രാജാ​ക്ക​ന്മാർ ഒന്നാം ഭാഗം 14:1-31

  • യൊ​രോ​ബെ​യാ​മിന്‌ എതിരെ അഹീയ പ്രവചി​ക്കു​ന്നു (1-20)

  • രഹബെ​യാം യഹൂദ ഭരിക്കു​ന്നു (21-31)

    • ശീശക്കി​ന്റെ ആക്രമണം (25, 26)

14  അക്കാലത്ത്‌ യൊ​രോ​ബെ​യാ​മി​ന്റെ മകൻ അബീയ രോഗം ബാധിച്ച്‌ കിടപ്പി​ലാ​യി.  അപ്പോൾ യൊ​രോ​ബെ​യാം ഭാര്യ​യോ​ടു പറഞ്ഞു: “യൊ​രോ​ബെ​യാ​മി​ന്റെ ഭാര്യ​യാ​ണെന്ന്‌ ആർക്കും തിരി​ച്ച​റി​യാൻ കഴിയാത്ത വിധം നീ വേഷം മാറി ശീലോ​യി​ലേക്കു പോകണം. അവി​ടെ​യാണ്‌ അഹീയ പ്രവാ​ച​ക​നു​ള്ളത്‌. ഞാൻ ഈ ജനത്തിന്റെ രാജാ​വാ​കു​മെന്നു പറഞ്ഞത്‌ ആ പ്രവാ​ച​ക​നാണ്‌.+  പ്രവാചകന്റെ അടുത്ത്‌ പോകു​മ്പോൾ പത്ത്‌ അപ്പവും കുറച്ച്‌ അടകളും ഒരു കുപ്പി തേനും നീ കൂടെ കരുതണം. നമ്മുടെ മകന്‌ എന്തു സംഭവി​ക്കു​മെന്നു പ്രവാ​ചകൻ നിനക്കു പറഞ്ഞു​ത​രും.”  യൊരോബെയാം പറഞ്ഞതു​പോ​ലെ അയാളു​ടെ ഭാര്യ ചെയ്‌തു, ശീലോയിൽ+ അഹീയ​യു​ടെ ഭവനത്തി​ലേക്കു ചെന്നു. അഹീയ​യ്‌ക്കു കണ്ണു കാണി​ല്ലാ​യി​രു​ന്നു; പ്രായാ​ധി​ക്യം കാരണം കാഴ്‌ച നഷ്ടപ്പെ​ട്ടി​രു​ന്നു.  എന്നാൽ യഹോവ അഹീയ​യോ​ടു പറഞ്ഞി​രു​ന്നു: “ഇതാ, യൊ​രോ​ബെ​യാ​മി​ന്റെ ഭാര്യ രോഗി​യായ മകനെ​ക്കു​റിച്ച്‌ ചോദി​ക്കാൻ വരുന്നു​ണ്ട്‌! അവളോ​ടു പറയേ​ണ്ടത്‌ എന്താ​ണെന്നു ഞാൻ നിനക്കു പറഞ്ഞു​ത​രാം.* താൻ ആരാണെന്ന കാര്യം വെളി​പ്പെ​ടു​ത്താ​തെ​യാ​യി​രി​ക്കും അവൾ വരുക.”  വാതിൽക്കൽ അവളുടെ കാൽപ്പെ​രു​മാ​റ്റം കേട്ട ഉടനെ അഹീയ പറഞ്ഞു: “യൊ​രോ​ബെ​യാ​മി​ന്റെ ഭാര്യയേ, കയറി​വരൂ! നീ ആരാണെന്ന കാര്യം മറച്ചു​വെ​ക്കു​ന്നത്‌ എന്തിനാ​ണ്‌? ഒരു അശുഭ​വാർത്ത നിന്നെ അറിയി​ക്കാൻ എനിക്കു നിയോ​ഗം ലഭിച്ചി​രി​ക്കു​ന്നു.  പോയി യൊ​രോ​ബെ​യാ​മി​നോട്‌ ഇങ്ങനെ പറയുക: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “ഞാൻ നിന്നെ നിന്റെ ജനത്തിന്‌ ഇടയിൽനി​ന്ന്‌ ഉയർത്തി എന്റെ ജനമായ ഇസ്രാ​യേ​ലി​നു നായക​നാ​ക്കി.+  ഞാൻ രാജ്യം ദാവീ​ദു​ഗൃ​ഹ​ത്തിൽനിന്ന്‌ കീറിയെടുത്ത്‌+ നിനക്കു തന്നു. എന്നാൽ നീ എന്റെ ദാസനായ ദാവീ​ദി​നെ​പ്പോ​ലെ​യാ​യി​രു​ന്നില്ല. ദാവീദ്‌ എന്റെ കല്‌പ​നകൾ അനുസ​രി​ക്കു​ക​യും എന്റെ മുന്നിൽ ശരിയാ​യതു മാത്രം പ്രവർത്തി​ച്ചു​കൊണ്ട്‌ മുഴു​ഹൃ​ദ​യ​ത്തോ​ടെ എന്നെ അനുഗ​മി​ക്കു​ക​യും ചെയ്‌തു.+  എന്നാൽ നീയോ, നിനക്കു മുമ്പു​ണ്ടാ​യി​രുന്ന എല്ലാവ​രെ​ക്കാ​ളും അധികം തിന്മ ചെയ്‌തു. എന്നെ കോപി​പ്പി​ക്കാ​നാ​യി നീ നിനക്കു​വേണ്ടി മറ്റൊരു ദൈവ​ത്തെ​യും ലോഹവിഗ്രഹങ്ങളെയും*+ ഉണ്ടാക്കി. എനിക്കു നേരെ​യാ​ണു നീ പുറം​തി​രി​ഞ്ഞത്‌.+ 10  അതിനാൽ യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തി​ന്മേൽ ഞാൻ ദുരന്തം വരുത്തും. യൊ​രോ​ബെ​യാ​മിൽനിന്ന്‌ എല്ലാ ആൺതരിയെയും* ഞാൻ തുടച്ചു​നീ​ക്കും. ഇസ്രാ​യേ​ലിൽ യൊ​രോ​ബെ​യാ​മി​നുള്ള നിസ്സഹാ​യ​രെ​യും ദുർബ​ല​രെ​യും പോലും ഞാൻ വെറുതേ വിടില്ല. ഒരാൾ ഒട്ടും ശേഷി​പ്പി​ക്കാ​തെ കാഷ്‌ഠം മുഴുവൻ കോരി​ക്ക​ള​യു​ന്ന​തു​പോ​ലെ യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തെ ഞാൻ തുടച്ചു​നീ​ക്കും!+ 11  യൊരോബെയാമിന്റെ ആരെങ്കി​ലും നഗരത്തിൽവെച്ച്‌ മരിച്ചാൽ അയാളെ നായ്‌ക്കൾ തിന്നും. നഗരത്തി​നു വെളി​യിൽവെച്ച്‌ മരിച്ചാൽ ആകാശ​ത്തി​ലെ പക്ഷികൾ തിന്നും. യഹോ​വ​യാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.”’ 12  “നീ നിന്റെ വീട്ടി​ലേക്കു പൊയ്‌ക്കൊ​ള്ളുക. നീ നഗരത്തിൽ കാൽ കുത്തു​മ്പോൾ നിന്റെ മകൻ മരിക്കും. 13  ഇസ്രായേല്യരെല്ലാം അവനെ​ക്കു​റിച്ച്‌ വിലപി​ച്ച്‌ അവനെ അടക്കം ചെയ്യും. ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ യൊ​രോ​ബെ​യാം​ഗൃ​ഹ​ത്തിൽ എന്തെങ്കി​ലും നന്മ കണ്ടിട്ടു​ള്ളത്‌ അവനിൽ മാത്ര​മാണ്‌. അതിനാൽ യൊ​രോ​ബെ​യാ​മി​ന്റെ കുടും​ബ​ത്തിൽ അവനെ മാത്രം കല്ലറയിൽ അടക്കും. 14  യഹോവ തനിക്കു​വേണ്ടി ഇസ്രാ​യേ​ലിൽ ഒരു രാജാ​വി​നെ എഴു​ന്നേൽപ്പി​ക്കും. അയാൾ അന്നുമു​തൽ, അതെ ഇപ്പോൾത്തന്നെ, യൊ​രോ​ബെ​യാ​മി​ന്റെ ഗൃഹത്തെ ഛേദി​ച്ചു​തു​ട​ങ്ങും.+ 15  യഹോവ ഇസ്രാ​യേ​ലി​നെ സംഹരി​ക്കും; അവർ വെള്ളത്തിൽ ആടിയു​ല​യുന്ന ഈറ്റ​പോ​ലെ​യാ​കും. അവരുടെ പൂർവി​കർക്കു കൊടുത്ത ഈ നല്ല ദേശത്തു​നിന്ന്‌ ദൈവം ഇസ്രാ​യേ​ല്യ​രെ പിഴു​തെ​റി​യും.+ അവർ പൂജാസ്‌തൂപങ്ങൾ*+ പണിത്‌ യഹോ​വയെ കോപി​പ്പി​ച്ച​തു​കൊണ്ട്‌ ദൈവം അവരെ അക്കരപ്രദേശത്തേക്കു*+ ചിതറി​ച്ചു​ക​ള​യും. 16  യൊരോബെയാം ചെയ്‌ത പാപങ്ങ​ളും അയാൾ ഇസ്രാ​യേ​ലി​നെ​ക്കൊണ്ട്‌ ചെയ്യിച്ച പാപങ്ങളും+ കാരണം ദൈവം ഇസ്രാ​യേ​ലി​നെ ഉപേക്ഷി​ക്കും.” 17  അങ്ങനെ യൊ​രോ​ബെ​യാ​മി​ന്റെ ഭാര്യ തിർസ​യി​ലേക്കു മടങ്ങി. അവൾ വീട്ടു​വാ​തിൽക്ക​ലേക്കു വന്നപ്പോൾ മകൻ മരിച്ചു. 18  അവർ അവനെ അടക്കം ചെയ്‌തു. ഇസ്രാ​യേ​ലെ​ല്ലാം അവനെ​ച്ചൊ​ല്ലി വിലപി​ച്ചു. അങ്ങനെ, യഹോവ തന്റെ ദാസനായ അഹീയ പ്രവാ​ച​ക​നി​ലൂ​ടെ പറഞ്ഞതു​പോ​ലെ​തന്നെ സംഭവി​ച്ചു. 19  യൊരോബെയാമിന്റെ ബാക്കി ചരിത്രം, അയാൾ യുദ്ധം+ ചെയ്‌തത്‌ എങ്ങനെ​യെ​ന്നും രാജ്യം ഭരിച്ചത്‌ എങ്ങനെ​യെ​ന്നും, ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. 20  യൊരോബെയാം 22 വർഷം ഭരണം നടത്തി. അതിനു ശേഷം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു.+ യൊ​രോ​ബെ​യാ​മി​ന്റെ മകൻ നാദാബ്‌ അടുത്ത രാജാ​വാ​യി.+ 21  എന്നാൽ ശലോ​മോ​ന്റെ മകനായ രഹബെ​യാ​മാ​യി​രു​ന്നു യഹൂദ​യി​ലെ രാജാവ്‌. രാജാ​വാ​കു​മ്പോൾ രഹബെ​യാ​മിന്‌ 41 വയസ്സാ​യി​രു​ന്നു. യഹോവ തന്റെ പേര്‌ സ്ഥാപിക്കാൻ+ ഇസ്രാ​യേ​ലി​ലെ എല്ലാ ഗോ​ത്ര​ങ്ങ​ളിൽനി​ന്നും തിര​ഞ്ഞെ​ടുത്ത യരുശ​ലേം നഗരത്തിൽ+ രഹബെ​യാം 17 വർഷം ഭരണം നടത്തി. അമ്മോ​ന്യ​സ്‌ത്രീ​യായ നയമയായിരുന്നു+ രഹബെ​യാ​മി​ന്റെ അമ്മ. 22  യഹൂദ യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്നു.+ അവർ ചെയ്‌ത പാപങ്ങ​ളി​ലൂ​ടെ അവരുടെ പൂർവി​ക​രെ​ക്കാൾ അധികം അവർ ദൈവത്തെ പ്രകോ​പി​പ്പി​ച്ചു.+ 23  അവരും ഉയർന്ന എല്ലാ കുന്നിന്മേലും+ തഴച്ചു​വ​ള​രുന്ന ഓരോ വൃക്ഷത്തിൻകീഴിലും+ തങ്ങൾക്കു​വേണ്ടി ആരാധനാസ്ഥലങ്ങളും* പൂജാ​സ്‌തം​ഭ​ങ്ങ​ളും പൂജാ​സ്‌തൂ​പ​ങ്ങ​ളും നിർമി​ച്ചു.+ 24  ആലയവേശ്യാവൃത്തി ചെയ്‌തു​പോന്ന പുരുഷന്മാരും+ ദേശത്തു​ണ്ടാ​യി​രു​ന്നു. യഹോവ ഇസ്രാ​യേ​ല്യ​രു​ടെ മുന്നിൽനി​ന്ന്‌ ഓടി​ച്ചു​കളഞ്ഞ ജനതക​ളു​ടെ മ്ലേച്ഛത​ക​ളെ​ല്ലാം അവർ അനുക​രി​ച്ചു. 25  രഹബെയാം രാജാ​വി​ന്റെ ഭരണത്തി​ന്റെ അഞ്ചാം വർഷം ഈജി​പ്‌തി​ലെ രാജാ​വായ ശീശക്ക്‌+ യരുശ​ലേ​മി​നു നേരെ വന്നു.+ 26  യഹോവയുടെ ഭവനത്തി​ലും രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലും സൂക്ഷി​ച്ചി​രുന്ന വില​യേ​റിയ വസ്‌തു​ക്ക​ളെ​ല്ലാം ശീശക്ക്‌ എടുത്തു​കൊ​ണ്ടു​പോ​യി.+ ശലോ​മോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ+ ഉൾപ്പെടെ എല്ലാം കൊണ്ടു​പോ​യി. 27  അതുകൊണ്ട്‌ രഹബെ​യാം രാജാവ്‌ അവയ്‌ക്കു പകരം ചെമ്പു​കൊ​ണ്ടുള്ള പരിചകൾ ഉണ്ടാക്കി, രാജ​കൊ​ട്ടാ​ര​ത്തി​ന്റെ കവാട​ത്തിൽ കാവൽ നിന്നി​രുന്ന കാവൽക്കാരുടെ* മേധാ​വി​കളെ ഏൽപ്പിച്ചു. 28  രാജാവ്‌ യഹോ​വ​യു​ടെ ഭവനത്തി​ലേക്കു പോകു​മ്പോ​ഴെ​ല്ലാം കാവൽക്കാർ അവ എടുത്ത്‌ കൂടെ പോകു​മാ​യി​രു​ന്നു. പിന്നെ അവർ അവ കാവൽക്കാ​രു​ടെ അറയിൽ തിരികെ വെക്കും. 29  രഹബെയാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്‌ത എല്ലാ കാര്യ​ങ്ങ​ളും, യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ കാലത്തെ ചരി​ത്ര​പു​സ്‌ത​ക​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.+ 30  രഹബെയാമും യൊ​രോ​ബെ​യാ​മും തമ്മിൽ എപ്പോ​ഴും യുദ്ധമു​ണ്ടാ​യി​രു​ന്നു.+ 31  രഹബെയാം പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. അയാളെ ദാവീ​ദി​ന്റെ നഗരത്തിൽ പൂർവി​ക​രോ​ടൊ​പ്പം അടക്കം ചെയ്‌തു.+ അമ്മോ​ന്യ​സ്‌ത്രീ​യായ നയമയായിരുന്നു+ അയാളു​ടെ അമ്മ. അയാളു​ടെ മകൻ അബീയാം*+ അടുത്ത രാജാ​വാ​യി.

അടിക്കുറിപ്പുകള്‍

അഥവാ “അവളോ​ടു നീ ഇന്നിന്ന കാര്യങ്ങൾ പറയണം.”
അഥവാ “വാർത്തെ​ടുത്ത പ്രതി​മ​ക​ളെ​യും.”
അക്ഷ. “ചുവരി​ലേക്കു മൂത്രം ഒഴിക്കു​ന്ന​വ​രെ​യെ​ല്ലാം.” ആണുങ്ങ​ളോ​ടുള്ള അവജ്ഞ സൂചി​പ്പി​ക്കുന്ന ഒരു എബ്രായ പദപ്ര​യോ​ഗം.
പദാവലി കാണുക.
അതായത്‌, യൂഫ്ര​ട്ടീ​സി​നു പടിഞ്ഞാ​റുള്ള പ്രദേ​ശ​ത്തേക്ക്‌.
അക്ഷ. “ഉയർന്ന സ്ഥലങ്ങളും.”
അക്ഷ. “ഓട്ടക്കാ​രു​ടെ.”
മറ്റൊരു പേര്‌: അബീയ.