സെഖര്യ 1:1-21
-
യഹോവയിലേക്കു തിരിച്ചുവരാനുള്ള ക്ഷണം (1-6)
-
‘എന്റെ അടുത്തേക്കു തിരിച്ചുവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും’ (3)
-
-
ദിവ്യദർശനം 1: മിർട്ടൽ മരങ്ങൾക്കിടയിലെ കുതിരക്കാർ (7-17)
-
“യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും” (17)
-
-
ദിവ്യദർശനം 2: നാലു കൊമ്പും നാലു ശില്പികളും (18-21)
1 ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷം എട്ടാം മാസം+ ഇദ്ദൊയുടെ മകനായ ബേരെഖ്യയുടെ മകൻ സെഖര്യ* പ്രവാചകന് യഹോവയിൽനിന്ന് കിട്ടിയ സന്ദേശം:+
2 “യഹോവയ്ക്കു നിങ്ങളുടെ പിതാക്കന്മാരോടു കടുത്ത കോപം തോന്നി.+
3 “അവരോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “‘എന്റെ അടുത്തേക്കു തിരിച്ചുവരുക’ എന്ന് യഹോവ പറയുന്നു. അപ്പോൾ ‘ഞാൻ നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരും’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.”’
4 “‘നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെപ്പോലെയാകരുത്. പണ്ടുള്ള പ്രവാചകന്മാർ അവരോടു പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നിങ്ങളുടെ ദുഷ്ടവഴികളും ദുഷ്ചെയ്തികളും ഉപേക്ഷിച്ച് തിരിഞ്ഞുവരുക.’”’+
“‘പക്ഷേ അവർ ശ്രദ്ധിച്ചില്ല, എന്റെ വാക്കുകൾ കേട്ടില്ല’+ എന്ന് യഹോവ പറയുന്നു.
5 “‘നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? അന്നത്തെ പ്രവാചകന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ടോ?
6 എന്നാൽ എന്റെ ദാസരായ ആ പ്രവാചകന്മാരോടു ഞാൻ പറഞ്ഞ വാക്കുകളും എന്റെ കല്പനകളും നിറവേറുന്നതു നിങ്ങളുടെ പിതാക്കന്മാർ കണ്ടു, ശരിയല്ലേ?’+ അപ്പോൾ അവർ എന്റെ അടുത്തേക്കു തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു: ‘സൈന്യങ്ങളുടെ അധിപനായ യഹോവ ഞങ്ങളുടെ വഴികൾക്കും ചെയ്തികൾക്കും ചേർച്ചയിൽ ഞങ്ങളോടു ചെയ്തിരിക്കുന്നു; ദൈവം നിശ്ചയിച്ചതുപോലെതന്നെ ചെയ്‌തു.’”+
7 ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാം വർഷം,+ 11-ാം മാസമായ ശെബാത്ത്* മാസം 24-ാം തീയതി, ഇദ്ദൊയുടെ മകനായ ബേരെഖ്യയുടെ മകൻ സെഖര്യ പ്രവാചകന് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു:
8 “ഞാൻ രാത്രി ഒരു ദിവ്യദർശനം കണ്ടു. അതാ, ചുവപ്പുകുതിരയുടെ പുറത്ത് ഒരാൾ വരുന്നു! മലഞ്ചെരിവിലെ മിർട്ടൽ മരങ്ങൾക്കിടയിൽ വന്ന് അയാൾ നിന്നു. അയാളുടെ പുറകിൽ ചുവപ്പുകുതിരയും തവിട്ടുകുതിരയും വെള്ളക്കുതിരയും ഉണ്ടായിരുന്നു.”
9 അപ്പോൾ ഞാൻ ചോദിച്ചു: “യജമാനനേ, ആരാണ് ഇവരൊക്കെ?”
എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ പറഞ്ഞു: “ഇവർ ആരാണെന്നു ഞാൻ നിനക്കു കാണിച്ചുതരാം.”
10 അപ്പോൾ മിർട്ടൽ മരങ്ങൾക്കിടയിൽ നിൽക്കുന്ന ആൾ പറഞ്ഞു: “ഭൂമിയിൽ എങ്ങും നടന്നുനോക്കാനായി യഹോവ അയച്ചവരാണ് ഇവർ.”
11 മിർട്ടൽ മരങ്ങൾക്കിടയിൽ നിന്ന യഹോവയുടെ ദൂതനോട് അവർ പറഞ്ഞു: “ഞങ്ങൾ ഭൂമി മുഴുവൻ നടന്നുനോക്കി. ഭൂമിയിലെമ്പാടും സ്വസ്ഥതയും ശാന്തതയും കളിയാടുന്നു.”+
12 യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവേ, 70 വർഷമായി യരുശലേമിനോടും യഹൂദാനഗരങ്ങളോടും കോപിച്ചിരിക്കുന്ന+ അങ്ങ് എത്ര കാലംകൂടെ അവരോടു കരുണ കാണിക്കാതിരിക്കും?”+
13 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോട് യഹോവ ദയയോടെ സംസാരിച്ചു, അവനെ ആശ്വസിപ്പിച്ചു.
14 അപ്പോൾ ആ ദൂതൻ എന്നോടു പറഞ്ഞു: “ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എനിക്ക് എന്റെ യരുശലേമിനോടും സീയോനോടും അടങ്ങാത്ത സ്നേഹമുണ്ട്, ഞാൻ അവരെക്കുറിച്ച് ഏറെ ചിന്തയുള്ളവനാണ്.+
15 ഇപ്പോൾ സ്വസ്ഥമായി കഴിയുന്ന ജനതകളോട് എനിക്കു കടുത്ത കോപം തോന്നുന്നു.+ കാരണം, എനിക്ക് എന്റെ ജനത്തോടു കുറച്ച് കോപമേ തോന്നിയിരുന്നുള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരിതങ്ങളുടെ തീവ്രത കൂട്ടി.”’+
16 “അതുകൊണ്ട് യഹോവ പറയുന്നു: ‘“ഞാൻ കരുണയോടെ യരുശലേമിലേക്കു തിരിച്ച് ചെല്ലും.+ എന്റെ ഭവനം അവളിൽ പണിയും.+ യരുശലേമിനു മീതെ ഞാൻ അളവുനൂൽ പിടിക്കും” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.’+
17 “ഒരിക്കൽക്കൂടി ഇങ്ങനെ വിളിച്ചുപറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “എന്റെ നഗരങ്ങളിൽ വീണ്ടും നന്മ നിറഞ്ഞുകവിയും. യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കും,+ യരുശലേമിനെ തിരഞ്ഞെടുക്കും.”’”+
18 പിന്നെ ഞാൻ നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു.+
19 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതനോടു ഞാൻ ചോദിച്ചു: “ഇത് എന്താണ്?” ദൈവദൂതൻ പറഞ്ഞു: “യഹൂദയെയും ഇസ്രായേലിനെയും+ യരുശലേമിനെയും+ നാലുപാടും ചിതറിച്ച കൊമ്പുകളാണ് ഇവ.”+
20 പിന്നെ യഹോവ എനിക്കു നാലു ശില്പികളെ കാണിച്ചുതന്നു.
21 “ഇവർ എന്തു ചെയ്യാൻപോകുകയാണ്” എന്നു ഞാൻ ചോദിച്ചു.
ദൈവം പറഞ്ഞു: “ആർക്കും തല ഉയർത്താൻ പറ്റാത്ത വിധം യഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാണ് ഇവ. ഇവയെ ഭയപ്പെടുത്താൻ മറ്റുള്ളവർ വരും. യഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുകൾ ഉയർത്തിയ ജനതകളുടെ കൊമ്പുകൾ നശിപ്പിക്കാൻ അവർ വരും.”