കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ
താരുണ്യത്തിലേക്ക് കാൽവെക്കുന്ന മക്കൾക്ക് ഒരു കൈത്താങ്ങ്
വെല്ലുവിളി
നിങ്ങളുടെ പിഞ്ചോമനയെ കൈകളിലെടുത്ത് ലാളിച്ച ആ കാലം ഇന്നലെ കഴിഞ്ഞതുപോലെയായിരിക്കാം നിങ്ങൾക്ക് തോന്നുന്നത്. പക്ഷെ, ആ പിഞ്ചോമന ഇന്നിതാ, കൗമാരത്തിലേക്ക് കാലൂന്നുന്ന ഒരു ബാലനായി നിങ്ങളുടെ മുന്നിൽ നിൽക്കുന്നു. അവൻ ഇപ്പോഴും നിങ്ങൾക്ക് കുട്ടിതന്നെയാണ്. എങ്കിലും, ഇന്ന് ആ കുട്ടി തന്റെ ജീവിതയാത്രയിലെ മറ്റൊരു വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. അതെ, ബാല്യത്തിനും പ്രായപൂർത്തിക്കും ഇടയിലുള്ള ഒരു ഘട്ടം. അതാണ് താരുണ്യം!
നിങ്ങളുടെ മകനോ മകളോ ഒരു പുരുഷനോ സ്ത്രീയോ ആയി മാറുന്ന പ്രയാസകരവും ആശയക്കുഴപ്പം നിറഞ്ഞതും ആയ ഈ ഘട്ടത്തിൽ നിങ്ങൾക്ക് അവരെ എങ്ങനെ സഹായിക്കാൻ കഴിയും?
നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
താരുണ്യത്തിന് ഒരു സമയപ്പട്ടികയുണ്ട്. അത് ഒരുപക്ഷെ, വളരെ നേരത്തേ അതായത് 8 വയസ്സു മുതലോ അല്ലെങ്കിൽ അല്പം വൈകി കൗമാരത്തിന്റെ മധ്യത്തിലോ ആരംഭിക്കാറുണ്ട്. ഇങ്ങനെ, “അതിന്റെ കാലയളവിന് പല ഏറ്റക്കുറച്ചിലുകൾ കണ്ടേക്കാം” എന്ന് ഒരു പുസ്തകം (Letting Go With Love and Confidence) പറയുന്നു.
താരുണ്യം സുരക്ഷിതത്വമില്ലായ്മ തോന്നാൻ ഇടയാക്കിയേക്കാം. മറ്റുള്ളവർ തങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന് ഈ പ്രായത്തിലുള്ളവർ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കും. “എന്നെ കാണാൻ എങ്ങനെയുണ്ട്, എന്റെ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവർ എന്ത് പറയും തുടങ്ങിയ കാര്യങ്ങളിലായിരുന്നു എന്റെ മുഴുവൻ ശ്രദ്ധയും” എന്ന് യുവാവായ ജാരെഡ് a പറയുന്നു. “ആൾക്കൂട്ടത്തിലായിരിക്കുമ്പോൾ എന്നെ ഒരു വിചിത്രജീവിയായിട്ടാണോ മറ്റുള്ളവർ കാണുന്നത് എന്ന് ഞാൻ സംശയിച്ചിട്ടുണ്ട്.” ഇതിന്റെകൂടെ മുഖക്കുരുവും വന്നാൽപ്പിന്നെ പറയുകയും വേണ്ടാ. 17 വയസ്സുള്ള കെല്ലി പറയുന്നു: “എന്റെ മുഖമാകെ ഉഴുതുമറിച്ച പ്രതീതിയായിരുന്നു. എന്നെ ഇനി ഒന്നിനും കൊള്ളില്ല എന്നു പറഞ്ഞ് കരഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.”
സമയത്തിന് മുമ്പേ താരുണ്യം പുൽകുന്നവർ പ്രത്യേക വെല്ലുവിളികൾ അഭിമുഖീകരിക്കുന്നു. പെൺകുട്ടികളുടെ കാര്യത്തിൽ ഇത് വിശേഷാൽ സത്യമാണ്. മാറിടം വികാസം പ്രാപിക്കുകയും ശരീരവടിവുകൾ കണ്ടുതുടങ്ങുകയും ചെയ്യുന്നതോടെ അവരെ പലരും കളിയാക്കാൻ തുടങ്ങിയേക്കാം. കൂടാതെ ഇവർ, ലൈംഗികപരീക്ഷണങ്ങൾക്കായി കണ്ണുംനട്ടിരിക്കുന്ന മുതിർന്ന ആൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രമാകാനുള്ള സാധ്യതയുമുണ്ട് എന്ന് ഒരു പുസ്തകം (A Parent’s Guide to the Teen Years) പറയുന്നു.
താരുണ്യം എന്നത് പക്വതയെ അർഥമാക്കുന്നില്ല. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് സദൃശവാക്യങ്ങൾ 22:15 പറയുന്നു. അതെ, ഒരു കുട്ടി താരുണ്യത്തിൽ എത്തി എന്നതുകൊണ്ടുമാത്രം മേൽപ്പറഞ്ഞ പ്രസ്താവനയ്ക്ക് മാറ്റമൊന്നും വരുന്നില്ല. യൗവനാരംഭത്തിൽ എത്തിയ ഒരു കുട്ടി മുതിർന്ന ഒരാളെപ്പോലെ തോന്നിച്ചേക്കാമെങ്കിലും “ജ്ഞാനപൂർവം തീരുമാനമെടുക്കുക, ഉത്തരവാദിത്വത്തോടെ പെരുമാറുക, ആത്മനിയന്ത്രണം പാലിക്കുക, അല്ലെങ്കിൽ പക്വതയുടെ മറ്റ് ലക്ഷണങ്ങൾ കാണിക്കുക തുടങ്ങിയവ ആ വ്യക്തിയിൽ കണ്ടുകൊള്ളണമെന്നില്ല” എന്ന് മറ്റൊരു പുസ്തകം (You and Your Adolescent) പറയുന്നു.
നിങ്ങൾക്കു ചെയ്യാനാകുന്നത്
താരുണ്യത്തിലേക്ക് കടക്കുംമുമ്പേ അതെക്കുറിച്ച് പറഞ്ഞുകൊടുക്കുക. എന്തെല്ലാം ശാരീരികവ്യതിയാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനെക്കുറിച്ച്, വിശേഷിച്ചും ആർത്തവം (പെൺകുട്ടികൾക്ക്), സ്വപ്നസ്ഖലനം (ആൺകുട്ടികൾക്ക്) തുടങ്ങിയവയെപ്പറ്റി നിങ്ങളുടെ കുട്ടി നിങ്ങളിൽനിന്ന് കേൾക്കട്ടെ. യൗവനാരംഭത്തിന്റെ ലക്ഷണങ്ങൾ പതുക്കെപ്പതുക്കെയാണ് പ്രകടമാകുന്നതെങ്കിലും മേൽപ്പറഞ്ഞവ ഒരു മുന്നറിയിപ്പുമില്ലാതെ വരുമ്പോൾ കുട്ടികൾ ആശയക്കുഴപ്പത്തിലാകുകയോ പരിഭ്രമിച്ചുപോകുകയോ ചെയ്തേക്കാം. ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് അവരുമായി ചർച്ച ചെയ്യുമ്പോൾ ധൈര്യവും പ്രോത്സാഹനവും പകരുന്ന രീതിയിൽ സംസാരിക്കുക. താരുണ്യം, പക്വതയിലേക്ക് വളരാൻ സഹായിക്കുന്ന മാറ്റങ്ങളുടെ കാലമാണെന്നും അത് നല്ലതിനുവേണ്ടിയാണെന്നും അവരെ ബോധ്യപ്പെടുത്തുക.—ബൈബിൾതത്ത്വം: സങ്കീർത്തനം 139:14.
മറയില്ലാതെ പറഞ്ഞുകൊടുക്കുക. “ജാള്യത കാരണം എന്റെ മാതാപിതാക്കൾ ഈ വിഷയത്തെക്കുറിച്ച് ഒരുവിധം പറഞ്ഞൊപ്പിക്കുകയാണ് ചെയ്തത്. അവർ ഒരല്പംകൂടി തെളിച്ചുപറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി” എന്ന് യുവാവായ ജോൺ പറയുന്നു. പതിനേഴുകാരിയായ അലാനയ്ക്കും സമാനമായ അഭിപ്രായമാണുള്ളത്. “എനിക്കുണ്ടായ ശാരീരികമാറ്റങ്ങളെക്കുറിച്ച് അമ്മ എന്നെ പറഞ്ഞുമനസ്സിലാക്കിത്തന്നു എന്നത് ശരിതന്നെ. പക്ഷെ, അതിന്റെ വൈകാരികതലത്തെക്കുറിച്ചുകൂടി അമ്മയ്ക്ക് പറയാമായിരുന്നു” എന്ന് അവൾ പറയുന്നു. എന്താണ് ഇതിൽനിന്നുള്ള പാഠം? താരുണ്യത്തോട് ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞവതരിപ്പിക്കാൻ എത്രതന്നെ ജാള്യത തോന്നിയാലും അതിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മക്കളോട് തുറന്നുസംസാരിക്കാൻ ഒരിക്കലും മടി വിചാരിക്കരുത്.—ബൈബിൾതത്ത്വം: പ്രവൃത്തികൾ 20:20.
സംഭാഷണത്തിലേക്ക് നയിക്കുന്ന ചോദ്യങ്ങൾ ചോദിക്കുക. സംഭാഷണത്തിന് തുടക്കമിടാൻ, കൂട്ടുകാരുടെ വിശേഷങ്ങൾ തിരക്കുക. ഉദാഹരണത്തിന്, ഇങ്ങനെ ചോദിക്കാം: “മാസമുറ തുടങ്ങിയതിനെക്കുറിച്ച് നിങ്ങൾക്കിടയിലെങ്ങാനും ഒരു സംസാരം ഉണ്ടായോ,” “നേരത്തേ മാസമുറ വന്നവരെ മറ്റ് കുട്ടികൾ കളിയാക്കാറുണ്ടോ” എന്നൊക്കെ. ഇനി മകനോടാണെങ്കിലോ? “നിന്റെ കൂട്ടുകാർ ആരെങ്കിലും സ്വപ്നത്തിൽ ബീജസ്ഖലനം ഉണ്ടായതിനെക്കുറിച്ച് വല്ലതും അടക്കംപറയാറുണ്ടോ?” താരുണ്യാവസ്ഥയിൽ മറ്റുള്ളവർക്കുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വാചാലരാകാൻ കുട്ടികൾക്ക് ഒരു മടിയും കാണില്ലാത്തതിനാൽ പതുക്കെപ്പതുക്കെ സ്വന്തം കാര്യങ്ങളെക്കുറിച്ചും മനസ്സുതുറക്കാൻ അവർക്ക് നിഷ്പ്രയാസം സാധിക്കും. എന്നാൽ, മാതാപിതാക്കളോട് ഒരു വാക്ക്: “കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്ക” എന്ന ബൈബിൾബുദ്ധിയുപദേശം ഒരിക്കലും മറക്കരുത്.—യാക്കോബ് 1:19.
‘ജ്ഞാനവും വകതിരിവും കാത്തുകൊള്ളാൻ’ കൗമാരക്കാരനെ സഹായിക്കുക. (സദൃശവാക്യങ്ങൾ 3:21) ശാരീരികവും വികാരപരവും ആയ മാറ്റങ്ങൾ മാത്രമല്ല താരുണ്യത്തിലുള്ളത്. പ്രായപൂർത്തിയാകുമ്പോൾ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്ന ചിന്താപ്രാപ്തിയും മറ്റ് ഗുണങ്ങളും അവൻ ഈ കാലഘട്ടത്തിൽത്തന്നെയാണ് വികസിപ്പിച്ചെടുക്കുന്നത്. അവനിൽ നല്ല മൂല്യങ്ങൾ ഉൾനടാനുള്ള ഈ അവസരം നന്നായി പ്രയോജനപ്പെടുത്തുക.—ബൈബിൾതത്ത്വം: എബ്രായർ 5:14.
ശ്രമം ഉപേക്ഷിക്കരുത്. താരുണ്യത്തിലെ വിഷമതകളെക്കുറിച്ച് സംസാരിക്കാൻ തങ്ങൾക്ക് ഒട്ടും താത്പര്യമില്ല എന്ന് ഭാവിക്കുന്ന ചില വിരുതന്മാരായ കുട്ടികളെയും കണ്ടേക്കാം. അവരുടെ ഈ അടവിൽ വീണുപോകരുത്. കാരണം, “ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ താത്പര്യമില്ലായ്മയോ, മുഷിവോ, വെറുപ്പോ അല്ലെങ്കിൽ ഇതിനെക്കുറിച്ച് കേൾക്കുന്നതേ ഇഷ്ടമല്ലെന്ന മട്ടിലോ ഒക്കെ പ്രതികരിക്കുന്ന കുട്ടികൾ, നിങ്ങൾ പറയുന്ന ഓരോ വാക്കും വള്ളിപുള്ളി വിടാതെ മനഃപാഠമാക്കുന്നുണ്ട് എന്നതാണ് വാസ്തവം” എന്ന് കൗമാരക്കാരെക്കുറിച്ചുള്ള ഒരു പുസ്തകം (You and Your Adolescent) പറയുന്നു. ◼
(g16-E No. 2)
a ഈ ലേഖനത്തിലെ ചില പേരുകൾ മാറ്റിയിരിക്കുന്നു.