വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഭൂമി രക്ഷപ്പെ​ടു​മോ?

വനങ്ങൾ

വനങ്ങൾ

വനങ്ങളെ ന്യായ​മാ​യും ഭൂമി​യു​ടെ “ശ്വാസ​കോ​ശ​മെ​ന്നും ജീവൻ നിലനി​റു​ത്തുന്ന സംവി​ധാ​ന​മെ​ന്നും” വിളി​ക്കാം. മനുഷ്യർക്ക്‌ ദോഷ​ക​ര​മായ കാർബൺ ഡൈ ഓക്‌​സൈഡ്‌ മരങ്ങൾ ആഗിരണം ചെയ്യുന്നു. എന്നിട്ട്‌ ഓക്‌സി​ജൻ പുറന്ത​ള്ളു​ന്നു. നമ്മൾ ശ്വസി​ക്കുന്ന വായു​വി​ലെ വളരെ പ്രധാ​ന​പ്പെട്ട ഒരു ഘടകമാണ്‌ ഓക്‌സി​ജൻ. കരയിലെ 80 ശതമാ​ന​ത്തോ​ളം ചെടി​ക​ളും മൃഗങ്ങ​ളും വനങ്ങളി​ലാ​ണു​ള്ളത്‌. വനങ്ങൾ ഇല്ലെങ്കിൽ നമ്മൾ ഇല്ല!

വനങ്ങൾ അപ്രത്യ​ക്ഷ​മാ​കു​ക​യാ​ണോ?

കൃഷി​ഭൂ​മി​യാ​ക്കി മാറ്റു​ന്ന​തി​നു​വേണ്ടി ഓരോ വർഷവും വനപ്ര​ദേ​ശ​ങ്ങ​ളി​ലെ കോടി​ക്ക​ണ​ക്കിന്‌ മരങ്ങളു​ടെ ചുവട്ടി​ലാണ്‌ കോടാ​ലി വെക്കു​ന്നത്‌. 1940-കളുടെ അവസാ​നം​മു​തൽ നോക്കി​യാൽ ലോക​ത്തി​ലെ മഴക്കാ​ടു​ക​ളു​ടെ പകുതി​യോ​ളം അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ന്നു.

ഒരു വനം നശിപ്പി​ക്ക​പ്പെ​ടു​മ്പോൾ ആ ആവാസ​വ്യ​വ​സ്ഥ​കൊണ്ട്‌ കിട്ടുന്ന പ്രയോ​ജ​ന​ങ്ങ​ളും അതിലെ ജീവജാ​ല​ങ്ങ​ളും ആണ്‌ ഇല്ലാതാ​കു​ന്നത്‌.

നമ്മുടെ ഗ്രഹം—നിലനിൽക്കാ​നാ​യി നിർമി​ച്ചത്‌

വനനശീ​ക​ര​ണം നടന്ന സ്ഥലങ്ങൾ നമ്മൾ വെറു​തെ​യി​ട്ടാൽ അവ വീണ്ടും വനങ്ങളാ​കും. കൂടുതൽ പ്രദേ​ശ​ങ്ങ​ളി​ലേക്ക്‌ ആ വനം വ്യാപി​ക്കു​ക​പോ​ലും ചെയ്യും. പരിസ്ഥി​തി​ഗ​വേ​ഷകർ അതിശ​യി​പ്പി​ക്കുന്ന ഒരു കാര്യം ഈയിടെ കണ്ടെത്തി—അതായത്‌, എത്ര പെട്ടെ​ന്നാണ്‌ വനനശീ​ക​രണം നേരിട്ട പ്രദേ​ശങ്ങൾ വീണ്ടും വളരു​ന്ന​തെ​ന്നും നിബി​ഡ​വ​നങ്ങൾ ആകുന്ന​തെ​ന്നും. ചില ഉദാഹ​ര​ണങ്ങൾ നോക്കാം:

  • ഗവേഷകർ വടക്കേ അമേരി​ക്ക​യി​ലെ​യും തെക്കേ അമേരി​ക്ക​യി​ലെ​യും പടിഞ്ഞാ​റെ ആഫ്രി​ക്ക​യി​ലെ​യും 2,200-ഓളം സ്ഥലങ്ങളിൽ ഒരു പഠനം നടത്തി. വനം നശിപ്പിച്ച്‌ കൃഷി​ഭൂ​മി​യാ​ക്കിയ ആ പ്രദേ​ശങ്ങൾ കുറെ​ക്കാ​ല​ത്തേക്ക്‌ ഉപയോ​ഗി​ക്കാ​തെ കിടക്കു​ക​യാ​യി​രു​ന്നു. 10 വർഷം​കൊ​ണ്ടു​തന്നെ അവിടത്തെ മണ്ണിനു വനപ്ര​ദേ​ശ​ങ്ങ​ളു​ടെ തനതായ ഗുണങ്ങൾ തിരികെ ലഭിച്ചു.

  • ടൈംസ്‌ മാസി​ക​യിൽ പ്രസി​ദ്ധീ​ക​രിച്ച ഒരു പഠനറി​പ്പോർട്ടിൽ ഗവേഷകർ പറഞ്ഞത്‌, ഏതാണ്ട്‌ 100 വർഷത്തി​നു​ള്ളിൽ ഈ പ്രദേ​ശ​ങ്ങൾക്ക്‌ അവ നശിപ്പി​ക്കു​ന്ന​തിന്‌ മുമ്പു​ണ്ടായ അതേ അവസ്ഥയി​ലേക്കു തിരി​ച്ചു​വ​രാൻ കഴിയു​മെ​ന്നാണ്‌.

  • ബ്രസീ​ലി​ലെ ശാസ്‌ത്ര​ജ്ഞ​ന്മാർ ഈയിടെ രസകര​മായ ഒരു താരത​മ്യ​പ​ഠനം നടത്തി. വനനശീ​ക​രണം നേരിട്ട ചില സ്ഥലങ്ങൾ അവർ തിര​ഞ്ഞെ​ടു​ത്തു. അതിൽ ചിലയി​ടത്ത്‌ വനങ്ങൾ സ്വാഭാ​വി​ക​മാ​യി ഉണ്ടായി. മറ്റു ചിലയി​ട​ങ്ങ​ളി​ലാ​കട്ടെ, മനുഷ്യൻ മരങ്ങ​ളൊ​ക്കെ നട്ടുപി​ടി​പ്പിച്ച്‌ വനങ്ങളാ​ക്കാൻ ശ്രമിച്ചു.

  • പിന്നീട്‌ അവരുടെ കണ്ടെത്ത​ലു​കൾ നാഷണൽ ജ്യോ​ഗ്രാ​ഫിക്‌ (ഇംഗ്ലീഷ്‌) റിപ്പോർട്ട്‌ ചെയ്‌തു: “മരങ്ങൾ നട്ടുപി​ടി​പ്പി​ക്കേണ്ട ഒരു ആവശ്യ​വും ഇല്ലെന്ന്‌ അവർ മനസ്സി​ലാ​ക്കി.” വെറും അഞ്ചു വർഷം​കൊ​ണ്ടു​തന്നെ മരങ്ങൾ നട്ടുപി​ടി​പ്പി​ക്കാത്ത “പ്രദേ​ശങ്ങൾ മുഴുവൻ തദ്ദേശീ​യ​മായ മരങ്ങൾകൊണ്ട്‌ നിറഞ്ഞി​രു​ന്നു.”

ഇന്ന്‌ മനുഷ്യൻ ചെയ്യു​ന്നത്‌

ഇപ്പോ​ഴുള്ള വനങ്ങൾ അങ്ങനെ​തന്നെ നിലനി​റു​ത്തു​ന്ന​തി​നും നശിച്ചു​പോ​യ​വയെ പുനരു​ദ്ധ​രി​ക്കു​ന്ന​തി​നും ലോക​വ്യാ​പ​ക​മാ​യി മനുഷ്യൻ ശ്രമി​ക്കു​ന്നുണ്ട്‌. അതിനു ഫലവും കാണു​ന്നുണ്ട്‌. ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യു​ടെ ഒരു സമിതി പറയു​ന്ന​ത​നു​സ​രിച്ച്‌ കഴിഞ്ഞ 25 വർഷം​കൊണ്ട്‌ “ആഗോള വനനശീ​ക​ര​ണ​ത്തി​ന്റെ വേഗത 50 ശതമാ​ന​ത്തി​ല​ധി​കം കുറഞ്ഞി​ട്ടുണ്ട്‌.”

പക്ഷേ, ഈ ശ്രമങ്ങൾ മാത്രം മതിയാ​കില്ല നമ്മുടെ വനങ്ങളെ രക്ഷിക്കാൻ. “ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളി​ലെ വനനശീ​ക​ര​ണ​ത്തി​ന്റെ തോത്‌ കഴിഞ്ഞ കുറച്ച്‌ വർഷങ്ങ​ളാ​യി ഒരു മാറ്റവു​മി​ല്ലാ​തെ അതേ​പോ​ലെ​തന്നെ തുടരു​ക​യാണ്‌” എന്ന്‌ ഗ്ലോബൽ ഫോറസ്റ്റ്‌ വാച്ച്‌ എന്ന സംഘടന റിപ്പോർട്ട്‌ ചെയ്‌തു.

അനധി​കൃ​ത​മാ​യി മരം മുറി​ക്കു​ന്ന​തി​ലൂ​ടെ കോടി​ക്ക​ണ​ക്കി​നു രൂപയു​ടെ ബിസി​നെ​സ്സാണ്‌ നടക്കു​ന്നത്‌. വാണി​ജ്യ​നേ​ട്ട​ത്തി​നു​വേ​ണ്ടി​യുള്ള ഈ ചൂഷണ​മാണ്‌ ഉഷ്‌ണ​മേ​ഖലാ പ്രദേ​ശ​ങ്ങ​ളി​ലെ വനനശീ​ക​ര​ണ​ത്തി​ന്റെ കാരണം.

വനങ്ങൾ സംരക്ഷി​ക്കുന്ന സംഘട​നകൾ വൈദ​ഗ്‌ധ്യ​ത്തോ​ടെ പ്രവർത്തി​ക്കു​ന്നു. ചില മരങ്ങൾ അവർ വെട്ടി​മാ​റ്റു​ക​യും പുതിയവ നട്ടുപി​ടി​പ്പി​ക്കു​ക​യും ചെയ്യുന്നു

ബൈബിൾ പ്രതീ​ക്ഷ​യ്‌ക്കു വകനൽകു​ന്നു

“കാഴ്‌ച​യ്‌ക്കു മനോ​ഹ​ര​വും ഭക്ഷ്യ​യോ​ഗ്യ​വും ആയ എല്ലാ മരങ്ങളും യഹോവ a നിലത്ത്‌ മുളപ്പി​ച്ചു.”—ഉൽപത്തി 2:9.

മനുഷ്യ​ന്റെ പ്രവർത്ത​ന​ങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളിൽനിന്ന്‌ തിരി​ച്ചു​വ​രാൻ വനങ്ങൾക്കു കഴിയും. അതിനുള്ള സ്വാഭാ​വി​ക​പ്രാ​പ്‌തി​യോ​ടെ​യാണ്‌ സ്രഷ്ടാവ്‌ അവയെ നിർമി​ച്ചി​രി​ക്കു​ന്നത്‌. ഈ ഭൂമി​യി​ലെ വനങ്ങ​ളെ​യും അതിലെ ജീവജാ​ല​ങ്ങ​ളെ​യും പരിര​ക്ഷി​ക്കാ​നും നിലനി​റു​ത്താ​നും സ്രഷ്ടാവ്‌ ആഗ്രഹി​ക്കു​ന്നു.

പ്രകൃ​തി​വി​ഭ​വങ്ങൾ ചൂഷണം ചെയ്യു​ന്നത്‌ ദൈവം അവസാ​നി​പ്പി​ക്കു​മെന്ന്‌ ബൈബിൾ പറയുന്നു. ഈ ഭൂമി​യും അതിൽ തുടി​ക്കുന്ന ജീവനും ഇവിടെ നിലനിൽക്ക​ണ​മെ​ന്നാണ്‌ ദൈവ​ത്തി​ന്റെ ആഗ്രഹം. “ഈ ഭൂമി നിലനിൽക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്നു” എന്ന 15-ാം പേജിലെ ലേഖനം കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.