സെഖര്യ 8:1-23
8 പിന്നെയും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം ലഭിച്ചു:
2 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘സീയോനെപ്രതിയുള്ള തീക്ഷ്ണതയാൽ ഞാൻ ജ്വലിക്കുന്നു.+ ഞാൻ അവൾക്കുവേണ്ടി ഉഗ്രകോപത്തോടെ തീക്ഷ്ണത കാണിക്കും.’”
3 “യഹോവ പറയുന്നു: ‘ഞാൻ സീയോനിലേക്കു തിരിച്ചുവന്ന്+ യരുശലേമിൽ വസിക്കും.+ യരുശലേം സത്യത്തിന്റെ* നഗരം എന്നും,+ സൈന്യങ്ങളുടെ അധിപനായ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും അറിയപ്പെടും.’”+
4 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘യരുശലേമിലെ പൊതുസ്ഥലങ്ങളിൽ* വീണ്ടും പ്രായമായ സ്ത്രീകളും പുരുഷന്മാരും ഇരിക്കും. പ്രായം ഏറെയുള്ളതുകൊണ്ട് അവർ കൈയിൽ വടി പിടിച്ചിട്ടുണ്ടായിരിക്കും.+
5 നഗരത്തിലെ പൊതുസ്ഥലങ്ങളിലെല്ലാം* ധാരാളം ആൺകുട്ടികളും പെൺകുട്ടികളും കളിച്ചുനടക്കും.’”+
6 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘അന്ന് ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്ക് അതു സംഭവിക്കില്ലെന്നു തോന്നിയേക്കാം. എന്നാൽ എനിക്കു കഴിയാത്ത ഒരു കാര്യമാണോ അത്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു.”
7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇതാ ഞാൻ എന്റെ ജനത്തെ കിഴക്കും പടിഞ്ഞാറും ഉള്ള ദേശങ്ങളിൽനിന്ന്* രക്ഷിക്കുന്നു.+
8 ഞാൻ അവരെ കൊണ്ടുവന്ന് യരുശലേമിൽ താമസിപ്പിക്കും.+ അവർ എന്റെ ജനമായിത്തീരും. ഞാൻ അവർക്കു സത്യവും* നീതിയും ഉള്ള ദൈവമായിരിക്കും.’”+
9 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘പ്രവാചകന്മാരുടെ വായിൽനിന്ന് വരുന്ന ഈ വാക്കുകൾ കേൾക്കുന്നവരേ,+ ധൈര്യമായിരിക്കുക.*+ ദേവാലയം പണിയാനായി യഹോവയുടെ ഭവനത്തിന്റെ അടിസ്ഥാനം സ്ഥാപിച്ച ദിവസവും ഇതേ വാക്കുകൾതന്നെ മുഴങ്ങിയിരുന്നു.
10 അതിനു മുമ്പ് മനുഷ്യനോ മൃഗത്തിനോ കൂലി ലഭിച്ചിരുന്നില്ല.+ ശത്രു നിമിത്തം, അങ്ങോട്ടു വരുന്നതും പോകുന്നതും സുരക്ഷിതമായിരുന്നില്ല. ഞാൻ മനുഷ്യരെയെല്ലാം പരസ്പരം തെറ്റിച്ചിരുന്നു.’
11 “‘എന്നാൽ മുൻകാലങ്ങളിൽ ഇടപെട്ടതുപോലെയായിരിക്കില്ല ഇനി ഞാൻ ജനത്തിൽ ശേഷിക്കുന്നവരോട് ഇടപെടുന്നത്’+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.
12 ‘അവർ സമാധാനത്തിന്റെ വിത്തു വിതയ്ക്കും; മുന്തിരിവള്ളിയിൽ മുന്തിരി ഉണ്ടാകും; ഭൂമി വിളവ് തരും;+ ആകാശം മഞ്ഞു പെയ്യിക്കും. ഈ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ഞാൻ ഇതെല്ലാം അവകാശമായി കൊടുക്കും.+
13 യഹൂദാഗൃഹമേ, ഇസ്രായേൽഗൃഹമേ, ജനതകൾക്കിടയിൽ നിങ്ങൾ ശപിക്കപ്പെട്ടവരായിരുന്നു.+ എന്നാൽ ഞാൻ നിങ്ങളെ രക്ഷിച്ച് ഒരു അനുഗ്രഹമാക്കും.+ പേടിക്കേണ്ടാ,+ ധൈര്യമായിരിക്കുക.’*+
14 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘“നിങ്ങളുടെ പൂർവികർ എന്നെ ദേഷ്യം പിടിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെ മേൽ ആപത്തു വരുത്താൻ തീരുമാനിച്ചു, അത് ഓർത്ത് എനിക്കു ഖേദം തോന്നിയില്ല”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
15 “അതുപോലെ ഇപ്പോൾ ഞാൻ യരുശലേമിനും യഹൂദാഗൃഹത്തിനും നന്മ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.+ അതുകൊണ്ട് പേടിക്കേണ്ടാ!”’+
16 “‘നിങ്ങൾ ഇങ്ങനെ ചെയ്യണം: പരസ്പരം സത്യം പറയുക;+ നഗരകവാടത്തിലെ നിങ്ങളുടെ വിധികൾ സത്യസന്ധവും സമാധാനം വളർത്തുന്നതും ആയിരിക്കട്ടെ.+
17 മറ്റൊരുവനെ ദ്രോഹിക്കാൻ ഹൃദയത്തിൽ പദ്ധതിയിടരുത്.+ കള്ളസത്യം ചെയ്യാൻ ഇഷ്ടം തോന്നരുത്.+ കാരണം, ഇവ ഞാൻ വെറുക്കുന്നു’+ എന്ന് യഹോവ പറയുന്നു.”
18 വീണ്ടും എനിക്കു സൈന്യങ്ങളുടെ അധിപനായ യഹോവയിൽനിന്ന് സന്ദേശം ലഭിച്ചു:
19 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘നാലാം മാസത്തെ ഉപവാസവും+ അഞ്ചാം മാസത്തെ ഉപവാസവും+ ഏഴാം മാസത്തെ ഉപവാസവും+ പത്താം മാസത്തെ ഉപവാസവും+ യഹൂദാഗൃഹത്തിനു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും വേളകളായിരിക്കും.+ അവ ആഹ്ലാദം നിറഞ്ഞ ഉത്സവങ്ങളായിരിക്കും. അതുകൊണ്ട് സത്യത്തെയും സമാധാനത്തെയും സ്നേഹിക്കുക.’
20 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ജനങ്ങളും പല നഗരങ്ങളിൽനിന്നുള്ളവരും തീർച്ചയായും വരും.
21 ഒരു നഗരത്തിലുള്ളവർ മറ്റൊരു നഗരത്തിലേക്കു ചെന്ന് ഇങ്ങനെ പറയും: “നമുക്കു പോയി യഹോവയുടെ കരുണയ്ക്കുവേണ്ടി ആത്മാർഥമായി യാചിക്കാം; സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിക്കാം. ഇതാ, ഞാനും പോകുകയാണ്.”+
22 സൈന്യങ്ങളുടെ അധിപനായ യഹോവയെ അന്വേഷിക്കാനും+ യഹോവയുടെ കരുണയ്ക്കുവേണ്ടി യാചിക്കാനും ആയി അനേകം ആളുകളും ശക്തരായ രാജ്യങ്ങളും യരുശലേമിൽ വരും.’
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘അന്നു ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ+ ഒരു ജൂതന്റെ വസ്ത്രത്തിൽ* പിടിച്ച്, അതിൽ മുറുകെ പിടിച്ച്, ഇങ്ങനെ പറയും: “ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു+ ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.”’”+
അടിക്കുറിപ്പുകള്
^ അഥവാ “വിശ്വസ്തതയുടെ.”
^ അഥവാ “പൊതുചത്വരങ്ങളിൽ.”
^ അഥവാ “പൊതുചത്വരങ്ങളിലെല്ലാം.”
^ അഥവാ “സൂര്യോദയത്തിന്റെ ദേശത്തുനിന്നും സൂര്യാസ്തമയത്തിന്റെ ദേശത്തുനിന്നും.”
^ അഥവാ “വിശ്വസ്തതയും.”
^ അഥവാ “നിങ്ങളുടെ കൈകൾ ശക്തമായിരിക്കട്ടെ.”
^ അഥവാ “നിങ്ങളുടെ കൈകൾ ശക്തമായിരിക്കട്ടെ.”
^ അഥവാ “വസ്ത്രത്തിന്റെ അറ്റത്ത്.”