ഊർജസംരക്ഷണം—നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
വീടുകളിലെ താപനില ക്രമീകരിക്കാനും വാഹനം ഉപയോഗിക്കാനും മറ്റു പല ദൈനംദിന കാര്യങ്ങൾക്കും ഊർജം ആവശ്യമാണ്. പക്ഷേ, ഇന്ന് ലോകം രൂക്ഷമായ ഊർജപ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്.
സൗത്ത് ആഫ്രിക്കയിൽനിന്നുള്ള ഗാരി പറയുന്നത് “കുതിച്ചുയരുന്ന ഇന്ധനവില” ഒരു വലിയ പ്രശ്നമാണെന്നാണ്. ഫിലിപ്പീൻസിൽനിന്നുള്ള ജെന്നിഫർ ആകട്ടെ “കൂടെക്കൂടെ വൈദ്യുതി മുടങ്ങുന്നതുകൊണ്ട്” പല കാര്യങ്ങളും ശരിക്കും ചെയ്യാൻ കഴിയുന്നില്ലെന്ന് ഉത്കണ്ഠപ്പെടുന്നു. “പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചാണ് എന്റെ ഉത്കണ്ഠ” എന്ന് എൽ സാൽവഡോറിൽനിന്നുള്ള ഫെർണാണ്ടോ പറയുന്നു. ലോകത്ത് പല സ്ഥലങ്ങളിലും ഊർജസ്രോതസുകൾ പരിസ്ഥിതിമലിനീകരണത്തിനു കാരണമാകുന്നു.
‘ഈ ഊർജപ്രതിസന്ധിയെ ഞാൻ എങ്ങനെ നേരിടും’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
നമുക്കെല്ലാം ഊർജം ബുദ്ധിപൂർവം ഉപയോഗിക്കാനാകും. ഊർജം സംരക്ഷിക്കുന്നതുകൊണ്ടും അത് ശരിയായ വിധത്തിൽ ഉപയോഗിക്കുന്നതുകൊണ്ടും പല പ്രയോജനങ്ങളുണ്ട്. ഊർജത്തിന്റെ ഉപഭോഗം കുറയ്ക്കുമ്പോൾ നമുക്ക് പണം ലാഭിക്കാം. കൂടാതെ, ഊർജം അനാവശ്യമായി ഉപയോഗിക്കാതിരിക്കുമ്പോൾ പരിസ്ഥിതിയെ സംരക്ഷിക്കാനും നമുക്കാകും, പ്രത്യേകിച്ചും ഊർജത്തിന്റെ ആവശ്യം കുതിച്ചുയരുന്ന ഈ സാഹചര്യത്തിൽ.
ഊർജം ബുദ്ധിപൂർവം ഉപയോഗിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട മൂന്നു മേഖലകൾ നോക്കാം: വീട്, വാഹനം, ദൈനംദിനകാര്യങ്ങൾ.
വീട്
താപനില നിയന്ത്രിക്കാനുള്ള ഉപകരണങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. മഞ്ഞുകാലത്ത് താപനില ക്രമീകരിക്കാനുള്ള ഉപകരണം രണ്ടു ഡിഗ്രി കുറച്ചുവെച്ചതാണ് ആ വർഷം വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ സഹായിച്ച ഏറ്റവും പ്രസക്തമായ കാര്യം എന്ന് ഒരു യൂറോപ്യൻ രാജ്യത്ത് നടത്തിയ പഠനം വെളിപ്പെടുത്തി. കാനഡയിൽ താമസിക്കുന്ന ഡെറിക്ക് ഇതിനോടു യോജിക്കുന്നു. അദ്ദേഹം പറയുന്നു: “മഞ്ഞുകാലത്ത് ഉപകരണത്തിന്റെ ചൂട് കൂട്ടിവെക്കുന്നതിനു പകരം ഞങ്ങൾ കമ്പിളിവസ്ത്രങ്ങൾ ധരിക്കും. അങ്ങനെ ഞങ്ങൾ വൈദ്യുതി ലാഭിക്കും.”
ചൂടുകാലത്ത് ഉപയോഗിക്കുന്ന തണുപ്പിക്കുന്ന ഉപകരണങ്ങളുടെ കാര്യത്തിലും ഇതു സത്യമാണ്. ഫിലിപ്പീൻസിൽനിന്നുള്ള റുഡോൾഫോ തന്റെ വീട്ടിലെ എയർ കണ്ടീഷണറിന്റെ താപനില ഉചിതമായി ക്രമീകരിക്കുന്നു. എന്തുകൊണ്ട്? അദ്ദേഹം പറയുന്നു: “അങ്ങനെ ഞങ്ങൾ പണം ലാഭിക്കുന്നു, ഊർജം സംരക്ഷിക്കുകയും ചെയ്യുന്നു.”
വീട് ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യുമ്പോൾ വാതിലുകളും ജനലുകളും അടച്ചിടുക. * ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്ത വായു പുറത്തു കടക്കാതെ നോക്കുന്നതാണ് ഊർജം പാഴാക്കാതിരിക്കാനുള്ള മാർഗം. ഉദാഹരണത്തിന്, തണുപ്പിച്ച മുറിയുടെ വാതിലോ ജനലോ തുറന്നിട്ടാൽ തണുപ്പ് നിലനിറുത്താൻ കൂടുതൽ വൈദ്യുതി വേണ്ടിവരും.
ചിലപ്പോൾ വാതിലും ജനലും അടച്ചിടുന്നത് കൂടാതെ മറ്റു ചില കാര്യങ്ങളും ചെയ്യേണ്ടിവരും. പുറത്തുനിന്നുള്ള വായു കടക്കാത്ത വിധത്തിൽ എല്ലാ വിടവുകളും വെന്റിലേഷനുകളും അടച്ച് ഭദ്രമാക്കുന്നതും ഊർജനഷ്ടം പരമാവധി കുറയ്ക്കുന്ന ജനലുകൾ പിടിപ്പിക്കുന്നതും ആവശ്യമായി വന്നേക്കാം. അങ്ങനെ ചെയ്തപ്പോൾ പലർക്കും വീട്ടിലെ വൈദ്യുതി ഉപഭോഗം കാര്യമായി കുറയ്ക്കാൻ കഴിഞ്ഞു.
കുറഞ്ഞ ഊർജ ഉപഭോഗമുള്ള ലൈറ്റുകൾ ഉപയോഗിക്കുക. തുടക്കത്തിൽ കണ്ട
ജെന്നിഫർ പറയുന്നു: “കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന പഴയ ബൾബുകൾ മാറ്റി വൈദ്യുതി ലാഭിക്കുന്ന പുതിയ തരം ബൾബുകൾ ഞങ്ങൾ പിടിപ്പിച്ചു.” ഊർജ ഉപഭോഗം കുറഞ്ഞ പുതിയ ബൾബുകൾ അൽപ്പം വില കൂടിയതാണെങ്കിലും അവ കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നതുകൊണ്ട് ദീർഘകാലാടിസ്ഥാനത്തിൽ നോക്കുമ്പോൾ ലാഭം തന്നെയാണ്.വാഹനം
കഴിയുന്നിടത്തോളം പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുക. ബ്രിട്ടനിൽനിന്നുള്ള ആൻഡ്രൂ പറയുന്നു: “ജോലിസ്ഥലത്തേക്കു ഞാൻ മിക്കപ്പോഴും സൈക്കിളിലോ ട്രെയിനിലോ ആണ് പോകുന്നത്.” ഊർജം: എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്ന ഇംഗ്ലീഷ് പുസ്തകം ഇങ്ങനെ പറയുന്നു: “ബസ്സുകളോ ഹ്രസ്വദൂരട്രെയിനുകളോ ഒരു യാത്രക്കാരനുവേണ്ടി ചെലവഴിക്കുന്ന ഊർജത്തിന്റെ മൂന്നിരട്ടിയാണ് സ്വകാര്യവാഹനത്തിൽ സഞ്ചരിക്കുമ്പോൾ ചെലവാകുന്നത്.”
യാത്രകൾ കൃത്യമായി പ്ലാൻ ചെയ്യുക. മുന്നമേ പ്ലാൻ ചെയ്യുന്നെങ്കിൽ യാത്രകളുടെ എണ്ണം കുറയ്ക്കാനാകും. ഇന്ധനത്തിന്റെ ഉപയോഗം കുറയും, പണവും സമയവും ലാഭിക്കുകയും ചെയ്യാം.
ഫിലിപ്പീൻസിൽനിന്നുള്ള ജെത്രോ എല്ലാ മാസവും വാഹനത്തിന്റെ ഇന്ധനച്ചെലവിലേക്ക് ഒരു തുക മാറ്റിവെക്കും. “യാത്രകൾ ശരിയായി പ്ലാൻ ചെയ്യാൻ ഇത് എന്നെ സഹായിക്കുന്നു.”
ദൈനംദിനകാര്യങ്ങൾ
ചൂടുവെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുക. “ഓസ്ട്രേലിയൻ നഗരങ്ങളിലെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 1.3 ശതമാനം, അല്ലെങ്കിൽ അവിടത്തെ മൊത്തം ഗാർഹിക ഊർജ ഉപഭോഗത്തിന്റെ 27 ശതമാനം, ഉപയോഗിച്ചത് വീടുകളിൽ വെള്ളം ചൂടാക്കാനാണ്” എന്ന് ഒരു പഠനം തെളിയിക്കുന്നു.
വെള്ളം ചൂടാക്കുന്നതിന് ഊർജം ആവശ്യമാണ്. എന്നാൽ കുറച്ച് വെള്ളമാണ് ചൂടാക്കുന്നതെങ്കിൽ ഊർജവും കുറച്ചു മതി. അതുകൊണ്ടാണ് സൗത്ത് ആഫ്രിക്കയിലുള്ള വിക്ടർ ഇങ്ങനെ പറഞ്ഞത്: “കുളിക്കാനായി പരമാവധി കുറച്ച് ചൂടുവെള്ളം ഉപയോഗിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.” സ്റ്റീവൻ കെൻവെ എന്ന ശാസ്ത്രജ്ഞൻ പറയുന്നു: “ചൂടുവെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുന്നത് ഒരു വൻനേട്ടംതന്നെയാണ്. അങ്ങനെ വെള്ളം ലാഭിക്കാം, വെള്ളം ചൂടാക്കാനുള്ള ഊർജവും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ വേണ്ട ഊർജവും ലാഭിക്കാം, വീട്ടുചെലവുകളും കുറയും.”
സ്വിച്ച് ഓഫ് ചെയ്യുക. ടിവി, കമ്പ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ, ലൈറ്റുകൾ എന്നിവ ഓഫ് ചെയ്യുന്നത് ഇതിൽപ്പെടുന്നു. ഓഫ് ചെയ്താലും അങ്ങനെയുള്ള ഉപകരണങ്ങൾ വൈദ്യുതി ഉപയോഗിക്കും. അതുകൊണ്ട് പ്ലഗ്ഗ് ഊരിയിടുകയോ ഉപകരണം ഓഫാകുമ്പോൾ അതിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നതരം പ്ലഗ്ഗുകൾ ഉപയോഗിക്കുകയോ ചെയ്യാനാണ് വിദഗ്ധർ പറയുന്നത്. മുമ്പ് കണ്ട ഫെർണാണ്ടോ അങ്ങനെ ചെയ്യാറുണ്ട്. അദ്ദേഹം പറയുന്നു: “ആവശ്യമില്ലാത്തപ്പോൾ ഞാൻ ലൈറ്റുകൾ ഓഫാക്കും, മറ്റ് ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുകയും ചെയ്യും.”
ഇന്ധനവില നിയന്ത്രിക്കാനോ അത് ഉത്പാദിപ്പിക്കുമ്പോൾ പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങൾ ഇല്ലാതാക്കാനോ നമുക്കാകില്ല. പക്ഷേ, ഊർജം ബുദ്ധിപൂർവം ഉപയോഗിക്കാൻ നമുക്കു കഴിയും. ലോകമെങ്ങുമുള്ള പല ആളുകളും ഇതിനുള്ള വഴികൾ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നു. ഊർജം സംരക്ഷിക്കാൻ നല്ല ശ്രമവും ആസൂത്രണവും ആവശ്യമാണ്. പക്ഷേ, ലഭിക്കുന്ന പ്രയോജനങ്ങൾ അതിനെയെല്ലാം കവച്ചുവെക്കുന്നതാണെന്ന് ഓർക്കുക. മെക്സിക്കോയിൽനിന്നുള്ള വലേറിയ പറയുന്നു: “ഞാൻ പണം ലാഭിക്കുന്നു, പരിസ്ഥിതി സംരക്ഷിക്കുകയും ചെയ്യുന്നു.”
^ ഖ. 10 താപനില നിയന്ത്രിക്കാനുള്ള ഉപകരണം സുരക്ഷിതമായി ഉപയോഗിക്കാൻ നിർമാതാക്കളുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ഉദാഹരണത്തിന്, ചില ഉപകരണങ്ങൾക്ക് വായുസഞ്ചാരത്തിനുള്ള വെന്റിലേഷൻ ആവശ്യമായിരിക്കും. അങ്ങനെയുള്ളവ ഉപയോഗിക്കുമ്പോൾ വാതിലോ ജനലോ തുറന്നിടേണ്ടിവരും.