വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭക്ഷണ അലർജി​യും ഭക്ഷണ അസഹനീ​യ​ത​യും—എന്താണു വ്യത്യാ​സം?

ഭക്ഷണ അലർജി​യും ഭക്ഷണ അസഹനീ​യ​ത​യും—എന്താണു വ്യത്യാ​സം?

എമിലി: “ഞാൻ ഫോർക്ക്‌ താഴെ വെച്ചു. എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി​ത്തു​ടങ്ങി. വായുടെ അകത്ത്‌ ചൊറി​ച്ചിൽ അനുഭ​വ​പ്പെട്ടു, നാവിനു നീരു വെച്ചു. എനിക്കു തല കറങ്ങു​ന്ന​തു​പോ​ലെ തോന്നി, ശ്വാസം എടുക്കാൻ ഞാൻ പാടു​പെട്ടു. കൈയി​ലും കഴുത്തി​ലും ഒക്കെ ചൊറി​ഞ്ഞു​ത​ടി​ക്കാ​നും തുടങ്ങി. സംഭ്രമം അടക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ എനിക്ക്‌ എത്രയും പെട്ടെന്ന്‌ ആശുപ​ത്രി​യിൽ എത്തണമാ​യി​രു​ന്നു!”

മിക്ക ആളുകൾക്കും ഭക്ഷണം കഴിക്കു​ന്നതു സന്തോ​ഷ​ക​ര​മായ ഒരു അനുഭ​വ​മാണ്‌. പക്ഷേ ചിലർക്കൊ​ക്കെ ചില ഭക്ഷണസാ​ധ​ന​ങ്ങളെ “ശത്രു​ക്ക​ളെ​പ്പോ​ലെ” കാണേ​ണ്ടി​വ​രു​ന്നു. മുമ്പ്‌ പറഞ്ഞ എമിലി​യെ​പ്പോ​ലെ അവർക്കു ചില ഭക്ഷണസാ​ധ​നങ്ങൾ അലർജി​ക്കു കാരണ​മാ​കു​ന്നു. എമിലി​യു​ടെ ശരീരം ഇത്ര ശക്തമായി പ്രതി​ക​രി​ച്ച​തി​നെ അനാ​ഫൈ​ലാ​ക്‌സിസ്‌ എന്നാണു വിളി​ക്കു​ന്നത്‌. ഇതു വളരെ ഗുരു​ത​ര​മായ ഒരു അവസ്ഥയാണ്‌. സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, എല്ലാ ഭക്ഷണ അലർജി​ക​ളും ഇത്ര ഗുരു​ത​രമല്ല.

അടുത്തി​ടെ​യാ​യി, ഭക്ഷണ അലർജി​യും (Food Allergy) ഭക്ഷണ അസഹനീ​യ​ത​യും (Food Intolerance) വർധി​ച്ച​താ​യാ​ണു റിപ്പോർട്ടു​കൾ കാണി​ക്കു​ന്നത്‌. എന്നാൽ ചില പഠനങ്ങൾ തെളി​യി​ക്കു​ന്നത്‌, തങ്ങൾക്കു ഭക്ഷണ അലർജി​യു​ണ്ടെന്നു വിചാ​രി​ക്കു​ന്ന​വ​രിൽ വളരെ കുറച്ച്‌ പേർക്കു മാത്രമേ അതു സ്ഥിരീ​ക​രി​ച്ചി​ട്ടു​ള്ളൂ എന്നാണ്‌.

എന്താണു ഭക്ഷണ അലർജി?

“ഭക്ഷണ അലർജി​ക്കു പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ടുന്ന ഒരു നിർവ​ച​ന​മില്ല” എന്നാണു ഡോ. ജെനിഫർ ജെ. ഷ്‌​നൈഡർ ഷേഫന്റെ നേതൃ​ത്വ​ത്തിൽ ഒരു കൂട്ടം ശാസ്‌ത്ര​ജ്ഞ​ന്മാർ ഒരു വൈദ്യ​ശാ​സ്‌ത്ര​മാ​സി​ക​യിൽ (The Journal of the American Medical Association) പ്രസി​ദ്ധീ​ക​രിച്ച റിപ്പോർട്ടിൽ പറയു​ന്നത്‌. എങ്കിലും അലർജി​യു​ണ്ടാ​കു​മ്പോൾ, ശരീര​ത്തി​ന്റെ രോഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യാ​ണു ശരീര​ത്തി​ന്റെ പ്രതി​ക​ര​ണ​ത്തി​നു തുടക്ക​മി​ടു​ന്ന​തെന്നു മിക്ക വിദഗ്‌ധ​രും വിശ്വ​സി​ക്കു​ന്നു.

ഏതെങ്കി​ലും പ്രത്യേക ഭക്ഷണം കഴിക്കു​മ്പോൾ ഉണ്ടാകുന്ന അലർജി, ആ ഭക്ഷണത്തി​ലെ ഏതോ ഒരു പ്രോ​ട്ടീ​നോ​ടുള്ള പ്രതി​ക​ര​ണ​മാണ്‌. ആ പ്രോ​ട്ടീൻ അപകട​കാ​രി​യാ​ണെന്നു പ്രതി​രോ​ധ​വ്യ​വസ്ഥ തെറ്റി​ദ്ധ​രി​ക്കു​ന്നു. ഒരു പ്രത്യേക പ്രോ​ട്ടീൻ നമ്മുടെ ശരീര​ത്തി​ലേക്കു പ്രവേ​ശി​ക്കു​മ്പോൾ രോഗ​പ്ര​തി​രോ​ധ​വ്യ​വസ്ഥ അതിനെ ശരീര​ത്തി​ലേക്കു കടന്നു​ക​യ​റിയ ഒരു ശത്രു​വാ​യി കാണു​ക​യും അതിനെ നിർവീ​ര്യ​മാ​ക്കാൻ ഒരു പ്രത്യേ​ക​തരം ആന്റി​ബോ​ഡി (IgE) ഉത്‌പാ​ദി​പ്പി​ക്കു​ക​യും ചെയ്‌തേ​ക്കാം. അലർജി ഉണ്ടാക്കുന്ന ആ വസ്‌തു ഭക്ഷണത്തി​ലൂ​ടെ വീണ്ടും ഉള്ളി​ലെ​ത്തി​യാൽ, മുമ്പ്‌ ഉത്‌പാ​ദി​പ്പി​ക്ക​പ്പെട്ട ആന്റി​ബോ​ഡി​കൾ, ശരീര​ത്തിൽ ഹിസ്റ്റമീൻ ഉൾപ്പെ​ടെ​യുള്ള രാസവ​സ്‌തു​ക്കൾ ഉണ്ടാകാൻ കാരണ​മാ​കു​ന്നു.

സാധാ​ര​ണ​ഗ​തി​യിൽ, രോഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യിൽ ഹിസ്റ്റമീന്‌ പ്രയോ​ജ​ന​പ്ര​ദ​മായ ഒരു പങ്കുണ്ട്‌. പക്ഷേ IgE ആന്റി​ബോ​ഡി​ക​ളു​ടെ സാന്നി​ധ്യ​വും ശരീര​ത്തി​ലെ, തുടർന്നുള്ള ഹിസ്റ്റമീ​ന്റെ ഉത്‌പാ​ദ​ന​വും ഭക്ഷണത്തി​ലെ ചില പ്രത്യേ​ക​തരം പ്രോ​ട്ടീ​നു​ക​ളോ​ടു ശരീരം പെട്ടെന്നു പ്രതി​ക​രി​ക്കു​ന്ന​വ​രിൽ അലർജി​ക്കു കാരണ​മാ​കു​ന്നു. എന്നാൽ ശരീരം ഇങ്ങനെ പ്രതി​ക​രി​ക്കു​ന്ന​തി​ന്റെ കാരണം അത്ര വ്യക്തമല്ല.

ഒരു പുതി​യ​തരം ഭക്ഷണം കഴിക്കു​മ്പോൾ പ്രകട​മായ പ്രതി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​തി​രി​ക്കു​ക​യും എന്നാൽ അതേ ഭക്ഷണം വീണ്ടും കഴിക്കു​മ്പോൾ അലർജി ഉണ്ടാകു​ക​യും ചെയ്യു​ന്ന​തി​ന്റെ കാരണം ഇതാണ്‌.

എന്താണു ഭക്ഷണ അസഹനീ​യത?

ഭക്ഷണ അസഹനീ​യത, ഭക്ഷണ അലർജി​പോ​ലെ ഏതെങ്കി​ലും ഭക്ഷണപ​ദാർഥ​ത്തോ​ടുള്ള ഒരു വിപരീ​ത​പ്ര​തി​ക​ര​ണ​മാണ്‌. പക്ഷേ ഭക്ഷണ അലർജി​യിൽനിന്ന്‌ (രോഗ​പ്ര​തി​രോ​ധ​വ്യ​വ​സ്ഥ​യാണ്‌ ഇതിനു പിന്നിൽ) വ്യത്യ​സ്‌ത​മാ​യി ഭക്ഷണ അസഹനീ​യത ദഹനവ്യ​വ​സ്ഥ​യു​ടെ ഒരു പ്രതി​ക​ര​ണ​മാണ്‌. അതു​കൊ​ണ്ടു​തന്നെ ഇതിൽ ആന്റി​ബോ​ഡി​കൾ ഉൾപ്പെ​ട്ടി​ട്ടില്ല. അടിസ്ഥാ​ന​പ​ര​മാ​യി ഒരു വ്യക്തി​യു​ടെ ശരീര​ത്തി​നു ഭക്ഷണം ദഹിപ്പി​ക്കാൻ പ്രയാസം അനുഭ​വ​പ്പെ​ടു​ന്നത്‌ ഒരുപക്ഷേ എൻ​സൈ​മു​ക​ളു​ടെ കുറവോ ഭക്ഷണത്തി​ലെ ചില രാസവ​സ്‌തു​ക്കൾ ദഹിക്കാ​നു​ണ്ടാ​കുന്ന ബുദ്ധി​മു​ട്ടോ കാരണ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ലാക്‌ടോസ്‌ അസഹനീ​യത ഉണ്ടാകു​ന്നതു പാലുൽപ്പ​ന്ന​ങ്ങ​ളിൽ അടങ്ങി​യി​രി​ക്കുന്ന ലാക്‌ടോസ്‌ പോലുള്ള ചില പ്രത്യേ​ക​തരം പഞ്ചസാ​രകൾ ദഹിപ്പി​ക്കാൻ ആവശ്യ​മായ എൻ​സൈ​മു​കൾ ഒരു വ്യക്തി​യു​ടെ ദഹനവ്യ​വസ്ഥ ഉത്‌പാ​ദി​പ്പി​ക്കാ​ത്ത​പ്പോ​ഴാണ്‌.

ഭക്ഷണ അസഹനീ​യ​ത​യിൽ, ആന്റി​ബോ​ഡി​ക​ളു​ടെ ഉത്‌പാ​ദനം ഉൾപ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തു​കൊണ്ട്‌ ഭക്ഷണം ആദ്യം അകത്ത്‌ ചെല്ലു​മ്പോൾത്തന്നെ പ്രശ്‌നം അനുഭ​വ​പ്പെ​ടാൻ തുടങ്ങും. ഭക്ഷണത്തി​ന്റെ അളവാണ്‌ ഇതിലെ നിർണാ​യ​ക​ഘ​ടകം. അളവ്‌ കുറവാ​ണെ​ങ്കിൽ ശരീരം പ്രതി​ക​രി​ക്ക​ണ​മെ​ന്നില്ല. പക്ഷേ കൂടുതൽ അളവ്‌ അകത്ത്‌ ചെന്നാൽ പ്രശ്‌നം തുടങ്ങി​യേ​ക്കാം. എന്നാൽ, ഗുരു​ത​ര​മായ ഭക്ഷണ അലർജി​യു​ള്ള​വ​രിൽ തീരെ കുറച്ച്‌ അളവി​ലുള്ള ഭക്ഷണം​പോ​ലും ജീവനു ഭീഷണി​യാ​യേ​ക്കാം. ഇതാണ്‌ ഇവ രണ്ടും തമ്മിലുള്ള വ്യത്യാ​സം.

ലക്ഷണങ്ങൾ എന്തെല്ലാം?

ഭക്ഷണ അലർജി​യു​ണ്ടെ​ങ്കിൽ നിങ്ങൾക്കു ചൊറി​ച്ചിൽ, ചുവന്നു​ത​ടി​ക്കൽ, തൊണ്ട​യി​ലെ​യും കണ്ണി​ലെ​യും നാവി​ലെ​യും വീക്കം, മനംപി​രട്ടൽ, ഛർദി, വയറി​ളക്കം എന്നിവ​യു​ണ്ടാ​യേ​ക്കാം. ചില സാഹച​ര്യ​ങ്ങ​ളിൽ രക്തസമ്മർദ​ത്തി​ലെ കുറവ്‌, മന്ദത, തലകറക്കം, ഹൃദയ​സ്‌തം​ഭനം എന്നിവ​പോ​ലു​മു​ണ്ടാ​യേ​ക്കാം. അനാ​ഫൈ​ലാ​ക്‌സിസ്‌ എന്ന സ്ഥിതി​വി​ശേഷം പെട്ടെന്നു വഷളാ​കു​ക​യും ഒരു വ്യക്തിയെ മരണത്തിൽ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെയ്‌തേ​ക്കാം.

സാധാ​ര​ണ​യാ​യി, ഏതു ഭക്ഷണവും അലർജി​യു​ണ്ടാ​ക്കാ​നുള്ള സാധ്യ​ത​യുണ്ട്‌. എങ്കിലും ഗുരു​ത​ര​മായ ഭക്ഷണ അലർജി​ക്കു പ്രധാ​ന​മാ​യും കാരണ​മാ​കുന്ന ചില ഭക്ഷണപ​ദാർഥങ്ങൾ ഇവയാണ്‌: ഞണ്ട്‌, കൊഞ്ച്‌, ചെമ്മീൻ തുടങ്ങി​യ​വ​യു​ടെ വർഗത്തിൽപ്പെട്ടവ, പാൽ, മുട്ട, മീൻ, നിലക്കടല, സോയാ​ബീൻ, ചില കായ്‌കൾ (tree nuts), ഗോതമ്പ്‌. ഒരാൾക്ക്‌ ഏതു പ്രായ​ത്തി​ലും അലർജി തുടങ്ങാം. പാരമ്പ​ര്യ​ത്തിന്‌ ഇതിൽ വലി​യൊ​രു പങ്കു​ണ്ടെന്നു പഠനങ്ങൾ തെളി​യി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളിൽ രണ്ടു പേർക്കോ ഒരാൾക്കോ അലർജി​യു​ണ്ടെ​ങ്കിൽ കുട്ടി​ക്കും അതു വരാനുള്ള സാധ്യത കൂടു​ത​ലാണ്‌. കുട്ടികൾ വളരു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ അവരെ അലർജി വിട്ടു​മാ​റാ​റു​മുണ്ട്‌.

ഭക്ഷണ അസഹനീ​യ​ത​യു​ടെ ലക്ഷണങ്ങൾ ഗുരു​ത​ര​മായ അലർജി​പ്ര​ശ്‌ന​ങ്ങ​ളു​ടെ അത്രയും പേടി​പ്പി​ക്കു​ന്നതല്ല. വയറു​വേദന, വയറു​വീർക്കൽ, ഗ്യാസ്‌ട്ര​ബിൾ, കോച്ചൽ, തലവേദന, ചുവന്നു​ത​ടി​ക്കൽ, ക്ഷീണം, തളർച്ച എന്നിവ​യെ​ല്ലാം ഭക്ഷണ അസഹനീ​യ​ത​യു​ടെ ലക്ഷണങ്ങ​ളാ​കാം. ഇതിനു പല തരം ഭക്ഷണപ​ദാർഥ​ങ്ങ​ളു​മാ​യി ബന്ധമു​ണ്ടാ​കാം. അതിൽ പ്രധാനം പാലുൽപ്പ​ന്നങ്ങൾ, ഗോതമ്പ്‌, ഗ്ലൂട്ടൻ (ഗോത​മ്പു​മാ​വി​നും മറ്റും പശപ്പു നൽകുന്ന പദാർഥം), മദ്യം, യീസ്റ്റ്‌ എന്നിവ​യാണ്‌.

രോഗ​നിർണ​യ​വും ചികി​ത്സ​യും

എപ്പോ​ഴെ​ങ്കി​ലും നിങ്ങൾക്കു ഭക്ഷണ അലർജി​യോ ഭക്ഷണ അസഹനീ​യ​ത​യോ ഉണ്ടെന്നു സംശയം തോന്നി​യി​ട്ടു​ണ്ടോ? നിങ്ങൾക്കു വേണ​മെ​ങ്കിൽ ഈ രംഗത്തെ ഒരു ആരോ​ഗ്യ​വി​ദ​ഗ്‌ധനെ കണ്ട്‌ പരി​ശോ​ധന നടത്താം. സ്വയം രോഗ​നിർണയം നടത്തു​ന്ന​തും ചില ഭക്ഷണസാ​ധ​നങ്ങൾ ഒഴിവാ​ക്കാൻ സ്വയം തീരു​മാ​നി​ക്കു​ന്ന​തും ചില​പ്പോൾ ഹാനി​ക​ര​മാ​യേ​ക്കാം. മനഃപൂർവ​മ​ല്ലെ​ങ്കി​ലും, അതുവഴി സ്വന്തം ശരീര​ത്തിന്‌ ആവശ്യ​മായ പോഷ​കങ്ങൾ നിങ്ങൾതന്നെ തടയു​ക​യാ​കാം.

അലർജി​യു​ണ്ടാ​ക്കുന്ന പ്രത്യേ​ക​ഭ​ക്ഷണം പൂർണ​മാ​യി ഒഴിവാ​ക്കു​ക​യ​ല്ലാ​തെ ഗുരു​ത​ര​മായ ഭക്ഷണ അലർജി​ക്കു പരക്കെ സ്വീകാ​ര്യ​മാ​യി​രി​ക്കുന്ന ചികി​ത്സ​ക​ളൊ​ന്നു​മില്ല. a എന്നാൽ നിങ്ങൾക്കു ചെറിയ തോതി​ലുള്ള ഭക്ഷണ അലർജി​യോ ഭക്ഷണ അസഹനീ​യ​ത​യോ മാത്രമേ ഉള്ളൂ എങ്കിൽ ആ ഭക്ഷണം വല്ലപ്പോ​ഴും മാത്രം കഴിക്കു​ന്ന​തും അതിന്റെ അളവ്‌ കുറയ്‌ക്കു​ന്ന​തും പ്രയോ​ജ​ന​പ്പെ​ട്ടേ​ക്കാം. എങ്കിലും ചില സാഹച​ര്യ​ങ്ങ​ളിൽ ഭക്ഷണ അസഹനീ​യ​ത​യു​ടെ കാഠി​ന്യ​മ​നു​സ​രിച്ച്‌ ചിലർക്കു ചില ഭക്ഷണസാ​ധ​നങ്ങൾ മുഴു​വ​നാ​യി ഒഴിവാ​ക്കേ​ണ്ടി​വ​ന്നേ​ക്കാം. അല്ലെങ്കിൽ കുറച്ച്‌ കാല​ത്തേ​ക്കെ​ങ്കി​ലും അതു കഴിക്കാ​തി​രി​ക്കാൻ അവർ തീരു​മാ​നി​ച്ചേ​ക്കാം.

ഭക്ഷണ അലർജി​യോ ഭക്ഷണ അസഹനീ​യ​ത​യോ നിങ്ങളെ അലട്ടു​ന്നു​ണ്ടോ? എങ്കിൽ ഇനി പറയുന്ന കാര്യം നിങ്ങളെ ആശ്വസി​പ്പി​ക്കും. ഇതേ പ്രശ്‌ന​മുള്ള പലരും അവരുടെ സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻ പഠിച്ചി​ട്ടുണ്ട്‌. അവർ ഇപ്പോ​ഴും പോഷ​ക​സ​മൃ​ദ്ധ​വും രുചി​ക​ര​വും ആയ വ്യത്യ​സ്‌ത​തരം ഭക്ഷണം ആസ്വദി​ക്കു​ന്നു​മുണ്ട്‌. ◼ (g16-E No. 3)

a ഗുരുതരമായ അലർജി ഉണ്ടാകു​ന്നവർ ഒരു അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ സ്വന്തം ശരീര​ത്തിൽ കുത്തി​വ​യ്‌ക്കാൻ പാകത്തിൽ അഡ്രി​നാ​ലിൻ (എപ്പി​നെ​ഫ്രിൻ) കൈയിൽ കരുതാൻ വിദഗ്‌ധർ ശുപാർശ ചെയ്യുന്നു. അലർജി​യുള്ള കുട്ടികൾ മറ്റുള്ള​വർക്കു കാണാൻ കഴിയുന്ന വിധത്തിൽ അവരുടെ അലർജി​യെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ കൈയിൽ കൊണ്ടു നടക്കു​ന്ന​തോ ശരീര​ത്തിൽ അണിയു​ന്ന​തോ നല്ലതാ​യി​രി​ക്കു​മെന്നു ചില ആരോ​ഗ്യ​വി​ദ​ഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. അത്‌ അവരുടെ അധ്യാ​പ​കർക്കോ അവരെ പരിപാ​ലി​ക്കു​ന്ന​വർക്കോ ഒരു മുന്നറി​യി​പ്പാ​യി​രി​ക്കും.