ഹബക്കൂക്ക് 2:1-20
2 എന്റെ കാവൽസ്ഥാനത്ത് ഞാൻ നിൽക്കും,+പ്രതിരോധമതിലിന്മേൽ ഞാൻ നിലയുറപ്പിക്കും.
ദൈവം എന്നിലൂടെ എന്തു സംസാരിക്കുമെന്നുംദൈവം എന്നെ തിരുത്തുമ്പോൾ ഞാൻ എന്തു മറുപടി പറയുമെന്നും ചിന്തിച്ച്
ഞാൻ അവിടെ ജാഗ്രതയോടെ നിൽക്കും.
2 അപ്പോൾ യഹോവ എന്നോടു പറഞ്ഞു:
“ഈ ദിവ്യദർശനം എഴുതിവെക്കുക.വായിച്ചുകേൾപ്പിക്കുന്നവന് അത് എളുപ്പം* വായിക്കാൻ കഴിയേണ്ടതിന്+
അതു പലകകളിൽ വ്യക്തമായി കൊത്തിവെക്കുക.+
3 നിശ്ചയിച്ച സമയത്തിനായി ഈ ദർശനം കാത്തിരിക്കുന്നു.അത് അതിന്റെ സമാപ്തിയിലേക്കു* കുതിക്കുന്നു,
അത് ഒരിക്കലും നടക്കാതെപോകില്ല.
വൈകിയാലും* അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുക.+
കാരണം അതു നിശ്ചയമായും നടക്കും, താമസിക്കില്ല!
4 നോക്കൂ, അഹങ്കാരിയായ ഒരാൾ!അവൻ നേരുള്ളവനല്ല.
എന്നാൽ നീതിമാൻ തന്റെ വിശ്വസ്തത* കാരണം ജീവിക്കും.+
5 ധിക്കാരിയായ മനുഷ്യൻ ലക്ഷ്യത്തിൽ എത്തില്ല.അവൻ വഞ്ചന നിറഞ്ഞ വീഞ്ഞുംകൂടെ കുടിച്ചാൽ പിന്നെ പറയേണ്ടതില്ലല്ലോ!
ശവക്കുഴിയുടെയത്ര* വലുതാണ് അവന്റെ വിശപ്പ്,ഒരിക്കലും തൃപ്തിവരാത്ത മരണത്തെപ്പോലെയാണ് അവൻ.
ജനതകളെയെല്ലാം അവൻ ശേഖരിക്കുന്നു,എല്ലാ ആളുകളെയും അവൻ തന്റെ അടുത്ത് കൂട്ടിവരുത്തുന്നു.+
6 അവരെല്ലാം അവന് എതിരെ ഇങ്ങനെ ഒരു പഴമൊഴിയും പരിഹാസച്ചൊല്ലും കടങ്കഥയും പറയും:+
‘തന്റേതല്ലാത്തതു സമ്പാദിച്ചുകൂട്ടുന്നവനേ,
—ഇതെല്ലാം എത്ര കാലത്തേക്ക്!—വീണ്ടുംവീണ്ടും കടബാധ്യത വരുത്തിവെക്കുന്നവനേ, നിന്റെ കാര്യം കഷ്ടം!
7 നിനക്കു കടം തന്നവരെല്ലാം പെട്ടെന്നു വരും,
അവർ ശക്തിയോടെ നിന്നെ പിടിച്ച് കുടയും;നിന്നെ അവർ കൊള്ളയടിക്കും.+
8 നീ അനേകം ജനതകളെ കൊള്ളയടിച്ചു,നീ മനുഷ്യരക്തം ചൊരിഞ്ഞു,നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.+അതുകൊണ്ട് മറ്റു ജനതകളെല്ലാം നിന്നെ കൊള്ളയടിക്കും.+
9 ആപത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാനായി ഉയരങ്ങളിൽ കൂടു കൂട്ടുന്നവർക്ക്,തന്റെ ഭവനത്തിനുവേണ്ടി അന്യായലാഭം ഉണ്ടാക്കുന്നവർക്ക്, കഷ്ടം!
10 നീ നടത്തിയ ഗൂഢാലോചനകൾ നിന്റെ ഭവനത്തിന്റെതന്നെ അപമാനത്തിൽ കലാശിച്ചിരിക്കുന്നു.
അനേകം ആളുകളെ തുടച്ചുനീക്കിക്കൊണ്ട് നീ നിന്നോടുതന്നെയാണു പാപം ചെയ്തത്.+
11 മതിലിൽനിന്ന് ഒരു കല്ലു വിളിച്ചുപറയും,മേൽക്കൂരയിൽനിന്ന് ഒരു കഴുക്കോൽ ഉത്തരം പറയും.
12 രക്തച്ചൊരിച്ചിൽകൊണ്ട് നഗരം പണിയുന്നവനുംഅനീതികൊണ്ട് പട്ടണം പണിയുന്നവനും കഷ്ടം!
13 തീക്കിരയാകാനായി ആളുകൾ വെറുതേ പണിയെടുക്കുന്നതുംഒരു പ്രയോജനവുമില്ലാതെ ജനതകൾ അധ്വാനിക്കുന്നതും+
സൈന്യങ്ങളുടെ അധിപനായ യഹോവ ഇടയാക്കിയിട്ടല്ലേ?
14 വെള്ളം കടലിൽ നിറഞ്ഞിരിക്കുന്നതുപോലെഭൂമി യഹോവയുടെ മഹത്ത്വത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറയും.+
15 കൂട്ടുകാരുടെ നഗ്നത കാണാനായി,കോപവും ക്രോധവും കലർത്തി കുടിക്കാൻ കൊടുത്ത്അവരെ ലഹരി പിടിപ്പിക്കുന്നവന്റെ കാര്യം കഷ്ടം!
16 മഹത്ത്വംകൊണ്ടല്ല, അപമാനംകൊണ്ട് നിനക്കു മതിവരും.
നീയും കുടിക്കൂ! നീ പരിച്ഛേദനയേറ്റിട്ടില്ലെന്നുള്ളതു* തുറന്നുകാട്ടൂ!*
യഹോവയുടെ വലങ്കൈയിലുള്ള പാനപാത്രം ഒടുവിൽ നിന്റെ അടുക്കലും എത്തും.+അപമാനം നിന്റെ മഹത്ത്വത്തെ മൂടിക്കളയും.
17 നീ മനുഷ്യരക്തം ചൊരിഞ്ഞു,നീ ഭൂമിയെയും അതിലെ നഗരങ്ങളെയും അതിലുള്ളവരെയും ആക്രമിച്ചു.അതുകൊണ്ട് ലബാനോനിൽ ചെയ്ത അക്രമം നിന്നെ മൂടും,മൃഗങ്ങളിൽ പരിഭ്രാന്തി പടർത്തിയ ആ നാശം നിന്റെ മേൽ വരും.+
18 വെറും ഒരു ശില്പി കൊത്തിയുണ്ടാക്കിയ വിഗ്രഹംകൊണ്ട് എന്തു ഗുണം?സംസാരശേഷിയില്ലാത്ത, ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ ഉണ്ടാക്കുന്നവൻ
അവയിൽ ആശ്രയംവെച്ചാൽപ്പോലുംവ്യാജം പഠിപ്പിക്കുന്നതിനെയും ലോഹവിഗ്രഹത്തെയും* കൊണ്ട് എന്തു പ്രയോജനം?+
19 മരക്കഷണത്തോട് “ഉണരൂ” എന്നും
സംസാരശേഷിയില്ലാത്ത കല്ലിനോട് “എഴുന്നേറ്റ് ഞങ്ങളെ ഉപദേശിക്കൂ” എന്നും പറയുന്നവന്റെ കാര്യം കഷ്ടം!
കണ്ടില്ലേ, അവ സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിഞ്ഞിരിക്കുന്നു.+അവയിൽ ഒട്ടും ശ്വാസമില്ല.+
20 എന്നാൽ യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+
സകല ഭൂവാസികളുമേ, ദൈവത്തിനു മുന്നിൽ മൗനമായിരിക്കുവിൻ!’”+
അടിക്കുറിപ്പുകള്
^ അഥവാ “ഒഴുക്കോടെ.”
^ അഥവാ “നിവൃത്തിയിലേക്ക്.”
^ അഥവാ “വൈകുന്നു എന്നു തോന്നിയാലും.”
^ മറ്റൊരു സാധ്യത “വിശ്വാസം.”
^ മറ്റൊരു സാധ്യത “നീയും കുടിച്ച് ചാഞ്ചാടി നടക്കൂ.”
^ അഥവാ “ലോഹം വാർത്തുണ്ടാക്കിയ വിഗ്രഹത്തെയും.”