സെഖര്യ 6:1-15
6 പിന്നെ ഞാൻ നോക്കിയപ്പോൾ ചെമ്പുകൊണ്ടുള്ള രണ്ടു പർവതങ്ങൾക്കിടയിൽനിന്ന് നാലു രഥങ്ങൾ വരുന്നതു കണ്ടു.
2 ആദ്യത്തെ രഥത്തിൽ ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിൽ കറുത്ത കുതിരകളെയും+
3 മൂന്നാമത്തെ രഥത്തിൽ വെള്ളക്കുതിരകളെയും നാലാമത്തെ രഥത്തിൽ പുള്ളികളും കലകളും ഉള്ള കുതിരകളെയും കെട്ടിയിരുന്നു.+
4 “യജമാനനേ, എന്താണ് ഇവയൊക്കെ” എന്നു ഞാൻ എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ദൈവദൂതനോടു ചോദിച്ചു.
5 ദൂതൻ പറഞ്ഞു: “മുഴുഭൂമിയുടെയും നാഥന്റെ മുന്നിൽ ഹാജരായിട്ട് വരുന്ന സ്വർഗത്തിലെ+ നാല് ആത്മവ്യക്തികളാണ് ഇവ.+
6 കറുത്ത കുതിരകളെ കെട്ടിയിരിക്കുന്ന രഥം വടക്കേ ദേശത്തേക്കാണു പോകുന്നത്.+ വെള്ളക്കുതിരകൾ കടലിന് അക്കരയ്ക്കും പുള്ളികളുള്ളവ തെക്കേ ദേശത്തേക്കും പോകുന്നു.
7 കലകളുള്ളവ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിക്കാൻ വെമ്പൽകൊണ്ടു.” ദൂതൻ തുടർന്നു: “പോകൂ, ഭൂമി മുഴുവൻ സഞ്ചരിക്കൂ.” അവ ഭൂമിയിലൂടെ സഞ്ചരിക്കാൻ തുടങ്ങി.
8 ദൂതൻ എന്നോട് ഉറക്കെ വിളിച്ചുപറഞ്ഞു: “ഇതാ, വടക്കേ ദേശത്തേക്കു പോകുന്നവ, യഹോവയുടെ ആത്മാവ് അവിടെ ശാന്തമാകാൻ ഇടവരുത്തിയിരിക്കുന്നു.”
9 വീണ്ടും എനിക്ക് യഹോവയിൽനിന്ന് ഒരു സന്ദേശം ലഭിച്ചു:
10 “പ്രവാസത്തിൽ കഴിയുന്ന ജനത്തിന്റെ കൈയിൽനിന്ന് ഹെൽദായിയും തോബിയയും യദയയും വാങ്ങിക്കൊണ്ടുവന്നത് അവരിൽനിന്ന് വാങ്ങുക. ബാബിലോണിൽനിന്ന് വന്ന ഈ പുരുഷന്മാരോടൊപ്പം അന്നുതന്നെ നീ സെഫന്യയുടെ മകനായ യോശിയയുടെ വീട്ടിലേക്കു പോകണം.
11 നീ സ്വർണവും വെള്ളിയും എടുത്ത് ഒരു കിരീടം* ഉണ്ടാക്കി അതു മഹാപുരോഹിതനായ യഹോസാദാക്കിന്റെ മകൻ യോശുവയുടെ+ തലയിൽ വെക്കണം.
12 എന്നിട്ട് അവനോടു പറയുക:
“‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “നാമ്പ് എന്നു പേരുള്ള മനുഷ്യൻ ഇതാ.+ അവൻ തന്റെ സ്ഥലത്തുനിന്ന് നാമ്പിടും, അവൻ യഹോവയുടെ ആലയം പണിയും.+
13 അവനായിരിക്കും യഹോവയുടെ ആലയം പണിയുന്നത്. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാസനത്തിൽ ഇരുന്ന് ഭരിക്കും. അവൻ സിംഹാസനത്തിൽ ഇരുന്ന് ഒരു പുരോഹിതനായും സേവിക്കും.+ അവ തമ്മിൽ* സമാധാനപരമായ കരാറുണ്ടായിരിക്കും.
14 ഹേലെമിന്റെയും തോബിയയുടെയും യദയയുടെയും+ സെഫന്യയുടെ മകനായ ഹേനിന്റെയും സ്മാരകമായി ആ കിരീടം* യഹോവയുടെ ആലയത്തിലുണ്ടായിരിക്കും.
15 ദൂരെയുള്ളവർ വന്ന് യഹോവയുടെ ആലയം പണിയാൻ സഹായിക്കും.” എന്നെ നിങ്ങളുടെ അടുത്ത് അയച്ചതു സൈന്യങ്ങളുടെ അധിപനായ യഹോവയാണെന്നു നിങ്ങൾ അറിയും. നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കുകൾ അനുസരിക്കുന്നതിൽ വീഴ്ച വരുത്താതിരുന്നാൽ അങ്ങനെ സംഭവിക്കും.’”
അടിക്കുറിപ്പുകള്
^ അഥവാ “വിശിഷ്ടകിരീടം.”
^ അതായത്, ഭരണാധികാരി എന്ന സ്ഥാനവും പുരോഹിതൻ എന്ന സ്ഥാനവും തമ്മിൽ.
^ അഥവാ “വിശിഷ്ടകിരീടം.”