ബൈബിളിന്റെ വീക്ഷണം
യുദ്ധം
പുരാതനകാലത്ത് ഇസ്രായേല്യർ തങ്ങളുടെ ദൈവമായ യഹോവയുടെ പേരിൽ യുദ്ധങ്ങൾ നടത്തിയിരുന്നു. എന്നുവെച്ച് ഇക്കാലത്ത് നടക്കുന്ന യുദ്ധങ്ങളെ ദൈവം അംഗീകരിക്കുന്നെന്നു പറയാനാകുമോ?
പുരാതന ഇസ്രായേല്യർ യുദ്ധം ചെയ്തതിന്റെ കാരണം എന്തായിരുന്നു?
ചിലർ പറയുന്നത്
രക്തദാഹിയും യുദ്ധക്കൊതിയനും ആയ ഒരു ‘ഗോത്രദൈവത്തെയാണ്’ ഇസ്രായേല്യർ ആരാധിച്ചിരുന്നത്.
ബൈബിൾ പറയുന്നത്
മൃഗങ്ങളുമായുള്ള ലൈംഗികബന്ധം, ബന്ധുക്കളുമായുള്ള ലൈംഗികബന്ധം, ശിശുബലി, അക്രമം, എന്നിങ്ങനെയുള്ള നികൃഷ്ടമായ പ്രവൃത്തികൾ ചെയ്തിരുന്ന ജനതകളോടാണ് ഇസ്രായേല്യർ യുദ്ധം ചെയ്തത്. ഈ തെറ്റായ പ്രവൃത്തികൾ ഉപേക്ഷിച്ച് മാറ്റം വരുത്താൻ നൂറ്റാണ്ടുകളോളം ആ ജനതകൾക്ക് സമയം കൊടുത്തതിനു ശേഷം ദൈവം ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളുടെ മുന്നിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇതുപോലുള്ള കാര്യങ്ങൾ ചെയ്താണ് അശുദ്ധരായിത്തീർന്നത്.”—ലേവ്യ 18:21-25; യിരെമ്യ 7:31.
‘ഈ ജനതകളുടെ ദുഷ്ടത കാരണം ആണ് നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയുന്നത്.’—ആവർത്തനം 9:5.
ഇക്കാലത്തെ യുദ്ധങ്ങളിൽ ദൈവം പക്ഷം പിടിക്കുന്നുണ്ടോ?
നിങ്ങൾ ഇതു ശ്രദ്ധിച്ചിട്ടുണ്ടോ?
യുദ്ധങ്ങൾ നടക്കുന്ന സമയത്ത്, ദൈവം തങ്ങളുടെ പക്ഷത്താണെന്ന് ഇരുപക്ഷത്തെയും മതനേതാക്കൾ അവകാശപ്പെടാറുണ്ട്. “ഇന്നുവരെ ഉണ്ടായിട്ടുള്ള യുദ്ധങ്ങളിലെല്ലാം മതത്തിന് ഒരുപ്രധാന പങ്കുണ്ടായിരുന്നിട്ടുണ്ട്” എന്ന് യുദ്ധത്തിന്റെ കാരണങ്ങൾ എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു.
ബൈബിൾ പറയുന്നത്
ശത്രുക്കൾക്ക് എതിരെ പോരാടാൻ ക്രിസ്ത്യാനികൾക്ക് അനുവാദമില്ല. അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: ‘എല്ലാവരുമായി സമാധാനത്തിലായിരിക്കാൻ നിങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുക. നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്.’—റോമർ 12:18, 19.
യുദ്ധത്തിനു പോകാനല്ല യേശു തന്റെ അനുഗാമികളോടു പറഞ്ഞത്. യേശു പറഞ്ഞു: “ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക. അപ്പോൾ നിങ്ങൾ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിന്റെ പുത്രന്മാരായിത്തീരും.” (മത്തായി 5:44, 45) സ്വന്തം രാജ്യത്ത് ഒരു യുദ്ധമുണ്ടായാലും ക്രിസ്ത്യാനികൾ നിഷ്പക്ഷരായി നിൽക്കണം. കാരണം അവർ “ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 15:19) എല്ലാ രാജ്യങ്ങളിലുമുള്ള തന്റെ ആരാധകർ ശത്രുക്കളെ സ്നേഹിക്കാനും ലോകത്തിൽനിന്ന് വേർപെട്ടിരിക്കാനും ആണ് ദൈവം ആഗ്രഹിക്കുന്നത്. അപ്പോൾപ്പിന്നെ ഇന്ന് നടക്കുന്ന പോരാട്ടങ്ങളിൽ പക്ഷം പിടിക്കാൻ ദൈവത്തിന് എങ്ങനെ കഴിയും?
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല. എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ എന്നെ ജൂതന്മാരുടെ കൈയിലേക്കു വിട്ടുകൊടുക്കാതിരിക്കാൻ എന്റെ സേവകർ പോരാടിയേനേ. എന്നാൽ എന്റെ രാജ്യം ഈ ലോകത്തുനിന്നുള്ളതല്ല.”—യോഹന്നാൻ 18:36.
യുദ്ധം എന്നെങ്കിലും അവസാനിക്കുമോ?
ചിലർ പറയുന്നത്
യുദ്ധം ഒഴിവാക്കാനാകില്ല. “യുദ്ധത്തിനു നല്ല ഭാവിയുണ്ട്” എന്ന് യുദ്ധവും അധികാരവും 21-ാം നൂറ്റാണ്ടിൽ എന്ന ഇംഗ്ലീഷ് പുസ്തകം പറയുന്നു. “നിലനിൽക്കുന്ന ആഗോളസമാധാനമെന്ന അപകടം ഏതായാലും ഈ നൂറ്റാണ്ടിൽ ഉണ്ടാകാൻ പോകുന്നില്ല” എന്നും ആ പുസ്തകം പറഞ്ഞു.
ബൈബിൾ പറയുന്നത്
യുദ്ധം ചെയ്യാനുള്ള ആളുകളുടെ ആഗ്രഹമില്ലാതാകുമ്പോൾ യുദ്ധങ്ങളുമില്ലാതാകും. സ്വർഗത്തിൽനിന്ന് ഭരിക്കുന്ന ഒരു യഥാർഥഗവൺമെന്റായ ദൈവരാജ്യം വൈകാതെതന്നെ ഭൂമിയിൽനിന്ന് യുദ്ധങ്ങൾ തുടച്ചുനീക്കുകയും സമാധാനത്തോടെ ജീവിക്കാൻ മനുഷ്യരെ പഠിപ്പിക്കുകയും ചെയ്യും. ദൈവം “അകലെയുള്ള പ്രബലരാജ്യങ്ങൾക്കു തിരുത്തൽ നൽകും. അവർ അവരുടെ വാളുകൾ കലപ്പകളായും കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും. ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല, അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല” എന്നു ബൈബിൾ ഉറപ്പുതരുന്നു.—മീഖ 4:3.
ദൈവരാജ്യം ഭരിക്കുമ്പോൾ സ്വാർഥതാത്പര്യങ്ങൾക്കുവേണ്ടി തമ്മിൽത്തല്ലുന്ന ഗവൺമെന്റുകളോ ആളുകളെ തമ്മിലടിപ്പിക്കുന്ന അന്യായമായ നയങ്ങളോ വംശീയവിദ്വേഷം ആളിക്കത്തിക്കുന്ന മുൻവിധികളോ ഉണ്ടായിരിക്കില്ലെന്നു ബൈബിൾ പഠിപ്പിക്കുന്നു. അങ്ങനെ യുദ്ധങ്ങൾ എന്നേക്കുമായി ഇല്ലാതാകും. ദൈവം ഈ ഉറപ്പു തരുന്നു: “അവ എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഒരു നാശവും വരുത്തില്ല, ഒരു ദ്രോഹവും ചെയ്യില്ല. കാരണം, സമുദ്രത്തിൽ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി മുഴുവൻ യഹോവയുടെ പരിജ്ഞാനം നിറഞ്ഞിരിക്കും.”—യശയ്യ 11:9.
“ദൈവം ഭൂമിയിലെങ്ങും യുദ്ധങ്ങൾ നിറുത്തലാക്കുന്നു. വില്ല് ഒടിച്ച് കുന്തം തകർക്കുന്നു, യുദ്ധവാഹനങ്ങൾ കത്തിച്ചുകളയുന്നു.”—സങ്കീർത്തനം 46:9.