ജീവനോടുള്ള ആദരവ് നഷ്ടപ്പെടുകയാണോ?
ജീവനോടുള്ള ആദരവ്—അത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ജീവനോട് ആദരവ് കാണിക്കാത്ത ശീലങ്ങളും പ്രവർത്തനങ്ങളും നിങ്ങളുടെ ആരോഗ്യത്തെയും അതുപോലെ സമൂഹത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കും.
-
പുകവലി ക്യാൻസറിന് കാരണമാകും എന്നു മാത്രമല്ല, ക്യാൻസറിനോടു പോരാടാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുകയും ചെയ്യും. ശ്വാസകോശ ക്യാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഏതാണ്ട് 90 ശതമാനത്തിനും കാരണം പുകവലിയോ അടുത്തുള്ളവർ പുകവലിക്കുന്നതു മൂലമോ ആണ്.
-
ഓരോ വർഷവും ആൾക്കൂട്ടത്തിനു നേരെയുണ്ടാകുന്ന വെടിവെപ്പുകൾ കാരണം ആളുകൾക്ക് ഏൽക്കുന്ന മാനസികാഘാതം വളരെ വലുതാണ്. ഐക്യനാടുകളിലെ സ്റ്റാൻഫോഡ് യൂണിവേഴ്സിറ്റിയുടെ ഒരു റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: “സ്കൂളിലെ വെടിവെപ്പുകളിൽ, പുറമേ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുന്ന ആളുകൾക്കുപോലും മാനസികമുറിവുകൾ ഉണ്ടായേക്കാം, അതു കാലങ്ങളോളം നീണ്ടുനിൽക്കുകയും ചെയ്തേക്കാം എന്ന് ഒരു ഗവേഷണം കാണിക്കുന്നു.”
-
മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ട് വാഹനം ഓടിക്കുന്ന ആളുകൾ മറ്റു വാഹനങ്ങളിലുള്ളവർക്കും, കാൽനടയാത്രക്കാർക്കുപോലും അപകടങ്ങൾ വരുത്തിവെക്കുന്നു. ജീവനു യാതൊരു വിലയും കല്പിക്കാത്ത ആളുകളുടെ പ്രവൃത്തികൾക്കു മിക്കപ്പോഴും ഇരകളാകുന്നതു സമൂഹത്തിലെ നിരപരാധികളായ ആളുകളാണ്.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുക. പുകവലി, വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റിന്റെ ഉപയോഗം), അമിതമായ മദ്യപാനം, രസത്തിനുവേണ്ടിയുള്ള മരുന്നിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തുടങ്ങിയ ഹാനികരമായ ശീലങ്ങൾ നിങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കും. കൂടാതെ, അത് നിങ്ങളുടെ കുടുംബാംഗങ്ങളുടെയും ചുറ്റുമുള്ളവരുടെയും ജീവനോടു കാണിക്കുന്ന അനാദരവുമായിരിക്കും. ഇത്തരം ശീലങ്ങൾ തുടങ്ങിയിട്ട് എത്ര കാലമായെങ്കിലും അത് ഉപേക്ഷിക്കാൻ നിങ്ങൾക്കാകും.
സുരക്ഷയെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുക. വീടും വീട്ടുസാധനങ്ങളും അപകടമൊന്നും ഉണ്ടാകാത്ത രീതിയിൽ നല്ല നിലയിലാണെന്ന് ഉറപ്പുവരുത്തുക. സുരക്ഷിതമായി വണ്ടി ഓടിക്കാൻ ശ്രദ്ധിക്കണം. നിങ്ങളുടെ വാഹനം എപ്പോഴും നല്ല കണ്ടീഷനിലാണെന്ന് ഉറപ്പുവരുത്തുക. ഗുരുതരമായ പരിക്കുകളോ മരണമോ വരുത്തിവെച്ചേക്കാവുന്ന കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ നിർബന്ധിച്ചാൽ അതിനു വഴങ്ങരുത്.
മറ്റുള്ളവരോട് ദയയുള്ളവരായിരിക്കുക. ആളുകളുടെ വംശമോ ദേശമോ സാമൂഹികപശ്ചാത്തലമോ ഒന്നും നോക്കാതെ എല്ലാവരോടും ദയ കാണിക്കുന്നതും ജീവനോടുള്ള ആദരവിൽ ഉൾപ്പെടുന്നു. ഓർക്കുക, മുൻവിധിയും വിദ്വേഷവും ആണ് ലോകത്തിലെ മിക്ക അക്രമങ്ങളുടെയും യുദ്ധങ്ങളുടെയും പ്രധാന കാരണം.
ഞങ്ങൾ ചെയ്യുന്നത്
ആരോഗ്യമുള്ള ഒരു ജീവിതം നയിക്കാൻ യഹോവയുടെ സാക്ഷികൾ ആളുകളെ സഹായിക്കുന്നു. മോശമായ ശീലങ്ങളും മയക്കുമരുന്നിനോടും പുകവലിയോടും ഒക്കെയുള്ള ആസക്തിയും മറികടക്കാൻ ഞങ്ങളുടെ ബൈബിൾ വിദ്യാഭ്യാസപരിപാടി ആളുകളെ സഹായിച്ചിട്ടുണ്ട്.
ഞങ്ങളുടെ നിർമാണപ്രവർത്തനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഞങ്ങൾ കർശനമായി പിൻപറ്റുന്നു. ഞങ്ങളുടെ ബൈബിൾ വിദ്യാഭ്യാസപരിപാടിക്കുവേണ്ടി യോഗസ്ഥലങ്ങളും മറ്റു കെട്ടിടങ്ങളും നിർമിക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന സന്നദ്ധസേവകർക്ക് അപകടമൊന്നും പറ്റാതിരിക്കാനായി വേണ്ട പരിശീലനം കൊടുക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും സുരക്ഷാനിയമങ്ങൾക്ക് അനുസരിച്ച് ഞങ്ങളുടെ കെട്ടിടങ്ങൾ സുരക്ഷിതമാണോ എന്നു ഞങ്ങൾ ഇടയ്ക്കിടെ പരിശോധിച്ച് ഉറപ്പുവരുത്തും.
ദുരന്തങ്ങൾ അനുഭവിക്കുന്നവരെ ഞങ്ങൾ സഹായിക്കുന്നു. 2022-ൽ, ലോകമെമ്പാടുമായി ജീവനു ഭീഷണി ഉയർത്തിയ 200-ഓളം ദുരന്തങ്ങളിൽ ഞങ്ങൾ ആളുകൾക്കു വലിയ സഹായം നൽകി. അതിനുവേണ്ടി സംഭാവനയായി കിട്ടിയ 100 കോടിയോളം രൂപയാണു ഞങ്ങൾ ചെലവഴിച്ചത്.
പശ്ചിമ ആഫ്രിക്കയിലും (2014) കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും (2018) എബോള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് അനേകം ആളുകളെ ബാധിച്ചു. ആ സമയത്ത് മാരകമായ ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി ഞങ്ങൾ ആളുകളുടെ ഇടയിൽ ബോധവത്കരണം നടത്തി. “അനുസരണം ജീവൻ രക്ഷിക്കുന്നു” എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ പ്രതിനിധികളെ അയച്ചു. ഞങ്ങൾ ആരാധനയ്ക്കായി കൂടിവരുന്ന കെട്ടിടങ്ങളുടെ പ്രവേശന സ്ഥലത്ത് കൈ കഴുകാനുള്ള സൗകര്യങ്ങൾ ഒരുക്കി. കൂടാതെ, കൈ കഴുകുന്നതിന്റെയും മറ്റു സുരക്ഷാ മുൻകരുതലുകൾ പിൻപറ്റേണ്ടതിന്റെയും പ്രാധാന്യം ഞങ്ങൾ കൂടെക്കൂടെ ഓർമിപ്പിക്കുകയും ചെയ്തു.
എബോള വൈറസിന്റെ വ്യാപനം തടയുന്നതിനായി യഹോവയുടെ സാക്ഷികൾ തങ്ങളുടെ കൂട്ടത്തിലുള്ളവരെയും സാക്ഷികൾ അല്ലാത്തവരെയും സഹായിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സിയറ ലിയോണിൽ ഒരു റേഡിയോ അറിയിപ്പുണ്ടായി.
a പുരാതന മധ്യപൂർവ ദേശത്തുണ്ടായിരുന്ന ആ വ്യവസ്ഥ, കുടുംബങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നു മനസ്സിലാക്കാൻ അവരെ സഹായിച്ചു.