“ഈ രീതി കൊള്ളാം!”
ദക്ഷിണ കൊറിയയിലെ ഹൈസ്കൂൾ അധ്യാപികയായ സൂജുൻ തന്റെ ക്ലാസിൽ jw.org വെബ്സൈറ്റിലെ വീഡിയോകൾ കാണിച്ചിട്ടുണ്ട്. സൂജുൻ പറയുന്നു: “യഥാർഥസുഹൃത്ത് എങ്ങനെയായിരിക്കും? (ഇംഗ്ലീഷ്) എന്ന വീഡിയോ കാണിച്ചപ്പോഴുള്ള വിദ്യാർഥികളുടെ പ്രതികരണം അതിശയിപ്പിക്കുന്നതായിരുന്നു. ആ വീഡിയോ കണ്ടതിനു ശേഷം അവർ പറഞ്ഞു: ‘സുഹൃദ്ബന്ധത്തെക്കുറിച്ച് ഈ വിധത്തിൽ ഞാൻ ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. ഈ രീതി കൊള്ളാം.’ ഉപദേശം ആവശ്യമുള്ളപ്പോഴൊക്കെ ഇനി ആ വെബ്സൈറ്റ് നോക്കുമെന്നു ചിലർ പറഞ്ഞു. എന്റെ മറ്റു സഹപ്രവർത്തകരെയും ഞാൻ ഈ വീഡിയോ പരിചയപ്പെടുത്തി. ക്ലാസിൽ ഉപയോഗിക്കാൻ കഴിയുന്ന നല്ലൊരു ഉപകരണം കിട്ടിയതുകൊണ്ട് അവർക്കു വലിയ സന്തോഷമായി.”
ദക്ഷിണ കൊറിയയിലെ പല വിദ്യാർഥികൾക്കും സഹായകരമായ മറ്റൊരു കാർട്ടൂൺ വീഡിയോയാണു ബലപ്രയോഗം കൂടാതെ വഴക്കാളിയെ എങ്ങനെ നേരിടാം? എന്നത്. ബാലജനകുറ്റകൃത്യം തടയാനായി രൂപീകരിച്ചിരിക്കുന്ന സംഘടനയിൽ ജോലി ചെയ്യുന്ന ഒരു അധ്യാപിക അത് ഒരു ക്ലാസിലെ വിദ്യാർഥികളെ കാണിച്ചു. ആ അധ്യാപിക ഇങ്ങനെ അഭിപ്രായപ്പെട്ടു: “വീഡിയോയിലെ ആകർഷകമായ ചിത്രങ്ങൾ പല ചെറുപ്പക്കാരുടെയും ശ്രദ്ധ പിടിച്ചെടുക്കുന്നു. അക്രമപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രായോഗികമായ വഴികളെക്കുറിച്ച് മാത്രമല്ല, അതു തടയാനുള്ള മാർഗങ്ങളെക്കുറിച്ചും ഈ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്”. തങ്ങളുടെ പഠനപരിപാടിയുടെ ഭാഗമായി ഈ വീഡിയോകൾ സ്കൂളുകളിൽ കാണിക്കാനുള്ള അനുവാദം ആ സംഘടന ചോദിച്ചപ്പോൾ അതിനുള്ള അനുമതി അവർക്കു നൽകുകയുണ്ടായി. jw.org വെബ്സൈറ്റിലെ വീഡിയോകൾ പോലീസ് അധികാരികൾപോലും ഉപയോഗിക്കുന്നുണ്ട്.
ഇതുവരെയും നിങ്ങൾ ഈ വെബ്സൈറ്റ് സന്ദർശിച്ചിട്ടില്ലെങ്കിൽ, എന്തുകൊണ്ട് അതിനു ശ്രമിച്ചുകൂടാ? ഈ വെബ്സൈറ്റ് ഉപയോഗിക്കാൻ എളുപ്പമാണ്. അതോടൊപ്പം അതിൽനിന്ന് ഓഡിയോ, വീഡിയോ, ബൈബിൾ, മറ്റു പ്രസിദ്ധീകരണങ്ങൾ എന്നിവ സൗജന്യമായി ഡൗൺലോഡും ചെയ്യാം. ◼ (g16-E No. 5)