ഈ ഭൂമി രക്ഷപ്പെടുമോ?
സമുദ്രങ്ങൾ
മനുഷ്യർ കഴിക്കുന്ന ഭക്ഷണത്തിന്റെ നല്ലൊരു ഭാഗവും സമുദ്രങ്ങളിൽനിന്നാണ് ലഭിക്കുന്നത്. അതുപോലെ മരുന്നുകൾ ഉണ്ടാക്കാനുള്ള ചില പദാർഥങ്ങളും സമുദ്രങ്ങൾ തരുന്നു. നമുക്ക് ആവശ്യമായ ഓക്സിജന്റെ പകുതിയിലധികം ഉത്പാദിപ്പിക്കുന്നതു സമുദ്രങ്ങളാണ്. അപകടകരമായ കാർബൺ വാതകങ്ങളെ അവ ആഗിരണം ചെയ്യുകയും ചെയ്യുന്നു. ഇനി, കാലാവസ്ഥ നിയന്ത്രിച്ച് നിറുത്തുന്നതിലും സമുദ്രങ്ങൾക്കൊരു പങ്കുണ്ട്.
സമുദ്രങ്ങൾ നേരിടുന്ന ഭീഷണി
കാലാവസ്ഥയിലെ മാറ്റം പവിഴപ്പുറ്റുകളുടെയും കക്കകളുടെയും മറ്റു സമുദ്രജീവികളുടെയും നിലനിൽപ്പിന് ഒരു ഭീഷണിയായിരിക്കുകയാണ്. സമുദ്രത്തിലെ നാലിലൊന്നോളം ജീവജാലങ്ങൾ ആശ്രയിച്ച് കഴിയുന്ന പവിഴപ്പുറ്റുകൾ ഏതാണ്ട് 30 വർഷത്തിനുള്ളിൽ ഇല്ലാതായേക്കും എന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കുകൂട്ടുന്നത്.
90 ശതമാനത്തോളം കടൽപക്ഷികളും പ്ലാസ്റ്റിക്ക് കഴിച്ചിട്ടുണ്ടാകാം എന്നാണ് വിദഗ്ധർ പറയുന്നത്. സമുദ്രങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് കാരണം ലക്ഷക്കണക്കിനു കടൽജീവികളാണ് ഓരോ വർഷവും കൊല്ലപ്പെടുന്നത്.
യുഎൻ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടെറസ് 2022-ൽ ഇങ്ങനെ പറഞ്ഞു: “സമുദ്രങ്ങളോട് എന്തു ചെയ്താലും ഒരു കുഴപ്പവുമില്ല എന്ന് നമ്മൾ വിചാരിച്ചു. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുകയാണ്.”
നമ്മുടെ ഭൂമി—നിലനിൽക്കാനായി നിർമിച്ചത്
മനുഷ്യന്റെ കടന്നുകയറ്റമില്ലെങ്കിൽ സ്വയം ശുദ്ധീകരിക്കാനുള്ള പ്രാപ്തി സമുദ്രങ്ങൾക്കും അതിലെ ജീവജാലങ്ങൾക്കും ഉണ്ട്. ഉയിർത്തെഴുന്നേൽപ്പ്: കാലാവസ്ഥപ്രതിസന്ധി ഒരു തലമുറയോടെ അവസാനിക്കുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത്, “മനുഷ്യവ്യവസായങ്ങളെ വേലികെട്ടി നിറുത്തിയാൽ പൂർവസ്ഥിതിയിലേക്കു വരാനുള്ള സമുദ്രങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കും” എന്നാണ്. ചില ഉദാഹരണങ്ങൾ നോക്കുക:
-
ആഗോളതാപനത്തിന് ഇടയാക്കുന്ന പ്രധാനവാതകം കാർബൺ ഡൈ ഓക്സൈഡ് ആണെന്നാണ് കരുതപ്പെടുന്നത്. സമുദ്രങ്ങളിലെ സസ്യപ്ലവകങ്ങൾ (phytoplankton) എന്ന ചെറുജീവികൾക്ക് കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും സൂക്ഷിച്ചുവെക്കാനും ഉള്ള പ്രാപ്തിയുണ്ട്, അതും വലിയ അളവിൽ! ശരിക്കും പറഞ്ഞാൽ കരയിലുള്ള എല്ലാം മരങ്ങളിലും പുല്ലിലും മറ്റു ചെടികളിലും ശേഖരിച്ചുവെച്ചിരിക്കുന്ന അത്രയുംതന്നെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിച്ചുവെക്കാൻ സസ്യപ്ലവകങ്ങൾക്കു കഴിയും.
-
സൂക്ഷ്മാണുക്കൾ മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കുന്നു. അവ അങ്ങനെ ചെയ്തില്ലെങ്കിൽ സമുദ്രങ്ങൾ ആകെ മലിനമായിപ്പോയേനേ. പിന്നീട് ഈ സൂക്ഷ്മാണുക്കൾ മറ്റു കടൽജീവികളുടെ ഭക്ഷണമാകും. ഈ പ്രവർത്തനങ്ങൾ “സമുദ്രങ്ങളെ വൃത്തിയുള്ളതും തെളിവുള്ളതും ആയി നിലനിർത്തുന്നു” എന്ന് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഷ്യൻ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
-
കടലിലെ അമ്ലം (acid) പവിഴപ്പുറ്റുകൾക്കും കക്കകൾക്കും മറ്റു ജീവജാലങ്ങൾക്കും ആപത്താണ്. എന്നാൽ, പല കടൽജീവികളും തങ്ങളുടെ ദഹനപ്രക്രിയയിലൂടെ സമുദ്രങ്ങളിലെ അമ്ലത്തിന്റെ അംശം കുറയ്ക്കുന്നു.
ഇന്ന് മനുഷ്യൻ ചെയ്യുന്നത്
സമുദ്രങ്ങളിൽ പാഴ്വസ്തുക്കൾ എത്തിച്ചേർന്നാൽ മാത്രമല്ലേ അവ നീക്കം ചെയ്യേണ്ട ആവശ്യം വരൂ. അതുകൊണ്ട് ഒരു പ്രാവശ്യം ഉപയോഗിച്ച് വലിച്ചെറിയുന്ന തരം പ്ലാസ്റ്റിക്ക് സാധനങ്ങൾ ശീലമാക്കുന്നതിനു പകരം വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ബാഗുകളും സഞ്ചികളും മറ്റും ഉപയോഗിക്കാനാണ് വിദഗ്ധർ പ്രോത്സാഹിപ്പിക്കുന്നത്.
പക്ഷേ, അതുകൊണ്ടൊന്നും മതിയാകില്ല. ഈ അടുത്തകാലത്ത് ഒരു പരിസ്ഥിതിസംഘടന ഒരു വർഷംകൊണ്ട് 112 രാജ്യങ്ങളുടെ സമുദ്രതീരങ്ങളിൽനിന്ന് 9,200 ടണ്ണോളം ചപ്പുചവറുകളാണു ശേഖരിച്ചത്. പക്ഷേ, ലോകമെമ്പാടും ഓരോ വർഷവും സമുദ്രതീരത്ത് അടിയുന്ന മാലിന്യങ്ങളുടെ ആയിരത്തിലൊന്നേ ആകുന്നുള്ളൂ അത്.
“മനുഷ്യന്റെ പ്രവർത്തനങ്ങൾ കാരണം സമുദ്രങ്ങളിൽ കലർന്നിട്ടുള്ള അമ്ലത്തിന്റെ അളവ് കുറയ്ക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്” എന്നാണ് നാഷണൽ ജ്യോഗ്രാഫിക് (ഇംഗ്ലീഷ്) റിപ്പോർട്ട് ചെയ്യുന്നത്. കടൽ ജീവികൾക്ക് “സമുദ്രങ്ങളിലെ അമ്ലത്തിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുണ്ട്. പക്ഷേ, മനുഷ്യൻ അത്രയധികം ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതുകൊണ്ട് അത് അവയുടെ കഴിവിന് അപ്പുറമാകുന്നു.”
ബൈബിൾ പ്രതീക്ഷയ്ക്കു വകനൽകുന്നു
“അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു. അതാ സമുദ്രം! അനന്തം! അതിവിശാലം! അതിൽ നിറയെ ചെറുതും വലുതും ആയ എണ്ണമറ്റ ജീവജാലങ്ങൾ.” —സങ്കീർത്തനം 104:24, 25.
നമ്മുടെ സ്രഷ്ടാവാണ് സമുദ്രങ്ങൾ ഉണ്ടാക്കിയത്. സ്വയം ശുദ്ധീകരിക്കാനുള്ള പ്രാപ്തി അവയ്ക്കു കൊടുത്തതും സ്രഷ്ടാവ് തന്നെയാണ്. ഒന്നു ചിന്തിക്കുക, സമുദ്രങ്ങളെയും അതിലെ ജീവജാലങ്ങളെയും കുറിച്ച് സ്രഷ്ടാവിന് അത്രയധികം അറിയാമെങ്കിൽ സമുദ്രങ്ങൾക്കു വന്നിരിക്കുന്ന കുഴപ്പങ്ങൾ പരിഹരിക്കാനും ദൈവത്തിനു കഴിയില്ലേ? “ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു” എന്ന 15-ാം പേജിലെ ലേഖനം കാണുക.