ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ ചിന്താപ്രാപ്തിക്ക് ?
ഇന്ന് ആളുകളെല്ലാം പഠിച്ചുകൊണ്ടേയിരിക്കുകയാണ്—സ്കൂളിലെ കാര്യങ്ങളോ ജോലിയോടു ബന്ധപ്പെട്ടതോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ. അതിനെല്ലാം ടെക്നോളജി വലിയൊരു സഹായമാണ്. മുമ്പൊരിക്കലുമില്ലാത്ത വിധത്തിൽ ഇന്ന് ആളുകൾക്ക് വിവരങ്ങളെല്ലാം എളുപ്പത്തിൽ കിട്ടും. അതിനായി അവർക്ക് പുറത്ത് പോകണമെന്നില്ല, ഇരുന്നിടത്തുനിന്ന് എഴുന്നേൽക്കേണ്ട ആവശ്യംപോലും ഇല്ല.
എന്നാൽ ടെക്നോളജിയെ അമിതമായി ആശ്രയിക്കുന്നവർക്ക് . . .
-
മനസ്സിരുത്തി വായിക്കാൻ കഴിയുന്നില്ല.
-
ഒരു സമയത്ത് ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.
-
ഒറ്റയ്ക്ക് ഇരിക്കുമ്പോൾ പെട്ടെന്ന് ബോറടിക്കും.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
വായന
എപ്പോഴും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് ഒരു ലേഖനം മുഴുവനോടെ വായിച്ചുതീർക്കാനുള്ള ക്ഷമയില്ല. പ്രധാനപ്പെട്ട ആശയങ്ങൾ കണ്ടെത്താൻവേണ്ടി മാത്രം അവർ അതു പെട്ടെന്നൊന്ന് വായിച്ചുനോക്കും.
പെട്ടെന്ന് ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഓടിച്ചുവായിച്ചാൽ മതിയാകും. എന്നാൽ ഒരു വിഷയത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാനും മനസ്സിലാക്കിയെടുക്കാനും അങ്ങനെ ചെയ്താൽ പോരാ.
ചിന്തിക്കാനായി: ഒരു നീണ്ട ലേഖനം മുഴുവൻ മനസ്സിരുത്തി വായിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ? അങ്ങനെ വായിക്കുന്നത് നിങ്ങളുടെ പഠനപ്രാപ്തിയെ എങ്ങനെയാണ് മെച്ചപ്പെടുത്തുന്നത്?—സുഭാഷിതങ്ങൾ 18:15.
ഏകാഗ്രത
ടെക്നോളജി വന്നതോടെ ഒരേസമയം പലകാര്യങ്ങൾ ചെയ്യാനാകുന്നു എന്ന് പലരും ചിന്തിക്കുന്നു, പഠിക്കുന്ന സമയത്ത് മെസ്സേജ് അയയ്ക്കുന്നപോലെ. എന്നാൽ നല്ല ശ്രദ്ധ ആവശ്യമുള്ള രണ്ടു കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ ശ്രമിച്ചാൽ രണ്ടും നന്നായി ചെയ്യാൻ പറ്റാതെ വന്നേക്കാം.
ആത്മശിക്ഷണം ഉണ്ടെങ്കിലേ ഏകാഗ്രത വളർത്തിയെടുക്കാനാകൂ. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ വെറുതെയാകില്ല. അങ്ങനെയെങ്കിൽ “നിങ്ങൾക്ക് പിശകുകൾ അധികം വരില്ല, ടെൻഷനും കാണില്ല. . . . ശ്രദ്ധാശൈഥില്യങ്ങളൊന്നും ഇല്ലാതെ ഒരു സമയത്ത് ഒരു കാര്യം ചെയ്യുന്നതാണ് നല്ലതെന്ന് എനിക്കു മനസ്സിലായി” എന്ന് കൗമാരക്കാരിയായ ഗ്രേസ് പറയുന്നു.
ചിന്തിക്കാനായി: ഒരേസമയത്ത് പല കാര്യങ്ങൾ ചെയ്യുന്നത് പഠിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാനും അത് ഓർത്തിരിക്കാനും ഉള്ള നിങ്ങളുടെ കഴിവിന് ഒരു തടസ്സമാകുന്നുണ്ടോ?—സുഭാഷിതങ്ങൾ 17:24.
ഏകാന്തത
ചില ആളുകൾക്ക് ഒറ്റയ്ക്ക് ഇരിക്കാൻ ഒട്ടും ഇഷ്ടമല്ല. അതുകൊണ്ട് ആ സമയത്ത് അവർ ടെക്നോളജിയിലേക്കു തിരിയും. ഒലീവിയ എന്ന സ്ത്രീ പറയുന്നു: “ഫോണും ടാബും ടിവിയും ഒന്നുമില്ലാതെ പതിനഞ്ചു മിനിറ്റുപോലും എനിക്ക് ഇരിക്കാൻ പറ്റില്ല.”
എന്നാൽ പഠനത്തിന്റെ ഒരു പ്രധാന ഭാഗമാണ് നന്നായി ചിന്തിക്കുന്നത്. അതിനു പറ്റിയ നല്ലൊരു അവസരമാണ് ഒറ്റയ്ക്ക് ഇരിക്കുന്ന സമയം. നിങ്ങൾ ഏതു പ്രായത്തിലുള്ളവരാണെങ്കിലും ഇതു സത്യമാണ്.
ചിന്തിക്കാനായി: നന്നായി ചിന്തിക്കാനുള്ള ഒരു അവസരമായി ഒറ്റയ്ക്ക് ഇരിക്കുന്ന സമയത്തെ നിങ്ങൾ കാണാറുണ്ടോ? —1 തിമൊഥെയൊസ് 4:15.
നിങ്ങൾക്കു ചെയ്യാനാകുന്നത്
നിങ്ങൾ ടെക്നോളജി എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് ചിന്തിക്കുക
പഠനത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ നിങ്ങൾക്ക് ടെക്നോളജി എങ്ങനെ ഉപയോഗിക്കാൻ കഴിയും? ശ്രദ്ധിച്ചിരിക്കാനും പഠിക്കാനും ഉള്ള നിങ്ങളുടെ കഴിവിന് ടെക്നോളജി എങ്ങനെയാണ് ഒരു തടസ്സമാകുന്നത്?
ബൈബിൾതത്ത്വം: “ജ്ഞാനവും ചിന്താശേഷിയും കാത്തുസൂക്ഷിക്കുക.”—സുഭാഷിതങ്ങൾ 3:21.