സെഖര്യ 4:1-14
4 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതൻ തിരിച്ചുവന്ന്, ഉറങ്ങിക്കിടക്കുന്ന ഒരാളെ ഉണർത്തുന്നതുപോലെ, എന്നെ ഉണർത്തി.
2 ദൂതൻ എന്നോടു ചോദിച്ചു: “നീ എന്താണു കാണുന്നത്?”
ഞാൻ പറഞ്ഞു: “മുഴുവനും സ്വർണംകൊണ്ട് പണിത ഒരു തണ്ടുവിളക്കും+ അതിനു മുകളിൽ ഒരു പാത്രവും ഞാൻ കാണുന്നു. വിളക്കിന് ഏഴു ദീപങ്ങൾ;+ അതെ, അതിന്റെ മുകൾഭാഗത്ത് ഏഴു ദീപങ്ങൾ; ദീപങ്ങൾക്ക് ഏഴു കുഴലുകൾ.
3 വിളക്കിന് അടുത്തായി രണ്ട് ഒലിവ് മരങ്ങൾ.+ ഒന്നു പാത്രത്തിനു വലതുവശത്തും മറ്റേത് ഇടതുവശത്തും.”
4 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ഞാൻ ചോദിച്ചു: “യജമാനനേ, എന്താണ് ഇവയുടെ അർഥം?”
5 ആ ദൂതൻ എന്നോടു ചോദിച്ചു: “നിനക്ക് ഇവയുടെ അർഥം അറിയില്ലേ?”
“ഇല്ല യജമാനനേ,” ഞാൻ പറഞ്ഞു.
6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
7 മഹാപർവതമേ, നീ ആരാണ്? സെരുബ്ബാബേലിനു+ മുന്നിൽ നീ സമതലമായിത്തീരും.+ “എത്ര മനോഹരം! എത്ര മനോഹരം!” എന്ന ആർപ്പുവിളികൾക്കിടയിൽ അവൻ തലക്കല്ലു* കൊണ്ടുവരും.’”
8 പിന്നെ യഹോവയിൽനിന്ന് എനിക്ക് ഈ സന്ദേശം ലഭിച്ചു:
9 “സെരുബ്ബാബേലിന്റെ കൈകളാണ് ഈ ഭവനത്തിന് അടിസ്ഥാനമിട്ടത്.+ അവന്റെ കൈകൾതന്നെ അതു പൂർത്തിയാക്കും.+ എന്നെ അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും.
10 ചെറിയ തുടക്കത്തിന്റെ* ദിവസത്തെ പരിഹസിച്ചത് ആരാണ്?+ ജനം ആഹ്ലാദിക്കുകയും സെരുബ്ബാബേലിന്റെ കൈയിൽ തൂക്കുകട്ട* കാണുകയും ചെയ്യും. യഹോവയുടേതാണ് ഈ ഏഴു കണ്ണുകൾ. അവ ഭൂമി മുഴുവൻ നിരീക്ഷിക്കുന്നു.”+
11 പിന്നെ ഞാൻ ചോദിച്ചു: “ഈ തണ്ടുവിളക്കിന്റെ ഇടത്തും വലത്തും ഉള്ള രണ്ട് ഒലിവ് മരങ്ങളുടെ അർഥം എന്താണ്?”+
12 ഞാൻ വീണ്ടും ചോദിച്ചു: “രണ്ടു സ്വർണക്കുഴലിലൂടെ സുവർണദ്രാവകം ഒഴുക്കുന്ന ആ രണ്ട് ഒലിവ് മരങ്ങളിലെ ചില്ലകളുടെ* അർഥം എന്താണ്?”
13 ദൂതൻ എന്നോടു ചോദിച്ചു: “ഇവയുടെ അർഥം നിനക്ക് അറിയില്ലേ?”
“ഇല്ല യജമാനനേ” എന്നു ഞാൻ പറഞ്ഞു.
14 ദൂതൻ പറഞ്ഞു: “മുഴുഭൂമിയുടെയും നാഥന്റെ+ അരികിൽ നിൽക്കുന്ന രണ്ട് അഭിഷിക്തരാണ് ഇത്.”
അടിക്കുറിപ്പുകള്‍
^ അഥവാ “മുകളിൽ വെക്കുന്ന കല്ല്.”
^ അഥവാ “കാര്യങ്ങളുടെ.”
^ അക്ഷ. “കല്ല്, തകരം.”
^ അതായത്, പഴങ്ങൾ നിറഞ്ഞ രണ്ടു കൂട്ടം മരച്ചില്ലകൾ.