സെഖര്യ 7:1-14
7 ദാര്യാവേശ് രാജാവിന്റെ നാലാം വർഷം ഒൻപതാം മാസമായ കിസ്ലേവ്* മാസം നാലാം തീയതി സെഖര്യക്ക്+ യഹോവയുടെ സന്ദേശം ലഭിച്ചു.
2 യഹോവയുടെ കരുണയ്ക്കുവേണ്ടി അപേക്ഷിക്കാൻ ബഥേലിലെ ആളുകൾ ശരേസെരിനെയും രേഗെം-മേലെക്കിനെയും അദ്ദേഹത്തിന്റെ ആളുകളെയും അയച്ചു.
3 അവർ പ്രവാചകന്മാരോടും സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ഭവനത്തിലെ* പുരോഹിതന്മാരോടും പറഞ്ഞു: “അനേകം വർഷങ്ങളായി ഞാൻ ചെയ്തുവരുന്നതുപോലെ ഈ അഞ്ചാം മാസവും ഞാൻ വിലപിക്കുകയും+ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യണോ?”
4 വീണ്ടും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം ലഭിച്ചു:
5 “ദേശത്തെ എല്ലാ ജനങ്ങളോടും പുരോഹിതന്മാരോടും പറയുക: ‘നിങ്ങൾ 70 വർഷക്കാലം+ അഞ്ചാം മാസവും ഏഴാം മാസവും+ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തപ്പോൾ ശരിക്കും എനിക്കുവേണ്ടിയാണോ നിങ്ങൾ ഉപവസിച്ചത്?
6 നിങ്ങൾ കഴിക്കുകയും കുടിക്കുകയും ചെയ്തപ്പോഴും നിങ്ങൾ നിങ്ങൾക്കുവേണ്ടിയല്ലേ അതു ചെയ്‌തത്?
7 യരുശലേമിലും ചുറ്റുമുള്ള നഗരങ്ങളിലും ആൾപ്പാർപ്പും സമാധാനവും ഉണ്ടായിരുന്ന കാലത്ത്, നെഗെബിലും ഷെഫേലയിലും ജനവാസമുണ്ടായിരുന്ന കാലത്ത്, യഹോവ പണ്ടത്തെ പ്രവാചകന്മാരിലൂടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അനുസരിക്കേണ്ടതല്ലേ?’”+
8 സെഖര്യക്കു വീണ്ടും യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു:
9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നീതിയോടെ വിധിക്കുക,+ അചഞ്ചലസ്‌നേഹത്തോടും+ കരുണയോടും കൂടെ ഇടപെടുക.
10 വിധവയെയോ അനാഥനെയോ,* വിദേശിയെയോ+ ദരിദ്രനെയോ+ വഞ്ചിക്കരുത്.+ മറ്റൊരുവന് എതിരെ ഹൃദയത്തിൽ ദുഷ്ടപദ്ധതികൾ മനയരുത്.’+
11 എന്നാൽ അവർ വീണ്ടുംവീണ്ടും അനുസരണക്കേടു കാണിച്ചു;+ ശാഠ്യത്തോടെ പുറംതിരിഞ്ഞു;+ കേൾക്കാതിരിക്കാൻ അവർ അവരുടെ ചെവികൾ പൊത്തിക്കളഞ്ഞു.+
12 അവർ അവരുടെ ഹൃദയം വജ്രംപോലെയാക്കി.*+ സൈന്യങ്ങളുടെ അധിപനായ യഹോവ തന്റെ ആത്മാവിനെ ഉപയോഗിച്ച് പണ്ടത്തെ പ്രവാചകന്മാരിലൂടെ നൽകിയ നിയമവും* കല്പനകളും അവർ അനുസരിച്ചില്ല.+ അതുകൊണ്ട് സൈന്യങ്ങളുടെ അധിപനായ യഹോവ ഉഗ്രമായി കോപിച്ചു.”+
13 “‘ഞാൻ* വിളിച്ചപ്പോൾ അവർ കേൾക്കാതിരുന്നതുപോലെ+ അവർ വിളിച്ചപ്പോൾ ഞാനും കേട്ടില്ല’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
14 ‘ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് ഞാൻ അവരെ അവർക്ക് അറിയില്ലാത്ത രാജ്യങ്ങളിലേക്കു ചിതറിച്ചു.+ അവർ പോയിക്കഴിഞ്ഞപ്പോൾ ദേശം വിജനമായി കിടന്നു. ആരും അതുവഴി പോകുകയോ അവിടേക്കു തിരിച്ചുവരുകയോ ചെയ്‌തില്ല.+ അവർ അവരുടെ മനോഹരമായ ദേശം ആളുകൾ പേടിക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”
അടിക്കുറിപ്പുകള്‍
^ അഥവാ “ആലയത്തിലെ.”
^ അഥവാ “പിതാവില്ലാത്ത കുട്ടിയെയോ.”
^ മറ്റൊരു സാധ്യത “കടുപ്പമേറിയ കല്ലുപോലെയാക്കി.”
^ അക്ഷ. “അവൻ.”