യോഹ​ന്നാൻ എഴുതി​യത്‌ 11:1-57

  • ലാസറി​ന്റെ മരണം (1-16)

  • യേശു മാർത്ത​യെ​യും മറിയ​യെ​യും ആശ്വസി​പ്പി​ക്കു​ന്നു (17-37)

  • യേശു ലാസറി​നെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ന്നു (38-44)

  • യേശു​വി​നെ കൊല്ലാൻ ഗൂഢാ​ലോ​ചന (45-57)

11  ബഥാന്യ​ക്കാ​ര​നായ ലാസർ രോഗം ബാധിച്ച്‌ കിടപ്പി​ലാ​യി. മറിയ​യുടെ​യും സഹോ​ദരി മാർത്തയുടെയും+ ഗ്രാമ​മാ​യി​രു​ന്നു ബഥാന്യ.  ഈ മറിയ​യാ​ണു കർത്താ​വി​ന്റെ മേൽ സുഗന്ധ​തൈലം ഒഴിക്കു​ക​യും മുടി​കൊ​ണ്ട്‌ കർത്താ​വി​ന്റെ പാദങ്ങൾ തുടയ്‌ക്കു​ക​യും ചെയ്‌തത്‌.+ രോഗി​യാ​യി കിടന്ന ലാസർ മറിയ​യു​ടെ ആങ്ങളയാ​യി​രു​ന്നു.  ലാസറിന്റെ പെങ്ങന്മാർ യേശു​വി​ന്റെ അടുത്ത്‌ ആളയച്ച്‌, “കർത്താവേ, അങ്ങയ്‌ക്കു പ്രിയപ്പെ​ട്ടവൻ രോഗി​യാ​യി കിടപ്പി​ലാണ്‌” എന്ന്‌ അറിയി​ച്ചു.  അതു കേട്ട​പ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാ​നി​ക്കാ​നു​ള്ളതല്ല. പകരം, ദൈവ​ത്തി​ന്റെ മഹത്ത്വത്തിനും+ ദൈവ​പു​ത്രൻ മഹത്ത്വപ്പെ​ടാ​നും വേണ്ടി​യു​ള്ള​താണ്‌.”  യേശു മാർത്തയെ​യും അവളുടെ സഹോ​ദ​രിയെ​യും ലാസറിനെ​യും സ്‌നേ​ഹി​ച്ചി​രു​ന്നു.  പക്ഷേ ലാസർ കിടപ്പി​ലാ​യി എന്നു കേട്ടി​ട്ടും യേശു രണ്ടു ദിവസം​കൂ​ടെ അവി​ടെ​ത്തന്നെ തങ്ങി.  പിന്നെ ശിഷ്യ​ന്മാരോട്‌, “നമുക്കു വീണ്ടും യഹൂദ്യ​യിലേക്കു പോകാം” എന്നു പറഞ്ഞു.  ശിഷ്യന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “റബ്ബീ,+ ഇയ്യി​ടെ​യല്ലേ യഹൂദ്യ​യി​ലു​ള്ളവർ അങ്ങയെ കല്ലെറി​യാൻ ഒരുങ്ങി​യത്‌?+ എന്നിട്ട്‌ വീണ്ടും അവി​ടേ​ക്കു​തന്നെ പോകു​ക​യാ​ണോ?”  യേശു പറഞ്ഞു: “പകൽവെ​ളി​ച്ചം 12 മണിക്കൂ​റു​ണ്ട​ല്ലോ.+ പകൽ നടക്കു​ന്ന​യാൾ ഈ ലോക​ത്തി​ന്റെ വെളിച്ചം കാണു​ന്ന​തുകൊണ്ട്‌ തട്ടിവീ​ഴു​ന്നില്ല. 10  പക്ഷേ രാത്രി​യിൽ നടക്കു​ന്ന​യാൾ വെളി​ച്ച​മി​ല്ലാ​ത്ത​തുകൊണ്ട്‌ തട്ടിവീ​ഴു​ന്നു.” 11  എന്നിട്ട്‌ യേശു അവരോ​ടു പറഞ്ഞു: “നമ്മുടെ കൂട്ടു​കാ​ര​നായ ലാസർ ഉറങ്ങു​ക​യാണ്‌.+ ഞാൻ ചെന്ന്‌ അവനെ ഉണർത്തട്ടെ.” 12  അപ്പോൾ ശിഷ്യ​ന്മാർ യേശു​വിനോട്‌, “കർത്താവേ, ഉറങ്ങു​ക​യാണെ​ങ്കിൽ ലാസറി​ന്റെ അസുഖം മാറിക്കൊ​ള്ളും” എന്നു പറഞ്ഞു. 13  പക്ഷേ യേശു പറഞ്ഞതു ലാസറി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. എന്നാൽ ഉറങ്ങി​വിശ്ര​മി​ക്കു​ന്ന​തിനെ​ക്കു​റി​ച്ചാ​ണു യേശു പറഞ്ഞ​തെന്ന്‌ അവർ വിചാ​രി​ച്ചു. 14  അപ്പോൾ യേശു അവരോ​ടു തെളി​ച്ചു​പ​റഞ്ഞു: “ലാസർ മരിച്ചുപോ​യി.+ 15  എന്നാൽ നിങ്ങ​ളെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ഞാൻ അവിടെ ഇല്ലാഞ്ഞത്‌ എത്ര നന്നാ​യെന്ന്‌ എനിക്കു തോന്നു​ന്നു. നിങ്ങൾ വിശ്വ​സി​ക്കാൻ അതു കാരണ​മാ​കു​മ​ല്ലോ. നമുക്ക്‌ അവന്റെ അടു​ത്തേക്കു പോകാം.” 16  ഇരട്ട* എന്നും പേരുള്ള തോമസ്‌ മറ്റു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട്‌ യേശു​വിന്റെ​കൂ​ടെ മരിക്കാം.”+ 17  അവിടെ എത്തിയ​പ്പോൾ ലാസറി​നെ കല്ലറയിൽ വെച്ചിട്ട്‌ നാലു ദിവസ​മായെന്നു യേശു മനസ്സി​ലാ​ക്കി. 18  ബഥാന്യ യരുശലേ​മിന്‌ അടുത്താ​യി​രു​ന്നു. അവി​ടെ​നിന്ന്‌ യരുശലേ​മിലേക്ക്‌ ഏകദേശം മൂന്നു കിലോമീറ്റർ* ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. 19  ആങ്ങളയുടെ വേർപാ​ടിൽ ദുഃഖി​ത​രായ മാർത്തയെ​യും മറിയയെ​യും ആശ്വസി​പ്പി​ക്കാൻ ഒട്ടേറെ ജൂതന്മാർ അവിടെ വന്നിരു​ന്നു. 20  യേശു വരു​ന്നെന്നു കേട്ടിട്ട്‌ മാർത്ത യേശു​വി​നെ സ്വീക​രി​ക്കാൻ ചെന്നു. പക്ഷേ മറിയ+ വീട്ടിൽത്തന്നെ ഇരുന്നു. 21  മാർത്ത യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രുന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു. 22  എന്നാൽ അങ്ങ്‌ ചോദി​ക്കു​ന്നത്‌ എന്തും ദൈവം തരു​മെന്ന്‌ ഇപ്പോൾപ്പോ​ലും എനിക്ക്‌ ഉറപ്പുണ്ട്‌.” 23  യേശു മാർത്ത​യോ​ട്‌, “നിന്റെ ആങ്ങള എഴു​ന്നേ​റ്റു​വ​രും” എന്നു പറഞ്ഞു. 24  മാർത്ത യേശു​വിനോട്‌, “അവസാ​ന​നാ​ളി​ലെ പുനരുത്ഥാനത്തിൽ+ ലാസർ എഴു​ന്നേ​റ്റു​വ​രുമെന്ന്‌ എനിക്ക്‌ അറിയാം” എന്നു പറഞ്ഞു. 25  അപ്പോൾ യേശു മാർത്തയോ​ടു പറഞ്ഞു: “ഞാനാണു പുനരു​ത്ഥാ​ന​വും ജീവനും.+ എന്നിൽ വിശ്വ​സി​ക്കു​ന്ന​യാൾ മരിച്ചാ​ലും ജീവനി​ലേക്കു വരും. 26  എന്നിൽ വിശ്വ​സിച്ച്‌ ജീവി​ക്കുന്ന ആരും ഒരിക്ക​ലും മരിക്കു​ക​യു​മില്ല.+ നീ ഇതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?” 27  മാർത്ത യേശു​വിനോട്‌, “ഉണ്ട്‌ കർത്താവേ, ലോക​ത്തേക്കു വരാനി​രുന്ന ദൈവ​പുത്ര​നായ ക്രിസ്‌തു അങ്ങാണ്‌ എന്നു ഞാൻ വിശ്വ​സി​ക്കു​ന്നു” എന്നു പറഞ്ഞു. 28  ഇതു പറഞ്ഞിട്ട്‌ മാർത്ത പോയി സഹോ​ദ​രി​യായ മറിയയെ വിളിച്ച്‌ സ്വകാ​ര്യ​മാ​യി പറഞ്ഞു: “ഗുരു+ വന്നിട്ടു​ണ്ട്‌. നിന്നെ അന്വേ​ഷി​ക്കു​ന്നു.” 29  ഇതു കേട്ട​പ്പോൾ മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ യേശു​വി​ന്റെ അടു​ത്തേക്കു ചെന്നു. 30  യേശു അപ്പോ​ഴും ഗ്രാമ​ത്തിൽ എത്തിയി​രു​ന്നില്ല; മാർത്ത യേശു​വി​നെ കണ്ട സ്ഥലത്തു​തന്നെ​യാ​യി​രു​ന്നു. 31  മറിയ പെട്ടെന്ന്‌ എഴു​ന്നേറ്റ്‌ പുറ​ത്തേക്കു പോകു​ന്നതു കണ്ടപ്പോൾ മറിയയെ ആശ്വസി​പ്പി​ച്ചുകൊണ്ട്‌ വീട്ടിൽ ഇരുന്ന ജൂതന്മാർ, മറിയ കല്ലറയിൽ+ ചെന്ന്‌ കരയാൻപോ​കു​ക​യാണെന്നു കരുതി പിന്നാലെ ചെന്നു. 32  മറിയ യേശു നിൽക്കുന്ന സ്ഥലത്ത്‌ എത്തി. യേശു​വി​നെ കണ്ടപ്പോൾ കാൽക്കൽ വീണ്‌ യേശു​വിനോട്‌, “കർത്താവേ, അങ്ങ്‌ ഇവി​ടെ​യു​ണ്ടാ​യി​രുന്നെ​ങ്കിൽ എന്റെ ആങ്ങള മരിക്കി​ല്ലാ​യി​രു​ന്നു” എന്നു പറഞ്ഞു. 33  മറിയയും കൂടെ വന്ന ജൂതന്മാ​രും കരയു​ന്നതു കണ്ടപ്പോൾ മനസ്സു* നൊന്ത്‌ യേശു വല്ലാതെ അസ്വസ്ഥ​നാ​യി. 34  “എവി​ടെ​യാണ്‌ അവനെ വെച്ചത്‌” എന്നു യേശു ചോദി​ച്ചപ്പോൾ അവർ, “കർത്താവേ, വന്ന്‌ കാണൂ” എന്നു പറഞ്ഞു. 35  യേശുവിന്റെ കണ്ണു നിറ​ഞ്ഞൊ​ഴു​കി.+ 36  ജൂതന്മാർ ഇതു കണ്ടിട്ട്‌, “യേശു​വി​നു ലാസറി​നെ എന്ത്‌ ഇഷ്ടമാ​യി​രുന്നെന്നു കണ്ടോ” എന്നു പറഞ്ഞു. 37  എന്നാൽ അവരിൽ ചിലർ, “അന്ധനു കാഴ്‌ച കൊടുത്ത ഈ മനുഷ്യനു+ ലാസർ മരിക്കാ​തെ നോക്കാൻ കഴിയി​ല്ലാ​യി​രു​ന്നോ” എന്നു ചോദി​ച്ചു. 38  യേശു വീണ്ടും ദുഃഖ​വി​വ​ശ​നാ​യി കല്ലറയു​ടെ അടു​ത്തേക്കു നീങ്ങി. അതൊരു ഗുഹയാ​യി​രു​ന്നു. ഗുഹയു​ടെ വാതിൽക്കൽ ഒരു കല്ലും വെച്ചി​രു​ന്നു. 39  “ഈ കല്ല്‌ എടുത്തു​മാറ്റ്‌” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ച​വന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസ​മാ​യ​ല്ലോ. ദുർഗന്ധം കാണും.” 40  യേശു അവളോ​ട്‌, “വിശ്വ​സി​ച്ചാൽ നീ ദൈവ​ത്തി​ന്റെ മഹത്ത്വം കാണു​മെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദി​ച്ചു. 41  അവർ കല്ല്‌ എടുത്തു​മാ​റ്റി. അപ്പോൾ യേശു ആകാശ​ത്തേക്കു കണ്ണ്‌ ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ്‌ എന്റെ അപേക്ഷ കേട്ടതു​കൊ​ണ്ട്‌ ഞാൻ നന്ദി പറയുന്നു. 42  അങ്ങ്‌ എപ്പോ​ഴും എന്റെ അപേക്ഷ കേൾക്കാ​റുണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ അങ്ങാണ്‌ എന്നെ അയച്ച​തെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വ​സി​ക്കാൻ അവരെ ഓർത്താ​ണു ഞാൻ ഇതു പറഞ്ഞത്‌.”+ 43  ഇത്രയും പറഞ്ഞിട്ട്‌ യേശു, “ലാസറേ, പുറത്ത്‌ വരൂ”+ എന്ന്‌ ഉറക്കെ പറഞ്ഞു. 44  മരിച്ചയാൾ പുറത്ത്‌ വന്നു. അയാളു​ടെ കൈകാ​ലു​കൾ തുണി​കൊ​ണ്ട്‌ ചുറ്റി​യി​രു​ന്നു. മുഖം ഒരു തുണി​കൊ​ണ്ട്‌ മൂടി​യി​രു​ന്നു. യേശു അവരോ​ടു പറഞ്ഞു: “അവന്റെ കെട്ട്‌ അഴിക്കൂ. അവൻ പോകട്ടെ.” 45  മറിയയുടെ അടുത്ത്‌ വന്ന ജൂതന്മാ​രിൽ പലരും ഇതെല്ലാം കണ്ട്‌ യേശു​വിൽ വിശ്വ​സി​ച്ചു.+ 46  എന്നാൽ അവരിൽ ചിലർ പരീശ​ന്മാ​രു​ടെ അടുത്ത്‌ ചെന്ന്‌ യേശു ചെയ്‌തത്‌ അവരെ അറിയി​ച്ചു. 47  അതുകൊണ്ട്‌ മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും സൻഹെദ്രിൻ* വിളി​ച്ചു​കൂ​ട്ടി. അവർ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാ​ളങ്ങൾ കാണി​ക്കു​ന്ന​ല്ലോ.+ 48  ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവ​രും അവനിൽ വിശ്വ​സി​ക്കും. റോമാ​ക്കാർ വന്ന്‌ നമ്മുടെ സ്ഥലം* കൈയ​ട​ക്കും, നമ്മുടെ ജനത​യെ​യും പിടി​ച്ച​ട​ക്കും.” 49  അവരിലൊരാളും ആ വർഷത്തെ മഹാപുരോ​ഹി​ത​നും ആയ കയ്യഫ+ അപ്പോൾ അവരോ​ടു പറഞ്ഞു: “നിങ്ങൾക്ക്‌ ഒന്നും അറിഞ്ഞു​കൂ​ടാ. 50  ഈ ജനത ഒന്നടങ്കം നശിക്കു​ന്ന​തിനെ​ക്കാൾ അവർക്കെ​ല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കു​ന്ന​താ​ണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തി​ക്കാ​ത്തത്‌?” 51  ഇതു കയ്യഫ സ്വന്തമാ​യി പറഞ്ഞത​ല്ലാ​യി​രു​ന്നു. കയ്യഫ ആ വർഷത്തെ മഹാപുരോ​ഹി​ത​നാ​യി​രു​ന്ന​തു​കൊണ്ട്‌, യേശു ആ ജനതയ്‌ക്കുവേ​ണ്ടി​യും, 52  ജനതയ്‌ക്കുവേണ്ടി മാത്രമല്ല, ചിതറി​ക്കി​ട​ക്കുന്ന ദൈവ​മ​ക്കളെ ഒന്നായി കൂട്ടിച്ചേർക്കാൻവേ​ണ്ടി​യും മരി​ക്കേ​ണ്ട​താണെന്നു പ്രവചി​ക്കു​ക​യാ​യി​രു​ന്നു. 53  അന്നുമുതൽ അവർ യേശു​വി​നെ കൊല്ലാൻ ഗൂഢാലോ​ചന തുടങ്ങി. 54  അതുകൊണ്ട്‌ യേശു പിന്നെ ജൂതന്മാർക്കി​ട​യിൽ പരസ്യ​മാ​യി സഞ്ചരി​ക്കാ​താ​യി. യേശു അവിടം വിട്ട്‌ വിജന​ഭൂ​മി​ക്ക​രികെ​യുള്ള എഫ്രയീം+ എന്ന നഗരത്തിൽ ചെന്ന്‌ ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ താമസി​ച്ചു. 55  ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തി​രു​ന്നു. പെസഹ​യ്‌ക്കു​മുമ്പ്‌ ആചാരപ്ര​കാ​ര​മുള്ള ശുദ്ധീ​ക​രണം നടത്താൻ നാട്ടിൻപു​റ​ങ്ങ​ളിൽ താമസി​ക്കുന്ന ധാരാളം ആളുകൾ യരുശലേ​മിലേക്കു പോയി. 56  അവർ യേശു​വി​നെ അന്വേ​ഷി​ച്ചുകൊ​ണ്ടി​രു​ന്നു. “നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? യേശു ഉത്സവത്തി​നു വരാതി​രി​ക്കു​മോ” എന്ന്‌ അവർ ദേവാ​ല​യ​ത്തിൽവെച്ച്‌ പരസ്‌പരം ചോദി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. 57  എന്നാൽ യേശു എവി​ടെ​യുണ്ടെന്ന്‌ ആർക്കെ​ങ്കി​ലും വിവരം കിട്ടി​യാൽ അത്‌ അറിയി​ക്ക​ണമെന്നു മുഖ്യ​പുരോ​ഹി​ത​ന്മാ​രും പരീശ​ന്മാ​രും ഉത്തരവി​ട്ടി​രു​ന്നു. യേശു​വി​നെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.

അടിക്കുറിപ്പുകള്‍

അഥവാ “ദിദി​മോ​സ്‌.”
ഏകദേശം രണ്ടു മൈൽ. അക്ഷ. “ഏകദേശം 15 സ്റ്റേഡിയം.” അനു. ബി14 കാണുക.
അക്ഷ. “ആത്മാവ്‌.”
പദാവലി കാണുക.
അതായത്‌, ദേവാ​ലയം.
അഥവാ “അറസ്റ്റു ചെയ്യാ​നാ​യി​രു​ന്നു.”