യോഹ​ന്നാൻ എഴുതി​യത്‌ 6:1-71

  • യേശു 5,000 പേർക്കു ഭക്ഷണം കൊടു​ക്കു​ന്നു (1-15)

  • യേശു വെള്ളത്തി​നു മുകളി​ലൂ​ടെ നടക്കുന്നു (16-21)

  • യേശു “ജീവന്റെ അപ്പം” (22-59)

  • യേശു​വി​ന്റെ വാക്കുകൾ അനേകർക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു (60-71)

6  ഇതിനു ശേഷം യേശു തിബെ​ര്യാസ്‌ എന്നും പേരുള്ള ഗലീല​ക്ക​ട​ലി​ന്റെ അക്കരയ്‌ക്കു പോയി.+  രോഗികളെ സുഖപ്പെടുത്തിക്കൊണ്ട്‌+ യേശു ചെയ്യുന്ന അത്ഭുതങ്ങൾ കണ്ടിട്ട്‌ വലി​യൊ​രു ജനക്കൂട്ടം യേശു​വി​നെ അനുഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.+  യേശു ഒരു മലയിൽ കയറി ശിഷ്യ​ന്മാ​രുടെ​കൂ​ടെ അവിടെ ഇരുന്നു.  ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തി​രു​ന്നു.  വലിയൊരു ജനക്കൂട്ടം തന്റെ അടു​ത്തേക്കു വരുന്നതു കണ്ടപ്പോൾ യേശു ഫിലിപ്പോ​സിനോട്‌, “ഇവർക്കെ​ല്ലാം കഴിക്കാൻ നമ്മൾ എവി​ടെ​നിന്ന്‌ അപ്പം വാങ്ങും”+ എന്നു ചോദി​ച്ചു.  എന്നാൽ ഫിലിപ്പോ​സി​നെ പരീക്ഷി​ക്കാൻവേ​ണ്ടി​യാ​ണു യേശു ഇതു ചോദി​ച്ചത്‌. കാരണം, താൻ ചെയ്യാൻ പോകു​ന്നത്‌ എന്താ​ണെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.  ഫിലിപ്പോസ്‌ യേശു​വിനോട്‌, “200 ദിനാറെക്ക്‌* അപ്പം വാങ്ങി​യാൽപ്പോ​ലും ഓരോ​രു​ത്തർക്കും അൽപ്പ​മെ​ങ്കി​ലും കൊടു​ക്കാൻ തികയില്ല” എന്നു പറഞ്ഞു.  യേശുവിന്റെ ഒരു ശിഷ്യ​നും ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നും ആയ അന്ത്ര​യോസ്‌ യേശു​വിനോ​ടു പറഞ്ഞു:  “ഈ കുട്ടി​യു​ടെ കൈയിൽ അഞ്ചു ബാർളി​യ​പ്പ​വും രണ്ടു ചെറിയ മീനും ഉണ്ട്‌. എന്നാൽ ഇത്രയ​ധി​കം പേർക്ക്‌ ഇതു​കൊണ്ട്‌ എന്താകാ​നാണ്‌?”+ 10  അപ്പോൾ യേശു, “ആളുകളോടെ​ല്ലാം ഇരിക്കാൻ പറയുക” എന്നു പറഞ്ഞു. ആ സ്ഥലത്ത്‌ ധാരാളം പുല്ലു​ണ്ടാ​യി​രു​ന്ന​തുകൊണ്ട്‌ അവർ അവിടെ ഇരുന്നു. ഏകദേശം 5,000 പുരു​ഷ​ന്മാ​രു​ണ്ടാ​യി​രു​ന്നു.+ 11  യേശു അപ്പം എടുത്ത്‌, ദൈവത്തോ​ടു നന്ദി പറഞ്ഞ​ശേഷം അവർക്കെ​ല്ലാം കൊടു​ത്തു. മീനും അങ്ങനെ​തന്നെ വിളമ്പി. എല്ലാവർക്കും വേണ്ടുവോ​ളം കിട്ടി. 12  എല്ലാവരും വയറു നിറച്ച്‌ കഴിച്ചു​ക​ഴി​ഞ്ഞപ്പോൾ യേശു ശിഷ്യ​ന്മാരോ​ടു പറഞ്ഞു: “മിച്ചമുള്ള കഷണങ്ങളെ​ല്ലാം എടുക്കുക. ഒന്നും കളയരു​ത്‌.” 13  അങ്ങനെ അവർ അവ കൊട്ട​ക​ളിൽ നിറച്ചു. അഞ്ചു ബാർളി​യ​പ്പ​ത്തിൽനിന്ന്‌ ആളുകൾ തിന്ന​ശേഷം ബാക്കിവന്ന കഷണങ്ങൾ 12 കൊട്ട നിറ​യെ​യു​ണ്ടാ​യി​രു​ന്നു. 14  യേശു ചെയ്‌ത അടയാളം കണ്ടപ്പോൾ, “ലോക​ത്തേക്കു വരാനി​രുന്ന പ്രവാ​ചകൻ ഇദ്ദേഹം​തന്നെ”+ എന്ന്‌ ആളുകൾ പറയാൻതു​ടങ്ങി. 15  അവർ വന്ന്‌ തന്നെ പിടിച്ച്‌ രാജാ​വാ​ക്കാൻപോ​കുന്നെന്ന്‌ അറിഞ്ഞ യേശു തനിച്ച്‌ വീണ്ടും മലയി​ലേക്കു പോയി.+ 16  സന്ധ്യയായപ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാർ കടപ്പു​റത്തേക്കു ചെന്നു.+ 17  അവർ ഒരു വള്ളത്തിൽ കയറി കടലിന്‌ അക്കരെ​യുള്ള കഫർന്ന​ഹൂ​മിലേക്കു പുറ​പ്പെട്ടു. അപ്പോൾ ഇരുട്ടു വീണി​രു​ന്നു. യേശു അവരുടെ അടുത്ത്‌ എത്തിയി​രു​ന്നു​മില്ല.+ 18  ശക്തമായ ഒരു കാറ്റ്‌ അടിച്ചി​ട്ട്‌ കടൽ ക്ഷോഭി​ക്കാൻതു​ടങ്ങി.+ 19  അവർ തുഴഞ്ഞ്‌ അഞ്ചോ ആറോ കിലോമീറ്റർ* പിന്നി​ട്ടപ്പോൾ യേശു കടലിനു മുകളി​ലൂ​ടെ നടന്ന്‌ വള്ളത്തിന്‌ അടു​ത്തേക്കു വരുന്നതു കണ്ടു. അവർ പേടി​ച്ചുപോ​യി. 20  എന്നാൽ യേശു അവരോ​ട്‌, “എന്തിനാ പേടി​ക്കു​ന്നത്‌? ഇതു ഞാനാണ്‌” എന്നു പറഞ്ഞു.+ 21  അതു കേട്ട​തോ​ടെ അവർ യേശു​വി​നെ വള്ളത്തിൽ കയറ്റി. പെട്ടെ​ന്നു​തന്നെ അവർക്ക്‌ എത്തേണ്ട സ്ഥലത്ത്‌ വള്ളം എത്തി.+ 22  എന്നാൽ കടലിൽ ഒരു ചെറിയ വള്ളമേ ഉണ്ടായി​രു​ന്നു​ള്ളൂ എന്നും യേശു​വി​നെ കൂടാതെ ശിഷ്യ​ന്മാർ മാത്ര​മാ​ണു വള്ളത്തിൽ കയറി പോയതെ​ന്നും കടലിന്‌ അക്കരെ​യുള്ള ജനക്കൂട്ടം പിറ്റേന്നു മനസ്സി​ലാ​ക്കി. 23  ആ സമയത്താ​ണു തിബെ​ര്യാ​സിൽനി​ന്നുള്ള വള്ളങ്ങൾ എത്തുന്നത്‌. കർത്താവ്‌ ദൈവത്തോ​ടു നന്ദി പറഞ്ഞ്‌ അവർക്ക്‌ അപ്പം കൊടുത്ത സ്ഥലത്തിന്‌ അടുത്ത്‌ ആ വള്ളങ്ങൾ വന്നടുത്തു. 24  യേശുവോ ശിഷ്യ​ന്മാ​രോ അവി​ടെ​യില്ലെന്നു കണ്ടപ്പോൾ ജനക്കൂട്ടം ആ വള്ളങ്ങളിൽ കയറി യേശു​വി​നെ തിരഞ്ഞ്‌ കഫർന്ന​ഹൂ​മിൽ എത്തി. 25  കടലിന്‌ അക്കരെ യേശു​വി​നെ കണ്ടപ്പോൾ അവർ, “റബ്ബീ,+ അങ്ങ്‌ എപ്പോ​ഴാണ്‌ ഇവിടെ എത്തിയത്‌” എന്നു ചോദി​ച്ചു. 26  യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ എന്നെ അന്വേ​ഷി​ക്കു​ന്നത്‌ അടയാ​ളങ്ങൾ കണ്ടതുകൊ​ണ്ടല്ല, അപ്പം കഴിച്ച്‌ തൃപ്‌ത​രാ​യ​തുകൊ​ണ്ടാണ്‌.+ 27  നശിച്ചുപോകുന്ന ആഹാര​ത്തി​നുവേ​ണ്ടി​യല്ല, നിത്യ​ജീ​വൻ നേടി​ത്ത​രുന്ന നശിക്കാത്ത ആഹാരത്തിനുവേണ്ടി+ പ്രയത്‌നി​ക്കുക. മനുഷ്യ​പു​ത്രൻ നിങ്ങൾക്ക്‌ അതു തരും. കാരണം പിതാ​വായ ദൈവം മനുഷ്യ​പുത്രന്റെ മേൽ തന്റെ അംഗീ​കാ​ര​ത്തി​ന്റെ മുദ്ര പതിപ്പി​ച്ചി​രി​ക്കു​ന്നു.”+ 28  അപ്പോൾ അവർ യേശു​വിനോട്‌, “ദൈവ​ത്തി​ന്റെ അംഗീ​കാ​രം കിട്ടാൻ ഞങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌” എന്നു ചോദി​ച്ചു. 29  യേശു പറഞ്ഞു: “ദൈവം അയച്ചവനെ വിശ്വ​സി​ക്കുക; അതാണു ദൈവം അംഗീ​ക​രി​ക്കുന്ന പ്രവൃത്തി.”+ 30  അപ്പോൾ അവർ പറഞ്ഞു: “അതിനു​വേണ്ടി അങ്ങ്‌ എന്താണു ചെയ്യാൻപോ​കു​ന്നത്‌? എന്ത്‌ അടയാളം കാണി​ക്കും?+ അതു കണ്ടാൽ ഞങ്ങൾക്ക്‌ അങ്ങയെ വിശ്വ​സി​ക്കാ​മ​ല്ലോ. 31  നമ്മുടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ല്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗ​ത്തിൽനിന്ന്‌ അപ്പം കൊടു​ത്തു’+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.” 32  അപ്പോൾ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗ​ത്തിൽനിന്ന്‌ അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു. 33  ദൈവത്തിന്റെ അപ്പമോ, സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വന്ന്‌ ലോക​ത്തി​നു ജീവൻ നൽകു​ന്ന​വ​നാണ്‌.” 34  അപ്പോൾ അവർ യേശു​വിനോട്‌, “കർത്താവേ, ഞങ്ങൾക്ക്‌ എപ്പോ​ഴും ആ അപ്പം തരണേ” എന്നു പറഞ്ഞു. 35  യേശു അവരോ​ടു പറഞ്ഞു: “ഞാനാണു ജീവന്റെ അപ്പം. എന്റെ അടുത്ത്‌ വരുന്ന​വന്‌ ഒരിക്ക​ലും വിശക്കില്ല. എന്നിൽ വിശ്വ​സി​ക്കു​ന്ന​വന്‌ ഒരിക്ക​ലും ദാഹി​ക്കു​ക​യു​മില്ല.+ 36  എന്നാൽ ഞാൻ പറഞ്ഞതുപോ​ലെ, നിങ്ങൾ എന്നെ കണ്ടിട്ടുപോ​ലും വിശ്വ​സി​ക്കു​ന്നില്ല.+ 37  പിതാവ്‌ എനിക്കു തരുന്ന​വരെ​ല്ലാം എന്റെ അടുത്ത്‌ വരും. എന്റെ അടുത്ത്‌ വരുന്ന​വനെ ഞാൻ ഒരിക്ക​ലും ഒഴിവാ​ക്കു​ക​യു​മില്ല.+ 38  കാരണം ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്നത്‌+ എന്റെ സ്വന്തം ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടം ചെയ്യാ​നാണ്‌.+ 39  എന്നെ അയച്ച പിതാ​വി​ന്റെ ഇഷ്ടമോ, പിതാവ്‌ എനിക്കു തന്നവരിൽ ആരും നഷ്ടപ്പെ​ട്ടുപോ​ക​രുതെ​ന്നും അവസാ​ന​നാ​ളിൽ അവരെയെ​ല്ലാം ഞാൻ ഉയിർപ്പിക്കണം+ എന്നും ആണ്‌. 40  പുത്രനെ അംഗീ​ക​രിച്ച്‌ അവനിൽ വിശ്വ​സി​ക്കുന്ന ഏതൊ​രാൾക്കും നിത്യജീവൻ+ കിട്ടണമെ​ന്ന​താണ്‌ എന്റെ പിതാ​വി​ന്റെ ഇഷ്ടം. അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.”+ 41  “ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന അപ്പമാണ്‌”+ എന്നു യേശു പറഞ്ഞതു​കൊ​ണ്ട്‌ ജൂതന്മാർ യേശു​വിന്‌ എതിരെ പിറു​പി​റു​ക്കാൻതു​ടങ്ങി. 42  അവർ ചോദി​ച്ചു: “ഇവൻ യോ​സേ​ഫി​ന്റെ മകനായ യേശു​വല്ലേ? ഇവന്റെ അപ്പനെ​യും അമ്മയെ​യും നമുക്ക്‌ അറിയാ​വു​ന്ന​തല്ലേ?+ പിന്നെ എന്താ, ‘ഞാൻ സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​ന്ന​താണ്‌’ എന്ന്‌ ഇവൻ പറയു​ന്നത്‌?” 43  അപ്പോൾ യേശു പറഞ്ഞു: “നിങ്ങൾ ഇങ്ങനെ പിറു​പി​റുക്കേണ്ടാ. 44  എന്നെ അയച്ച പിതാവ്‌ ആകർഷി​ക്കാ​തെ ഒരു മനുഷ്യ​നും എന്റെ അടുത്ത്‌ വരാൻ കഴിയില്ല.+ അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.+ 45  ‘അവരെയെ​ല്ലാം യഹോവ* പഠിപ്പി​ക്കും’+ എന്നു പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​ട്ടു​ണ്ട​ല്ലോ. പിതാ​വിൽനിന്ന്‌ കേട്ടു​പ​ഠി​ച്ച​വരെ​ല്ലാം എന്റെ അടു​ത്തേക്കു വരുന്നു. 46  ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റ്‌ ഏതെങ്കി​ലും മനുഷ്യൻ പിതാ​വി​നെ കണ്ടിട്ടുണ്ടെന്നല്ല+ ഇതിന്‌ അർഥം. എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ളവൻ പിതാ​വി​നെ കണ്ടിട്ടു​ണ്ട്‌.+ 47  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: വിശ്വ​സി​ക്കു​ന്ന​വനു നിത്യ​ജീ​വ​നുണ്ട്‌.+ 48  “ഞാനാണു ജീവന്റെ അപ്പം.+ 49  നിങ്ങളുടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ട്ടും മരിച്ചുപോ​യ​ല്ലോ.+ 50  എന്നാൽ ഈ അപ്പം സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങി​വ​രുന്ന അപ്പമാണ്‌. ഇതു കഴിക്കു​ന്ന​യാൾ മരിക്കില്ല. 51  ഞാനാണു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന ജീവനുള്ള അപ്പം. ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും. ലോക​ത്തി​ന്റെ ജീവനുവേ​ണ്ടി​യുള്ള എന്റെ മാംസ​മാ​ണു ഞാൻ കൊടു​ക്കാ​നി​രി​ക്കുന്ന അപ്പം.”+ 52  അപ്പോൾ ജൂതന്മാർ, “ഇവൻ എങ്ങനെ ഇവന്റെ മാംസം നമുക്കു തിന്നാൻ തരും” എന്നു പറഞ്ഞ്‌ തമ്മിൽ തർക്കിച്ചു. 53  അപ്പോൾ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: നിങ്ങൾ മനുഷ്യ​പുത്രന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്നില്ലെ​ങ്കിൽ നിങ്ങൾക്കു ജീവൻ കിട്ടില്ല.+ 54  എന്റെ മാംസം തിന്നു​ക​യും രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾക്കു നിത്യ​ജീ​വ​നുണ്ട്‌. അവസാ​ന​നാ​ളിൽ ഞാൻ അയാളെ ഉയിർപ്പി​ക്കും.+ 55  കാരണം എന്റെ മാംസം യഥാർഥ​ഭ​ക്ഷ​ണ​വും എന്റെ രക്തം യഥാർഥ​പാ​നീ​യ​വും ആണ്‌. 56  എന്റെ മാംസം തിന്നു​ക​യും എന്റെ രക്തം കുടി​ക്കു​ക​യും ചെയ്യു​ന്ന​യാൾ എന്നോ​ടും ഞാൻ അയാ​ളോ​ടും യോജി​പ്പി​ലാ​യി​രി​ക്കും.+ 57  ജീവനുള്ള പിതാവ്‌ എന്നെ അയയ്‌ക്കു​ക​യും ഞാൻ പിതാവ്‌ കാരണം ജീവി​ച്ചി​രി​ക്കു​ക​യും ചെയ്യു​ന്ന​തുപോലെ​തന്നെ എന്റെ മാംസം തിന്നു​ന്ന​യാൾ ഞാൻ കാരണം ജീവി​ച്ചി​രി​ക്കും.+ 58  ഇതു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന അപ്പമാണ്‌. നിങ്ങളു​ടെ പൂർവി​കർ തിന്ന മന്നപോ​ലെയല്ല ഇത്‌. അവർ അതു തിന്നെ​ങ്കി​ലും മരിച്ചു. എന്നാൽ ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും.”+ 59  കഫർന്നഹൂമിലെ ഒരു സിന​ഗോ​ഗിൽ* പഠിപ്പി​ക്കുമ്പോ​ഴാ​ണു യേശു ഇതൊക്കെ പറഞ്ഞത്‌. 60  ഇതു കേട്ട​പ്പോൾ യേശു​വി​ന്റെ ശിഷ്യ​ന്മാ​രിൽ പലരും പറഞ്ഞു: “ഹൊ, എന്തൊക്കെ​യാണ്‌ ഇദ്ദേഹം ഈ പറയു​ന്നത്‌? ഇതൊക്കെ കേട്ടു​നിൽക്കാൻ ആർക്കു കഴിയും!” 61  ശിഷ്യന്മാർ ഇതെക്കു​റിച്ച്‌ പിറു​പി​റു​ക്കുന്നെന്നു മനസ്സി​ലാ​ക്കിയ യേശു ചോദി​ച്ചു: “ഇതു നിങ്ങൾക്കു ബുദ്ധി​മു​ട്ടു​ണ്ടാ​ക്കി​യോ? 62  അങ്ങനെയെങ്കിൽ മനുഷ്യ​പു​ത്രൻ എവി​ടെ​നിന്ന്‌ വന്നോ അവി​ടേക്കു കയറിപ്പോ​കു​ന്നതു നിങ്ങൾ കണ്ടാലോ?+ 63  ദൈവാത്മാവാണു ജീവൻ തരുന്നത്‌.+ ശരീരം​കൊ​ണ്ട്‌ ഒരു ഉപകാ​ര​വു​മില്ല. ഞാൻ നിങ്ങ​ളോ​ടു പറഞ്ഞ വചനങ്ങ​ളാണ്‌ ആത്മാവും ജീവനും.+ 64  എന്നാൽ, വിശ്വ​സി​ക്കാത്ത ചിലർ നിങ്ങൾക്കി​ട​യി​ലുണ്ട്‌.” വിശ്വ​സി​ക്കാ​ത്തവർ ആരാ​ണെ​ന്നും തന്നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നവൻ ആരാ​ണെ​ന്നും ആദ്യം​മു​തലേ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു.+ 65  യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “പിതാവ്‌ അനുവ​ദി​ച്ചി​ട്ട​ല്ലാ​തെ ആർക്കും എന്റെ അടുത്ത്‌ വരാൻ കഴിയി​ല്ലെന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌ ഇതു​കൊ​ണ്ടാണ്‌.”+ 66  ഇതു കേട്ടിട്ട്‌ യേശു​വി​ന്റെ ശിഷ്യ​രിൽ പലരും അവർ വിട്ടി​ട്ടുപോന്ന കാര്യ​ങ്ങ​ളിലേക്കു തിരി​ച്ചുപോ​യി.+ അവർ യേശു​വിന്റെ​കൂ​ടെ നടക്കു​ന്നതു നിറുത്തി. 67  അപ്പോൾ യേശു പന്ത്രണ്ടു പേരോ​ട്‌,* “നിങ്ങൾക്കും പോക​ണമെ​ന്നു​ണ്ടോ” എന്നു ചോദി​ച്ചു. 68  ശിമോൻ പത്രോ​സ്‌ യേശു​വിനോ​ടു പറഞ്ഞു: “കർത്താവേ, ഞങ്ങൾ വേറെ ആരുടെ അടു​ത്തേക്കു പോകാ​നാണ്‌?+ നിത്യ​ജീ​വന്റെ വചനങ്ങൾ അങ്ങയുടെ പക്കലല്ലേ ഉള്ളത്‌!+ 69  അങ്ങ്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധനെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു, അതു ഞങ്ങൾക്കു മനസ്സി​ലാ​യി​ട്ടു​മുണ്ട്‌.”+ 70  യേശു അവരോ​ടു പറഞ്ഞു: “ഞാൻ നിങ്ങൾ പന്ത്രണ്ടു പേരെ തിര​ഞ്ഞെ​ടു​ത്തു, ഇല്ലേ?+ എങ്കിലും നിങ്ങളിൽ ഒരാൾ പരദൂ​ഷണം പറയു​ന്ന​വ​നാണ്‌.”*+ 71  യേശു പറഞ്ഞതു ശിമോൻ ഈസ്‌കര്യോ​ത്തി​ന്റെ മകനായ യൂദാ​സിനെ​ക്കു​റി​ച്ചാ​യി​രു​ന്നു. കാരണം പന്ത്രണ്ടു പേരിൽ ഒരാളാ​യി​രുന്നെ​ങ്കി​ലും യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അനു. ബി14 കാണുക.
ഏകദേശം മൂന്നോ നാലോ മൈൽ. അക്ഷ. “ഏകദേശം 25-ഓ 30-ഓ സ്റ്റേഡിയം.” അനു. ബി14 കാണുക.
അനു. എ5 കാണുക.
മറ്റൊരു സാധ്യത “പൊതു​സദസ്സിൽ.”
അതായത്‌, പന്ത്രണ്ട്‌ അപ്പോ​സ്‌ത​ല​ന്മാർ.
അഥവാ “ഒരു പിശാ​ചാ​ണ്‌.”