ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 21:1-20

  • യഹോ​രാം യഹൂദ​യു​ടെ രാജാവ്‌ (1-11)

  • ഏലിയ​യിൽനി​ന്നുള്ള കത്ത്‌ (12-15)

  • യഹോ​രാ​മി​ന്റെ ദാരു​ണ​മായ അന്ത്യം (16-20)

21  പിന്നെ യഹോ​ശാ​ഫാത്ത്‌ പൂർവി​ക​രെ​പ്പോ​ലെ അന്ത്യവി​ശ്ര​മം​കൊ​ണ്ടു. യഹോ​ശാ​ഫാ​ത്തി​നെ പൂർവി​ക​രോ​ടൊ​പ്പം ദാവീ​ദി​ന്റെ നഗരത്തിൽ അടക്കം ചെയ്‌തു. മകൻ യഹോ​രാം അടുത്ത രാജാ​വാ​യി.+  യഹോരാമിന്റെ അനിയ​ന്മാർ, അതായത്‌ യഹോ​ശാ​ഫാ​ത്തി​ന്റെ ആൺമക്കൾ, ഇവരാ​യി​രു​ന്നു: അസര്യ, യഹീയേൽ, സെഖര്യ, അസര്യ, മീഖാ​യേൽ, ശെഫത്യ. ഇവരെ​ല്ലാ​മാണ്‌ ഇസ്രാ​യേൽരാ​ജാ​വായ യഹോ​ശാ​ഫാ​ത്തി​ന്റെ ആൺമക്കൾ.  അവരുടെ അപ്പൻ അവർക്കു ധാരാളം സ്വർണ​വും വെള്ളി​യും വില​യേ​റിയ വസ്‌തു​ക്ക​ളും സമ്മാന​മാ​യി കൊടു​ത്തു; യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള നഗരങ്ങ​ളും അവർക്കു കൊടു​ത്തു.+ എന്നാൽ യഹോ​രാ​മാ​യി​രു​ന്നു മൂത്ത മകൻ. അതു​കൊണ്ട്‌ രാജ്യം യഹോ​രാ​മി​നെ ഏൽപ്പിച്ചു.+  പക്ഷേ അപ്പനിൽനി​ന്ന്‌ രാജ്യ​ഭ​രണം ഏറ്റെടുത്ത ഉടനെ യഹോ​രാം എല്ലാ അനിയ​ന്മാ​രെ​യും ഇസ്രാ​യേ​ലി​ലെ ചില പ്രഭു​ക്ക​ന്മാ​രെ​യും വാളു​കൊണ്ട്‌ കൊന്ന്‌+ രാജസ്ഥാ​നം ഉറപ്പിച്ചു.  രാജാവാകുമ്പോൾ യഹോ​രാ​മിന്‌ 32 വയസ്സാ​യി​രു​ന്നു. യഹോ​രാം എട്ടു വർഷം യരുശ​ലേ​മിൽ ഭരിച്ചു.+  യഹോരാം ആഹാബി​ന്റെ ഭവനത്തി​ലു​ള്ള​വ​രെ​പ്പോ​ലെ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ വഴിയിൽ നടന്നു.+ കാരണം ആഹാബി​ന്റെ മകളെ​യാണ്‌ യഹോ​രാം വിവാഹം കഴിച്ചി​രു​ന്നത്‌.+ യഹോ​രാം യഹോ​വ​യു​ടെ മുമ്പാകെ മോശ​മായ കാര്യങ്ങൾ ചെയ്‌തു.  എന്നാൽ ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി ഓർത്ത​പ്പോൾ ദാവീ​ദി​ന്റെ ഭവനത്തെ നശിപ്പി​ച്ചു​ക​ള​യാൻ യഹോ​വ​യ്‌ക്കു മനസ്സു​വ​ന്നില്ല.+ ദാവീ​ദി​നും മക്കൾക്കും എല്ലാ കാലത്തും ഒരു വിളക്ക്‌ നൽകു​മെന്നു ദൈവം ദാവീ​ദി​നോ​ടു വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു.+  യഹോരാമിന്റെ ഭരണകാ​ലത്ത്‌ ഏദോം യഹൂദയെ എതിർത്ത്‌+ സ്വന്തമാ​യി ഒരു രാജാ​വി​നെ വാഴിച്ചു.+  അപ്പോൾ യഹോ​രാ​മും സൈന്യാ​ധി​പ​ന്മാ​രും യഹോ​രാ​മി​ന്റെ എല്ലാ രഥങ്ങളു​മാ​യി അക്കര കടന്നു. യഹോ​രാം രാത്രി എഴു​ന്നേറ്റ്‌ തന്നെയും രഥനാ​യ​ക​ന്മാ​രെ​യും വളഞ്ഞി​രുന്ന ഏദോ​മ്യ​രെ തോൽപ്പി​ച്ചു. 10  എന്നാൽ ഏദോം തുടർന്നും യഹൂദയെ എതിർത്തു; അത്‌ ഇന്നും തുടരു​ന്നു. യഹോ​രാം പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വയെ ഉപേക്ഷിച്ചതുകൊണ്ട്‌+ അക്കാലത്ത്‌ ലിബ്‌നയും+ യഹോ​രാ​മി​നെ എതിർത്തു. 11  യരുശലേംനിവാസികളെ ആത്മീയ​വേ​ശ്യാ​വൃ​ത്തി​യി​ലേക്കു തള്ളിവി​ട്ടു​കൊണ്ട്‌ യഹോ​രാം യഹൂദ​യി​ലെ മലകളിൽ ആരാധനാസ്ഥലങ്ങൾ* നിർമി​ച്ചു.+ അങ്ങനെ യഹോ​രാം യഹൂദയെ വഴി​തെ​റ്റി​ച്ചു. 12  പിന്നീട്‌ യഹോ​രാ​മിന്‌ ഏലിയ പ്രവാചകനിൽനിന്ന്‌+ ഒരു കത്തു ലഭിച്ചു. അതിൽ ഇങ്ങനെ എഴുതി​യി​രു​ന്നു: “നിന്റെ പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘നീ നിന്റെ അപ്പനായ യഹോശാഫാത്തിന്റെയോ+ യഹൂദാ​രാ​ജാ​വായ ആസയുടെയോ+ വഴിക​ളിൽ നടന്നില്ല. 13  പകരം നീ ഇസ്രാ​യേൽരാ​ജാ​ക്ക​ന്മാ​രു​ടെ വഴിയിൽ നടന്ന്‌+ യഹൂദ​യെ​യും യരുശ​ലേം​നി​വാ​സി​ക​ളെ​യും കൊണ്ട്‌ ആഹാബു​ഗൃ​ഹം ചെയ്‌തതുപോലുള്ള+ ആത്മീയ​വേ​ശ്യാ​വൃ​ത്തി ചെയ്യിച്ചു.+ മാത്രമല്ല, നീ നിന്റെ സ്വന്തം സഹോ​ദ​ര​ന്മാ​രെ, നിന്റെ അപ്പന്റെ കുടും​ബത്തെ, കൊന്നു​ക​ള​യു​ക​യും ചെയ്‌തു.+ അവർ നിന്നെ​ക്കാൾ എത്രയോ ഭേദമാ​യി​രു​ന്നു. 14  അതുകൊണ്ട്‌ യഹോവ ഇതാ, നിന്റെ ജനത്തെ​യും നിന്റെ മക്കളെ​യും നിന്റെ ഭാര്യ​മാ​രെ​യും നിനക്കുള്ള എല്ലാത്തി​നെ​യും ശിക്ഷി​ക്കു​ന്നു. 15  പല തരം രോഗ​ങ്ങ​ളാൽ നീ കഷ്ടപ്പെ​ടും. നിന്റെ കുടലു​ക​ളി​ലും രോഗം ബാധി​ക്കും. രോഗം മൂർച്ഛി​ച്ച്‌ ഒടുവിൽ നിന്റെ കുടൽ പുറത്ത്‌ വരും.’” 16  പിന്നെ യഹോവ ഫെലിസ്‌ത്യരെയും+ എത്യോ​പ്യ​രു​ടെ അടുത്തുള്ള അറബികളെയും+ യഹോ​രാ​മി​നു നേരെ വരുത്തി.+ 17  അവർ യഹൂദ​യി​ലേക്ക്‌ അതി​ക്ര​മി​ച്ചു​ക​ടന്ന്‌ രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലുള്ള സകലവും എടുത്തു​കൊ​ണ്ടു​പോ​യി.+ രാജാ​വി​ന്റെ ഭാര്യ​മാ​രെ​യും ആൺമക്ക​ളെ​യും അവർ പിടി​ച്ചു​കൊ​ണ്ടു​പോ​യി. യഹോ​രാ​മി​ന്റെ ആൺമക്ക​ളിൽ, ഏറ്റവും ഇളയവ​നായ യഹോവാഹാസ്‌*+ മാത്ര​മാ​ണു ശേഷി​ച്ചത്‌. 18  ഇതിനെല്ലാം പുറമേ, യഹോവ യഹോ​രാ​മി​ന്റെ കുടലിൽ ഒരു മാറാ​രോ​ഗ​വും വരുത്തി.+ 19  കുറച്ച്‌ നാൾ, അതായത്‌ രണ്ടു വർഷം, കഴിഞ്ഞ​പ്പോൾ രോഗം മൂർച്ഛി​ച്ച്‌ യഹോ​രാ​മി​ന്റെ കുടൽ പുറത്ത്‌ വന്നു. അങ്ങനെ വല്ലാതെ കഷ്ടപ്പെട്ട്‌ യഹോ​രാം മരിച്ചു. യഹോ​രാ​മി​ന്റെ പൂർവി​കർ മരിച്ച​പ്പോൾ ഒരുക്കി​യ​തു​പോ​ലെ, യഹോ​രാ​മി​ന്റെ ജനം യഹോ​രാ​മി​നു​വേണ്ടി അഗ്നി ഒരുക്കി​യില്ല.+ 20  രാജാവാകുമ്പോൾ യഹോ​രാ​മിന്‌ 32 വയസ്സാ​യി​രു​ന്നു. എട്ടു വർഷം യഹോ​രാം യരുശ​ലേ​മിൽ ഭരിച്ചു. യഹോ​രാ​മി​ന്റെ മരണത്തിൽ ആർക്കും ദുഃഖം തോന്നി​യില്ല. അവർ യഹോ​രാ​മി​നെ ദാവീ​ദി​ന്റെ നഗരത്തിൽ+ അടക്കം ചെയ്‌തു; പക്ഷേ രാജാ​ക്ക​ന്മാ​രു​ടെ കല്ലറയി​ല​ല്ലാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
മറ്റൊരു പേര്‌: അഹസ്യ.