ഹഗ്ഗായി 1:1-15
1 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം, ആറാം മാസം, ഒന്നാം ദിവസം യഹൂദയിലെ ഗവർണറും ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിനും+ യഹോസാദാക്കിന്റെ മകനായ യോശുവ എന്ന മഹാപുരോഹിതനും ഹഗ്ഗായിയിലൂടെ*+ യഹോവയിൽനിന്ന് ലഭിച്ച സന്ദേശം:
2 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘“യഹോവയുടെ ഭവനം* പണിയാനുള്ള* സമയം ഇനിയും ആയിട്ടില്ല” എന്നാണ് ഈ ജനം പറയുന്നത്.’”+
3 ഹഗ്ഗായി പ്രവാചകന് യഹോവയിൽനിന്ന് വീണ്ടും സന്ദേശം ലഭിച്ചു:+
4 “എന്റെ ഭവനം ഇങ്ങനെ തകർന്നുകിടക്കുമ്പോഴാണോ+ നിങ്ങൾ തടിപ്പലകകൾകൊണ്ട് അലങ്കരിച്ച വീടുകളിൽ കഴിയുന്നത്?
5 അതുകൊണ്ട് സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിങ്ങളുടെ വഴികളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക.*
6 നിങ്ങൾ കുറെയേറെ വിത്തു വിതച്ചു, പക്ഷേ കൊയ്തതോ കുറച്ച് മാത്രം.+ നിങ്ങൾ തിന്നുന്നു, പക്ഷേ തൃപ്‌തി വരുന്നില്ല. നിങ്ങൾ കുടിക്കുന്നു, പക്ഷേ മതിവരുന്നില്ല. നിങ്ങൾ വസ്‌ത്രം ധരിക്കുന്നു, പക്ഷേ ചൂടു കിട്ടുന്നില്ല. കൂലിപ്പണിക്കാരൻ കൂലി ഓട്ടസഞ്ചിയിൽ ഇടുന്നു.’”
7 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു, ‘നിങ്ങളുടെ വഴികളെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുക.’*
8 “‘മലയിൽ പോയി തടി കൊണ്ടുവന്ന്+ എന്റെ ഭവനം പണിയൂ.+ അപ്പോൾ ഞാൻ പ്രസാദിക്കും, എനിക്കു മഹത്ത്വം ലഭിക്കും’+ എന്ന് യഹോവ പറയുന്നു.”
9 “‘നിങ്ങളുടെ പ്രതീക്ഷകൾ വലുതാണ്, എന്നാൽ ലഭിക്കുന്നതോ കുറച്ച് മാത്രം. നിങ്ങൾ അതു വീട്ടിലേക്കു കൊണ്ടുവരുമ്പോൾ ഞാൻ അത് ഊതി പറപ്പിച്ചുകളയും.+ കാരണം എന്താണ്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ ചോദിക്കുന്നു. ‘എന്റെ ഭവനം നശിച്ചുകിടക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും സ്വന്തം വീടുകൾ മോടി പിടിപ്പിക്കാനായി പരക്കം പായുകയല്ലേ?+
10 അതുകൊണ്ടാണ് ആകാശം മഞ്ഞുകണങ്ങൾ പൊഴിക്കാതായത്, ഭൂമി അതിന്റെ ഫലം തരാതായത്.
11 ഞാൻ ഭൂമിയുടെ മേലും പർവതങ്ങളുടെ മേലും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും നിലത്ത് വളരുന്ന എല്ലാത്തിന്റെയും മേലും മനുഷ്യരുടെയും മൃഗങ്ങളുടെയും നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനത്തിന്റെയും മേലും വരൾച്ച വരുത്തി.’”
12 ശെയൽതീയേലിന്റെ+ മകൻ സെരുബ്ബാബേലും+ യഹോസാദാക്കിന്റെ+ മകൻ യോശുവ മഹാപുരോഹിതനും ബാക്കിയെല്ലാവരും അവരുടെ ദൈവമായ യഹോവയുടെയും ഹഗ്ഗായി പ്രവാചകന്റെയും വാക്കുകൾക്ക് അതീവശ്രദ്ധ കൊടുത്തു. കാരണം പ്രവാചകനെ അയച്ചത് യഹോവയായിരുന്നു. അങ്ങനെ യഹോവ നിമിത്തം ജനം ഭയഭക്തിയുള്ളവരായി.
13 അപ്പോൾ യഹോവയുടെ സന്ദേശവാഹകനായ ഹഗ്ഗായി യഹോവയിൽനിന്ന് തനിക്കു ലഭിച്ച നിയോഗമനുസരിച്ച് ജനത്തിന് ഈ സന്ദേശം നൽകി: “‘ഞാൻ നിങ്ങളോടൊപ്പമുണ്ട്’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”
14 അതുകൊണ്ട് യഹോവ യഹൂദയുടെ ഗവർണറും+ ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിന്റെയും യഹോസാദാക്കിന്റെ മകനായ യോശുവ+ എന്ന മഹാപുരോഹിതന്റെയും ബാക്കിയെല്ലാവരുടെയും മനസ്സ് ഉണർത്തി.+ അങ്ങനെ അവർ വന്ന് അവരുടെ ദൈവത്തിന്റെ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, ഭവനത്തിന്റെ പണികൾ തുടങ്ങി.+
15 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം വർഷം ആറാം മാസം 24-ാം ദിവസമായിരുന്നു അത്.+
അടിക്കുറിപ്പുകള്‍
^ അർഥം: “ഉത്സവനാളിൽ ജനിച്ചവൻ.”
^ അഥവാ “ആലയം.”
^ അഥവാ “പുതുക്കിപ്പണിയാനുള്ള.”
^ അഥവാ “നിങ്ങളുടെ വഴികൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”
^ അഥവാ “നിങ്ങളുടെ വഴികൾക്കു സൂക്ഷ്മശ്രദ്ധ കൊടുക്കുക.”