യോഹ​ന്നാൻ എഴുതി​യത്‌ 8:12-59

  • യേശു​വി​നെ​ക്കു​റിച്ച്‌ പിതാവ്‌ സാക്ഷി പറയുന്നു (12-30)

    • യേശു ‘ലോക​ത്തി​ന്റെ വെളിച്ചം’ (12)

  • അബ്രാ​ഹാ​മി​ന്റെ മക്കൾ (31-41)

    • ‘സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കും’ (32)

  • പിശാ​ചി​ന്റെ മക്കൾ (42-47)

  • യേശു​വും അബ്രാ​ഹാ​മും (48-59)

8  12  യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “ഞാൻ ലോക​ത്തി​ന്റെ വെളി​ച്ച​മാണ്‌.+ എന്നെ അനുഗ​മി​ക്കു​ന്നവൻ ഒരിക്ക​ലും ഇരുട്ടിൽ നടക്കില്ല. അയാൾക്കു ജീവന്റെ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും.”+ 13  അപ്പോൾ പരീശ​ന്മാർ യേശു​വിനോ​ടു പറഞ്ഞു: “നീതന്നെ നിന്നെ​ക്കു​റിച്ച്‌ സാക്ഷി പറയുന്നു. നിന്റെ വാക്കുകൾ സത്യമല്ല.” 14  അപ്പോൾ യേശു പറഞ്ഞു: “ഞാൻതന്നെ എന്നെക്കു​റിച്ച്‌ സാക്ഷി പറഞ്ഞാ​ലും എന്റെ സാക്ഷ്യം സത്യമാ​ണ്‌. കാരണം ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകുന്നെ​ന്നും എനിക്ക്‌ അറിയാം.+ എന്നാൽ ഞാൻ എവി​ടെ​നിന്ന്‌ വന്നെന്നും എവി​ടേക്കു പോകുന്നെ​ന്നും നിങ്ങൾക്ക്‌ അറിയില്ല. 15  നിങ്ങൾ പുറമേ കാണുന്നതനുസരിച്ച്‌* വിധി​ക്കു​ന്നു.+ ഞാൻ പക്ഷേ ആരെയും വിധി​ക്കു​ന്നില്ല. 16  അഥവാ വിധി​ച്ചാൽത്തന്നെ അതു ശരിയായ വിധി​യാ​യി​രി​ക്കും. കാരണം ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ്‌ എന്റെകൂടെ​യുണ്ട്‌.+ 17  ‘രണ്ടു പേർ സാക്ഷ്യപ്പെ​ടു​ത്തി​യാൽ ഒരു കാര്യം സത്യമാ​ണ്‌’+ എന്നു നിങ്ങളു​ടെ നിയമ​ത്തിൽത്തന്നെ എഴുതി​യി​ട്ടു​ണ്ട​ല്ലോ. 18  എന്നെക്കുറിച്ച്‌ സാക്ഷി പറയുന്ന ഒരാൾ ഞാൻതന്നെ​യാണ്‌. എന്നെ അയച്ച പിതാ​വും എന്നെക്കു​റിച്ച്‌ സാക്ഷി പറയുന്നു.”+ 19  അപ്പോൾ അവർ, “അതിനു നിങ്ങളു​ടെ പിതാവ്‌ എവിടെ” എന്നു ചോദി​ച്ചു. യേശു പറഞ്ഞു: “നിങ്ങൾക്ക്‌ എന്നെയോ എന്റെ പിതാ​വിനെ​യോ അറിയില്ല.+ എന്നെ അറിയാ​മാ​യി​രുന്നെ​ങ്കിൽ നിങ്ങൾ എന്റെ പിതാ​വിനെ​യും അറിയു​മാ​യി​രു​ന്നു.”+ 20  ദേവാലയത്തിൽ പഠിപ്പി​ച്ചുകൊ​ണ്ടി​രുന്ന യേശു ഖജനാവിൽവെച്ചാണ്‌+ ഇതൊക്കെ പറഞ്ഞത്‌. പക്ഷേ യേശു​വി​ന്റെ സമയം അപ്പോ​ഴും വന്നിട്ടി​ല്ലാ​യി​രു​ന്ന​തുകൊണ്ട്‌ ആരും യേശു​വി​നെ പിടി​കൂ​ടി​യില്ല.+ 21  യേശു പിന്നെ​യും അവരോ​ടു പറഞ്ഞു: “ഞാൻ പോകു​ന്നു. നിങ്ങൾ എന്നെ അന്വേ​ഷി​ക്കും. എങ്കിലും നിങ്ങളു​ടെ പാപത്തിൽ നിങ്ങൾ മരിക്കും.+ ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല.”+ 22  അപ്പോൾ ജൂതന്മാർ ചോദി​ച്ചു: “‘ഞാൻ പോകു​ന്നി​ടത്തേക്കു വരാൻ നിങ്ങൾക്കു കഴിയില്ല’ എന്ന്‌ ഇയാൾ പറയു​ന്നത്‌ എന്താണ്‌? ഇയാൾ എന്താ ആത്മഹത്യ ചെയ്യാൻ പോകു​ക​യാ​ണോ?” 23  യേശു ഇങ്ങനെ​യും അവരോ​ടു പറഞ്ഞു: “നിങ്ങൾ താഴെ​നി​ന്നു​ള്ളവർ. ഞാനോ ഉയരങ്ങ​ളിൽനി​ന്നു​ള്ളവൻ.+ നിങ്ങൾ ഈ ലോക​ത്തു​നി​ന്നു​ള്ളവർ. ഞാനോ ഈ ലോക​ത്തു​നി​ന്നു​ള്ള​വനല്ല. 24  അതുകൊണ്ടാണ്‌ നിങ്ങൾ നിങ്ങളു​ടെ പാപങ്ങ​ളിൽ മരിക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറഞ്ഞത്‌. വരാനി​രു​ന്നവൻ ഞാനാണ്‌ എന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നില്ലെ​ങ്കിൽ നിങ്ങളു​ടെ പാപങ്ങ​ളിൽ നിങ്ങൾ മരിക്കും.” 25  അപ്പോൾ അവർ യേശു​വിനോട്‌, “നീ ആരാണ്‌” എന്നു ചോദി​ച്ചു. യേശു അവരോ​ടു പറഞ്ഞു: “ഞാൻ ഇനി എന്തിനു നിങ്ങ​ളോ​ടു സംസാ​രി​ക്കണം? 26  നിങ്ങളെക്കുറിച്ച്‌ എനിക്കു പലതും പറയാ​നുണ്ട്‌; പലതി​ലും നിങ്ങളെ വിധി​ക്കാ​നു​മുണ്ട്‌. എന്നാൽ എന്നെ അയച്ച വ്യക്തി​യിൽനിന്ന്‌ കേട്ടതാ​ണു ഞാൻ ലോകത്തോ​ടു പറയു​ന്നത്‌.+ ആ വ്യക്തി സത്യവാ​നാണ്‌.” 27  പിതാവിനെക്കുറിച്ചാണു യേശു സംസാ​രി​ക്കു​ന്നതെന്ന്‌ അവർക്കു മനസ്സി​ലാ​യില്ല. 28  പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങൾ മനുഷ്യ​പുത്രനെ സ്‌തം​ഭ​ത്തിലേ​റ്റി​ക്ക​ഴി​യുമ്പോൾ,+ വരാനി​രു​ന്നവൻ ഞാൻതന്നെയാണെന്നും+ ഞാൻ സ്വന്തം ഇഷ്ടമനു​സ​രിച്ച്‌ ഒന്നും ചെയ്യാതെ+ പിതാവ്‌ എന്നെ പഠിപ്പി​ച്ച​തുപോലെ​യാണ്‌ ഇക്കാര്യ​ങ്ങൾ സംസാ​രി​ക്കു​ന്നതെ​ന്നും തിരി​ച്ച​റി​യും. 29  എന്നെ അയച്ച വ്യക്തി എന്റെകൂടെ​യുണ്ട്‌. ഞാൻ എപ്പോ​ഴും ആ വ്യക്തിക്ക്‌ ഇഷ്ടമു​ള്ളതു ചെയ്യു​ന്ന​തുകൊണ്ട്‌ അദ്ദേഹം എന്നെ ഒരിക്ക​ലും തനിച്ചാ​ക്കി പോയി​ട്ടില്ല.”+ 30  യേശു ഈ കാര്യങ്ങൾ പറഞ്ഞ​പ്പോൾ അനേകം ആളുകൾ യേശു​വിൽ വിശ്വ​സി​ച്ചു. 31  തന്നിൽ വിശ്വ​സിച്ച ജൂതന്മാരോ​ടു യേശു പറഞ്ഞു: “നിങ്ങൾ എപ്പോ​ഴും എന്റെ വചനത്തിൽ നിലനിൽക്കുന്നെ​ങ്കിൽ നിങ്ങൾ ശരിക്കും എന്റെ ശിഷ്യ​ന്മാ​രാണ്‌. 32  നിങ്ങൾ സത്യം അറിയുകയും+ സത്യം നിങ്ങളെ സ്വത​ന്ത്ര​രാ​ക്കു​ക​യും ചെയ്യും.”+ 33  അപ്പോൾ അവർ യേശു​വിനോ​ടു പറഞ്ഞു: “ഞങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണ്‌. ഞങ്ങൾ ഒരിക്ക​ലും ആരു​ടെ​യും അടിമ​ക​ളാ​യി​രു​ന്നി​ട്ടില്ല. പിന്നെ, ‘നിങ്ങൾ സ്വത​ന്ത്ര​രാ​കും’ എന്നു താങ്കൾ പറയു​ന്നത്‌ എന്താണ്‌?” 34  യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: പാപം ചെയ്യുന്ന ഏതൊ​രാ​ളും പാപത്തി​ന്‌ അടിമ​യാണ്‌.+ 35  മാത്രമല്ല, അടിമ എല്ലാക്കാ​ല​ത്തും യജമാ​നന്റെ വീട്ടിൽ താമസി​ക്കു​ന്നില്ല. എന്നാൽ പുത്രൻ എല്ലാക്കാ​ല​ത്തും വീട്ടി​ലു​ണ്ടാ​കും. 36  അതുകൊണ്ട്‌ പുത്രൻ നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യാൽ നിങ്ങൾ യഥാർഥ​ത്തിൽ സ്വത​ന്ത്ര​രാ​കും. 37  നിങ്ങൾ അബ്രാ​ഹാ​മി​ന്റെ സന്തതി​ക​ളാണെന്ന്‌ എനിക്ക്‌ അറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ നോക്കു​ന്നു. കാരണം, എന്റെ വചനം നിങ്ങളിൽ ഒരു മാറ്റവും ഉണ്ടാക്കു​ന്നില്ല. 38  പിതാവിന്റെകൂടെയായിരുന്നപ്പോൾ കണ്ട കാര്യ​ങ്ങളെ​പ്പ​റ്റി​യാ​ണു ഞാൻ സംസാ​രി​ക്കു​ന്നത്‌.+ എന്നാൽ നിങ്ങൾ നിങ്ങളു​ടെ പിതാ​വിൽനിന്ന്‌ കേട്ട കാര്യ​ങ്ങ​ളാ​ണു ചെയ്യു​ന്നത്‌.” 39  അപ്പോൾ അവർ, “അബ്രാ​ഹാ​മാ​ണു ഞങ്ങളുടെ പിതാവ്‌” എന്നു പറഞ്ഞു. യേശു പറഞ്ഞു: “നിങ്ങൾ അബ്രാ​ഹാ​മി​ന്റെ മക്കളായിരുന്നെങ്കിൽ+ അബ്രാ​ഹാ​മി​ന്റെ പ്രവൃ​ത്തി​കൾ ചെയ്‌തേനേ. 40  എന്നാൽ അതിനു പകരം, ദൈവ​ത്തിൽനിന്ന്‌ കേട്ട സത്യം+ നിങ്ങ​ളോ​ടു പറഞ്ഞ എന്നെ നിങ്ങൾ കൊല്ലാൻ ശ്രമി​ക്കു​ന്നു. അങ്ങനെയൊ​രു കാര്യം അബ്രാ​ഹാം ചെയ്‌തി​ട്ടില്ല. 41  നിങ്ങൾ നിങ്ങളു​ടെ പിതാ​വി​ന്റെ പ്രവൃ​ത്തി​കൾ ചെയ്യുന്നു.” അവർ യേശു​വിനോ​ടു പറഞ്ഞു: “ഞങ്ങൾ അവിഹിതബന്ധത്തിൽ* ഉണ്ടായ​വരല്ല. ഞങ്ങൾക്ക്‌ ഒരു പിതാവേ ഉള്ളൂ, ദൈവം.” 42  യേശു അവരോ​ടു പറഞ്ഞു: “ദൈവ​മാ​യി​രു​ന്നു നിങ്ങളു​ടെ പിതാവെ​ങ്കിൽ നിങ്ങൾ എന്നെ സ്‌നേ​ഹിച്ചേനേ.+ കാരണം, ദൈവ​ത്തി​ന്റെ അടുത്തു​നി​ന്നാ​ണു ഞാൻ ഇവിടെ വന്നത്‌. ഞാൻ സ്വന്തം തീരു​മാ​ന​മ​നു​സ​രിച്ച്‌ വന്നതല്ല. ദൈവം എന്നെ അയച്ചതാ​ണ്‌.+ 43  ഞാൻ പറയു​ന്നതൊ​ന്നും നിങ്ങൾക്കു മനസ്സി​ലാ​കാ​ത്തത്‌ എന്താണ്‌? എന്റെ വചനം സ്വീക​രി​ക്കാൻ നിങ്ങൾക്കു പറ്റുന്നില്ല, അല്ലേ? 44  നിങ്ങൾ നിങ്ങളു​ടെ പിതാ​വായ പിശാ​ചിൽനി​ന്നു​ള്ളവർ. നിങ്ങളു​ടെ പിതാ​വിന്‌ ഇഷ്ടമു​ള്ളതു ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു.+ അവൻ ആദ്യം​മു​തലേ ഒരു കൊല​പാ​ത​കി​യാ​യി​രു​ന്നു.+ അവനിൽ സത്യമി​ല്ലാ​ത്ത​തുകൊണ്ട്‌ അവൻ സത്യത്തിൽ ഉറച്ചു​നി​ന്നില്ല. നുണ പറയു​മ്പോൾ പിശാച്‌ തന്റെ തനിസ്വ​ഭാ​വ​മാ​ണു കാണി​ക്കു​ന്നത്‌. കാരണം അവൻ നുണയ​നും നുണയു​ടെ അപ്പനും ആണ്‌.+ 45  എന്നാൽ ഞാൻ സത്യം സംസാ​രി​ക്കു​ന്ന​തുകൊണ്ട്‌ നിങ്ങൾ എന്നെ വിശ്വ​സി​ക്കു​ന്നില്ല. 46  നിങ്ങളിൽ ആർക്കെ​ങ്കി​ലും എന്നിൽ പാപമു​ണ്ടെന്നു തെളി​യി​ക്കാൻ പറ്റുമോ? ഞാൻ സത്യം സംസാ​രി​ച്ചി​ട്ടും നിങ്ങൾ എന്നെ വിശ്വ​സി​ക്കാ​ത്തത്‌ എന്താണ്‌? 47  ദൈവത്തിൽനിന്നുള്ളവൻ ദൈവ​ത്തി​ന്റെ വചനങ്ങൾ ശ്രദ്ധി​ക്കു​ന്നു.+ എന്നാൽ ദൈവ​ത്തിൽനി​ന്നു​ള്ള​വ​ര​ല്ലാ​ത്ത​തുകൊണ്ട്‌ നിങ്ങൾ അവ ശ്രദ്ധി​ക്കു​ന്നില്ല.”+ 48  അപ്പോൾ ജൂതന്മാർ യേശു​വിനോട്‌, “നീ ഒരു ശമര്യക്കാരനാണെന്നും+ നിന്നിൽ ഭൂതമുണ്ടെന്നും+ ഞങ്ങൾ പറയു​ന്നതു ശരിയല്ലേ” എന്നു ചോദി​ച്ചു. 49  യേശു പറഞ്ഞു: “എന്നിൽ ഭൂതമില്ല. ഞാൻ എന്റെ പിതാ​വി​നെ ബഹുമാ​നി​ക്കു​ന്നു. നിങ്ങളോ എന്നെ അപമാ​നി​ക്കു​ന്നു. 50  എനിക്കു മഹത്ത്വം കിട്ടാൻ ഞാൻ ശ്രമി​ക്കു​ന്നില്ല.+ ശ്രമി​ക്കുന്ന ഒരാളു​ണ്ട്‌. ആ വ്യക്തി​യാ​ണു ന്യായാ​ധി​പൻ. 51  സത്യംസത്യമായി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല.”+ 52  അപ്പോൾ ജൂതന്മാർ യേശു​വിനോ​ടു പറഞ്ഞു: “തനിക്കു ഭൂതമു​ണ്ടെന്നു ഞങ്ങൾക്ക്‌ ഇപ്പോൾ ഉറപ്പായി. അബ്രാ​ഹാം മരിച്ചു. പ്രവാ​ച​ക​ന്മാ​രും മരിച്ചു. എന്നാൽ, ‘എന്റെ വചനം അനുസ​രി​ക്കു​ന്ന​യാൾ ഒരിക്ക​ലും മരിക്കില്ല’ എന്നാണു താൻ പറയു​ന്നത്‌. 53  ഞങ്ങളുടെ പിതാ​വായ അബ്രാ​ഹാ​മിനെ​ക്കാൾ വലിയ​വ​നാ​ണോ താൻ? അബ്രാ​ഹാം മരിച്ചു. പ്രവാ​ച​ക​ന്മാ​രും മരിച്ചു. താൻ ആരാ​ണെ​ന്നാ​ണു തന്റെ വിചാരം?” 54  മറുപടിയായി യേശു പറഞ്ഞു: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെ​ടു​ത്തി​യാൽ എന്റെ മഹത്ത്വം ഒന്നുമല്ല. എന്റെ പിതാ​വാണ്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തു​ന്നത്‌,+ നിങ്ങളു​ടെ ദൈവ​മെന്നു നിങ്ങൾ പറയുന്ന ആ വ്യക്തി. 55  എന്നിട്ടും നിങ്ങൾക്ക്‌ ആ ദൈവത്തെ അറിയില്ല.+ എന്നാൽ എനിക്ക്‌ ആ ദൈവത്തെ അറിയാം.+ ദൈവത്തെ അറിയില്ല എന്നു പറഞ്ഞാൽ നിങ്ങ​ളെപ്പോ​ലെ ഞാനും ഒരു നുണയ​നാ​കും. എനിക്കു ദൈവത്തെ അറിയാ​മെന്നു മാത്രമല്ല ഞാൻ ദൈവ​ത്തി​ന്റെ വചനം അനുസ​രി​ക്കു​ക​യും ചെയ്യുന്നു. 56  നിങ്ങളുടെ പിതാ​വായ അബ്രാ​ഹാം എന്റെ ദിവസം കാണാ​മെന്ന പ്രതീ​ക്ഷ​യിൽ അങ്ങേയറ്റം സന്തോ​ഷി​ച്ചു. അബ്രാ​ഹാം അതു കാണു​ക​യും സന്തോ​ഷി​ക്കു​ക​യും ചെയ്‌തു.”+ 57  അപ്പോൾ ജൂതന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “തനിക്ക്‌ 50 വയസ്സുപോ​ലു​മാ​യി​ട്ടി​ല്ല​ല്ലോ. എന്നിട്ടും താൻ അബ്രാ​ഹാ​മി​നെ കണ്ടെന്നോ?” 58  യേശു അവരോ​ടു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: അബ്രാ​ഹാം ജനിക്കു​ന്ന​തി​നും മുമ്പേ ഞാനു​ണ്ടാ​യി​രു​ന്നു.”+ 59  അപ്പോൾ അവർ യേശു​വി​നെ എറിയാൻ കല്ല്‌ എടുത്തു. എന്നാൽ അവർ കാണാത്ത വിധം യേശു ഒളിച്ചു. പിന്നെ ദേവാ​ല​യ​ത്തിൽനിന്ന്‌ പോയി.

അടിക്കുറിപ്പുകള്‍

അഥവാ “മാനു​ഷി​ക​മായ മാനദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച്‌.”
അഥവാ “ലൈം​ഗിക അധാർമി​ക​ത​യാൽ.” ഗ്രീക്കിൽ പോർണിയ. പദാവ​ലി​യിൽ “ലൈം​ഗിക അധാർമി​കത” കാണുക.