സെഫന്യ 3:1-20
3 ധിക്കാരിയും മലിനയും ആയ മർദകനഗരമേ, നിങ്ങളുടെ കാര്യം കഷ്ടംതന്നെ!+
2 അവൾ ആരുടെയും വാക്കുകൾ അനുസരിച്ചിട്ടില്ല,+ ആരുടെയും ശിക്ഷണം സ്വീകരിച്ചിട്ടില്ല.+
അവൾ യഹോവയിൽ ആശ്രയിച്ചില്ല,+ അവളുടെ ദൈവത്തോട് അടുത്തുചെന്നില്ല.+
3 അവളുടെ പ്രഭുക്കന്മാർ ഗർജിക്കുന്ന സിംഹങ്ങളാണ്.+
അവളുടെ ന്യായാധിപന്മാർ രാത്രിയിലെ ചെന്നായ്ക്കളാണ്;രാവിലെത്തേക്ക് ഒരു എല്ലുപോലും അവർ ബാക്കി വെക്കുന്നില്ല.
4 അവളുടെ പ്രവാചകന്മാർ ധിക്കാരികളും വഞ്ചകരും ആണ്.+
അവളുടെ പുരോഹിതന്മാർ വിശുദ്ധമായത് അശുദ്ധമാക്കുന്നു;+അവർ നിയമം* ലംഘിക്കുന്നു.+
5 അവളുടെ നടുവിൽ യഹോവ നീതിയോടെ പ്രവർത്തിക്കുന്നു,+ ദൈവം തെറ്റൊന്നും ചെയ്യുന്നില്ല.
എല്ലാ പ്രഭാതത്തിലും ദൈവം തന്റെ ന്യായവിധികൾ അറിയിക്കുന്നു.+അവ പകൽവെളിച്ചംപോലെ ആശ്രയയോഗ്യം.
എന്നാൽ നീതികെട്ടവനു നാണം എന്തെന്ന് അറിയില്ല.+
6 “ഞാൻ ജനതകളെ ഇല്ലാതാക്കി, അവരുടെ മതിലിന്റെ കോണിലുള്ള ഗോപുരങ്ങൾ ശൂന്യമാക്കി.
ഞാൻ അവരുടെ തെരുവുകൾ തകർത്തുകളഞ്ഞു, ആരും അതിലേ കടന്നുപോകുന്നില്ല.
അവരുടെ നഗരങ്ങൾ തകർന്നുകിടക്കുന്നു, അവിടെ ആരുമില്ല, ഒരു മനുഷ്യൻപോലും താമസിക്കുന്നില്ല.+
7 അവളുടെ താമസസ്ഥലം നശിച്ചുപോകാതിരിക്കാനായി,+
‘നീ എന്നെ ഭയപ്പെട്ട് എന്റെ ശിക്ഷണം* സ്വീകരിക്കണം’ എന്നു ഞാൻ പറഞ്ഞു.+അവൾ ചെയ്തതിനെല്ലാം ഞാൻ അവളോടു കണക്കു ചോദിക്കേണ്ടതല്ലേ?*
എന്നാൽ പണ്ടത്തേതിലും അധികം ദുഷ്ടത കാണിക്കാൻ അവർ വെമ്പൽകൊണ്ടു.+
8 ‘ഞാൻ കൊള്ളയടിക്കാനായി* എഴുന്നേൽക്കുന്ന ദിവസംവരെനീ എനിക്കായി കാത്തിരിക്കുക’*+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.‘ജനതകളെ കൂട്ടിവരുത്താനും രാജ്യങ്ങളെ വിളിച്ചുചേർക്കാനുംഎന്റെ ക്രോധം, എന്റെ ഉഗ്രകോപം മുഴുവൻ, അവരുടെ മേൽ ചൊരിയാനും ഞാൻ വിധി കല്പിച്ചിരിക്കുന്നു;+എന്റെ തീക്ഷ്ണത ഒരു തീപോലെ ഭൂമിയെ ദഹിപ്പിക്കും.+
9 ജനങ്ങളെല്ലാം യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്നതിനുംദൈവത്തെ തോളോടുതോൾ ചേർന്ന് സേവിക്കുന്നതിനും*ഞാൻ അപ്പോൾ അവരുടെ ഭാഷ മാറ്റി അവർക്കു ശുദ്ധമായ ഒരു ഭാഷ കൊടുക്കും.’+
10 എന്നെ വിളിച്ചപേക്ഷിക്കുന്നവർ, അതായത് ചിതറിപ്പോയ എന്റെ ജനത്തിന്റെ പുത്രി,എത്യോപ്യയിലെ നദികളുടെ പ്രദേശത്തുനിന്ന് എനിക്ക് ഒരു സമ്മാനം കൊണ്ടുവരും.+
11 നീ എന്നോട് അനേകം ധിക്കാരപ്രവൃത്തികൾ ചെയ്തെങ്കിലുംഅന്നു ഞാൻ നിന്നെ നാണംകെടുത്തില്ല.+വീമ്പിളക്കുന്ന അഹങ്കാരികളെ ഞാൻ നിന്റെ ഇടയിൽനിന്ന് നീക്കിക്കളയും;നീ ഇനി ഒരിക്കലും എന്റെ വിശുദ്ധപർവതത്തിൽ അഹങ്കാരം കാണിക്കില്ല.+
12 എളിമയും താഴ്മയും ഉള്ള ഒരു ജനത്തെ ഞാൻ നിനക്ക് ഇടയിൽ ശേഷിപ്പിക്കും;+അവർ യഹോവയുടെ നാമത്തിൽ അഭയം തേടും.
13 ഇസ്രായേലിന്റെ ശേഷിക്കുന്നവർ+ അനീതി കാണിക്കില്ല;+അവർ നുണയൊന്നും പറയില്ല, അവരുടെ വായിൽ വഞ്ചനയുള്ള നാവുണ്ടായിരിക്കില്ല;അവർ തിന്നിട്ട്* സുരക്ഷിതരായി കിടക്കും, ആരും അവരെ പേടിപ്പിക്കില്ല.”+
14 സീയോൻപുത്രീ, ആനന്ദിച്ചാർക്കുക!
ഇസ്രായേലേ, വിജയാഹ്ലാദം മുഴക്കുക!+
യരുശലേംപുത്രീ, നിറഞ്ഞ ഹൃദയത്തോടെ സന്തോഷിച്ചാനന്ദിക്കുക!+
15 യഹോവ നിനക്ക് എതിരെയുള്ള ന്യായവിധികൾ പിൻവലിച്ചിരിക്കുന്നു.+
ദൈവം നിന്റെ ശത്രുവിനെ തുരത്തിയിരിക്കുന്നു.+
ഇസ്രായേലിന്റെ രാജാവായ യഹോവ നിന്റെ നടുവിലുണ്ട്.+
ആപത്തു വരുമെന്ന പേടി ഇനി നിനക്കുണ്ടായിരിക്കില്ല.+
16 അന്ന് യരുശലേമിനോട് ഇങ്ങനെ പറയും:
“സീയോനേ, പേടിക്കേണ്ടാ.+
നിന്റെ കൈകൾ തളരരുത്.
17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+
ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും,
നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+
ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,*
സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.
18 നിന്റെ ഉത്സവങ്ങൾക്കു വരാനാകാതെ ദുഃഖിച്ചിരിക്കുന്നവരെ ഞാൻ കൂട്ടിച്ചേർക്കും;+അവൾക്കുവേണ്ടി അപമാനഭാരം പേറിയിരുന്നതിനാലാണ് അവർ വരാതിരുന്നത്.+
19 നിന്നെ അടിച്ചമർത്തുന്ന എല്ലാവർക്കും എതിരെ ഞാൻ അന്നു നടപടിയെടുക്കും;+മുടന്തിനടക്കുന്നവളെ ഞാൻ രക്ഷിക്കും,+ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും.+
അവർക്കു നാണക്കേട് ഉണ്ടായ ദേശങ്ങളിലെല്ലാംഞാൻ അവർക്കു സ്തുതിയും കീർത്തിയും* നൽകും.
20 അന്നു ഞാൻ നിങ്ങളെ കൊണ്ടുവരും;അന്നു ഞാൻ നിങ്ങളെ കൂട്ടിച്ചേർക്കും.
ബന്ദികളായി കഴിഞ്ഞവരെ നിങ്ങളുടെ കൺമുന്നിൽ ഞാൻ തിരിച്ചുകൊണ്ടുവരുമ്പോൾ,+ഭൂമിയിലെ ജനങ്ങളെല്ലാം നിങ്ങൾക്കു സ്തുതിയും കീർത്തിയും നൽകാൻ ഞാൻ ഇടയാക്കും”+ എന്ന് യഹോവ പറയുന്നു.
അടിക്കുറിപ്പുകള്
^ അഥവാ “തിരുത്തൽ.”
^ അഥവാ “അവളെ ശിക്ഷിക്കേണ്ടതല്ലേ?”
^ മറ്റൊരു സാധ്യത “സാക്ഷിയായി.”
^ അഥവാ “ക്ഷമയോടെ എന്നെ പ്രതീക്ഷിച്ചിരിക്കുക.”
^ അഥവാ “ഐക്യത്തോടെ ആരാധിക്കുന്നതിനും.”
^ അഥവാ “മേഞ്ഞിട്ട്.”
^ അഥവാ “സ്വസ്ഥനായിരിക്കും; സംതൃപ്തനാകും.”
^ അക്ഷ. “പേരും.”