സെഖര്യ 5:1-11
5 വീണ്ടും ഞാൻ നോക്കിയപ്പോൾ ഒരു ചുരുൾ പറന്നുപോകുന്നതു കണ്ടു.
2 “നീ എന്താണു കാണുന്നത്” എന്നു ദൂതൻ എന്നോടു ചോദിച്ചു.
“20 മുഴം* നീളവും 10 മുഴം വീതിയും ഉള്ള ഒരു ചുരുൾ പറന്നുപോകുന്നു” എന്നു ഞാൻ പറഞ്ഞു.
3 ദൂതൻ എന്നോടു പറഞ്ഞു: “ഭൂമിയിൽ എല്ലായിടത്തേക്കും പോകുന്ന ശാപമാണ് ഇത്. കാരണം, മോഷ്ടിച്ചവർക്ക് ആർക്കും+ അതിന്റെ ഒരു വശത്ത് എഴുതിയിരിക്കുന്ന ശിക്ഷ ലഭിച്ചില്ല. ആണയിട്ടവർക്ക് ആർക്കും+ അതിന്റെ മറുവശത്ത് എഴുതിയിരിക്കുന്ന ശിക്ഷ ലഭിച്ചില്ല.
4 ‘ഞാനാണ് അത് അയച്ചത്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു. ‘അതു കള്ളന്റെയും എന്റെ നാമത്തിൽ കള്ളസത്യം ചെയ്യുന്നവന്റെയും വീട്ടിൽ പ്രവേശിക്കും. അത് ആ വീട്ടിൽത്തന്നെ ഇരുന്ന് ആ വീടും അതിന്റെ കല്ലുകളും തടികളും വിഴുങ്ങിക്കളയും.’”
5 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൂതൻ മുന്നോട്ടു വന്ന് എന്നോടു പറഞ്ഞു: “എന്താണ് ആ പോകുന്നതെന്നു നോക്കൂ.”
6 “എന്താണ് അത്,” ഞാൻ ചോദിച്ചു.
ദൂതൻ പറഞ്ഞു: “ആ പോകുന്നത് ഒരു അളവുപാത്രമാണ്.”* ദൂതൻ തുടർന്നു: “ഭൂമിയിൽ എല്ലായിടത്തും അവരുടെ രൂപം ഇതാണ്.”
7 അതിന്റെ ഈയംകൊണ്ടുള്ള വട്ടത്തിലുള്ള അടപ്പ് ഉയർത്തുന്നതു ഞാൻ കണ്ടു. ആ പാത്രത്തിന് അകത്ത് ഒരു സ്‌ത്രീ ഇരിപ്പുണ്ടായിരുന്നു.
8 ദൂതൻ പറഞ്ഞു: “ഇവളുടെ പേരാണു ദുഷ്ടത.” ദൂതൻ അവളെ തിരികെ അളവുപാത്രത്തിലേക്ക് ഇട്ടിട്ട് ഈയക്കട്ടികൊണ്ട് അത് അടച്ചുവെച്ചു.
9 പിന്നെ ഞാൻ നോക്കിയപ്പോൾ രണ്ടു സ്ത്രീകൾ കാറ്റത്ത് പറന്നുവരുന്നതു കണ്ടു. അവർക്കു കൊക്കിന്റേതുപോലുള്ള ചിറകുകളുണ്ടായിരുന്നു. അവർ ആ അളവുപാത്രം ആകാശത്തേക്ക്* ഉയർത്തി.
10 എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ഞാൻ ചോദിച്ചു: “അവർ ആ അളവുപാത്രം എങ്ങോട്ടാണു കൊണ്ടുപോകുന്നത്?”
11 ദൂതൻ പറഞ്ഞു: “അവൾക്ക് ഒരു വീടു പണിയാൻ ശിനാർ* ദേശത്തേക്കു+ കൊണ്ടുപോകുകയാണ്. പണി പൂർത്തിയായാൽ അവളെ അവൾ ഇരിക്കേണ്ടിടത്ത് വെക്കും.”
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഏഫായാണ്.” ഒരു ഏഫാ അളന്നെടുക്കാൻ ഉപയോഗിക്കുന്ന കുട്ടയോ പാത്രമോ ആയിരിക്കാം ഇത്. ഒരു ഏഫാ = 22 ലി. അനു. ബി14 കാണുക.
^ അക്ഷ. “ആകാശത്തിനും ഭൂമിക്കും ഇടയിലേക്ക്.”
^ അതായത്, ബാബിലോണിയ.