ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾക്ക്
അകലെ താമസിക്കുന്നെങ്കിലും അടുപ്പം നിലനിറുത്താൻ ഇന്ന് അനേകരും ടെക്സ്റ്റ് മെസ്സേജുകളും ഇ-മെയിലുകളും വീഡിയോ കോൺഫറൻസിങും സോഷ്യൽമീഡിയയും എല്ലാം ഉപയോഗിക്കുന്നു. അതെ, ടെക്നോളജി അവർക്കു വലിയ ഒരു സഹായമാണ്.
എന്നാൽ ടെക്നോളജിയെ മാത്രം ആശ്രയിച്ച് സൗഹൃദങ്ങൾ നിലനിറുത്താൻ ശ്രമിക്കുന്ന ചിലർ . . .
-
സഹാനുഭൂതി കാണിക്കാതിരുന്നേക്കാം.
-
ഒറ്റപ്പെടൽ അനുഭവിച്ചേക്കാം.
-
സ്വന്തം കാര്യത്തിനു മാത്രം ശ്രദ്ധ നൽകിയേക്കാം.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
സഹാനുഭൂതി
മറ്റൊരാളുടെ വികാരങ്ങൾ മനസ്സിലാക്കി, ആ വ്യക്തിയുടെ സ്ഥാനത്ത് നിന്ന് ചിന്തിച്ച് ആവശ്യമായ സഹായം കൊടുക്കുന്നതാണ് സഹാനുഭൂതിയിൽ ഉൾപ്പെടുന്നത്. അങ്ങനെ ചിന്തിക്കാൻ സമയം വേണം. എന്നാൽ തുടരെത്തുടരെ വരുന്ന മെസ്സേജുകളും സോഷ്യൽമീഡിയയിലെ പോസ്റ്റുകളും എല്ലാം നോക്കുന്നതിനിടയ്ക്ക് അതിനു സമയം കിട്ടണമെന്നില്ല.
ടെക്നോളജി നമ്മളെ നിയന്ത്രിക്കുകയാണെങ്കിൽ, വരുന്ന മെസ്സേജുകൾക്കൊക്കെ എന്തെങ്കിലും ഒരു മറുപടി കൊടുക്കാനായിരിക്കും നമ്മൾ ചിന്തിക്കുന്നത്. നമ്മുടെ സുഹൃത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി സഹായിക്കാൻ നമുക്കാവില്ല.
ചിന്തിക്കാനായി: ടെക്നോളജി ഉപയോഗിച്ച് സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ “സഹാനുഭൂതി” കാണിക്കാം?—1 പത്രോസ് 3:8.
ഒറ്റപ്പെടൽ
സോഷ്യൽമീഡിയയിൽ കൂടുതൽ നേരം നോക്കിക്കഴിയുമ്പോൾ പലർക്കും വിഷമങ്ങളും ആകുലതകളും ഉണ്ടാകുന്നതായി ഒരു പഠനം കണ്ടെത്തി. ഗവേഷകർ പറയുന്നത്, സോഷ്യൽമീഡിയയിൽ മറ്റുള്ളവരുടെ ചിത്രങ്ങളും പോസ്റ്റുകളും ഒക്കെ കാണുമ്പോൾ “എനിക്ക് ഒന്നും നേടാനായില്ലല്ലോ” എന്ന ചിന്ത പലർക്കും ഉണ്ടാകുന്നു എന്നാണ്.
മറ്റുള്ളവർ ഇടുന്ന അടിപൊളി ഫോട്ടോകളും പോസ്റ്റുകളും കാണുമ്പോൾ ആവശ്യമില്ലാതെ അവരുമായി താരതമ്യം ചെയ്തേക്കാം. ‘മറ്റുള്ളവർ എന്ത് അടിച്ചുപൊളിച്ചാ ജീവിക്കുന്നേ, എന്റെ ജീവിതത്തിൽ ഒരു രസവുമില്ല’ എന്നൊക്കെ നമ്മൾ ചിന്തിച്ചേക്കാം.
ചിന്തിക്കാനായി: സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ ആവശ്യമില്ലാതെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?—ഗലാത്യർ 6:4.
സ്വാർഥത
ഒരു ടീച്ചർ എഴുതിയത് അവരുടെ വിദ്യാർഥികളിൽ ചിലർ സ്വന്തം കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവരായിരുന്നു, കാര്യം നേടാൻവേണ്ടി മാത്രമാണ് അവർ കൂട്ടുകാരെ കൂടെക്കൂട്ടിയിരുന്നത് എന്നാണ്. അതെ, ചിലർ സുഹൃദ്ബന്ധങ്ങളെ കാണുന്നത് ആവശ്യം കഴിയുമ്പോൾ ക്ലോസ് ചെയ്യുന്ന ഒരു ആപ്ലിക്കേഷൻ പോലെയാണ്.
ചിന്തിക്കാനായി: ഓൺലൈനിലെ നിങ്ങളുടെ പോസ്റ്റുകൾ കണ്ടാൽ നിങ്ങൾ മത്സരബുദ്ധിയുള്ള ഒരാളാണ് എന്ന് തോന്നുമോ? നിങ്ങൾ ഒരു വലിയ സംഭവമാണെന്ന ചിന്ത നിങ്ങൾക്കുണ്ട് എന്ന് അതു കാണിക്കുമോ?—ഗലാത്യർ 5:26.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങൾ എത്രത്തോളം ടെക്നോളജി ഉപയോഗിക്കുന്നു എന്നു ചിന്തിക്കുക
ടെക്നോളജി നിങ്ങളുടെ അടിമയാണെങ്കിൽ, അതായത് നിങ്ങൾ അതിനെ നിയന്ത്രിക്കുന്നെങ്കിൽ സുഹൃത്തുക്കളുമായി സംസാരിക്കാനും അവരുമായുള്ള ബന്ധം ശക്തമാക്കാനും നിങ്ങൾക്കു കഴിയും.
ബൈബിൾതത്ത്വം: “സ്നേഹം . . . സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
താഴെപ്പറയുന്നവയിൽ നിങ്ങൾക്കു ചെയ്യാനാകുന്നത് കുറിച്ചു വയ്ക്കുക. മറ്റെന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ അതും എഴുതാം.
-
എപ്പോഴും മെസ്സേജുകളും ഇ-മെയിലുകളും അയയ്ക്കുന്നതിനു പകരം ആളുകളുമായി നേരിട്ട് സംസാരിക്കാനും സമയം കണ്ടെത്തുക
-
മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ ഫോൺ മാറ്റിവെക്കുക, അല്ലെങ്കിൽ സൈലന്റ് ആക്കുക
-
സോഷ്യൽമീഡിയയിൽ നോക്കിയിരിക്കുന്ന സമയം കുറയ്ക്കുക
-
മറ്റുള്ളവർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക
-
ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ഒരു സുഹൃത്തുമായി സംസാരിക്കുക