ടെക്നോളജി എങ്ങനെയാണ് ദോഷം ചെയ്യുന്നത് . . . നിങ്ങളുടെ വിവാഹജീവിതത്തിൽ?
നല്ല വിധത്തിൽ ഉപയോഗിക്കുകയാണെങ്കിൽ ടെക്നോളജി വിവാഹജീവിതത്തിൽ വലിയൊരു സഹായമാണ്, അവർക്കിടയിലുള്ള ബന്ധം ശക്തമാക്കാൻ അതിനു കഴിയും. ഉദാഹരണത്തിന്, ഒരുമിച്ചല്ലാത്തപ്പോൾ പരസ്പരം സംസാരിക്കാൻ ടെക്നോളജി പ്രയോജനപ്പെടുത്താം.
എന്നാൽ ചില ദമ്പതികൾ ടെക്നോളജിയെ ദുരുപയോഗം ചെയ്യുന്നു. അങ്ങനെ . . .
-
അവർക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനാകുന്നില്ല.
-
ജോലി ജോലിസ്ഥലത്ത് നിറുത്താൻ സാധിക്കാതെ വരുന്നു.
-
പരസ്പരമുള്ള വിശ്വാസവും വിശ്വസ്തതയും നഷ്ടപ്പെടുന്നു.
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
ഒരുമിച്ചുള്ള സമയം
വിവാഹിതനായ മൈക്കിൾ പറയുന്നു: “ചിലപ്പോഴൊക്കെ ഞാനും ഭാര്യയും ഒരുമിച്ചാണ് ഇരിക്കുന്നതെങ്കിലും അവൾ ഇവിടെയൊന്നും ആയിരിക്കില്ല. എപ്പോഴും ഫോണിൽത്തന്നെയായിരിക്കും. എന്നിട്ട് ഇങ്ങനെകൂടെ പറയും: ‘ഇപ്പോഴാ ഫോണൊന്നെടുത്തത്.’” ജോനാഥാൻ എന്നു പേരുള്ള ഒരു ഭർത്താവ് പറയുന്നത്, അത്തരം അവസരങ്ങളിൽ “ഇണകൾ ഒരുമിച്ചാണെങ്കിലും അവരുടെ മനസ്സ് രണ്ടു ലോകത്തായിരിക്കും” എന്നാണ്.
ചിന്തിക്കാനായി: ഇണയോടൊപ്പമായിരിക്കുന്ന സമയത്ത് നിങ്ങൾക്ക് എത്ര കൂടെക്കൂടെ മറ്റു മെസ്സേജുകളും ഫോൺകോളുകളും വരാറുണ്ട്? അത് നിങ്ങളുടെ സംസാരത്തിന് ഒരു ശല്യമാകാറുണ്ടോ?—എഫെസ്യർ 5:33.
ജോലി
ചിലർക്ക് ജോലിസ്ഥലത്തെ കോളുകൾ ഏതു സമയത്തും എടുക്കേണ്ടിവരും. അവരുടെ ജോലിയുടെ സ്വഭാവം അങ്ങനെയായിരിക്കാം. എന്നാൽ, ജോലിസമയം കഴിഞ്ഞും അത്യാവശ്യമില്ലാത്ത ജോലി ചെയ്യുന്നവരുമുണ്ട്. “ഭാര്യയോടൊപ്പമായിരിക്കാൻ വെച്ചിരിക്കുന്ന സമയത്ത് ജോലിസ്ഥലത്തുനിന്ന് വരുന്ന കോളുകളും മെസ്സേജുകളും നോക്കാതിരിക്കുക അത്ര എളുപ്പമല്ല” എന്ന് ലീ എന്ന ഭർത്താവ് പറയുന്നു. ജോയ് എന്ന ഒരു ഭാര്യ പറയുന്നു: “ഞാൻ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്, എത്രനേരം വേണമെങ്കിലും ചെയ്യാം. അതുകൊണ്ട് ജോലിയെ അതിന്റെ സ്ഥാനത്ത് നിറുത്താൻ നല്ല ശ്രമംതന്നെ വേണം.”
ചിന്തിക്കാനായി: നിങ്ങളുടെ ഇണ സംസാരിക്കുമ്പോൾ നിങ്ങൾ അത് ശ്രദ്ധിച്ചുകേൾക്കുന്നുണ്ടോ?—ലൂക്കോസ് 8:18.
വിശ്വസ്തത
പല വിവാഹപ്രശ്നങ്ങളുടെയും കാരണം ഒളിഞ്ഞുംമറഞ്ഞും ഉള്ള സോഷ്യൽമീഡിയയുടെ ഉപയോഗമാണെന്ന് ഒരു സർവേയിൽ കണ്ടെത്തി. ഇണ അറിയാതെ പലതും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ആ സർവേയിൽ പങ്കെടുത്ത പത്തു ശതമാനം ആളുകളും സമ്മതിച്ചു.
സോഷ്യൽമീഡിയയുടെ ദുരുപയോഗം വിവാഹജീവിതത്തിൽ ദുരന്തം വിതച്ചേക്കാമെന്ന് പലരും വിശ്വസിക്കുന്നു. ഒരുപക്ഷേ അത് വ്യഭിചാരത്തിലേക്കുവരെ കൊണ്ടെത്തിച്ചേക്കാം. പല വിവാഹമോചനങ്ങളുടെയും പിന്നിൽ സോഷ്യൽമീഡിയയാണെന്ന് അഭിഭാഷകർ പറയുന്നതിൽ അതിശയിക്കാനില്ല.
ചിന്തിക്കാനായി: എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളുമായുള്ള സംഭാഷണം നിങ്ങൾ ഇണയിൽനിന്ന് മറച്ചുവെക്കുന്നുണ്ടോ?—സുഭാഷിതങ്ങൾ 4:23.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മുൻഗണനകൾ വെക്കുക
ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന ഒരാൾക്ക് നല്ല ആരോഗ്യം ഉണ്ടായിരിക്കില്ല. അതുപോലെ വിവാഹയിണയോടൊപ്പം സമയം ചെലവഴിക്കുന്നതിൽ വീഴ്ചവരുത്തിയാൽ ആരോഗ്യകരമായ വിവാഹജീവിതവും ഉണ്ടായിരിക്കണമെന്നില്ല. —എഫെസ്യർ 5:28, 29.
ബൈബിൾതത്ത്വം: ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുവരുത്തുക.’—ഫിലിപ്പിയർ 1:10.
വിവാഹജീവിതത്തിൽ ടെക്നോളജി ഒരു തടസ്സമാകാതിരിക്കാൻ താഴെപ്പറയുന്നവയിൽ നിങ്ങൾക്കു ചെയ്യാനാകുന്നത് ടിക് ചെയ്യുക. മറ്റെന്തെങ്കിലും ഐഡിയ ഉണ്ടെങ്കിൽ അതും എഴുതാം.
-
ദിവസം ഒരു നേരമെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക
-
ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നുമില്ലാതെ ഒരു നിശ്ചിതസമയം മാറ്റിവെക്കുക
-
നിങ്ങൾക്ക് മാത്രമായി ആസ്വദിക്കാൻ കുറച്ച് സമയം പ്ലാൻ ചെയ്യുക
-
രാത്രിയിൽ കിടക്കുമ്പോൾ നിങ്ങളുടെ മൊബൈലും മറ്റും മാറ്റിവെക്കുക
-
മൊബൈലിന്റെയും മറ്റും ശല്യമില്ലാതെ പരസ്പരം സംസാരിക്കാനായി ദിവസം പതിനഞ്ചു മിനിറ്റെങ്കിലും നീക്കിവെക്കുക
-
എല്ലാ ദിവസവും ഇന്റർനെറ്റ് ഓഫാക്കാൻ ഒരു സമയം നിശ്ചയിക്കുക