സാമ്പത്തികം
ബൈബിൾതത്ത്വങ്ങൾ അനുസരിച്ചതുകൊണ്ട് പലർക്കും സാമ്പത്തികപ്രശ്നങ്ങൾ കുറയ്ക്കാനായിട്ടുണ്ട്.
ചിന്തിച്ച് ചെലവാക്കുക
ബൈബിൾതത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ (“ആലോചനകൾ,” പി.ഒ.സി.) വിജയിക്കും; എന്നാൽ എടുത്തുചാട്ടക്കാരെല്ലാം ദാരിദ്ര്യത്തിലേക്കു നീങ്ങുന്നു.”—സുഭാഷിതങ്ങൾ 21:5.
അതിന്റെ അർഥം: ആലോചിച്ച് കാര്യങ്ങൾ ചെയ്യുന്നതാണ് വിജയിക്കാനുള്ള പ്രധാനവഴി. ചെലവാക്കുന്നതിനു മുമ്പ് നന്നായി ആലോചിക്കുക. ഓർക്കേണ്ട കാര്യം ഇതാണ്: നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ വാങ്ങിക്കാൻ കഴിഞ്ഞെന്നുവരില്ല. അതുകൊണ്ട് ബുദ്ധിപൂർവം പണം ചെലവാക്കുക.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
-
വരവുചെലവ് കണക്കാക്കുക. നിങ്ങളുടെ ചെലവുകളെല്ലാം എഴുതിവെക്കുക. ഭക്ഷണം, വസ്‌ത്രം, വാടക എന്നിങ്ങനെ തരം തിരിച്ച് എഴുതുക. ഓരോന്നിനുംവേണ്ടി എത്ര പണം ചെലവാക്കണമെന്നു നേരത്തേ തീരുമാനിക്കുക. ഒരു കാര്യത്തിനു നിങ്ങൾ ഉദ്ദേശിച്ചതിനെക്കാൾ കൂടുതൽ ചെലവാക്കേണ്ടിവന്നാൽ മറ്റ് ഏതെങ്കിലും ചെലവ് കുറയ്‌ക്കുക. ഉദാഹരണത്തിന്, പെട്രോൾ അടിക്കാൻ കൂടുതൽ കാശ് ചെലവായെന്നു കരുതുക. അപ്പോൾ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതുപോലെ ഒഴിവാക്കാൻ പറ്റുന്ന ചെലവുകൾ ഒഴിവാക്കുക.
-
അനാവശ്യകടങ്ങൾ ഒഴിവാക്കുക. കടം വാങ്ങി സാധനങ്ങൾ മേടിക്കുന്നത് പരമാവധി ഒഴിവാക്കുക. അതിനു പകരം, നിങ്ങൾക്കു വേണ്ട സാധനങ്ങൾ വാങ്ങിക്കാൻ കാശ് സ്വരുക്കൂട്ടുക, എന്നിട്ട് അവ വാങ്ങുക. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിച്ചാൽ അടയ്‌ക്കേണ്ട പണം ആ മാസംതന്നെ അടയ്‌ക്കുക. അങ്ങനെ പലിശ ഒഴിവാക്കുക. നിങ്ങൾ കടത്തിലാണെങ്കിൽ തവണവ്യവസ്ഥയിൽ പണം കൃത്യമായി എങ്ങനെ തിരിച്ചടയ്ക്കാമെന്ന് ആലോചിക്കുക. എന്നിട്ട് അതു കൃത്യമായി അടയ്‌ക്കുക.
ഒരു പഠനം കാണിക്കുന്നതു ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ കൂടുതൽ പണം ചെലവാക്കാൻ സാധ്യതയുണ്ടെന്നാണ്. അതുകൊണ്ട് നിങ്ങൾക്കു ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ സൂക്ഷിച്ച് ഉപയോഗിക്കുക.
മോശമായ മനോഭാവത്തിനെതിരെ ജാഗ്രത
ബൈബിൾതത്ത്വം: “മടിയൻ മഞ്ഞുകാലത്ത് നിലം ഉഴുന്നില്ല; കൊയ്ത്തുകാലത്ത് ഒന്നുമില്ലാതെവരുമ്പോൾ അവന് ഇരക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 20:4.
അതിന്റെ അർഥം: അലസത ദാരിദ്ര്യത്തിലേക്കു നയിക്കും. അതുകൊണ്ട് കഠിനാധ്വാനം ചെയ്യുക. കഴിയുമെങ്കിൽ ഭാവിയിൽ വന്നേക്കാവുന്ന ചെലവുകളും വകയിരുത്തുക.
നിങ്ങൾക്കു ചെയ്യാനാകുന്നത്:
-
കഠിനാധ്വാനികളായിരിക്കുക. ജോലിസ്ഥലത്തു നിങ്ങൾ കഠിനാധ്വാനികളും വിശ്വസ്തരും ആണെങ്കിൽ പെട്ടെന്നു ജോലി നഷ്ടപ്പെടില്ല. ഉത്സാഹമുള്ള ജോലിക്കാരെ തൊഴിലുടമകൾക്ക് ഇഷ്ടമാണ്.
-
സത്യസന്ധരായിരിക്കുക. പൈസ, സമയം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും ജോലിസ്ഥലത്തു സത്യസന്ധരായിരിക്കുക. കള്ളത്തരം നിങ്ങളുടെ നല്ല പേര് കളഞ്ഞുകുളിക്കും. പിന്നീട് ഒരു ജോലി കിട്ടാൻ കഷ്ടപ്പെടേണ്ടിവരും.
-
അത്യാഗ്രഹം ഒഴിവാക്കുക. പണം, പണം എന്ന ചിന്തയിൽ പോയാൽ നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും നശിക്കും. ഓർക്കുക, പണത്തേക്കാൾ പ്രാധാന്യമുള്ള പലതും ജീവിതത്തിലുണ്ട്.
മറ്റു ബൈബിൾതത്ത്വങ്ങൾ
ചീത്തശീലങ്ങൾക്കുവേണ്ടി സമയവും പണവും പാഴാക്കിക്കളയരുത്.
“മുഴുക്കുടിയനും തീറ്റിഭ്രാന്തനും ദരിദ്രരാകും; മത്തുപിടിച്ച് ഉറങ്ങുന്നവൻ പഴന്തുണി ഉടുക്കേണ്ടിവരും.”—സുഭാഷിതങ്ങൾ 23:21.
അനാവശ്യമായ ഉത്കണ്ഠകൾ ഒഴിവാക്കുക.
“എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്കണ്ഠപ്പെടരുത്.”—മത്തായി 6:25.
അസൂയ ഒഴിവാക്കുക.
“അസൂയാലുവായ മനുഷ്യൻ സമ്പത്തിനായി കൊതിക്കുന്നു; ദാരിദ്ര്യം തന്നെ പിടികൂടുമെന്ന് അവൻ അറിയുന്നില്ല.”—സുഭാഷിതങ്ങൾ 28:22.