി​ക്കു​ന്ന​തുപോ​ലുള്ള മറ്റ്‌ അനേകം പാരമ്പ​ര്യ​ങ്ങ​ളും അവർ അനുഷ്‌ഠി​ച്ചുപോ​രു​ന്നു.)+  അതുകൊണ്ട്‌ ആ പരീശ​ന്മാ​രും ശാസ്‌ത്രി​മാ​രും യേശു​വിനോട്‌, “നിന്റെ ശിഷ്യ​ന്മാർ പൂർവി​ക​രു​ടെ പാരമ്പ​ര്യം അനുസ​രി​ക്കാ​തെ അശുദ്ധ​മായ കൈ​കൊണ്ട്‌ ഭക്ഷണം കഴിക്കു​ന്നത്‌ എന്താണ്‌” എന്നു ചോദി​ച്ചു.+  യേശു അവരോ​ടു പറഞ്ഞു: “കപടഭ​ക്ത​രായ നിങ്ങ​ളെ​ക്കു​റിച്ച്‌ യശയ്യ ഇങ്ങനെ പ്രവചി​ച്ചത്‌ എത്ര ശരിയാ​ണ്‌: ‘ഈ ജനം വായ്‌കൊ​ണ്ട്‌ എന്നെ ബഹുമാ​നി​ക്കു​ന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനി​ന്ന്‌ വളരെ അകലെ​യാണ്‌.+  അവർ എന്നെ ആരാധി​ക്കു​ന്ന​തുകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. കാരണം മനുഷ്യ​രു​ടെ കല്‌പ​ന​ക​ളാണ്‌ അവർ ഉപദേ​ശ​ങ്ങ​ളാ​യി പഠിപ്പി​ക്കു​ന്നത്‌.’+  നിങ്ങൾ അങ്ങനെ ദൈവ​ക​ല്‌പ​നകൾ വിട്ടു​ക​ള​ഞ്ഞിട്ട്‌ മനുഷ്യ​രു​ടെ പാരമ്പ​ര്യം മുറുകെ പിടി​ക്കു​ന്നു.”+  യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “പാരമ്പ​ര്യം പിൻപ​റ്റാൻവേണ്ടി നിങ്ങൾ വിദഗ്‌ധ​മാ​യി ദൈവ​ക​ല്‌പന അവഗണി​ക്കു​ന്നു.+ 10  ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നി​ക്കണം’+ എന്നും ‘അപ്പനെ​യോ അമ്മയെ​യോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നു​ക​ള​യണം’+ എന്നും മോശ പറഞ്ഞല്ലോ. 11  എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കി​ലും അപ്പനോ​ടോ അമ്മയോ​ടോ, “നിങ്ങൾക്ക്‌ ഉപകാ​രപ്പെ​ടു​ന്ന​താ​യി എന്റെ കൈയി​ലു​ള്ളതെ​ല്ലാം കൊർബാ​നാണ്‌ (അതായത്‌, ദൈവ​ത്തി​നു നേർന്ന​താണ്‌)” എന്നു പറഞ്ഞാൽ’ 12  പിന്നെ അപ്പനോ അമ്മയ്‌ക്കോ വേണ്ടി യാതൊ​ന്നും ചെയ്യാൻ നിങ്ങൾ അയാളെ അനുവ​ദി​ക്കു​ന്നില്ല.+ 13  ഇങ്ങനെ പാരമ്പ​ര്യ​ത്തി​ന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവ​വ​ച​ന​ത്തി​നു വില കല്‌പി​ക്കാ​തി​രി​ക്കു​ന്നു.+ ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.”+ 14  യേശു വീണ്ടും ജനത്തെ അടു​ത്തേക്കു വിളിച്ച്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ എല്ലാവ​രും ഞാൻ പറയു​ന്നതു ശ്രദ്ധിച്ച്‌ അതിന്റെ അർഥം മനസ്സി​ലാ​ക്കൂ.+ 15  പുറത്തുനിന്ന്‌ ഒരാളു​ടെ ഉള്ളി​ലേക്കു പോകു​ന്നതൊ​ന്നും അയാളെ അശുദ്ധ​നാ​ക്കു​ന്നില്ല. ഉള്ളിൽനി​ന്ന്‌ പുറ​ത്തേക്കു വരുന്ന​താണ്‌ അയാളെ അശുദ്ധ​നാ​ക്കു​ന്നത്‌.”+ 16  *—— 17  ജനക്കൂട്ടത്തെ വിട്ട്‌ യേശു ഒരു വീട്ടിൽ ചെന്ന​പ്പോൾ ശിഷ്യ​ന്മാർ ഈ ദൃഷ്ടാ​ന്തത്തെ​ക്കു​റിച്ച്‌ യേശു​വിനോ​ടു ചോദ്യ​ങ്ങൾ ചോദി​ച്ചു​തു​ടങ്ങി.+ 18  യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോ​ലെ മനസ്സി​ലാ​ക്കാൻ പ്രാപ്‌തി​യില്ലെ​ന്നോ? പുറത്തു​നിന്ന്‌ ഒരാളു​ടെ ഉള്ളി​ലേക്കു പോകു​ന്നതൊ​ന്നും അയാളെ അശുദ്ധ​നാ​ക്കു​ന്നില്ലെന്നു നിങ്ങൾക്ക്‌ അറിയി​ല്ലേ? 19  കാരണം, അത്‌ അയാളു​ടെ ഹൃദയ​ത്തിലേക്കല്ല, വയറ്റിലേ​ക്കാ​ണു പോകു​ന്നത്‌. പിന്നെ അതു വയറ്റിൽനി​ന്ന്‌ പുറ​ത്തേക്കു പോകു​ന്നു.” എല്ലാ ആഹാര​വും ശുദ്ധമാ​ണെന്ന്‌ അങ്ങനെ യേശു വ്യക്തമാ​ക്കി. 20  പിന്നെ യേശു പറഞ്ഞു: “ഒരാളു​ടെ ഉള്ളിൽനി​ന്ന്‌ പുറ​ത്തേക്കു വരുന്ന​താണ്‌ അയാളെ അശുദ്ധ​നാ​ക്കു​ന്നത്‌.+ 21  കാരണം ഉള്ളിൽനി​ന്ന്‌, മനുഷ്യ​രു​ടെ ഹൃദയ​ത്തിൽനി​ന്നാണ്‌,+ ഹാനി​ക​ര​മായ ചിന്തകൾ, അതായത്‌ ലൈം​ഗിക അധാർമി​കത,* മോഷണം, കൊല​പാ​തകം, 22  വ്യഭിചാരം, അത്യാ​ഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാ​രത്തോടെ​യുള്ള പെരു​മാ​റ്റം,* അസൂയ​യുള്ള കണ്ണ്‌, ദൈവ​നിന്ദ, ധാർഷ്ട്യം, വിഡ്‌ഢി​ത്തം എന്നിവയെ​ല്ലാം ഉണ്ടാകു​ന്നത്‌. 23  ഈ ചീത്ത കാര്യ​ങ്ങളെ​ല്ലാം ഉള്ളിൽനി​ന്ന്‌ പുറ​പ്പെട്ട്‌ മനുഷ്യ​നെ അശുദ്ധ​നാ​ക്കു​ന്നു.” 24  അവിടെനിന്ന്‌ എഴു​ന്നേറ്റ്‌ സോർ-സീദോൻ+ പ്രദേ​ശ​ങ്ങ​ളിലേക്കു പോയ യേശു അവിടെ ഒരു വീട്ടിൽ ചെന്നു. ആരും അത്‌ അറിയ​രുതെന്നു യേശു ആഗ്രഹി​ച്ചു. പക്ഷേ ആളുകൾ എങ്ങനെ​യോ അറിഞ്ഞു. 25  അശുദ്ധാത്മാവ്‌* ബാധിച്ച ഒരു കൊച്ചുപെൺകു​ട്ടി​യു​ടെ അമ്മ യേശു​വിനെ​ക്കു​റിച്ച്‌ കേട്ട ഉടനെ അവിടെ വന്ന്‌ യേശു​വി​ന്റെ കാൽക്കൽ വീണു.+ 26  ആ സ്‌ത്രീ സിറിയൻ ഫൊയ്‌നി​ക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കു​കാ​രി​യാ​യി​രു​ന്നു. തന്റെ മകളിൽനി​ന്ന്‌ ഭൂതത്തെ പുറത്താ​ക്കാൻ ആ സ്‌ത്രീ യേശു​വിനോ​ടു വീണ്ടും​വീ​ണ്ടും അപേക്ഷി​ച്ചു. 27  എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കു​ട്ടി​കൾക്ക്‌ ഇട്ടു​കൊ​ടു​ക്കു​ന്നതു ശരിയ​ല്ല​ല്ലോ”+ എന്നു പറഞ്ഞു: 28  അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: “അങ്ങ്‌ പറഞ്ഞതു ശരിയാ​ണ്‌ യജമാ​നനേ. പക്ഷേ, മേശയു​ടെ കീഴെ​യുള്ള നായ്‌ക്കു​ട്ടി​ക​ളും കുഞ്ഞു​ങ്ങ​ളു​ടെ കൈയിൽനി​ന്ന്‌ വീഴുന്ന അപ്പക്കഷ​ണങ്ങൾ തിന്നാ​റു​ണ്ട​ല്ലോ.” 29  യേശു സ്‌ത്രീയോ​ടു പറഞ്ഞു: “നീ ഇങ്ങനെയൊ​രു മറുപടി പറഞ്ഞല്ലോ. പൊയ്‌ക്കൊ​ള്ളൂ. ഭൂതം നിന്റെ മകളെ വിട്ട്‌ പോയി​രി​ക്കു​ന്നു.”+ 30  സ്‌ത്രീ വീട്ടിൽ ചെന്ന​പ്പോൾ കുട്ടി കിടക്ക​യിൽ കിടക്കു​ന്നതു കണ്ടു. ഭൂതം അവളെ വിട്ട്‌ പോയി​രു​ന്നു.+ 31  പിന്നെ യേശു സോർപ്ര​ദേശം വിട്ട്‌ സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ*+ ഗലീല​ക്ക​ട​ലിന്‌ അടു​ത്തേക്കു തിരി​ച്ചുപോ​യി. 32  അവിടെവെച്ച്‌ ചിലർ സംസാ​ര​വൈ​ക​ല്യ​മുള്ള ബധിര​നായ ഒരു മനുഷ്യനെ+ യേശു​വി​ന്റെ അടുത്ത്‌ കൊണ്ടു​വന്ന്‌ അയാളു​ടെ മേൽ കൈ വെക്കണ​മെന്നു യാചിച്ചു. 33  യേശു അയാളെ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ മാറ്റിക്കൊ​ണ്ടുപോ​യി. എന്നിട്ട്‌ അയാളു​ടെ ചെവി​ക​ളിൽ വിരൽ ഇട്ടു. പിന്നെ തുപ്പി​യിട്ട്‌ അയാളു​ടെ നാവിൽ തൊട്ടു.+ 34  എന്നിട്ട്‌ ആകാശ​ത്തേക്കു നോക്കി ഒരു ദീർഘ​നി​ശ്വാ​സത്തോ​ടെ അയാ​ളോട്‌, “എഫഥാ” എന്നു പറഞ്ഞു. “തുറക്കട്ടെ” എന്നാണ്‌ അതിന്റെ അർഥം. 35  അയാളുടെ ചെവികൾ തുറന്നു.+ സംസാ​ര​വൈ​ക​ല്യം മാറി അയാൾ നന്നായി സംസാ​രി​ക്കാൻതു​ടങ്ങി. 36  ഇത്‌ ആരോ​ടും പറയരു​തെന്നു യേശു അവരോ​ടു കല്‌പി​ച്ചു.+ എന്നാൽ യേശു അവരെ എത്ര​ത്തോ​ളം വിലക്കി​യോ അത്ര​ത്തോ​ളം അവർ അതു പ്രസി​ദ്ധ​മാ​ക്കി.+ 37  അവർക്കുണ്ടായ അതിശയം പറഞ്ഞറി​യി​ക്കാൻ പറ്റാത്ത​താ​യി​രു​ന്നു.+ അവർ പറഞ്ഞു: “എത്ര നല്ല കാര്യ​ങ്ങ​ളാ​ണു യേശു ചെയ്യു​ന്നത്‌! യേശു ബധിരർക്കു കേൾവി​ശ​ക്തി​യും ഊമർക്കു സംസാ​രശേ​ഷി​യും കൊടു​ക്കു​ന്നു.”+

അടിക്കുറിപ്പുകള്‍

അതായത്‌, ആചാര​മ​നു​സ​രി​ച്ച്‌ കൈ ശുചി​യാ​ക്കാ​തെ.
അഥവാ “അധി​ക്ഷേ​പി​ക്കു​ന്ന​വനെ.”
അനു. എ3 കാണുക.
ഗ്രീക്കിലെ പോർണി​യ​യു​ടെ ബഹുവ​ച​ന​രൂ​പം. പദാവലി കാണുക.
അഥവാ “നാണം​കെട്ട പെരു​മാ​റ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
ഭൂതത്തെ കുറി​ക്കു​ന്നു.
അഥവാ “ദേശത്ത്‌ ജനിച്ച.”
അഥവാ “പത്തു​നഗര​പ്ര​ദേ​ശ​ത്തു​കൂ​ടെ.”