വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ

1 യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക

1 യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക

നിങ്ങളു​ടെ ജീവി​ത​ത്തി​ലെ എല്ലാ കാര്യ​ങ്ങ​ളും ഒറ്റയടി​ക്കു മാറ്റി​യെ​ടു​ക്കാ​നാ​യി​രി​ക്കും നിങ്ങൾക്കു തോന്നുക. ‘ഈ ആഴ്‌ച ഞാൻ പുകവലി നിറു​ത്തും, മോശ​മായ സംസാരം അവസാ​നി​പ്പി​ക്കും, രാത്രി വൈകി കിടക്കു​ന്നതു മതിയാ​ക്കും, വ്യായാ​മം തുടങ്ങും, ഭക്ഷണകാ​ര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കും, പതിവാ​യി മുത്തശ്ശ​നെ​യും മുത്തശ്ശി​യെ​യും ഫോണിൽ വിളി​ക്കും’ ഇങ്ങനെ​യൊ​ക്കെ നിങ്ങൾ മനസ്സിൽ ഉറപ്പി​ച്ചേ​ക്കാം. ഈ ലക്ഷ്യങ്ങ​ളെ​ല്ലാം ഒരുമിച്ച്‌ കൈപ്പി​ടി​യി​ലാ​ക്കാൻ നോക്കി​യാൽ ഒന്നും നേടാൻ പറ്റില്ല, തീർച്ച!

ബൈബിൾത​ത്ത്വം: ‘താഴ്‌മ​യു​ള്ള​വ​രു​ടെ പക്കൽ ജ്ഞാനമുണ്ട്‌.’സദൃശ​വാ​ക്യ​ങ്ങൾ 11:2.

താഴ്‌മ​യു​ള്ള ഒരാൾക്കു യാഥാർഥ്യ​ബോ​ധ​മു​ണ്ടാ​യി​രി​ക്കും. സമയം, ഊർജം, വിഭവങ്ങൾ തുടങ്ങിയ കാര്യ​ങ്ങ​ളി​ലുള്ള തന്റെ പരിമി​തി​കൾ അദ്ദേഹം മനസ്സി​ലാ​ക്കും. അതു​കൊണ്ട്‌ ഒറ്റയടിക്ക്‌ എല്ലാം മാറ്റാൻ ശ്രമി​ക്കു​ന്ന​തി​നു പകരം, അദ്ദേഹം പടിപ​ടി​യാ​യി മാറ്റങ്ങൾ വരുത്തും.

നിങ്ങളുടെ ലക്ഷ്യങ്ങ​ളെ​ല്ലാം ഒരുമിച്ച്‌ കൈപ്പി​ടി​യി​ലാ​ക്കാൻ നോക്കി​യാൽ ഒന്നും നേടാൻ പറ്റില്ല, തീർച്ച!

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ഘട്ടംഘ​ട്ട​മാ​യി മാറ്റങ്ങൾ വരുത്തുക. താഴെ കൊടു​ത്തി​രി​ക്കുന്ന നിർദേ​ശങ്ങൾ നിങ്ങൾക്ക്‌ ഉപകാ​ര​പ്പെ​ട്ടേ​ക്കാം.

  1. നിങ്ങൾ വളർത്തി​യെ​ടു​ക്കാൻ ആഗ്രഹി​ക്കുന്ന നല്ല ശീലങ്ങ​ളു​ടെ​യും ഒഴിവാ​ക്കാൻ ആഗ്രഹി​ക്കുന്ന ദുശ്ശീ​ല​ങ്ങ​ളു​ടെ​യും ഓരോ ലിസ്റ്റ്‌ തയ്യാറാ​ക്കുക. കുറച്ച്‌ എഴുതി​യി​ട്ടു നിറു​ത്തി​ക്ക​ള​യ​രുത്‌. ഓരോ ലിസ്റ്റി​ലും കഴിയു​ന്നി​ട​ത്തോ​ളം കാര്യങ്ങൾ എഴുതുക.

  2. പ്രാധാന്യമനുസരിച്ച്‌ ലിസ്റ്റിൽ ഓരോ​ന്നി​നും നമ്പർ ഇടുക.

  3. ഓരോ ലിസ്റ്റിൽനി​ന്നും ഒന്നോ രണ്ടോ ശീലങ്ങൾ മാത്രം തിര​ഞ്ഞെ​ടു​ക്കുക. ന്യായ​മായ തോതിൽ മെച്ച​പ്പെട്ടു എന്നു തോന്നു​ന്ന​തു​വരെ ആ ശീലങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. പിന്നെ ആ ലിസ്റ്റു​ക​ളിൽനിന്ന്‌ അടുത്ത ഒന്നോ രണ്ടോ എണ്ണം തിര​ഞ്ഞെ​ടുത്ത്‌ പരിശീ​ലി​ക്കുക.

ഒരു ദുശ്ശീലം കവർന്നെ​ടു​ക്കുന്ന സമയം, ലിസ്റ്റിലെ നല്ല ശീലങ്ങ​ളി​ലൊ​ന്നു വളർത്തി​യെ​ടു​ക്കാ​നാ​യി ഉപയോ​ഗി​ച്ചാൽ ലിസ്റ്റിലെ ഇനങ്ങൾ കുറെ​ക്കൂ​ടെ വേഗത്തിൽ ചെയ്‌തു​തീർക്കാം. ഉദാഹ​ര​ണ​ത്തിന്‌, ദുശ്ശീ​ല​ങ്ങ​ളു​ടെ കൂട്ടത്തിൽ കണക്കി​ല​ധി​കം സമയം ടിവി കാണു​ന്ന​തും നല്ല ശീലങ്ങ​ളു​ടെ കൂട്ടത്തിൽ പ്രിയ​പ്പെ​ട്ട​വ​രു​മാ​യുള്ള ബന്ധങ്ങൾ നിലനി​റു​ത്തു​ന്ന​തും ഉണ്ടെന്നു കരുതുക. നിങ്ങൾക്കു വേണ​മെ​ങ്കിൽ ഇങ്ങനെ തീരു​മാ​നി​ക്കാം: ‘ജോലി കഴിഞ്ഞ്‌ വീട്ടിൽ എത്തിയാൽ ഉടൻ ടിവി ഓൺ ചെയ്യു​ന്ന​തി​നു പകരം ഞാൻ ഒരു കൂട്ടു​കാ​ര​നെ​യോ ബന്ധുവി​നെ​യോ വിളിച്ച്‌ സംസാ​രി​ക്കും.’ (g16-E No. 4)