ദിനവൃ​ത്താ​ന്തം രണ്ടാം ഭാഗം 34:1-33

  • യോശിയ യഹൂദ​യു​ടെ രാജാവ്‌ (1, 2)

  • യോശിയ വരുത്തിയ പരിഷ്‌കാ​രങ്ങൾ (3-13)

  • നിയമ​പു​സ്‌തകം കണ്ടെത്തി (14-21)

  • ഹുൽദ ദുരന്ത​ത്തെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു (22-28)

  • യോശിയ ഉടമ്പടി​പ്പു​സ്‌തകം ജനത്തെ വായി​ച്ചു​കേൾപ്പി​ക്കു​ന്നു (29-33)

34  രാജാ​വാ​കു​മ്പോൾ യോശിയയ്‌ക്ക്‌+ എട്ടു വയസ്സാ​യി​രു​ന്നു. യോശിയ 31 വർഷം യരുശ​ലേ​മിൽ ഭരിച്ചു.+  അദ്ദേഹം യഹോ​വ​യു​ടെ മുമ്പാകെ ശരിയാ​യതു ചെയ്‌തു. പൂർവി​ക​നായ ദാവീ​ദി​ന്റെ വഴിയിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറി​യില്ല.  ഭരണത്തിന്റെ 8-ാം വർഷം, ചെറു​പ്രാ​യ​ത്തിൽത്തന്നെ, യോശിയ രാജാവ്‌ പൂർവി​ക​നായ ദാവീ​ദി​ന്റെ ദൈവത്തെ അന്വേ​ഷി​ച്ചു;+ 12-ാം വർഷം രാജാവ്‌ ആരാധ​ന​യ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളും+ പൂജാസ്‌തൂപങ്ങളും* കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങളും+ ലോഹപ്രതിമകളും* നീക്കി യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും ശുദ്ധമാ​ക്കാൻതു​ടങ്ങി.+  യോശിയയുടെ സാന്നി​ധ്യ​ത്തിൽ അവർ ബാൽ ദൈവ​ങ്ങ​ളു​ടെ യാഗപീ​ഠങ്ങൾ ഇടിച്ചു​നി​രത്തി. അവയുടെ മുകളി​ലു​ണ്ടാ​യി​രുന്ന, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങൾ യോശിയ വെട്ടി​യി​ട്ടു. പൂജാ​സ്‌തൂ​പ​ങ്ങ​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളും ലോഹ​പ്ര​തി​മ​ക​ളും തകർത്ത്‌ കഷണങ്ങ​ളാ​ക്കി. എന്നിട്ട്‌ അവ പൊടി​ച്ച്‌ ആ ദൈവ​ങ്ങൾക്കു ബലി അർപ്പി​ച്ചി​രു​ന്ന​വ​രു​ടെ കല്ലറക​ളിൽ വിതറി.+  പുരോഹിതന്മാരുടെ അസ്ഥികൾ യോശിയ അവരുടെ യാഗപീ​ഠ​ങ്ങ​ളിൽ ഇട്ട്‌ കത്തിച്ചു.+ അങ്ങനെ യഹൂദ​യെ​യും യരുശ​ലേ​മി​നെ​യും ശുദ്ധമാ​ക്കി.  മനശ്ശെ, എഫ്രയീം,+ ശിമെ​യോൻ എന്നിവ മുതൽ നഫ്‌താ​ലി വരെയുള്ള നഗരങ്ങ​ളി​ലെ​യും ഇവയുടെ ചുറ്റു​മുള്ള നശിച്ചു​കി​ടന്ന സ്ഥലങ്ങളി​ലെ​യും  യാഗപീഠങ്ങൾ യോശിയ ഇടിച്ചു​ക​ളഞ്ഞു; പൂജാ​സ്‌തൂ​പ​ങ്ങ​ളും കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങളും+ തകർത്ത്‌ പൊടി​യാ​ക്കി. ഇസ്രാ​യേൽ ദേശത്ത്‌ ഉടനീ​ള​മു​ണ്ടാ​യി​രുന്ന, സുഗന്ധ​ക്കൂട്ട്‌ അർപ്പി​ക്കാ​നുള്ള പീഠങ്ങ​ളെ​ല്ലാം യോശിയ വെട്ടി​യി​ട്ടു.+ ഒടുവിൽ യോശിയ യരുശ​ലേ​മി​ലേക്കു മടങ്ങി.  ദേശവും ദേവാ​ല​യ​വും ശുദ്ധീ​ക​രി​ച്ച​ശേഷം, ഭരണത്തി​ന്റെ 18-ാം വർഷം, യോശിയ അസല്യ​യു​ടെ മകൻ ശാഫാനെയും+ നഗരാ​ധി​പ​നായ മയസേ​യ​യെ​യും കാര്യങ്ങൾ രേഖ​പ്പെ​ടു​ത്താൻ ചുമത​ല​യുള്ള, യൊവാ​ഹാ​സി​ന്റെ മകൻ യോവാ​ഹി​നെ​യും ദൈവ​മായ യഹോ​വ​യു​ടെ ഭവനത്തി​ന്റെ കേടു​പാ​ടു​കൾ തീർക്കാൻ അയച്ചു.+  അവർ മഹാപു​രോ​ഹി​ത​നായ ഹിൽക്കി​യ​യു​ടെ അടുത്ത്‌ ചെന്ന്‌ ദൈവ​ഭ​വ​ന​ത്തി​ലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാ​വൽക്കാ​രായ ലേവ്യർ മനശ്ശെ​യിൽനി​ന്നും എഫ്രയീ​മിൽനി​ന്നും ഇസ്രാ​യേ​ലി​ലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദ​യിൽനി​ന്നും ബന്യാ​മീ​നിൽനി​ന്നും യരുശ​ലേം​നി​വാ​സി​ക​ളിൽനി​ന്നും ശേഖരി​ച്ച​താ​യി​രു​ന്നു ആ പണം. 10  പിന്നെ അവർ അത്‌ യഹോ​വ​യു​ടെ ഭവനത്തി​ലെ ജോലി​കൾക്കു മേൽനോ​ട്ടം വഹിക്കു​ന്ന​വരെ ഏൽപ്പിച്ചു. ജോലി​ക്കാർ ആ പണം​കൊണ്ട്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ കേടു​പോ​ക്കു​ക​യും അറ്റകു​റ്റ​പ്പ​ണി​കൾ നടത്തു​ക​യും ചെയ്‌തു. 11  താങ്ങുകൾക്കുള്ള തടി, വെട്ടി​യെ​ടുത്ത കല്ലുകൾ എന്നിവ വാങ്ങാ​നും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ അനാസ്ഥ മൂലം നശിച്ചു​പോയ ഭവനങ്ങൾ ഉത്തരങ്ങൾ വെച്ച്‌ പുതു​ക്കി​പ്പ​ണി​യാ​നും ആയി അവർ അതു ശില്‌പി​കൾക്കും മറ്റു പണിക്കാർക്കും കൊടു​ത്തു.+ 12  അവർ വിശ്വ​സ്‌ത​മാ​യി ജോലി ചെയ്‌തു.+ അവർക്കു മേൽവി​ചാ​ര​ക​ന്മാ​രാ​യി ചില ലേവ്യരെ, മെരാര്യരായ+ യഹത്തി​നെ​യും ഓബദ്യ​യെ​യും കൊഹാത്യരായ+ സെഖര്യ​യെ​യും മെശു​ല്ലാ​മി​നെ​യും, നിയമി​ച്ചി​രു​ന്നു. മികച്ച സംഗീ​ത​ജ്ഞ​രാ​യി​രുന്ന ലേവ്യരാണു+ 13  ചുമട്ടുകാരുടെയും മറ്റെല്ലാ പണിക്കാ​രു​ടെ​യും മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌. മറ്റു ചില ലേവ്യർ സെക്ര​ട്ട​റി​മാ​രും അധികാ​രി​ക​ളും കാവൽക്കാ​രും ആയി സേവിച്ചു.+ 14  യഹോവയുടെ ഭവനത്തി​ലേക്കു സംഭാ​വ​ന​യാ​യി ലഭിച്ച പണം അവർ പുറത്ത്‌ കൊണ്ടു​വ​രുന്ന സമയത്ത്‌,+ മോശ​യി​ലൂ​ടെ ലഭിച്ച+ യഹോ​വ​യു​ടെ നിയമപുസ്‌തകം+ ഹിൽക്കിയ പുരോ​ഹി​തൻ കണ്ടെത്തി. 15  അപ്പോൾ ഹിൽക്കിയ സെക്ര​ട്ട​റി​യായ ശാഫാ​നോ​ടു പറഞ്ഞു: “എനിക്ക്‌ യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ നിയമ​പു​സ്‌തകം കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടു​ത്തു. 16  ശാഫാൻ ആ പുസ്‌ത​ക​വു​മാ​യി രാജാ​വി​ന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “അങ്ങ്‌ കല്‌പി​ച്ച​തു​പോ​ലെ​യെ​ല്ലാം അങ്ങയുടെ ദാസന്മാർ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. 17  അവർ യഹോ​വ​യു​ടെ ഭവനത്തി​ലെ പണം മുഴുവൻ ശേഖരിച്ച്‌* മേൽനോ​ട്ടം വഹിക്കു​ന്ന​വ​രെ​യും ജോലി​ക്കാ​രെ​യും ഏൽപ്പി​ച്ചി​രി​ക്കു​ന്നു.” 18  രാജാവിനോടു ശാഫാൻ ഇങ്ങനെ​യും പറഞ്ഞു: “ഹിൽക്കിയ പുരോ​ഹി​തൻ എനിക്ക്‌ ഒരു പുസ്‌തകം തന്നിട്ടു​ണ്ട്‌.”+ പിന്നെ ശാഫാൻ അതു രാജാ​വി​നെ വായി​ച്ചു​കേൾപ്പി​ക്കാൻതു​ടങ്ങി.+ 19  നിയമത്തിൽ എഴുതി​യി​രി​ക്കു​ന്നതു വായി​ച്ചു​കേട്ട ഉടനെ രാജാവ്‌ വസ്‌ത്രം കീറി.+ 20  രാജാവ്‌ ഹിൽക്കി​യ​യോ​ടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയു​ടെ മകനായ അബ്ദോ​നോ​ടും സെക്ര​ട്ട​റി​യായ ശാഫാ​നോ​ടും രാജാ​വി​ന്റെ ദാസനായ അസായ​യോ​ടും ഇങ്ങനെ ഉത്തരവി​ട്ടു: 21  “നമ്മുടെ പൂർവി​കർ ഈ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന യഹോ​വ​യു​ടെ വാക്കുകൾ അനുസ​രി​ക്കാ​ത്ത​തു​കൊണ്ട്‌ യഹോവ തന്റെ ഉഗ്ര​കോ​പം നമ്മുടെ മേൽ ചൊരി​യും. അതു​കൊണ്ട്‌ നിങ്ങൾ ചെന്ന്‌ ഇസ്രാ​യേ​ലി​ലും യഹൂദ​യി​ലും ശേഷി​ച്ചി​രി​ക്കു​ന്ന​വർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോ​വ​യോ​ടു ചോദി​ച്ച​റി​യുക.”+ 22  അങ്ങനെ ഹിൽക്കി​യ​യും രാജാവ്‌ അയച്ച മറ്റു ചിലരും ഹുൽദ പ്രവാചികയുടെ+ അടുത്ത്‌ ചെന്നു. വസ്‌ത്രം​സൂ​ക്ഷി​പ്പു​കാ​ര​നായ ഹർഹസി​ന്റെ മകനായ തിക്വ​യു​ടെ മകൻ ശല്ലൂമി​ന്റെ ഭാര്യ​യാ​യി​രു​ന്നു ഈ പ്രവാ​ചിക. യരുശ​ലേ​മി​ന്റെ പുതിയ ഭാഗത്താ​ണു ഹുൽദ താമസി​ച്ചി​രു​ന്നത്‌. അവർ അവിടെ ചെന്ന്‌ പ്രവാ​ചി​ക​യോ​ടു സംസാ​രി​ച്ചു.+ 23  പ്രവാചിക അവരോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടു​ത്തേക്ക്‌ അയച്ചയാ​ളോ​ടു നിങ്ങൾ പറയണം: 24  “യഹോവ ഇങ്ങനെ പറയുന്നു: ‘അവർ യഹൂദാ​രാ​ജാ​വി​നെ വായി​ച്ചു​കേൾപ്പിച്ച ആ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന എല്ലാ ശാപങ്ങളും+ വിപത്തു​ക​ളും ഞാൻ ഈ സ്ഥലത്തി​ന്മേ​ലും ഇവിടെ താമസി​ക്കു​ന്ന​വ​രു​ടെ മേലും വരുത്തും.+ 25  കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവ​ങ്ങൾക്കു യാഗവ​സ്‌തു​ക്കൾ ദഹിപ്പിച്ചുകൊണ്ട്‌* അവരുടെ എല്ലാ ചെയ്‌തി​ക​ളാ​ലും എന്നെ കോപി​പ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌ ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാ​ഗ്നി ചൊരി​യും. അത്‌ ഒരിക്ക​ലും കെട്ടു​പോ​കില്ല.’”+ 26  എന്നാൽ യഹോ​വ​യോ​ടു ചോദി​ക്കാൻ നിങ്ങളെ അയച്ച യഹൂദാ​രാ​ജാ​വി​നോ​ടു നിങ്ങൾ പറയണം: “രാജാവ്‌ വായി​ച്ചു​കേട്ട കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌:+ 27  ‘ഈ സ്ഥലത്തി​നും ഇവി​ടെ​യുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ട​പ്പോൾ നീ ഹൃദയ​പൂർവം പശ്ചാത്തപിക്കുകയും* ദൈവ​സ​ന്നി​ധി​യിൽ സ്വയം താഴ്‌ത്തു​ക​യും ചെയ്‌തു. നീ വസ്‌ത്രം കീറി എന്റെ മുമ്പാകെ വിലപി​ച്ചു. അതു​കൊണ്ട്‌ നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന്‌ യഹോവ പറയുന്നു. 28  നീ നിന്റെ പൂർവി​ക​രോ​ടു ചേരാൻ ഞാൻ ഇടയാ​ക്കും.* നീ സമാധാ​ന​ത്തോ​ടെ നിന്റെ കല്ലറയി​ലേക്കു പോകും. ഞാൻ ഈ സ്ഥലത്തി​നും ഇവിടെ താമസി​ക്കു​ന്ന​വർക്കും വരുത്തുന്ന ദുരന്ത​ങ്ങ​ളൊ​ന്നും നിനക്കു കാണേ​ണ്ടി​വ​രില്ല.’”’”+ അവർ ചെന്ന്‌ ഇക്കാര്യ​ങ്ങ​ളെ​ല്ലാം രാജാ​വി​നെ അറിയി​ച്ചു. 29  രാജാവ്‌ ആളയച്ച്‌ യഹൂദ​യി​ലും യരുശ​ലേ​മി​ലും ഉള്ള എല്ലാ മൂപ്പന്മാ​രെ​യും കൂട്ടി​വ​രു​ത്തി.+ 30  അതിനു ശേഷം യഹൂദ​യി​ലുള്ള എല്ലാ പുരു​ഷ​ന്മാ​രെ​യും യരുശ​ലേ​മി​ലെ എല്ലാ ആളുക​ളെ​യും പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും, അങ്ങനെ വലുപ്പ​ച്ചെ​റു​പ്പം നോക്കാ​തെ എല്ലാവ​രെ​യും കൂട്ടി യഹോ​വ​യു​ടെ ഭവനത്തി​ലേക്കു ചെന്നു. യഹോ​വ​യു​ടെ ഭവനത്തിൽനി​ന്ന്‌ കണ്ടുകി​ട്ടിയ ഉടമ്പടി​പ്പു​സ്‌തകം മുഴുവൻ രാജാവ്‌ അവരെ വായി​ച്ചു​കേൾപ്പി​ച്ചു.+ 31  പിന്നെ രാജാവ്‌ സ്വസ്ഥാ​നത്ത്‌ നിന്നു​കൊണ്ട്‌, യഹോ​വയെ അനുഗ​മി​ച്ചു​കൊ​ള്ളാ​മെ​ന്നും ആ പുസ്‌ത​ക​ത്തിൽ എഴുതി​യി​രി​ക്കുന്ന ഉടമ്പടിപ്രകാരം+ ദൈവ​ത്തി​ന്റെ കല്‌പ​ന​ക​ളും ഓർമി​പ്പി​ക്ക​ലു​ക​ളും ചട്ടങ്ങളും മുഴു​ഹൃ​ദ​യ​ത്തോ​ടും മുഴുദേഹിയോടും* കൂടെ+ പാലി​ച്ചു​കൊ​ള്ളാ​മെ​ന്നും യഹോ​വ​യു​മാ​യി ഒരു ഉടമ്പടി ചെയ്‌തു.*+ 32  യരുശലേമിലും ബന്യാ​മീ​നി​ലും ഉള്ള എല്ലാവ​രും ഈ ഉടമ്പടി​യിൽ പങ്കു​ചേ​രാൻ രാജാവ്‌ ആഹ്വാനം ചെയ്‌തു. യരുശ​ലേ​മിൽ താമസി​ക്കു​ന്നവർ അവരുടെ പൂർവി​ക​രു​ടെ ദൈവ​വു​മാ​യുള്ള ഉടമ്പടി​യ​നു​സ​രിച്ച്‌ പ്രവർത്തി​ച്ചു.+ 33  പിന്നെ യോശിയ ഇസ്രാ​യേ​ല്യ​രു​ടെ അധീന​ത​യി​ലു​ണ്ടാ​യി​രുന്ന ദേശങ്ങ​ളിൽനിന്ന്‌ മ്ലേച്ഛമായ എല്ലാ വസ്‌തുക്കളും* നീക്കി​ക്ക​ളഞ്ഞു.+ ഇസ്രാ​യേ​ലി​ലുള്ള എല്ലാവ​രും അവരുടെ ദൈവ​മായ യഹോ​വയെ ആരാധി​ക്ക​ണ​മെന്നു യോശിയ കല്‌പി​ച്ചു. യോശി​യ​യു​ടെ ജീവി​ത​കാ​ലത്ത്‌ ഒരിക്ക​ലും അവർ അവരുടെ പൂർവി​ക​രു​ടെ ദൈവ​മായ യഹോ​വ​യു​ടെ വഴി വിട്ടു​മാ​റി​യില്ല.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​ക​ളും.”
അക്ഷ. “കുടഞ്ഞി​ട്ടി​ട്ട്‌.”
അഥവാ “പുക ഉയരും​വി​ധം ദഹിപ്പി​ച്ചു​കൊ​ണ്ട്‌.”
അക്ഷ. “നിന്റെ ഹൃദയം മൃദു​വാ​യി​ത്തീ​രു​ക​യും.”
മരണത്തെ കുറി​ക്കുന്ന കാവ്യ​ഭാഷ.
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ചെയ്‌തി​രുന്ന ഉടമ്പടി പുതുക്കി.”
അഥവാ “വിഗ്ര​ഹ​ങ്ങ​ളും.”