സെഖര്യ 9:1-17
9 ഒരു പ്രഖ്യാപനം:
“യഹോവയുടെ വാക്കുകൾ ഹദ്രാക്ക് ദേശത്തിന് എതിരെ തിരിഞ്ഞിരിക്കുന്നു;ദമസ്കൊസിനെ അതു ലക്ഷ്യം വെച്ചിരിക്കുന്നു;*+—യഹോവയുടെ കണ്ണുകൾ മനുഷ്യവർഗത്തെയും+ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളെയും നിരീക്ഷിക്കുന്നല്ലോ.—
2 അവളുടെ അതിർത്തിയിലുള്ള ഹമാത്തിനു+ നേരെയും അതു വന്നിരിക്കുന്നു;സോരും+ സീദോനും+ വലിയ ജ്ഞാനികളായതുകൊണ്ട്+ അവർക്കു നേരെയും അതു തിരിഞ്ഞിരിക്കുന്നു.
3 സോർ ഒരു പ്രതിരോധമതിൽ* പണിതു;
അവൾ മണൽപോലെ വെള്ളി കുന്നുകൂട്ടി;തെരുവിലെ ചെളിപോലെ സ്വർണം വാരിക്കൂട്ടി.+
4 യഹോവ അവളുടെ സമ്പത്ത് ഇല്ലാതാക്കും;അവളുടെ സൈന്യത്തെ തോൽപ്പിച്ച് കടലിൽ തള്ളും;*+അവളെ തീയിട്ട് നശിപ്പിക്കും.+
5 അസ്കലോൻ അതു കണ്ട് പേടിച്ചുപോകും;ഗസ്സയ്ക്കു വല്ലാത്ത പരിഭ്രമം തോന്നും;എക്രോൻ പ്രതീക്ഷ വെച്ചിരുന്നവൾ നാണംകെട്ടുപോയതിനാൽ എക്രോനും ഭയപ്പെടും.
ഗസ്സയിലെ ഒരു രാജാവ് നശിച്ചുപോകും;അസ്കലോനിൽ ആൾപ്പാർപ്പുണ്ടാകില്ല.+
6 അവിഹിതബന്ധത്തിൽ ജനിച്ച ഒരുവൻ അസ്തോദിൽ താമസമാക്കും;ഫെലിസ്ത്യന്റെ അഹങ്കാരം ഞാൻ ഇല്ലാതാക്കും.+
7 ഞാൻ അവന്റെ വായിൽനിന്ന് രക്തക്കറ പുരണ്ട വസ്തുക്കളുംഅവന്റെ പല്ലുകൾക്കിടയിൽനിന്ന് അറപ്പുളവാക്കുന്ന സാധനങ്ങളും നീക്കിക്കളയും.നമ്മുടെ ദൈവത്തിനായി അവൻ ബാക്കിയാകും;അവൻ യഹൂദയിൽ ഒരു പ്രഭുവിനെപ്പോലെയായിത്തീരും;*+എക്രോനിലുള്ളവർ യബൂസ്യരെപ്പോലെയാകും.+
8 ഞാൻ ഒരു കാവൽക്കാരനെപ്പോലെ* എന്റെ ഭവനത്തിനുവേണ്ടി കൂടാരം അടിച്ച് കഴിയും;+ആരും അവിടേക്കു വരാതെയും അവിടെനിന്ന് പോകാതെയും ഞാൻ നോക്കും.ഞാൻ അത്* എന്റെ കണ്ണുകൊണ്ട് കണ്ടിരിക്കുന്നു;+അവരെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ ആരും* ഇനി അതുവഴി പോകില്ല.
9 സീയോൻപുത്രീ, സന്തോഷിച്ചാർക്കുക.
യരുശലേംപുത്രീ, ജയഘോഷം മുഴക്കുക.
ഇതാ, നിന്റെ രാജാവ് വരുന്നു.+
അവൻ നീതിമാൻ, അവൻ രക്ഷ നൽകുന്നു;*അവൻ താഴ്മയോടെ+ കഴുതപ്പുറത്ത് വരുന്നു;കഴുതക്കുട്ടിയുടെ,* പെൺകഴുതയുടെ കുട്ടിയുടെ, പുറത്ത് കയറി വരുന്നു.+
10 ഞാൻ എഫ്രയീമിൽനിന്ന് യുദ്ധരഥങ്ങളെയുംയരുശലേമിൽനിന്ന് കുതിരകളെയും നീക്കിക്കളയും;
യോദ്ധാക്കളുടെ വില്ല് എടുത്തുമാറ്റും.
അവൻ ജനതകളോടു സമാധാനം ഘോഷിക്കും;+അവൻ സമുദ്രംമുതൽ സമുദ്രംവരെയുംനദിമുതൽ* ഭൂമിയുടെ അറ്റംവരെയും ഭരിക്കും.+
11 സ്ത്രീയേ, നിന്റെ ഉടമ്പടിയുടെ രക്തത്താൽഞാൻ നിന്റെ തടവുകാരെ വെള്ളമില്ലാത്ത കുഴികളിൽനിന്ന് സ്വതന്ത്രരാക്കും.+
12 പ്രത്യാശയോടെ കഴിയുന്ന തടവുകാരേ, കോട്ടയിലേക്കു തിരിച്ചുപോകുക.+
ഞാൻ ഇന്നു നിന്നോടു പറയുന്നു:‘സ്ത്രീയേ, ഞാൻ നിനക്കു പ്രതിഫലം തരും, ഇരട്ടി പങ്കു തരും.+
13 ഞാൻ എന്റെ വില്ലുപോലെ യഹൂദയെ വളയ്ക്കും.*
ആ വില്ലിൽ ഞാൻ എഫ്രയീമിനെ ഒരു അമ്പുപോലെ വെക്കും.സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തും,ഗ്രീസേ, നിന്റെ പുത്രന്മാർക്കെതിരെ ഞാൻ അവരെ ഉണർത്തും.ഞാൻ നിന്നെ ഒരു പടയാളിയുടെ വാൾപ്പോലെയാക്കും.’
14 അവരുടെ മീതെ യഹോവയെ കാണാനാകും;ദൈവത്തിന്റെ അമ്പു മിന്നൽപോലെ പായും.
പരമാധികാരിയായ യഹോവ കൊമ്പു വിളിക്കും;+തെക്കുനിന്നുള്ള കൊടുങ്കാറ്റുമായി മുന്നേറും.
15 സൈന്യങ്ങളുടെ അധിപനായ യഹോവ അവർക്കുവേണ്ടി പോരാടും;അവർ കവണക്കല്ലുകൾ വിഴുങ്ങും, അവയെ കീഴടക്കും.+
അവർ കുടിക്കും, വീഞ്ഞു കുടിച്ചവരെപ്പോലെ ബഹളം ഉണ്ടാക്കും;അവർ യാഗപീഠത്തിന്റെ മൂലകൾപോലെ,+അവിടത്തെ പാത്രംപോലെ, നിറഞ്ഞിരിക്കും.
16 ഒരു ഇടയൻ ആട്ടിൻപറ്റത്തെ രക്ഷിക്കുന്നതുപോലെഅന്ന് അവരുടെ ദൈവമായ യഹോവ അവരെ രക്ഷിക്കും.+കിരീടത്തിലെ രത്നങ്ങൾപോലെ അവർ ദൈവത്തിന്റെ മണ്ണിൽ തിളങ്ങും.+
17 ദൈവത്തിന്റെ നന്മ എത്ര വലുത്!+ദൈവത്തിന്റെ സൗന്ദര്യം എത്ര ശ്രേഷ്ഠം!
ധാന്യം ചെറുപ്പക്കാർക്കുംപുതുവീഞ്ഞു കന്യകമാർക്കും ശക്തി പകരും.”+
അടിക്കുറിപ്പുകള്
^ അക്ഷ. “ദമസ്കൊസാണ് അതിന്റെ വിശ്രമസ്ഥലം.”
^ അഥവാ “കോട്ട.”
^ മറ്റൊരു സാധ്യത “അവളുടെ സൈന്യത്തെ കടലിൽവെച്ച് തോൽപ്പിക്കും.”
^ അഥവാ “ഷെയ്ഖിനെപ്പോലെയായിത്തീരും.” ഷെയ്ഖുമാർ ഗോത്രാധിപന്മാരായിരുന്നു.
^ അഥവാ “മർദകർ ആരും.”
^ തെളിവനുസരിച്ച് ദൈവജനത്തിന്റെ ദുരിതങ്ങൾ.
^ അഥവാ “കാവൽസേനയെപ്പോലെ.”
^ അഥവാ “അവൻ ജയം നേടിയിരിക്കുന്നു; അവൻ രക്ഷപ്പെട്ടിരിക്കുന്നു.”
^ അഥവാ “ആൺകഴുതയുടെ.”
^ അതായത്, യൂഫ്രട്ടീസ്.
^ അക്ഷ. “കെട്ടും.”