കുടുംബങ്ങൾക്കുവേണ്ടി | വിവാഹജീവിതം
മക്കൾ മാറി താമസിക്കുമ്പോൾ
വെല്ലുവിളി
മക്കൾ പ്രായപൂർത്തിയായി വീടു വിട്ട് മാറി താമസിക്കുമ്പോൾ മാതാപിതാക്കൾ അതിനോട് ഒത്തുപോകാൻ വളരെ ബുദ്ധിമുട്ടുന്നു. എങ്ങോ ഒരുമിച്ചു താമസിക്കുന്ന രണ്ട് അപരിചിതരെപ്പോലെയാണ് അവർക്ക് ഇപ്പോൾ തോന്നുന്നത്. “പരസ്പരം വീണ്ടും അടുക്കാൻ ബുദ്ധിമുട്ടു തോന്നുന്ന പലരും ഉപദേശം തേടി എന്റെ അടുത്തു വരാറുണ്ട്” എന്ന് കുടുംബങ്ങൾക്ക് ഉപദേശം നൽകുന്ന എം. ഗാരി ന്യൂമാൻ എന്ന വിദഗ്ധൻ പറയുന്നു. “മക്കൾ മാറി താമസിച്ചതിനു ശേഷം, ഒരുമിച്ചു സംസാരിക്കാനും പ്രവർത്തിക്കാനും കാര്യമായിട്ട് ഒന്നുംതന്നെയില്ല എന്നതാണ് (പല മാതാപിതാക്കളുടെയും) പ്രശ്നം.” a
ഇങ്ങനെയാണോ നിങ്ങളുടെ വിവാഹജീവിതവും? അങ്ങനെയെങ്കിൽ വിഷമിക്കേണ്ട. ഇക്കാര്യത്തിൽ നിങ്ങൾക്ക് സഹായം ലഭ്യമാണ്. നിങ്ങൾക്കിടയിൽ വന്ന ഈ അകൽച്ചയുടെ ചില കാരണങ്ങൾ പരിശോധിക്കാം.
കാരണങ്ങൾ
വർഷങ്ങളോളം കുട്ടികൾക്കുവേണ്ടിയായിരുന്നു എല്ലാം. പല മാതാപിതാക്കളും അവരുടെ വിവാഹജീവിതത്തെക്കാളും കുട്ടികളുടെ ആവശ്യങ്ങൾക്കാണു മുൻതൂക്കം കൊടുക്കുന്നത്. ഇത് നല്ല ഉദ്ദേശ്യത്തോടെയാണ്. ഭർത്താവും ഭാര്യയും എന്ന റോളുകളെക്കാൾ അവർക്കു പരിചയം ഡാഡിയുടെയും മമ്മിയുടെയും റോളുകളാണ്. ഈ സത്യം തിരിച്ചറിയുന്നത് കുട്ടികൾ വീട്ടിൽനിന്നു പോകുമ്പോഴാണ്. 59 വയസ്സുള്ള ഒരു ഭാര്യ പറയുന്നത്: “കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ ഒരുമിച്ച് എന്തെങ്കിലും ഒക്കെ ചെയ്യുമായിരുന്നു.” എന്നാൽ ഇപ്പോൾ അവർ സമ്മതിക്കുന്നു: “ഞങ്ങൾ രണ്ടു പേരും രണ്ടു ധ്രുവങ്ങളിലാണ്.” ഒരു സമയത്ത് ആ ഭാര്യ ഭർത്താവിനോടു ഇങ്ങനെ പറയുകപോലും ചെയ്തു: “നമ്മൾ ഒരിക്കലും ചേർന്നു പോകില്ല.”
ജീവിതത്തിന്റെ ഈ പുതിയ സാഹചര്യത്തെ നേരിടാൻ ചില മാതാപിതാക്കൾ ഒരുങ്ങിയിട്ടില്ല. ഒഴിഞ്ഞ കൂടുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നത്: ‘പല ദമ്പതിമാരും ഒരു പരിചയവുമില്ലാത്ത ആളുകളെപ്പോലെ പെരുമാറുന്നു’ എന്നാണ്. പല ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഒരുമിച്ചു ചെയ്യാൻ പ്രത്യേകിച്ച് ഒന്നുമില്ലാത്തതുകൊണ്ട് അവർ അവരവരുടെ കാര്യങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഒരു മുറിയിൽ കഴിയുന്ന വെറും പരിചയക്കാരെപ്പോലെയാണ് അവർ ജീവിക്കുന്നത്.
ജീവിതത്തിന്റെ ഈ പുതിയ അധ്യായത്തിൽ ഉണ്ടായേക്കാവുന്ന പോരായ്മകൾ ഒഴിവാക്കാനും ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകാനും ബൈബിളിനു നിങ്ങളെ സഹായിക്കാനാകും. എങ്ങനെയെന്നു നോക്കാം.
നിങ്ങൾക്കു ചെയ്യാനാകുന്നത്
മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിരിക്കുക. മുതിർന്ന കുട്ടികളെക്കുറിച്ച് ബൈബിൾ പറയുന്നത് ഇതാണ്: “അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും.” (ഉൽപത്തി 2:24) മുതിർന്ന വ്യക്തികൾ എന്ന നിലയിൽ ജീവിക്കാൻവേണ്ട വൈദഗ്ധ്യങ്ങൾ വളർത്തി എടുക്കാൻ സഹായിക്കുക. അതുതന്നെയായിരുന്നു മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ ദൗത്യവും. ആ രീതിയിൽ നോക്കിയാൽ കുട്ടികൾ മാറി താമസിക്കുന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാം.—ബൈബിൾതത്ത്വം: മർക്കോസ് 10:7.
മക്കൾക്ക് നിങ്ങളെന്നും ഒരു മാതാവും പിതാവും തന്നെയാണ്. എന്നാൽ ഇപ്പോൾ നിങ്ങൾ ഒരു മേൽനോട്ടക്കാരനെപ്പോലെയല്ല, ഒരു മാർഗനിർദേശം കൊടുക്കുന്ന വ്യക്തിയെപ്പോലെയാണ്. ഈ പുതിയ ഘട്ടത്തിൽ മക്കളുമായി അടുത്തൊരു ബന്ധം നിലനിറുത്താനാകും. അതെസമയം ജീവിതപങ്കാളിക്കു മുഖ്യശ്രദ്ധ കൊടുക്കാനും ആകും. b—ബൈബിൾതത്ത്വം: മത്തായി 19:6.
നിങ്ങളുടെ ഉത്കണ്ഠകൾ തുറന്നുപറയുക. ജീവിതത്തിലുണ്ടായ ഈ പുതിയ മാറ്റം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് പങ്കാളിയോടു തുറന്ന് സംസാരിക്കുക. മറ്റേ വ്യക്തിക്ക് പറയാനുള്ളത് ശ്രദ്ധിക്കാൻ മനസ്സു കാണിക്കുക. ക്ഷമ കാണിക്കുക. മറ്റേയാളെ നന്നായി മനസ്സിലാക്കുക. ഒരു ഭർത്താവും ഭാര്യയും എന്ന നിലയിൽ നിങ്ങൾ ഒരിക്കൽ ആസ്വദിച്ചിരുന്ന ആ ബന്ധം ശക്തമാക്കാൻ സമയമെടുത്തേക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നത് മൂല്യവത്താണ്.—ബൈബിൾതത്ത്വം: 1 കൊരിന്ത്യർ 13:4.
പുതിയപുതിയ കാര്യങ്ങൾ ഒരുമിച്ച് ചെയ്യാൻ പ്ലാനിടുക. നിങ്ങൾ ഒരുമിച്ചു നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുക. ഇരുവർക്കും താത്പര്യമുള്ളതും ഒരുമിച്ചു ചെയ്യാൻ കഴിയുന്നതും ആയ കാര്യങ്ങളെക്കുറിച്ചു സംസാരിക്കുക. കൂടാതെ, മക്കളെ വളർത്തുന്നതിലൂടെ ലഭിച്ച പ്രായോഗികജ്ഞാനം മറ്റുള്ളവരുമായി പങ്കുവെക്കാവുന്നതല്ലേ?—ബൈബിൾതത്ത്വം: ഇയ്യോബ് 12:12.
പ്രതിബദ്ധത ഊട്ടിയുറപ്പിക്കുക. നിങ്ങളെ പരസ്പരം അടുക്കാൻ സഹായിച്ച ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ ഒരുമിച്ചായിരുന്ന കാലങ്ങളെക്കുറിച്ചും ജീവിതത്തിൽ ഒരുമിച്ചു മറികടന്ന പ്രശ്നങ്ങളെക്കുറിച്ചും ചിന്തിച്ചുനോക്കൂ. അതുപോലെ, ജീവിതത്തിന്റെ ഈ പുതിയ അധ്യായവും നിങ്ങൾക്ക് ആസ്വദിക്കാനാകും. ചുരുക്കത്തിൽ, സഹകരണ മനോഭാവത്തോടെ നിങ്ങളുടെ കുടുംബജീവിതത്തിന്റെ മാറ്റ് കൂട്ടാനും നിങ്ങൾക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം കൂടുതൽ ജ്വലിപ്പിക്കാനും പറ്റും.
a വൈകാരിക അവിശ്വസ്തത (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.
b മക്കൾ ഇപ്പോഴും നിങ്ങളുടെ കൂടെയുണ്ടെന്ന് വിചാരിക്കുക. എങ്കിലും നിങ്ങളും വിവാഹപങ്കാളിയും ‘ഒരു ശരീരമാണെന്ന’ കാര്യം മറക്കരുത്. (മർക്കോസ് 10:8) മാതാപിതാക്കളുടെ ബന്ധം ശക്തമാണെന്നു കാണുമ്പോൾ കുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നു.