മാനസികാരോഗ്യം
ദോഷം വരുത്തുന്ന വികാരങ്ങളെക്കുറിച്ച് ബൈബിൾ മുന്നറിയിപ്പു തരുന്നു. അതോടൊപ്പം, പ്രയോജനം ചെയ്യുന്ന വികാരങ്ങൾ വളർത്തിയെടുക്കാനുള്ള പ്രോത്സാഹനവും അതു തരുന്നു.
ദേഷ്യം
ബൈബിൾതത്ത്വം: “കോപം നിയന്ത്രിക്കുന്നവൻ ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.”—സുഭാഷിതങ്ങൾ 16:32.
അതിന്റെ അർഥം: ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുന്നതു നമുക്ക് പ്രയോജനം ചെയ്യും. ചിലപ്പോൾ നമ്മൾ ദേഷ്യപ്പെടുന്നതിനു ന്യായമായ കാരണമുണ്ടായേക്കാം. എന്നാൽ, അതു നിയന്ത്രിച്ചില്ലെങ്കിൽ വലിയ അപകടം വരും. ഗവേഷകർ പറയുന്നത്, ദേഷ്യപ്പെട്ടിരിക്കുന്ന ഒരാൾക്ക് കാര്യങ്ങൾ നന്നായി ചിന്തിക്കാൻ കഴിയില്ലെന്നാണ്. ഒരുപക്ഷേ അദ്ദേഹം പിന്നീടു ദുഃഖിക്കേണ്ടിവരുന്ന ചില കാര്യങ്ങൾ പറയാനോ പ്രവൃത്തിക്കാനോ ഇടയുണ്ട്.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ദേഷ്യം നിങ്ങളെ നിയന്ത്രിക്കാൻ തുടങ്ങുന്നതിനു മുമ്പേ നിങ്ങൾ ദേഷ്യത്തെ നിയന്ത്രിക്കാൻ പഠിക്കുക. ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുന്നതു കരുത്തിന്റെ അടയാളമായിട്ടാണു ചിലർ കരുതുന്നത്. എന്നാൽ, അതു ബലഹീനതയുടെ അടയാളമാണെന്ന കാര്യം ജ്ഞാനികൾക്കേ അറിയൂ. ബൈബിൾ പറയുന്നത്, “കോപം നിയന്ത്രിക്കാൻ കഴിയാത്തവൻ ശത്രുക്കൾക്കു കീഴടങ്ങിയ, മതിലില്ലാത്ത ഒരു നഗരംപോലെ” ആണെന്നാണ്. (സുഭാഷിതങ്ങൾ 25:28) ദേഷ്യം വരുമ്പോൾ, വാസ്തവത്തിൽ എന്താണു സംഭവിച്ചതെന്ന കാര്യം ആദ്യംതന്നെ മനസ്സിലാക്കുന്നത് നിങ്ങളുടെ ദേഷ്യം അടക്കുന്നതിനുള്ള ഒരു നല്ല വഴിയാണ്. “മനുഷ്യന്റെ ഉൾക്കാഴ്ച അവന്റെ കോപം തണുപ്പിക്കുന്നു.” (സുഭാഷിതങ്ങൾ 19:11) ഒരു കാര്യത്തിന്റെ രണ്ടു വശങ്ങളെക്കുറിച്ചും ശ്രദ്ധാപൂർവം കേൾക്കുക. ഇങ്ങനെ കാര്യങ്ങളുടെ എല്ലാ വശവും മനസ്സിലാക്കുന്നതു ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും.
നന്ദി
ബൈബിൾതത്ത്വം: ‘നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കണം.’—കൊലോസ്യർ 3:15.
അതിന്റെ അർഥം: നന്ദിയുള്ളവർക്കേ സന്തോഷമുള്ളവരായിരിക്കാൻ കഴിയൂ എന്നു പറയാറുണ്ട്. വലിയ നഷ്ടങ്ങളൊക്കെ സഹിക്കേണ്ടി വന്നിട്ടുള്ളവർപോലും അതു ശരിയാണെന്നു സമ്മതിക്കും. നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചുതന്നെ ചിന്തിച്ചിരിക്കാതെ ഇപ്പോഴുള്ള നന്മകളെക്കുറിച്ച് ചിന്തിക്കുന്നതു വിഷമം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അവരുടെ അഭിപ്രായം.
നിങ്ങൾക്കു ചെയ്യാനാകുന്നത്: ഓരോ ദിവസവും ലഭിക്കുന്ന നന്മകളെക്കുറിച്ച് സമയമെടുത്തു ചിന്തിക്കുകയോ അവയുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയോ ചെയ്യുക. അവയൊന്നും വലിയവലിയ കാര്യങ്ങളായിരിക്കണമെന്നില്ല. മനോഹരമായ ഒരു സൂര്യോദയം, പ്രിയപ്പെട്ട ഒരാളുമായി സംസാരിച്ചിരിക്കുന്നത്, ഒരു ദിവസംകൂടെ ജീവിക്കാൻ കഴിഞ്ഞത്—ഇങ്ങനെയുള്ള കൊച്ചുകൊച്ചു കാര്യങ്ങൾപോലും ആകാം. ഇതുപോലുള്ള ശുഭകരമായ ചിന്തകൾ നിങ്ങളുടെ സന്തോഷം കൂട്ടും.
കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്ദി കാണിക്കാനുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്നതു ഗുണം ചെയ്യും. മറ്റുള്ളവരിൽ നിങ്ങൾ വിലമതിക്കുന്ന കാര്യങ്ങൾ അവരോടു പറയുക. നേരിട്ടോ കത്തിലൂടെയോ ഇ-മെയിലിലൂടെയോ ഫോണിലൂടെയോ നിങ്ങൾക്ക് അതു ചെയ്യാം. അത് നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തും, കൊടുക്കുന്നതിന്റെ സന്തോഷം മനസ്സിലാക്കാനും സഹായിക്കും.—പ്രവൃത്തികൾ 20:35.
മറ്റു ബൈബിൾതത്ത്വങ്ങൾ
തർക്കങ്ങൾ ഒഴിവാക്കുക.
“വഴക്കു തുടങ്ങുന്നത് അണക്കെട്ടു തുറന്നുവിടുന്നതുപോലെ; കലഹം തുടങ്ങുംമുമ്പേ അവിടം വിട്ട് പോകുക.”—സുഭാഷിതങ്ങൾ 17:14.
ഭാവിയെക്കുറിച്ച് ഓർത്ത് അനാവശ്യമായി ഉത്കണ്ഠപ്പെടാതിരിക്കുക.
“അതുകൊണ്ട് അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34.
എടുത്തുചാടി ഒന്നും ചെയ്യാതെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക.
“ചിന്താശേഷി നിന്നെ സംരക്ഷിക്കുകയും വകതിരിവ് നിന്നെ കാക്കുകയും ചെയ്യും.”—സുഭാഷിതങ്ങൾ 2:11.