യോഹ​ന്നാൻ എഴുതി​യത്‌ 14:1-31

  • യേശു—പിതാ​വി​ന്റെ അടു​ത്തേ​ക്കുള്ള ഒരേ ഒരു വഴി (1-14)

    • “ഞാൻത​ന്നെ​യാ​ണു വഴിയും സത്യവും ജീവനും” (6)

  • പരിശു​ദ്ധാ​ത്മാ​വി​നെ നൽകു​മെന്നു യേശു വാഗ്‌ദാ​നം ചെയ്യുന്നു (15-31)

    • ‘പിതാവ്‌ എന്നെക്കാൾ വലിയവൻ’ (28)

14  “നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌.+ ദൈവ​ത്തിൽ വിശ്വ​സി​ക്കുക.+ എന്നിലും വിശ്വ​സി​ക്കുക.  എന്റെ പിതാ​വി​ന്റെ ഭവനത്തിൽ അനേകം താമസ​സ്ഥ​ല​ങ്ങ​ളുണ്ട്‌. ഇല്ലെങ്കിൽ ഞാൻ നിങ്ങ​ളോ​ടു പറഞ്ഞേനേ. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാ​നാ​ണു പോകു​ന്നത്‌.+  ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കി​യിട്ട്‌ വീണ്ടും വരുക​യും ഞാനു​ള്ളി​ടത്ത്‌ നിങ്ങളു​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീക​രി​ക്കു​ക​യും ചെയ്യും.+  ഞാൻ പോകു​ന്നി​ടത്തേ​ക്കുള്ള വഴി നിങ്ങൾക്ക്‌ അറിയാം.”  തോമസ്‌+ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ എവി​ടേ​ക്കാ​ണു പോകു​ന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടാ. പിന്നെ എങ്ങനെ വഴി അറിയും?”  യേശു തോമ​സിനോ​ടു പറഞ്ഞു: “ഞാൻതന്നെ​യാ​ണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്റെ അടു​ത്തേക്കു വരുന്നില്ല.+  നിങ്ങൾ എന്നെ അറിഞ്ഞി​രുന്നെ​ങ്കിൽ, എന്റെ പിതാ​വിനെ​യും അറിയു​മാ​യി​രു​ന്നു. ഇപ്പോൾമു​തൽ നിങ്ങൾ പിതാ​വി​നെ അറിയു​ന്നു, പിതാ​വി​നെ കാണു​ക​യും ചെയ്‌തി​രി​ക്കു​ന്നു.”+  ഫിലിപ്പോസ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാ​വി​നെ കാണി​ച്ചു​ത​രണേ. അതു മാത്രം മതി.”  യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രു​ന്നി​ട്ടും ഫിലിപ്പോ​സേ, നിനക്ക്‌ എന്നെ അറിയി​ല്ലേ? എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വിനെ​യും കണ്ടിരി​ക്കു​ന്നു.+ പിന്നെ, ‘പിതാ​വി​നെ കാണി​ച്ചു​ത​രണം’ എന്നു നീ പറയു​ന്നത്‌ എന്താണ്‌? 10  ഞാൻ പിതാ​വിനോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാണെന്നു നീ വിശ്വ​സി​ക്കു​ന്നി​ല്ലേ?+ ഞാൻ നിങ്ങ​ളോ​ടു സംസാ​രി​ക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമാ​യി പറയു​ന്നതല്ല.+ ഞാനു​മാ​യി യോജി​പ്പി​ലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃ​ത്തി​കൾ ചെയ്യു​ക​യാണ്‌. 11  ഞാൻ പിതാ​വിനോ​ടും പിതാവ്‌ എന്നോ​ടും യോജി​പ്പി​ലാണെന്നു ഞാൻ പറഞ്ഞതു വിശ്വ​സി​ക്കൂ. ഇനി അതല്ലെ​ങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ നിമിത്തം വിശ്വ​സി​ക്കൂ.+ 12  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്നെ വിശ്വ​സി​ക്കു​ന്നവൻ ഞാൻ ചെയ്യുന്ന പ്രവൃ​ത്തി​കൾ ചെയ്യും. ഞാൻ പിതാ​വി​ന്റെ അടു​ത്തേക്കു പോകുന്നതുകൊണ്ട്‌+ അതിലും വലിയ​തും അവൻ ചെയ്യും.+ 13  നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദി​ച്ചാ​ലും ഞാൻ അതു ചെയ്‌തു​ത​രും. അങ്ങനെ പുത്രൻ മുഖാ​ന്തരം പിതാവ്‌ മഹത്ത്വപ്പെ​ടും.+ 14  നിങ്ങൾ എന്റെ നാമത്തിൽ ചോദി​ക്കു​ന്നത്‌ എന്തും ഞാൻ ചെയ്‌തു​ത​രും. 15  “നിങ്ങൾ എന്നെ സ്‌നേ​ഹി​ക്കുന്നെ​ങ്കിൽ എന്റെ കല്‌പ​നകൾ അനുസ​രി​ക്കും.+ 16  ഞാൻ പിതാ​വിനോട്‌ അപേക്ഷി​ക്കുമ്പോൾ പിതാവ്‌ മറ്റൊരു സഹായിയെ* നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കും.+ 17  ആ സഹായി സത്യത്തി​ന്റെ ആത്മാവാ​ണ്‌.+ ലോകം അതിനെ കാണു​ക​യോ അറിയു​ക​യോ ചെയ്യാ​ത്ത​തുകൊണ്ട്‌ ലോക​ത്തിന്‌ അതു കിട്ടില്ല.+ അതു നിങ്ങളുടെ​കൂടെ​യു​ള്ള​തുകൊ​ണ്ടും നിങ്ങളി​ലു​ള്ള​തുകൊ​ണ്ടും നിങ്ങൾക്ക്‌ അതിനെ അറിയാം. 18  ഞാൻ നിങ്ങളെ അനാഥ​രാ​യി വിടില്ല. ഞാൻ നിങ്ങളു​ടെ അടു​ത്തേക്കു വരും.+ 19  അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും.+ കാരണം, ഞാൻ ജീവി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങളും ജീവി​ക്കും. 20  ഞാൻ എന്റെ പിതാ​വിനോ​ടും നിങ്ങൾ എന്നോ​ടും ഞാൻ നിങ്ങ​ളോ​ടും യോജി​പ്പി​ലാണെന്ന്‌ അന്നു നിങ്ങൾ അറിയും.+ 21  എന്റെ കല്‌പ​നകൾ സ്വീക​രിച്ച്‌ അവ അനുസ​രി​ക്കു​ന്ന​വ​നാണ്‌ എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ. എന്നെ സ്‌നേ​ഹി​ക്കു​ന്ന​വനെ എന്റെ പിതാ​വും സ്‌നേ​ഹി​ക്കും. ഞാനും അവനെ സ്‌നേ​ഹിച്ച്‌ എന്നെ അവനു വ്യക്തമാ​യി കാണി​ച്ചുകൊ​ടു​ക്കും.” 22  യൂദാസ്‌+ ഈസ്‌ക​ര്യോ​ത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌ യേശു​വിനോ​ടു ചോദി​ച്ചു: “കർത്താവേ, അങ്ങ്‌ ലോക​ത്തി​നല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമാ​യി കാണി​ച്ചു​ത​രാൻ ഉദ്ദേശി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?” 23  യേശു പറഞ്ഞു: “എന്നെ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ വചനം അനുസ​രി​ക്കും.+ എന്റെ പിതാവ്‌ അവനെ സ്‌നേ​ഹി​ക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെ​കൂ​ടെ താമസ​മാ​ക്കും.+ 24  എന്നെ സ്‌നേ​ഹി​ക്കാ​ത്തവൻ എന്റെ വചനം അനുസ​രി​ക്കില്ല. നിങ്ങൾ കേൾക്കുന്ന വചനമോ എന്റേതല്ല, എന്നെ അയച്ച പിതാ​വിന്റേ​താണ്‌.+ 25  “ഇപ്പോൾ നിങ്ങളുടെ​കൂടെ​യു​ള്ളപ്പോൾത്തന്നെ ഞാൻ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു പറഞ്ഞി​രി​ക്കു​ന്നു. 26  എന്നാൽ പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാ​നി​രി​ക്കുന്ന പരിശു​ദ്ധാ​ത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യ​ങ്ങ​ളും പഠിപ്പി​ക്കു​ക​യും ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ​തൊ​ക്കെ നിങ്ങളെ ഓർമി​പ്പി​ക്കു​ക​യും ചെയ്യും.+ 27  സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോ​കു​ന്നു. എന്റെ സമാധാ​നം ഞാൻ നിങ്ങൾക്കു തരുന്നു.+ ലോകം തരുന്ന​തുപോലെയല്ല ഞാൻ അതു നിങ്ങൾക്കു തരുന്നത്‌. നിങ്ങളു​ടെ ഹൃദയം അസ്വസ്ഥ​മാ​ക​രുത്‌, ഭയപ്പെ​ടു​ക​യു​മ​രുത്‌. 28  ‘ഞാൻ ഇപ്പോൾ പോയി​ട്ട്‌ നിങ്ങളു​ടെ അടു​ത്തേക്കു മടങ്ങി​വ​രും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക്‌ എന്നോടു സ്‌നേ​ഹ​മുണ്ടെ​ങ്കിൽ ഞാൻ പിതാ​വി​ന്റെ അടുത്ത്‌ പോകു​ന്നത്‌ ഓർത്ത്‌ നിങ്ങൾ സന്തോ​ഷി​ക്കും. കാരണം പിതാവ്‌ എന്നെക്കാൾ വലിയ​വ​നാണ്‌.+ 29  ഇതു സംഭവി​ക്കുമ്പോൾ നിങ്ങൾ വിശ്വ​സി​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ ഇക്കാര്യം നിങ്ങ​ളോ​ടു മുൻകൂ​ട്ടി​പ്പ​റ​യു​ന്നത്‌.+ 30  ഇനി ഞാൻ നിങ്ങ​ളോ​ടു കൂടു​ത​ലായൊ​ന്നും സംസാ​രി​ക്കില്ല. കാരണം ഈ ലോക​ത്തി​ന്റെ ഭരണാധികാരി+ വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാ​ര​വു​മില്ല.+ 31  എന്നാൽ ഞാൻ പിതാ​വി​നെ സ്‌നേ​ഹി​ക്കു​ന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പി​ച്ചതെ​ല്ലാം ഞാൻ അങ്ങനെ​തന്നെ ചെയ്യു​ക​യാണ്‌.+ എഴു​ന്നേൽക്ക്‌, നമുക്ക്‌ ഇവി​ടെ​നിന്ന്‌ പോകാം.

അടിക്കുറിപ്പുകള്‍

അഥവാ “ആശ്വാ​സ​കനെ.”