യോശുവ 9:1-27

  • ബുദ്ധി​യുള്ള ഗിബെ​യോ​ന്യർ സമാധാ​ന​ത്തി​ലാ​കാൻ ശ്രമി​ക്കു​ന്നു (1-15)

  • ഗിബെ​യോ​ന്യ​രു​ടെ തന്ത്രം വെളി​ച്ച​ത്താ​കു​ന്നു (16-21)

  • ഗിബെ​യോ​ന്യർ വിറകു ശേഖരി​ക്കു​ക​യും വെള്ളം കോരു​ക​യും വേണം (22-27)

9  സംഭവി​ച്ച​തിനെ​ക്കു​റിച്ച്‌ യോർദാ​ന്റെ പടിഞ്ഞാ​റുള്ള എല്ലാ രാജാ​ക്ക​ന്മാ​രും,+ അതായത്‌ ഹിത്യർ, അമോ​ര്യർ, കനാന്യർ, പെരി​സ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ മലനാ​ട്ടി​ലും ഷെഫേ​ല​യി​ലും ഉള്ളവരും മഹാസമുദ്രത്തിന്റെ* തീരദേശത്തെല്ലായിടത്തുമുള്ളവരും+ ലബാ​നോ​ന്റെ മുന്നി​ലു​ള്ള​വ​രും, കേട്ട​പ്പോൾ  യോശുവയോടും ഇസ്രായേ​ലിനോ​ടും പോരാ​ടാൻ അവർ ഒരു സഖ്യം രൂപീ​ക​രി​ച്ചു.+  യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്‌ത​തിനെ​ക്കു​റിച്ച്‌ ഗിബെയോൻനിവാസികൾ+ കേട്ട​പ്പോൾ  അവർ ബുദ്ധി​പൂർവം പ്രവർത്തി​ച്ചു. പഴകിയ ചാക്കു​ക​ളിൽ ഭക്ഷണസാ​ധ​നങ്ങൾ ഇട്ട്‌ അവർ കഴുത​പ്പു​റത്ത്‌ കയറ്റി. തുന്നി​ച്ചേർത്ത പഴകിയ വീഞ്ഞു​തു​രു​ത്തി​ക​ളും എടുത്തു.  തേഞ്ഞുതീർന്ന, തുന്നി​പ്പി​ടി​പ്പിച്ച ചെരി​പ്പു​ക​ളാണ്‌ അവർ കാലി​ലി​ട്ടി​രു​ന്നത്‌. അവർ ധരിച്ചി​രുന്ന വസ്‌ത്ര​ങ്ങ​ളാ​കട്ടെ കീറി​പ്പ​റി​ഞ്ഞ​വ​യും. ഭക്ഷണമാ​യി അവർ കരുതിയ അപ്പമെ​ല്ലാം ഉണങ്ങി പൊടി​യാ​റാ​യി​രു​ന്നു.  അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശു​വ​യു​ടെ അടുത്ത്‌ ചെന്ന്‌ യോശു​വയോ​ടും ഇസ്രായേൽപു​രു​ഷ​ന്മാരോ​ടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂര​ദേ​ശ​ത്തു​നിന്ന്‌ വരുക​യാണ്‌. ഇപ്പോൾ ഞങ്ങളോ​ട്‌ ഒരു ഉടമ്പടി ചെയ്‌താ​ലും.”  എന്നാൽ, ഇസ്രായേൽപു​രു​ഷ​ന്മാർ ആ ഹിവ്യരോടു+ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ അടുത്ത്‌ താമസി​ക്കു​ന്ന​വ​രല്ലെന്ന്‌ ആരു കണ്ടു. ആ സ്ഥിതിക്കു ഞങ്ങൾ നിങ്ങ​ളോട്‌ എങ്ങനെ ഒരു ഉടമ്പടി ചെയ്യും?”+  അപ്പോൾ അവർ യോശു​വയോട്‌, “ഞങ്ങൾ അങ്ങയുടെ ദാസരാ​ണ്‌”* എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോ​ട്‌, “നിങ്ങൾ ആരാണ്‌, എവി​ടെ​നിന്ന്‌ വരുന്നു” എന്നു ചോദി​ച്ചു.  അതിന്‌ അവർ പറഞ്ഞു: “അങ്ങയുടെ ദൈവ​മായ യഹോ​വ​യു​ടെ പേരിനോ​ടുള്ള ആദരവ്‌ കാരണം വളരെ ദൂരെ​യുള്ള ഒരു ദേശത്തു​നിന്ന്‌ വരുന്ന​വ​രാണ്‌ ഈ ദാസർ.+ കാരണം, ആ ദൈവ​ത്തി​ന്റെ കീർത്തിയെ​ക്കു​റി​ച്ചും ഈജി​പ്‌തിൽ ആ ദൈവം ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടി​രി​ക്കു​ന്നു. 10  കൂടാതെ, യോർദാ​ന്‌ അക്കരെയുണ്ടായിരുന്ന* രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാരോട്‌, ഹെശ്‌ബോൻരാ​ജാ​വായ സീഹോനോടും+ അസ്‌താരോ​ത്തി​ലെ ബാശാൻരാ​ജാ​വായ ഓഗിനോ​ടും,+ ചെയ്‌ത എല്ലാ കാര്യ​ങ്ങളെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു. 11  അതുകൊണ്ട്‌, ഞങ്ങളുടെ മൂപ്പന്മാ​രും ദേശത്തെ എല്ലാ ആളുക​ളും ഞങ്ങളോ​ടു പറഞ്ഞു: ‘വഴിയാത്ര​യ്‌ക്കു വേണ്ട ഭക്ഷണസാ​ധ​നങ്ങൾ എടുത്ത്‌ അവരെ ചെന്ന്‌ കാണുക. അവരോ​ടു പറയണം: “ഞങ്ങൾ നിങ്ങളു​ടെ ദാസരാ​യി​രി​ക്കും.+ ഇപ്പോൾ ഞങ്ങളു​മാ​യി ഒരു ഉടമ്പടി ചെയ്‌താ​ലും.”’+ 12  നിങ്ങളെ കാണാൻ ഞങ്ങൾ വീട്ടിൽനി​ന്ന്‌ പുറ​പ്പെ​ട്ടപ്പോൾ യാത്ര​യ്‌ക്കി​ടെ കഴിക്കാൻ ചൂടോ​ടെ എടുത്ത​താ​യി​രു​ന്നു ഈ അപ്പം. പക്ഷേ ഇപ്പോൾ കണ്ടോ, ഇത്‌ ഉണങ്ങി പൊടി​യാ​റാ​യി​രി​ക്കു​ന്നു.+ 13  ഞങ്ങൾ ഈ വീഞ്ഞു​തു​രു​ത്തി​കൾ നിറച്ച​പ്പോൾ അവ പുതി​യ​വ​യാ​യി​രു​ന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടി​യി​രി​ക്കു​ന്നു.+ വളരെ ദൂരം യാത്ര ചെയ്‌ത​തുകൊണ്ട്‌ ഞങ്ങളുടെ വസ്‌ത്രങ്ങൾ പഴകി​ക്കീ​റു​ക​യും ചെരി​പ്പു​കൾ തേഞ്ഞു​തീ​രു​ക​യും ചെയ്‌തി​രി​ക്കു​ന്നു.” 14  അപ്പോൾ, ഇസ്രായേൽപു​രു​ഷ​ന്മാർ അവർ കൊണ്ടു​വന്ന ഭക്ഷണസാ​ധ​ന​ങ്ങ​ളിൽ കുറച്ച്‌ എടുത്തു.* പക്ഷേ, അവർ യഹോ​വയോ​ടു ചോദി​ച്ചില്ല.+ 15  അങ്ങനെ, അവരെ ജീവ​നോ​ടെ വെച്ചുകൊ​ള്ളാമെന്നു യോശുവ അവരോ​ട്‌ ഉടമ്പടി ചെയ്‌ത്‌ അവരു​മാ​യി സമാധാ​ന​ത്തി​ലാ​യി.+ അതേ കാര്യം​തന്നെ ഇസ്രായേൽസ​മൂ​ഹ​ത്തി​ലെ തലവന്മാർ അവരോ​ട്‌ ആണയിട്ട്‌ പറയു​ക​യും ചെയ്‌തു.+ 16  അവരോട്‌ ഉടമ്പടി ചെയ്‌ത്‌ മൂന്നു ദിവസം കഴിഞ്ഞ​പ്പോൾ, അവർ തങ്ങളുടെ അടുത്ത്‌, ചുറ്റു​വ​ട്ട​ത്തു​തന്നെ, താമസി​ക്കു​ന്ന​വ​രാണെന്ന്‌ ഇസ്രായേ​ല്യർ കേട്ടു. 17  അപ്പോൾ, ഇസ്രായേ​ല്യർ പുറ​പ്പെട്ടു; മൂന്നാം ദിവസം അവരുടെ നഗരങ്ങ​ളിൽ എത്തി. ഗിബെ​യോൻ,+ കെഫീര, ബേരോ​ത്ത്‌, കിര്യത്ത്‌-യയാരീം+ എന്നിവ​യാ​യി​രു​ന്നു അവരുടെ നഗരങ്ങൾ. 18  പക്ഷേ, ഇസ്രായേൽസ​മൂ​ഹ​ത്തി​ലെ തലവന്മാർ ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ അവരോ​ട്‌ ആണയിട്ടിരുന്നതുകൊണ്ട്‌+ ഇസ്രായേ​ല്യർ അവരെ ആക്രമി​ച്ചില്ല. അതു​കൊണ്ട്‌, ഇസ്രായേൽസ​മൂ​ഹം മുഴു​വ​നും തലവന്മാർക്കെ​തി​രെ പിറു​പി​റു​ത്തു​തു​ടങ്ങി. 19  അപ്പോൾ, എല്ലാ തലവന്മാ​രും സമൂഹത്തോ​ടു മുഴുവൻ പറഞ്ഞു: “ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ നാമത്തിൽ നമ്മൾ അവരോ​ട്‌ ആണയി​ട്ട​തുകൊണ്ട്‌ അവരെ ഉപദ്ര​വി​ച്ചു​കൂ​ടാ. 20  നമുക്ക്‌ അവരെ ജീവ​നോ​ടെ വെക്കാം. അല്ലാത്ത​പക്ഷം, നമ്മൾ അവരോ​ട്‌ ആണയി​ട്ടി​ട്ടു​ള്ള​തുകൊണ്ട്‌ നമു​ക്കെ​തി​രെ ദൈവകോ​പ​മു​ണ്ടാ​കും.”+ 21  തലവന്മാർ ഇങ്ങനെ​യും പറഞ്ഞു: “അവർ ജീവ​നോ​ടി​രി​ക്കട്ടെ. പക്ഷേ, അവർ മുഴു​സ​മൂ​ഹ​ത്തി​നുംവേണ്ടി വിറകു ശേഖരി​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും ആയിരി​ക്കും.” ഇങ്ങനെ​യാ​ണു തലവന്മാർ അവർക്കു വാക്കു കൊടു​ത്തി​രു​ന്നത്‌. 22  യോശുവ അവരെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ ഇടയിൽത്തന്നെ താമസി​ക്കു​ന്ന​വ​രാ​യി​ട്ടും, ‘വളരെ ദൂരെ​നി​ന്നു​ള്ള​വ​രാണ്‌’ എന്നു പറഞ്ഞ്‌ എന്തിനാ​ണു ഞങ്ങളെ പറ്റിച്ചത്‌?+ 23  ഇപ്പോൾമുതൽ നിങ്ങൾ ശപിക്കപ്പെ​ട്ട​വ​രാണ്‌.+ എന്റെ ദൈവ​ത്തി​ന്റെ ഭവനത്തി​നുവേണ്ടി വിറകു ശേഖരി​ക്കു​ക​യും വെള്ളം കോരു​ക​യും ചെയ്‌തു​കൊ​ണ്ട്‌ നിങ്ങൾ എല്ലായ്‌പോ​ഴും ഒരു അടിമ​യു​ടെ സ്ഥാനത്താ​യി​രി​ക്കും.” 24  അപ്പോൾ, അവർ യോശു​വയോ​ടു പറഞ്ഞു: “ദേശം മുഴുവൻ നിങ്ങൾക്കു തരണ​മെ​ന്നും നിങ്ങളു​ടെ മുന്നിൽനി​ന്ന്‌ അതിലെ നിവാ​സി​കളെയെ​ല്ലാം നിശ്ശേഷം നശിപ്പിക്കണമെന്നും+ അങ്ങയുടെ ദൈവ​മായ യഹോവ തന്റെ ദാസനായ മോശയോ​ടു കല്‌പി​ച്ചെന്ന്‌ അങ്ങയുടെ ഈ ദാസർക്കു വ്യക്തമാ​യി അറിവു​കി​ട്ടി​യി​രു​ന്നു. അതു​കൊണ്ട്‌, നിങ്ങൾ നിമിത്തം ഞങ്ങൾ പ്രാണ​ഭ​യ​ത്തി​ലാ​യി.+ അതു​കൊ​ണ്ടാണ്‌ ഞങ്ങൾ ഇങ്ങനെ ചെയ്‌തത്‌.+ 25  ഇനി, ഞങ്ങൾ അങ്ങയുടെ കാരു​ണ്യ​ത്തി​ലാണ്‌.* അങ്ങയ്‌ക്കു നല്ലതും ശരിയും എന്നു തോന്നു​ന്നതെ​ന്തും ഞങ്ങളോ​ടു ചെയ്‌തുകൊ​ള്ളുക.” 26  അതുതന്നെയാണ്‌ യോശുവ അവരോ​ടു ചെയ്‌ത​തും. ഇസ്രായേ​ല്യ​രു​ടെ കൈയിൽനി​ന്ന്‌ യോശുവ അവരെ രക്ഷിച്ചു. അവർ അവരെ കൊന്നില്ല. 27  പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസ​മൂ​ഹ​ത്തി​നും യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തെ+ യാഗപീ​ഠ​ത്തി​നും വേണ്ടി വിറകു ശേഖരി​ക്കു​ന്ന​വ​രും വെള്ളം കോരു​ന്ന​വ​രും ആക്കി.+ അവർ ഇന്നുവരെ അങ്ങനെ​തന്നെ കഴിയു​ന്നു.+

അടിക്കുറിപ്പുകള്‍

അതായത്‌, മെഡി​റ്റ​റേ​നി​യൻ കടൽ.
അഥവാ “അടിമ​ക​ളാ​ണ്‌.”
അതായത്‌, കിഴക്കു​വ​ശത്ത്‌.
അഥവാ “പരി​ശോ​ധി​ച്ചു.”
അക്ഷ. “അങ്ങയുടെ കൈക​ളി​ലാ​ണ്‌.”